മലപ്പുറം: മൂന്നാറിൽനിന്ന് ബെംഗളൂരുവിലേക്കുപോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് സ്വയം കഴുത്തറുത്തു. ഗുരുതരമായി പരിക്കേറ്റ യുവാവിനെയും നെഞ്ചിൽ കുത്തേറ്റ യുവതിയെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗൂഡല്ലൂർ സ്വദേശി സീതയ്ക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച സനിൽ (25) വയനാട് മൂലങ്കാവ് സ്വദേശിയാണ്.
Also Read- മദ്യപിച്ചെത്തി വഴക്കിട്ട ഭർത്താവിനെ ഭാര്യ മൺവെട്ടി കൊണ്ട് അടിച്ചു കൊന്നു
മലപ്പുറം വെന്നിയൂരിൽവെച്ച് വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഇവരെ യാത്രക്കാരും ബസ് ജീവനക്കാരുംചേർന്ന് ആദ്യം തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അബോധാവസ്ഥയിലായ യുവാവിന്റെ നില അതിഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി. പിന്നീട് യുവതിയെയും ഇതേ ആശുപത്രിയിലേക്കു മാറ്റി.
ഗൂഡല്ലൂർ സ്വദേശിയായ സീത ആലുവയിൽ ഹോം നഴ്സാണെന്നാണ് വിവരം. ഇവർ അങ്കമാലി ഭാഗത്തുനിന്നാണ് ബസിൽ കയറിയത്. യുവാവ് മലപ്പുറം ജില്ലയിൽനിന്നാണ് ബസിൽ കയറിയതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. ബസ് ഇടയ്ക്കുവെച്ച് ഭക്ഷണംകഴിക്കാനായി നിർത്തിയശേഷം പുറപ്പെട്ടതിനു പിന്നാലെയാണ് ആക്രമണമുണ്ടായത്. യുവതിയുടെ നെഞ്ചത്തു കുത്തിയശേഷം യുവാവ് ബസിന്റെ പിന്നിലേക്കുപോയി ആ കത്തികൊണ്ട് സ്വയം കഴുത്തറുക്കുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala police, Malappuram