ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ത്ഥികളെ നാടുകടത്താൻ ഒരുങ്ങുകയാണ് കാനഡ. കാനഡയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുന്നതിനായി ഇവർ ഹാജരാക്കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഇന്ത്യയിലെ ഏജന്റില്‍ നിന്ന് ലഭിച്ച ഓഫര്‍ ലെറ്ററുകളാണ് വ്യാജമാണെന്ന് കണ്ടെത്തിയത്. എന്നാല്‍ തങ്ങള്‍ തട്ടിപ്പിനിരയാകുകയായിരുന്നുവെന്ന് കാട്ടി കാനഡ സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.
മൂന്ന് മുതല്‍ നാല് വര്‍ഷം മുമ്പ് സ്റ്റുഡന്റ് വിസയിൽ കാനഡയിലെത്തിയ നിരവധി പേരുടെ ഓഫര്‍ ലെറ്ററുകളും വ്യാജമാണെന്നാണ് കണ്ടെത്തിയത്. ബ്രിജേഷ് മിശ്ര എന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള സ്ഥാപനം വഴിയാണ് വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിച്ചത്. പലരും കാനഡയിലെത്തി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിയ്ക്ക് കയറുകയും ചെയ്തിരുന്നു. എന്നാല്‍ സ്ഥിരതാമസത്തിനായുള്ള വിസയ്ക്കായി അപേക്ഷിച്ചപ്പോഴാണ് തങ്ങള്‍ തട്ടിപ്പിനിരയായ വിവരം വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലായത്.
Also read-വിഷവാതകം കൊന്ന ഭോപ്പാൽ; 1984ൽ സംഭവിച്ചതെന്ത്?
യഥാര്‍ത്ഥത്തില്‍ എന്താണ് ഇതിന് കാരണം? ആരാണ് ഈ വിദ്യാര്‍ത്ഥികളെ നാടുകടത്തൽ ഭീഷണിയിലാക്കിയത്? കൂടുതലറിയാം.
എങ്ങനെയാണ് ഈ റാക്കറ്റ് പ്രവര്‍ത്തിക്കുന്നത്?
പന്ത്രണ്ടാം ക്ലാസ്സിന് ശേഷം വിദ്യാര്‍ത്ഥികള്‍ കാനഡയിലേക്കുള്ള വിസയ്ക്കായി ഒരു ഏജന്‍സിയെയോ ഉപദേശക ഏജന്‍സിയോ സമീപിക്കാറുണ്ട്. തങ്ങളുടെ വിദ്യാഭ്യാസ വിവരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഐഇഎല്‍ടിഎസ് സര്‍ട്ടിഫിക്കറ്റും വിദ്യാര്‍ത്ഥികള്‍ ഈ ഏജന്‍സിയെ ഏല്‍പ്പിക്കുന്നു. വിദ്യാര്‍ത്ഥികളുടെ താല്പ്പര്യം അനുസരിച്ച് ഏജന്‍സിചില കോളേജുകളും കോഴ്‌സുകളും ഇവര്‍ക്ക് നിര്‍ദ്ദേശിക്കുകയും ചെയ്യും. ഭൂരിഭാഗം വിദ്യാര്‍ത്ഥികളും സര്‍ക്കാര്‍ കോളേജുകളും ചിലര്‍ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളും തെരഞ്ഞെടുക്കാറുണ്ട്.
തുടര്‍ന്ന് ഏജൻസികൾ തന്നെ വിദ്യാര്‍ത്ഥികളെ പ്രതിനിധീകരിച്ച് ഈ കോളേജുകളിലേക്ക് അപേക്ഷിക്കുന്നു. പിന്നീട് പ്രസ്തുത കോളേജുകളില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ ലഭിക്കുന്നതാണ്. അതിന് ശേഷം കോളേജില്‍ അടയ്ക്കാനുള്ള ഫീസ് ഡെപ്പോസിറ്റ് വിദ്യാര്‍ത്ഥി അടയ്‌ക്കേണ്ടതാണ്. ഈ തുക ഏജന്റ് വഴിയാണ് അടയ്ക്കുന്നത്. ശേഷം വിദ്യാര്‍ത്ഥിയ്ക്ക് കോളേജില്‍ നിന്ന് letter of acceptance ഉം ഫീസ് അടച്ച രസീതും ലഭിക്കും.
കൂടാതെ വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ മുന്‍കൂര്‍ പേയ്‌മെന്റും ജീവിതച്ചെലവിനായുള്ള തുകയും ഉള്‍പ്പെടുന്ന ഗ്യാരണ്ടീഡ് ഇന്‍വെസ്റ്റ്മെന്റ് സര്‍ട്ടിഫിക്കറ്റും നേടിയിരിക്കണം. ഈ രേഖകൾ അടിസ്ഥമാനമാക്കി സ്റ്റുഡന്റ് വിസയ്ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വിസ അനുവദിക്കുന്നതിനോ നിരസിക്കുന്നതിനോ മുമ്പ് എംബസിയ്ക്ക് മുന്നില്‍ ബയോമെട്രിക്‌സ് പരിശോധനയ്ക്ക് വിദ്യാര്‍ത്ഥികള്‍ ഹാജരാകുകയും വേണം.
ആരാണ് തെറ്റുകാര്‍?
2017, 2019, 2020 കാലഘട്ടങ്ങളില്‍ കാനഡയിലെത്തിയ വിദ്യാര്‍ത്ഥികളില്‍ ചിലരാണ് ഇപ്പോള്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നത്. ഇവരില്‍ ചിലര്‍ക്ക് കാനഡ ബോര്‍ഡര്‍ സര്‍വ്വീസ് ഏജന്‍സിയില്‍ നിന്ന് 2021 മുതല്‍ കത്തുകള്‍ ലഭിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇവര്‍ക്കായി ഒരു ഹിയറിംഗും നടത്തിയിരുന്നു. അതിലാണ് ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന കാര്യം തിരിച്ചറിഞ്ഞത്.
Also read- അര നൂറ്റാണ്ടായി വധശിക്ഷ കാത്തു കഴിയുന്ന 87കാരൻ; ഇവാവോ ഹകമാഡ ചെയ്ത കുറ്റമെന്താ ?
വിവിധ മാധ്യമ റിപ്പോര്‍ട്ട് അനുസരിച്ച് ജലന്ധര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യുക്കേഷന്‍ മൈഗ്രേഷന്‍ സര്‍വ്വീസ്, ഓസ്‌ട്രേലിയയിലെ ഏജന്‍സിയായ മൈഗ്രേഷന്‍ സര്‍വ്വീസ് എന്നിവയിലൂടെ കാനഡയിലെത്തിയ വിദ്യാർത്ഥികൾക്കാണ് ഈ ദുരനുഭവം ഉണ്ടായത്. വിസ അനുവദിക്കുന്നതിന് മുമ്പ് എല്ലാ രേഖകളും കനേഡിയന്‍ എംബസി സൂക്ഷ്മമായി പരിശോധിക്കേണ്ടതാണ്. എന്നിട്ടും ഈ തട്ടിപ്പ് എങ്ങനെ നടന്നുവെന്നാണ് പലരും ചോദിക്കുന്നത്.
ഇനി എന്താണ് സംഭവിക്കുക?
അതേസമയം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ നാടുകടത്തലില്‍ പ്രതികരിച്ച് ഫ്രണ്ട്‌സ് ഓഫ് കാനഡ ആന്റ് ഇന്ത്യാ ഫൗണ്ടേഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പിന്തുണച്ചാണ് ഇവര്‍ രംഗത്തെത്തിയത്. നാടുകടത്തൽ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാനഡയിലെ ഇമിഗ്രേഷന്‍, അഭയാര്‍ത്ഥി വകുപ്പ് മന്ത്രി സീന്‍ ഫ്രേസറിന് ഈ സംഘടന കത്ത് അയച്ചിട്ടുണ്ട്. നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികൾ ഈ നടപടിയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.