തുർക്കി തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് തയ്യിപ് എർദോഗന്റെ രണ്ട് ദശാബ്ദക്കാലത്തെ ഭരണത്തിന് കടുത്ത വെല്ലുവിളി ഉയർത്തി പ്രധാന പ്രതിപക്ഷ പാർട്ടിയായ സിഎച്ച്പിയുടെ നേതാവ് കെമാൽ കിലിക്‌ദറോഗ്ലു. ആദ്യ റൗണ്ട് വോട്ടെടുപ്പിൽ കിലിക്‌ദരോഗ്ലു മുന്നിലാണെന്ന് സർവേകൾ വ്യക്തമാക്കുന്നു. ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിയും പകുതിയിലധികം വോട്ടുകൾ നേടിയില്ലെങ്കിൽ ഏറ്റവും മുന്നിലുള്ള രണ്ട് സ്ഥാനാർത്ഥികൾക്കിടയിൽ മെയ് 28 ന് വീണ്ടും വോട്ടെടുപ്പ് നടക്കും.
എർദോഗന്റെ ഇസ്ലാമിക പിന്തുണയുള്ള എകെ പാർട്ടി ഇത്തവണ ദേശീയവാദത്തെ പിന്തുണക്കുന്ന പാർട്ടിയായ എംഎച്ച്പിയെ അതിന്റെ പ്രധാന സഖ്യകക്ഷിയായി കൂടെ കൂടിയിട്ടുണ്ട്. അതേസമയം, സെക്യുലറിസ്റ്റ് പാർട്ടിയായ സിഎച്ച്പിയും മറ്റ് അഞ്ച് പാർട്ടികളും ചേർന്ന് പ്രതിപക്ഷ സഖ്യം രൂപീകരിച്ചിരിക്കുകയാണ്. ഈ സഖ്യത്തിനാകട്ടെ പ്രധാന കുർദിഷ് പാർട്ടിയായ എച്ച്ഡിപിയുടെ പിന്തുണ ലഭിക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഇത് പ്രതിപക്ഷത്തിന് ചില സർവേകളിൽ മുൻതൂക്കം നൽകുന്നുണ്ട്. ഒരു ചെറിയ പാർട്ടിയെ പ്രതിനിധീകരിച്ച് മത്സരരംഗത്ത് വന്ന മുഹറം ഇൻസെ പിൻമാറിയതിന് ശേഷം മൂന്ന് സ്ഥാനാർത്ഥികൾ മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഇപ്പോൾ മത്സരിക്കുന്നത്.
Also read: ഇമ്രാൻ ഖാന്റെ അറസ്റ്റിനെ തുടർന്നുണ്ടായ കലാപത്തിൽ കസ്റ്റഡിയിലെടുത്ത നേതാക്കളെവിടെ? പറയാതെ പാക് പോലീസ്
പ്രസിഡന്റ്, പാർലമെന്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന പ്രമുഖർ ആരെല്ലാം ? പ്രസിഡന്റ് സ്ഥാനാർത്ഥികൾ ആരൊക്കെ ?
69കാരനായ എർദോഗൻ 20 വർഷം മുമ്പാണ് തുർക്കിയിൽ അധികാരത്തിലെത്തുന്നത്. അതിന് ശേഷം തുർക്കി പണപ്പെരുപ്പത്തിന്റെ ദുരിതത്തിൽ നിന്ന് കരകയറിയിരുന്നു. അദ്ദേഹത്തിന്റെ വിജയത്തോടെ തുർക്കിയിലെ 85 ദശലക്ഷം ജനങ്ങളുടെ ജീവിതനിലവാരം ഉയരുകയും വളരെക്കാലത്തിന് ശേഷം സാമ്പത്തികമായ കുതിച്ചുചാട്ടം തന്നെ ഉണ്ടാവുകയും ചെയ്തു. തുർക്കിയിൽ ഏറ്റവും കൂടുതൽ കാലം ഭരണം നടത്തിയ നേതാവാണ് എർദോഗൻ. 2016-ൽ ഉജ്വലമായ തിരഞ്ഞെടുപ്പ് വിജയങ്ങൾ നേടുകയും അട്ടിമറി ശ്രമത്തെ അതിജീവിക്കുകയും ചെയ്തിരുന്നു.
പ്രധാന പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ (സിഎച്ച്പി) തലവനായ കിലിക്ദറോഗ്ലു ആറ് പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥിയായാണ് മത്സരിക്കുന്നത്. 74 വയസാണ് കിലിക്ദറോഗ്ലുന്റെ പ്രായം. എർദോഗന്റെ വ്യക്തിപ്രഭാവത്തിൽ കുടുങ്ങികിടന്ന കിലിക്ദറോഗ്ലു 2010ൽ സിഎച്ച്പിയുടെ നേതാവായ ശേഷം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുകയായിരുന്നു. ആധുനിക തുർക്കിയുടെ സ്ഥാപകനായ മുസ്തഫ കെമാൽ അത്താതുർക്ക് സ്ഥാപിച്ച സിഎച്ച്‌പിയുടെ പ്രതിനിധിയായി 2002-ൽ കിളിക്‌ദറോഗ്ലു പാർലമെന്റിലെത്തിയിരുന്നു. സാമ്പത്തിക അഭിവൃദ്ധിയും മനുഷ്യാവകാശങ്ങളും നിയമവാഴ്ചയും വാഗ്ദാനം മാത്രം ചെയ്യുന്ന എർദോഗന്റെ വാക്ചാതുര്യവും തെറ്റായ സാമ്പത്തിക നയങ്ങളും കൊണ്ട് നിരാശരായ വോട്ടർമാരെ ആകർഷിക്കാനാണ് കിലിക്‌ദറോഗ്ലുന്റെ ശ്രമം.
അൻപത്തിയഞ്ചുകാരനായ സിനാൻ ഓഗന് വിജയപ്രതീക്ഷ കുറവാണ്. 2011 ൽ തീവ്ര വലതുപക്ഷ പാർട്ടിയായ എംഎച്ച്പിയുമായുടെ പിന്തുണയോടെ പാർലമെന്റിലെത്തി. 2015-ൽ എംഎച്ച്‌പിയുടെ നേതൃത്വത്തിലെത്താനുള്ള ശ്രമം പരാജയപ്പെട്ടു.അതിനെ തുടർന്ന് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടു.
എർദോഗന്റെ സഖ്യകക്ഷി ആര് ?
അൾട്രാ നാഷണലിസ്റ്റും MHP യുടെ നേതാവുമായ ഡെവ്‌ലെറ്റ് ബഹ്‌സെലിയാണ് പ്രധാന സഖ്യകക്ഷി നേതാവ്. എർദോഗന്റെ കടുത്ത എതിരാളിയായിരുന്ന ബഹ്‌സെലിയുടെ നാഷണലിസ്റ്റ് മൂവ്‌മെന്റ് പാർട്ടി (എംഎച്ച്‌പി) 2016 ലെ അട്ടിമറി ശ്രമത്തിന് ശേഷം പ്രസിഡന്റുമായും അദ്ദേഹത്തിന്റെ പാർട്ടിയായ എകെപിയുമായും സഹകരിച്ച് പ്രവർത്തിക്കാൻ തുടങ്ങി.
പ്രതിപക്ഷ കണക്കുകൾ:
പ്രതിപക്ഷ സഖ്യത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായ സെൻട്രലിസ്റ്റും നാഷണലിസ്റ്റുമായ IYI പാർട്ടിയെ മുൻ ആഭ്യന്തര മന്ത്രി മെറൽ അക്‌സെനർ ആണ് നയിക്കുന്നത്. കുർദിഷ് അനുകൂല പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (എച്ച്‌ഡിപി) മുൻ നേതാവ് സെലാഹട്ടിൻ ഡെമിർട്ടാസ്. മുൻ ഉപപ്രധാനമന്ത്രിയും എർദോഗന്റെ മുൻ അടുത്ത സഖ്യകക്ഷിയുമായ ബാബകാൻ, മുൻ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ഫ്യൂച്ചർ പാർട്ടിയുടെ നേതാവുമായ അഹ്മത് ദാവൂതോഗ്ലു, മുൻ വ്യവസായിയും ഇസ്താംബുൾ മേയറുമായ എക്രെം ഇമാമോഗ്ലു, ദേശീയ നേതാവും അഭിഭാഷകനും അങ്കാറ മേയറുമായ മൻസൂർ യാവാസ് എന്നിവരാണ് റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടിയുടെ (സിഎച്ച്പി) സഖ്യക്ഷികൾ .
കടുത്തപോരാട്ടമാണ് തുർക്കിയിൽ നടക്കുന്നതെന്നാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യറൗണ്ടിൽ ആർക്കും അൻപത്ത് ശതമാനം വോട്ട് ലഭിച്ചില്ലെങ്കിൽ മെയ് 28 ന് വീണ്ടും വോട്ടെടുപ്പ് നടക്കും. ഇന്നത്തെ വോട്ടെടുപ്പിൽ ഏറ്റവും കൊടുത്താൽ വോട്ട് നേടിയ ആദ്യ രണ്ടുപേർ തമ്മിലായിരിക്കും മെയ് 28 ന് മത്സരം നടക്കുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.