ലോകത്തിലെ ഏറ്റവും ഗുരുതരമായ പ്രതിസന്ധികൾ പരിഹരിക്കാൻ ഉദ്ദേശിച്ചുള്ള നയതന്ത്രത്തിന്റെ ഭാഗമായി ഹിരോഷിമയിൽ വച്ചാണ് ഇത്തവണ ജി7 ഉച്ചകോടി നടക്കുന്നത്. ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ഇന്ത്യ, ബ്രസീൽ, വിയറ്റ്‌നാം, ഇന്തോനേഷ്യ, കൊമോറോസ്, കുക്ക് ദ്വീപുകൾ എന്നീ രാജ്യങ്ങളെ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ ഉച്ചകോടിയിലേയ്ക്ക് സ്വാഗതം ചെയ്തു. ഏതാണ്ട് എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിന് മുന്നിൽ ആണവായുധങ്ങളുടെ ഭീഷണി വീണ്ടും ഉയർന്നു വരികയാണ്. ആറ്റോമിക് സ്ഫോടനത്തെ അതിജീവിച്ച ഹിരോഷിമയുടെ മണ്ണിൽ ഈ ആഴ്ച അവസാനം ലോകനേതാക്കൾ കണ്ടുമുട്ടുമ്പോൾ ആണവായുധങ്ങളുടെ ഉപയോഗത്തെ അപലപിച്ച് ശക്തമായ പ്രസ്താവനകൾ പുറത്തിറക്കാൻ ജി7 രാജ്യങ്ങൾക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
ഹിരോഷിമ സ്‌ഫോടനവുമായി ബന്ധമുള്ള ‘ഒക്കോണോമിയാക്കി’യാണ് (Okonomiyaki) ഉച്ചകോടിയിലെ ഭക്ഷണമെനുവിലെ പ്രധാന വിഭവം.
എന്താണ് ഒക്കോണോമിയാക്കി?
കാബേജ്, പന്നിയിറച്ചി, നൂഡിൽസ് എന്നിവ നിറച്ച ഒരു പാൻകേക്കാണ് ഒക്കോണോമിയാക്കി. ഈ പേരിന്റെ അർത്ഥം ‘നിങ്ങൾക്കിഷ്ടമുള്ളതുപോലെ ബേക്ക് ചെയ്തത്’ എന്നാണ്. പരമ്പരാഗത ഹിരോഷിമ ശൈലിയിലുള്ള ഒക്കോണോമിയാക്കിയ്ക്ക് പ്രത്യേക സുഗന്ധമാണുള്ളത്. സോയ സോസ്, ഷിറ്റേക്ക് കൂൺ, വിനാഗിരി, മറ്റ് ചേരുവകൾ എന്നിവ ചേർത്താണ് ഇതിനായുള്ള സോസ് തയ്യാറാക്കുന്നത്. ഒക്കോണോമിയാക്കിയിൽ സ്പെഷ്യലൈസ് ചെയ്ത 800-ലധികം റെസ്റ്റോറന്റുകൾ ഹിരോഷിമയിലുണ്ട്. ഒരു വ്യാപാര സംഘടനയായ ഒക്കോണോമിയാക്കി അക്കാദമി G7 പ്രതിനിധികൾക്കായി ഈ പാൻകേക്കിന്റെ വൈവിധ്യങ്ങൾ നിറഞ്ഞ ഒരു മെനു തന്നെ തയ്യാറാക്കിയിട്ടുണ്ട്.
Also read: തുർക്കിയിൽ എർദോഗൻ വീണ്ടും പ്രസിഡന്റാകുമോ? മത്സരരംഗത്തെ അതികായന്മാർ ആരൊക്കെ?
ഹിരോഷിമ പുനർനിർമിക്കാൻ ഒകോനോമിയാക്കി സഹായിച്ചതായും പറയപ്പെടുന്നു. 1945 ആഗസ്റ്റ് 6-ന് ഹിരോഷിമയിലെ അണുബോംബ് സ്‌ഫോടനത്തിന് ശേഷം പട്ടിണി കിടന്നവർ അമേരിക്ക വിതരണം ചെയ്ത ഗോതമ്പ് ഉപയോഗിച്ച് തങ്ങളുടെ ഈ പരമ്പരാഗത ലഘുഭക്ഷണം ഉണ്ടാക്കിയിരുന്നതായാണ് പറയപ്പെടുന്നത്. പിന്നീട് പന്നിയിറച്ചി, കാബേജ്, മുട്ട, യാക്കിസോബ നൂഡിൽസ് എന്നിവ ചേർത്ത് പാൻകേക്ക് കൂടുതൽ മികച്ചതാക്കി മാറ്റുകയായിരുന്നു. അങ്ങനെയാണ് ഹിരോഷിമ ഒക്കോണോമിയാക്കിയുടെ ജനനം.
ഈ ആഴ്‌ച ഹിരോഷിമയിൽ G7 പ്രതിനിധികളും പത്രപ്രവർത്തകരും സർക്കാരിതര സംഘടനകളും ഒത്തുകൂടുമ്പോൾ ഒക്കോണോമിയാക്കിയുടെ വിൽപ്പനയിൽ വലിയ തോതിലുള്ള വർധനവാണ് റെസ്റ്റോറന്റുകൾ പ്രതീക്ഷിക്കുന്നത്.
ജപ്പാനിലുടനീളം പ്രത്യേകിച്ച് ഒസാക്ക, ക്യോട്ടോ, കോബെ എന്നിവ ഉൾപ്പെടുന്ന കൻസായി മേഖലയിലും ഒസാക്കയിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള ഹിരോഷിമയിലും ഒക്കോണോമിയാക്കി ജനപ്രിയമാണ്. എങ്കിലും രാജ്യത്തെ മറ്റേതൊരു സ്ഥലത്തേക്കാളും കൂടുതൽ ഒക്കോണോമിയാക്കി റെസ്റ്റോറന്റുകൾ ഹിരോഷിമയിലുണ്ട്. ഈ നഗരത്തിൽ മാത്രം 2,000-ത്തിലധികം റെസ്റ്റോറന്റുകൾ ഉണ്ടെന്നാണ് കണക്ക്. ഹിരോഷിമ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒക്കോനോമിമുര അക്ഷരാർത്ഥത്തിൽ ഒരു ഒക്കോണോമിയാക്കി ഗ്രാമമാണ്. 25-ലധികം ഒക്കോണോമിയാക്കി റെസ്റ്റോറന്റുകളുള്ള ഒരു നാല് നില കെട്ടിടമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഓരോന്നിനും അതിന്റേതായ വൈവിധ്യവും ഉണ്ട്.
ഒക്കോണോമിയാക്കിയുടെ ആദ്യ രൂപം
രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പ് ഹിരോഷിമയിൽ ഒക്കോണോമിയാക്കി തയ്യാറാക്കിയിരുന്നത് പച്ച ഉള്ളി, ഉണക്കമീൻ, ചെമ്മീൻ എന്നിവ ചേർത്തായിരുന്നു. നേർത്ത ഒരുതരം പാൻകേക്കായിരുന്നു. അന്ന് ഇത് “ഇസ്സെൻ യ്ഷോകു” എന്നാണ് അറിയപ്പെട്ടിരുന്നത്. ഹിരോഷിമ അണുബോംബാക്രമണത്തിന് ശേഷം അതിനെ അതിജീവിച്ചവർ കഠിനമായ ഭക്ഷ്യക്ഷാമം കാരണം വലഞ്ഞിരുന്നു. അവർ തങ്ങൾക്ക് കിട്ടുന്ന എന്തു ഭക്ഷണവും കഴിക്കാൻ നിർബന്ധിതരായി. ചിലർ മാവും കൈയിൽ കിട്ടുന്ന മറ്റെന്തും ചേർത്ത് തങ്ങളുടെ പ്രിയപ്പെട്ട ഇസ്സെൻ യ്‌ഷോകു പാചകം ചെയ്യാൻ തുടങ്ങി. ഇതാണ് ഒക്കോണോമിയാക്കിയുടെ ആദ്യരൂപം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: G7 Summit, World news