വെറുതെ ഒരു രസത്തിന്! 'ലോഡ്ജിൽ പൂട്ടിയിട്ടിരിക്കുന്നു' എന്ന് എമർജൻസി നമ്പരിൽ വിളിച്ച് പറഞ്ഞ 33കാരൻ പിടിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
പൊലീസ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. അവരെത്തി പൂട്ട് അറുത്തുമാറ്റി ലോഡ്ജിനുള്ളില്‍ കടന്നു. അകത്തുകയറി മുറികള്‍ പരിശോധിച്ചു
ലോഡ്ജ് മുറിയിൽ തന്നെ പൂട്ടിയിട്ടിരിക്കുകയാണെന്ന് എമര്‍ജന്‍സി നമ്പരില്‍ വിളിച്ച് പൊലീസിനെ കബളിപ്പിച്ച യുവാവിനെ പിടികൂടി. ആലപ്പുഴ അമ്പലപ്പുഴ കരുമാടി പുത്തന്‍ചിറയില്‍ ധനീഷി (33)നെയാണ് അറസ്റ്റുചെയ്തത്. ബുധനാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
പൊലീസിന്റെ എമര്‍ജന്‍സി നമ്പരായ 112 ല്‍ വിളിച്ച് തന്നെ ഓച്ചിറ ലാംസി സൂപ്പര്‍ മാര്‍ക്കറ്റിന് എതിര്‍വശമുള്ള ലോഡ്ജില്‍ പൂട്ടിയിട്ടിരിക്കുകയാണെന്ന് ധനീഷ് പറയുകയായിരുന്നു. ഉടന്‍തന്നെ കായംകുളം പൊലീസിന്റെ കണ്‍ട്രോള്‍ റൂം വാഹനത്തില്‍ അറിയിപ്പു ലഭിച്ചു. പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി.
advertisement
ലോഡ്ജിന്റെ ഷട്ടര്‍ അകത്തുനിന്നു പൂട്ടിയിട്ടിരിക്കുകയാണെന്ന് കണ്ടതോടെ ലോഡ്ജിന്റ ചുമതലക്കാരനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പൊലീസ് യുവാവിനെ ഫോണില്‍ വിളിച്ചപ്പോള്‍ മുറിയില്‍ത്തന്നെയുണ്ടെന്ന് വീണ്ടും പറയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് അഗ്‌നിരക്ഷാസേനയുടെ സഹായം തേടി. അവരെത്തി പൂട്ട് അറുത്തുമാറ്റി ലോഡ്ജിനുള്ളില്‍ കടന്നു. അകത്തുകയറി മുറികള്‍ പരിശോധിച്ചെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല.
കബളിപ്പിച്ചതാണെന്ന് മനസ്സിലായപ്പോള്‍ വീണ്ടും എമര്‍ജന്‍സി നമ്പരിലേക്ക് ഇയാളുടെ വിളിവന്നു. തുടര്‍ന്ന് ഫോണ്‍വിളി കേന്ദ്രീകരിച്ച് അന്വേഷണം നടത്തി മറ്റൊരു ലോഡ്ജില്‍നിന്ന് ധനീഷിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമാശയ്ക്ക് വേണ്ടി ഒപ്പിച്ച പണിയാണിതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. പിന്നീട് ഇയാളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
Location :
Kayamkulam,Alappuzha,Kerala
First Published :
April 25, 2025 9:15 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വെറുതെ ഒരു രസത്തിന്! 'ലോഡ്ജിൽ പൂട്ടിയിട്ടിരിക്കുന്നു' എന്ന് എമർജൻസി നമ്പരിൽ വിളിച്ച് പറഞ്ഞ 33കാരൻ പിടിയിൽ