അഫ്ഗാനിസ്ഥാനിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ധാതുശേഖരം; കണ്ണുവെച്ച് ചൈന
- Published by:Naseeba TC
- news18-malayalam
Last Updated:
ലിഥിയം ശേഖരത്തിന്റെ കാര്യത്തിൽ 'ലോകത്തിന്റെ സൗദി അറേബ്യ' എന്നാണ് യുഎസ് അധികൃതർ അഫ്ഗാനിസ്ഥാനെ വിശേഷിപ്പിച്ചത്
ദരിദ്ര രാജ്യമായ അഫ്ഗാനിസ്ഥാനിൽ, ഒരു ട്രില്യൺ ഡോളർ (ഒരു ലക്ഷം കോടി രൂപ) വിലമതിക്കുന്ന ധാതുക്കൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് റിപ്പോർട്ടുകൾ. 2021ൽ താലിബാൻ രാജ്യം പിടിച്ചെടുത്തതോടെ അഫ്ഗാനിസ്ഥാൻ ഏതാണ്ട് പൂർണമായും തകർന്ന അവസ്ഥയിലായി. എങ്കിലും, ലോകത്തിലെ ഏറ്റവും വലിയ ലിഥിയം നിക്ഷേപം ഉൾപ്പെടെ ഏകദേശം ഒരു ട്രില്യൺ ഡോളർ വിലമതിക്കുന്ന ധാതു നിക്ഷേപമാണ് രാജ്യത്തുള്ളതെന്ന് അമേരിക്കൻ സൈനിക ഉദ്യോഗസ്ഥരും ജിയോളജിസ്റ്റുകളും വെളിപ്പെടുത്തി. ലിഥിയം കൂടാതെ, ഇരുമ്പ്, ചെമ്പ്, സ്വർണം, മറ്റ് അപൂർവ ധാതുക്കൾ എന്നിവയും അഫ്ഗാനിസ്ഥാനിലുണ്ട്. ഇത് സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാടുപെടുന്ന രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് വിദഗ്ധർ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം രാജ്യത്തെ ലിഥിയം ശേഖരം നിർണായകമാകുന്നത് എന്തുകൊണ്ട്?
രണ്ട് ദശാബ്ദങ്ങൾക്കു മുൻപ് അമേരിക്ക അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയപ്പോൾ ടെസ്‌ലയോ ഐഫോണോ ആർട്ടിഫിഷ്യൽ ഇന്റലിജൻസോ ഒന്നും ഉണ്ടായിരുന്നില്ല. അന്ന് ആധുനിക സാങ്കേതികവിദ്യകൾ ഇത്രയധികം വികാസം പ്രാപിക്കുകയോ ഇലക്ട്രിക് വാഹനങ്ങളെക്കുറിച്ച് പലരും സങ്കൽപിക്കുക പോലും ചെയ്തിട്ടുണ്ടായിരുന്നില്ല.
എന്നാലിന്ന് സാഹചര്യങ്ങളാകെ മാറി. ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ പ്രചാരം നേടാൻ തുടങ്ങി. ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ മുതൽ ഇലക്ട്രിക് വാഹനങ്ങളിൽ ഉപയോഗിക്കുന്ന ബാറ്ററികൾക്ക് വരെ ഭാവിയിൽ വൻ തോതിൽ ലിഥിയം വേണ്ടി വരും. ഇന്റർനാഷണൽ എനർജി ഏജൻസിയുടെ കണക്കനുസരിച്ച്, 2020 നെ അപേക്ഷിച്ച്, 2040-ൽ ലിഥിയത്തിന്റെ ആവശ്യം 40 മടങ്ങ് ഉയരും.
advertisement
Also Read- റഷ്യയിൽ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് നിരോധനം; എൽജിബിടിക്യൂ വിരുദ്ധ നിലപാടിന് പിന്നിലെന്ത്?
അഫ്ഗാനിസ്ഥാനിൽ ലിഥിയത്തിന്റെ വലിയൊരു കരുതൽ ശേഖരം ഉണ്ടെന്ന്, ‘ദ റെയർ മെറ്റൽസ് വാർ’ (The Rare Metals War) എന്ന പുസ്തകത്തിന്റെ രചയിതാവ് ഗില്ലെം പിട്രോൺ പറഞ്ഞു. ലിഥിയം ശേഖരത്തിന്റെ കാര്യത്തിൽ ‘ലോകത്തിന്റെ സൗദി അറേബ്യ’ എന്നാണ് യുഎസ് അധികൃതർ അഫ്ഗാനിസ്ഥാനെ വിശേഷിപ്പിച്ചത്. രാജ്യത്ത് വലിയ തോതിൽ ഇരുമ്പ്, ചെമ്പ്, കൊബാൾട്ട്, സ്വർണം എന്നിവയുടെ നിക്ഷേപം ഉണ്ടെന്നും ഈ ദരിദ്ര രാജ്യത്തെ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ഖനന കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാൻ ഈ ശേഖരത്തിന് കഴിയുമെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു.
advertisement
കണ്ണുവെച്ച് ചൈന
അഫ്ഗാനിസ്ഥാനിലെ നിക്ഷേപത്തിന്റെ വലിയ സാധ്യതകളും ധാതുശേഖരവുമൊക്കെ സ്വാഭാവികമായും പല ലോകരാജ്യങ്ങളുടെയും ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. വാഷിംഗ്ടൺ പോസ്റ്റിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2021 അവസാനത്തോടെ വലിയ തോതിൽ വിദേശികൾ അഫ്ഗാനിസ്ഥാൻ സന്ദർശിക്കാൻ ആരംഭിച്ചിട്ടുണ്ട്. 2021 മുതൽ 2022 വരെ ലിഥിയം വില എട്ട് മടങ്ങ് കുതിച്ചുയർന്നതിനെത്തുടർന്ന്, ചൈനയിൽ നിന്നും നിരവധി പേർ അഫ്ഗാനിസ്ഥാനിലേക്ക് എത്തിയിരുന്നു. താലിബാനുമായി സഹകരിച്ച് ബിസിനസ് ചെയ്യാനുള്ള ശ്രമങ്ങളും ചൈന തുടങ്ങിയിട്ടുണ്ട്. ചൈന മുന്നോട്ടുവച്ച 10 ബില്യൻ ഡോളറിന്റെ വാഗ്ദാനത്തിൽ താലിബാൻ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇക്കാര്യത്തിൽ തങ്ങൾ തിടുക്കം കൂട്ടുന്നില്ല എന്നാണ് താലിബാന്റെ പ്രതികരണം. അഫ്ഗാനിസ്ഥാനിലെ കോനാർ പ്രവിശ്യയിൽ നിന്ന് പാകിസ്ഥാൻ വഴി ചൈനയിലേക്ക് 1000 ടൺ ലിഥിയം കടത്തിയതിന് ഒരു ചൈനീസ് വ്യവസായിയെ താലിബാൻ ഉദ്യോഗസ്ഥർ അടുത്തിടെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 28, 2023 9:31 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
അഫ്ഗാനിസ്ഥാനിൽ ഒളിഞ്ഞിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ ധാതുശേഖരം; കണ്ണുവെച്ച് ചൈന