കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി ഭർത്താവിനോട് പറഞ്ഞത്; 'തിളച്ച കഞ്ഞിവെള്ളം വീണു'; പിടിയിലായത് അഞ്ചാം നാൾ
- Published by:Rajesh V
- news18-malayalam
Last Updated:
അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു.
തൊടുപുഴ: പ്രണയത്തിൽനിന്ന് പിന്മാറിയതിന് യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതിന് (Acid Attack) അറസ്റ്റിലായ ഷീബ (Sheeba) സംഭവശേഷം മടങ്ങിയത് ഭർതൃവീട്ടിലേക്ക്. അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ (Arun) ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. ഇതോടെ ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. വീട്ടിലെത്തിയ ഷീബയോട് മുഖത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് മറുപടി പറഞ്ഞത്. ഇതോടെ ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് പൊലീസ് വീട്ടിലെത്തിയ അറസ്റ്റ് ചെയ്യുന്നതുവരെ വിവരം പുറത്തറിഞ്ഞിരുന്നില്ല.
കഴിഞ്ഞ 16നാണ് ഷീബ കാമുകനായ തിരുവനന്തപുരം പൂജപ്പുര സ്വദേശി അരുണിനെ വിളിച്ചുവരുത്തുന്നത്. അരുൺ മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്ന വിവരമാണ് ആക്രമണത്തിന് പ്രേരിപ്പിച്ചത്. റബറിന് ഉറയൊഴിക്കുന്ന ആസിഡ് കുപ്പിയിൽ നിറച്ചുകൊണ്ടുവന്നാണ് അരുണിന്‍റെ മുഖത്തൊഴിച്ചത്.
അടിമാലി ഇരുമ്പുപാലം കത്തോലിക്കാ പള്ളിയുടെ മുന്നിൽനിന്നു സംസാരിക്കുന്നതിനിടെ ഷീബ കൈയിൽ കരുതിയിരുന്ന ആസിഡ് അരുണിന്റെ മുഖത്തൊഴിക്കുകയായിരുന്നു. രണ്ടു വർഷം മുൻപ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അരുണും ഷീബയും പ്രണയത്തിലായി. ഒരു വർഷത്തോളം ഷീബ തിരുവനന്തപുരത്ത് ഹോം നഴ്സായി ജോലി ചെയ്തിരുന്ന സമയത്ത് ബന്ധം ശക്തിപ്പെട്ടു. ഷീബയെ വിവാഹം കഴിക്കാമെന്ന് അരുൺ വാക്കു നൽകി.
advertisement
ഇതിനിടെ, ഷീബ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്നറിഞ്ഞ അരുൺ ബന്ധത്തിൽനിന്ന് പിന്മാറി. മറ്റൊരു വിവാഹത്തിന് തയാറെടുക്കുന്നുവെന്ന് അറിഞ്ഞ ഷീബ, അരുൺ കുമാറിനെ അടിമാലിയിലേക്ക് വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നു. പണം നൽകിയാൽ പ്രശ്നം അവസാനിപ്പിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് അതേക്കുറിച്ച് സംസാരിക്കാനെന്ന് വ്യാജേനയാണ് വിളിച്ചുവരുത്തിയത്.
Also Read- Acid Attack| പ്രണയം നിരസിച്ച യുവാവിന് നേരെ ആസിഡ് ആക്രമണം; ഇടുക്കിയിൽ യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു
ഒറ്റയ്ക്കെത്തണമെന്നാണ് ഷീബ അരുണിനോട് ആവശ്യപ്പെട്ടത്. അതുകൊണ്ടുതന്നെ സംഭവം ആരും അറിയില്ലെന്നും ഷീബ കരുതി. എന്നാൽ സുഹൃത്തുകൾക്കൊപ്പമാണ് അരുൺ അടിമാലിയിലെത്തിയത്. പരിക്കേറ്റതോടെ പരിഭ്രമിച്ച അരുണും സുഹൃത്തുക്കളും അതിവേഗം അവിടെനിന്നു മടങ്ങി. അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി. പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. തുടർന്നാണ് ഭർത്താവിന്റെ വീട്ടിൽനിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്.
Location :
First Published :
November 21, 2021 9:35 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കാമുകന്‍റെ മുഖത്ത് ആസിഡ് ഒഴിച്ച യുവതി ഭർത്താവിനോട് പറഞ്ഞത്; 'തിളച്ച കഞ്ഞിവെള്ളം വീണു'; പിടിയിലായത് അഞ്ചാം നാൾ