തിരുവനന്തപുരം: വായ്പ എടുക്കാൻ എത്തിയ യുവതിയെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ ബാങ്ക് മാനേജർ കയറി പിടിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തതായി പരാതി. വെമ്പായം സർവിസ് സഹകരണ ബാങ്ക് കന്യാകുളങ്ങര ബ്രാഞ്ചിലെ മാനേജർ എസ് എസ് സുനിൽ കുമാറിനെതിരെയാണ് സിപിഎം അംഗമായ യുവതിയുടെ പരാതി. വട്ടപ്പാറ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതി ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.
ജനുവരി ആറിന് വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. വായ്പ എടുക്കുന്നതിന് വേണ്ടി ഈടായി നൽകിയ ഭൂമിയിൽവച്ചായിരുന്നു അതിക്രമം. യുവതിയുടെ വീട്ടിൽ നിന്നും കുറച്ച് മാറിയാണ് ഭൂമി ഉള്ളത്. രാവിലെ മാനേജർ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് ഈട് വയ്ക്കുന്ന ഭൂമി കാണണമെന്ന് പറയുകയും മൂന്ന് മണിയോടെ സ്ഥലത്ത് എത്താൻ ആവശ്യപ്പെടുകയും ചെയ്തു.
Also Read- തോട്ടത്തിലെ വാഴക്കുല മോഷണം: തിരുവനന്തപുരത്ത് മൂന്നുപേർ പിടിയിൽ
തുടർന്ന് അവിടെ എത്തിയ യുവതിയെ കാര്യങ്ങൾ പറയുന്നതിനിടെ സുനിൽകുമാർ കടന്നു പിടിക്കുകയായിരുന്നു. കുതറിമാറിയ യുവതി സുനിൽ കുമാറിനോട് തട്ടിക്കയറി. എന്നാൽ ഭൂമിയുടെ രേഖകൾ പരിശോധിക്കുന്നതിനിടെ യുവതിക്ക് നേരെ മുണ്ട് അഴിച്ച് കാണിക്കുകയും ഭർത്താവ് ഇല്ലാത്ത ദിവസം അറിയിച്ചാൽ വീട്ടിൽ വരാമെന്ന് പറയുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്.
സിപിഎം ബ്രാഞ്ച് അംഗമായ യുവതി ജനുവരി 10ന് ആദ്യം പാർട്ടി ബ്രാഞ്ച് സെക്രട്ടറി ഫാറൂഖിന് പരാതി നൽകി. പാർട്ടി നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്ന് സുനിൽകുമാറിനെ അയിരൂപ്പാറ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി. തുടർന്ന് യുവതി 31ന് ബാങ്ക് ഭരണ സമിതിക്ക് പരാതിനൽകി.
പ്രതിയായ സുനിൽകുമാർ യുവതിയെ ഫോണിൽ വിളിച്ച് തെറ്റുപറ്റിയെന്നും രണ്ടു പേർക്കും കുടുംബമുണ്ടെന്നും മാപ്പ് തരണമെന്നും പറഞ്ഞു. ഇതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഈ മാസം ഒൻപതിനാണ് യുവതി വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.