• HOME
 • »
 • NEWS
 • »
 • explained
 • »
 • Hijab Row | മതസ്വാതന്ത്ര്യവും യൂണിഫോം കോഡും; കർണാടകയിലെ ഹിജാബ് വിവാദം ഉയർത്തുന്ന ചോദ്യങ്ങൾ

Hijab Row | മതസ്വാതന്ത്ര്യവും യൂണിഫോം കോഡും; കർണാടകയിലെ ഹിജാബ് വിവാദം ഉയർത്തുന്ന ചോദ്യങ്ങൾ

ഹിജാബ് വിവാദം പൊട്ടിപ്പുറപ്പെട്ടത് എങ്ങനെ?

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

 • Share this:
  കർണാടകയിലെ (Karnataka) ഉഡുപ്പിയിലെ സർക്കാർ കോളേജിൽ ഹിജാബ് (Hijab) ധരിച്ചെത്തിയ വിദ്യാർത്ഥിനികളെ ക്ലാസിൽ പ്രവേശിപ്പിക്കുന്നത് വിലക്കിയ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോൾ കുന്ദാപൂരിലെ പ്രീ യൂണിവേഴ്സിറ്റി കോളേജിലും നിരവധി മുസ്ലീങ്ങൾക്ക് (Muslim) പ്രവേശനം നിഷേധിക്കുന്നു. മുസ്ലീം വിദ്യാർത്ഥികൾ ഹിജാബ് ധരിക്കുന്നതിനെതിരെ ഭണ്ഡാർക്കർസ് കോളേജിലെ വിദ്യാർത്ഥികൾ ഹിന്ദുത്വത്തിന്റെ പ്രതീകമായ കാവി ഷാൾ ധരിച്ചെത്തി പ്രതിഷേധിച്ചതിനെ തുടർന്നാണിത്.

  വിഷയം വലിയ വിവാദമായതോടെ, പ്രതിപക്ഷം മുസ്ലീം പെൺകുട്ടികളുടെ മൗലികാവകാശങ്ങളെ പിന്തുണച്ച് രംഗത്തെത്തി. ഹിജാബ് വിവാദത്തിന് പിന്നിൽ മറഞ്ഞിരിക്കുന്ന ചില കരങ്ങളുണ്ടെന്ന് സംസ്ഥാനത്തെ പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ് ആരോപിച്ചു. നമ്മുടെ രാജ്യത്തിന് എതിരായ ചിലർ ചില കുപ്രചരണത്തിന്റെ ഭാഗമായാണ് ഇത് ചെയ്യുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ നിലയും നമ്മുടെ പ്രധാനമന്ത്രിക്ക് അന്താരാഷ്ട്രതലത്തിൽ ലഭിക്കുന്ന ബഹുമാനവും അവർക്ക് സഹിക്കാനാകുന്നില്ല", നാഗേഷ് പിടിഐയോട് പറഞ്ഞു.

  ഇതിനിടെ, കുന്ദാപുര നഗരത്തിലെ ഒരു സ്വകാര്യ കോളേജിന് പുറത്ത് കാവി ഷാൾ ധരിച്ച വിദ്യാർത്ഥികളും ഹിജാബ് ധരിച്ച വിദ്യാർത്ഥികളും തമ്മിൽ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ആർഎൻ ഷെട്ടി കോളേജിന് അവധി പ്രഖ്യാപിച്ചു. ഹിജാബിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി പെൺകുട്ടികൾ കാവി ഷാൾ ധരിച്ച് മാർച്ച് നടത്തി സമാനമായ സാഹചര്യം ഭണ്ഡാർക്കർസ് കോളേജിലും റിപ്പോർട്ട് ചെയ്തിരുന്നു. കോളേജിൽ ഹിജാബ് നിരോധിക്കുന്നത് വരെ കാവി ഷാൾ ധരിക്കുമെന്നാണ് ഇവരുടെ വാദം. എന്നാൽ, വിദ്യാർത്ഥികളോട് ഷാൾ മാറ്റി കോളേജിൽ പ്രവേശിക്കാൻ കോളേജ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു. അതേസമയം ഭണ്ഡാർക്കർസ് കോളേജിലെ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ച് കോളേജിനുള്ളിൽ പ്രവേശിപ്പിക്കാനുളള്ള അനുമതി കോളേജ് അധികൃതരോട് അഭ്യർത്ഥിച്ചു.

  എങ്ങനെയാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടത്?
  ഏകദേശം ഒരു മാസം മുമ്പ്, ഉഡുപ്പിയിലെ ഗവൺമെന്റ് പിയു കോളേജിൽ ആറ് പെൺകുട്ടികളെ ഹിജാബ് ധരിച്ച് അവരുടെ ക്ലാസ് മുറിയിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് ഈ പെൺകുട്ടികൾ കോളേജിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധിച്ച വിദ്യാർത്ഥികളിൽ ഒരാൾ കർണാടക ഹൈക്കോടതിയെ സമീപിച്ചു. ക്ലാസ് മുറിക്കുള്ളിൽ ഹിജാബ് ധരിക്കുന്നത് കോളേജ് വികസന സമിതി തടഞ്ഞതോടെ തങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്നുവെന്ന് മുസ്ലീം വിദ്യാർത്ഥികൾ അവകാശപ്പെട്ടു. ഈ വിഷയം നിയമപരമായ നിരവധി ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നുണ്ടോ? ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടനാപരമായി സംരക്ഷിക്കപ്പെടുന്നുണ്ടോ? എന്നു തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇതിനെ തുടർന്ന് ഉയർന്നിരിക്കുന്നത്.

  മതസ്വാതന്ത്ര്യത്തെക്കുറിച്ച് ഭരണഘടനയിൽ പറയുന്നത് എന്ത്?
  ഭരണഘടനയുടെ ആർട്ടിക്കിൾ 25(1) പ്രകാരം "എല്ലാവർക്കും ഇഷ്ടമുള്ള മതത്തിൽ വിശ്വസിയ്ക്കാനും ആ വിശ്വാസം പ്രചരിപ്പിയ്ക്കാനും അവകാശമുണ്ട്". സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിന് യാതൊരുവിധ തടസ്സവുമില്ലെന്ന് ഭരണകൂടം ഉറപ്പു നൽകുന്ന ഒരു അവകാശമാണിത്. എന്നാൽ, എല്ലാ മൗലികാവകാശങ്ങളെയും പോലെ, ക്രമസമാധാനം, ധാർമ്മികത, ആരോഗ്യം എന്നിവയുടെ അടിസ്ഥാനത്തിൽ ഈ അവകാശങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം ഭരണകൂടത്തിനുണ്ട്.

  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം ധരിക്കേണ്ട’
  ഹിജാബ് ചർച്ചകൾ പലതവണ കോടതികളിൽ എത്തിയിട്ടുണ്ട്. കേരള ഹൈക്കോടതി ഈ വിഷയത്തിൽ രണ്ട് വിധികൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇസ്‌ലാം തത്വങ്ങൾക്കനുസൃതമായി മുസ്ലീം സ്ത്രീകൾക്ക് വസ്ത്രം ധരിക്കാനുള്ള അവകാശം സംബന്ധിച്ച് പരസ്പരവിരുദ്ധമായ ഉത്തരങ്ങളാണ് കോടതിയിൽ നിന്ന് ലഭിച്ചിട്ടുള്ളത്.

  2018ൽ ഒരു സ്‌കൂള്‍ നിര്‍ദേശിച്ച യൂണിഫോമിന്റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍ കക്ഷിയാക്കി ഫാത്തിമ തസ്‌നീം സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹർജിക്കാരന്റെ വ്യക്തിഗത അവകാശങ്ങളേക്കാള്‍ ഒരു സ്ഥാപനത്തിന്റെ കൂട്ടായ അവകാശങ്ങൾക്കാണ് മുൻഗണന നൽകേണ്ടതെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ശിരോവസ്ത്രവും ഫുള്‍കൈ ഷര്‍ട്ടും ധരിക്കാന്‍ അനുവദിക്കണമെന്നുള്ള പന്ത്രണ്ടും എട്ടും വയസുള്ള പെണ്‍മക്കളുടെ ആവശ്യവുമായി പിതാവാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഹര്‍ജിക്കാര്‍ നിലവില്‍ ഈ സ്‌കൂളില്‍ പഠിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ തള്ളി.

  എന്നാൽ 2015ൽ, സിബിഎസ്ഇ അഖിലേന്ത്യാ പ്രീ-മെഡിക്കൽ എൻട്രൻസ് ടെസ്റ്റിന് ഹാജരായ രണ്ട് മുസ്ലീം പെൺകുട്ടികൾക്ക് ഹിജാബും ഫുൾ സ്ലീവ് വസ്ത്രവും ധരിക്കാൻ കേരള ഹൈക്കോടതിയിലെ മറ്റൊരു സിംഗിൾ ബെഞ്ച് ജഡ്ജി അനുമതി നൽകിയിരുന്നു.

  പ്രതിപക്ഷത്തിന്റെയും വിവിധ മന്ത്രിമാരുടെയും നിലപാട് എന്ത്?
  ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ അടുത്തയാഴ്ച ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ നിലവിലുള്ള യൂണിഫോമുമായി ബന്ധപ്പെട്ട നിയമങ്ങൾ പാലിക്കാൻ കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. സർക്കാർ നിലപാട് സംബന്ധിച്ച് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും ചർച്ച നടത്തി. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കാനുള്ള മുസ്ലീം പെൺകുട്ടികളുടെ അവകാശം നിഷേധിച്ചതിനെതിരെ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ ബിജെപി സർക്കാരിനെതിരെ ആഞ്ഞടിച്ചു. കർണാടക വിദ്യാഭ്യാസ നിയമത്തിന്റെ അടിസ്ഥാനത്തിൽ 2013, 2018 വർഷങ്ങളിൽ ചില ചട്ടങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്നും അതനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അതിന്റെ എസ്ഡിഎംസിക്കും (സ്‌കൂൾ ഡെവലപ്‌മെന്റ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി) വിദ്യാർത്ഥികൾക്ക് യൂണിഫോം നിർദേശിക്കാൻ അവകാശമുണ്ടെന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ബി.സി നാഗേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

  സ്‌കൂൾ യൂണിഫോം എല്ലാ വിദ്യാർത്ഥികളും പാലിക്കേണ്ട കാര്യമാണെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. കൂടാതെ, ഭിന്നതകൾ മറന്ന് ഇന്ത്യക്കാരായി വളരാൻ ഇത് കുട്ടികളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  അതേസമയം, വിദ്യാർത്ഥികളുടെ ഹിജാബ് അവരുടെ വിദ്യാഭ്യാസത്തിന് തടസ്സമാകുന്നത് വഴി നാം ഇന്ത്യയുടെ പെൺമക്കളുടെ ഭാവി കവർന്നെടുക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. സരസ്വതി ദേവി എല്ലാവർക്കും അറിവ് നൽകുന്നു. ദേവി ആരെയും വേർതിരിക്കുന്നില്ല” എന്നും അദ്ദേഹം ട്വീറ്റിൽ പറഞ്ഞു.

  കോൺഗ്രസ് എംപി ശശി തരൂർ ഹിജാബ് വിവാദം രാഷ്ട്രീയവൽക്കരിച്ചുവെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഇന്ത്യയിൽ മതപരമായ വസ്ത്രധാരണം നിരോധിക്കുന്നതിനുള്ള നിയമമില്ലെന്ന് മറ്റ് ചില കോൺഗ്രസ് നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. "സിഖ് തലപ്പാവോ കഴുത്തിലെ കുരിശോ നെറ്റിയിലെ തിലകമോ പോലുള്ള മതപരമായ കാര്യങ്ങൾ നിരോധിക്കുന്ന നിയമമില്ല, ഫ്രാൻസിലെ സർക്കാർ സ്കൂളുകളിൽ ഇവയെല്ലാം നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത് അനുവദനീയമാണ്" ഇൻഫോസിസ് മുൻ ഡയറക്ടർ മോഹൻദാസ് പൈയ്ക്ക് മറുപടിയായി തരൂർ പറഞ്ഞു. എല്ലാ സ്കൂളുകളിലും യൂണിഫോം കോഡ് ഉണ്ടെന്നും വിദ്യാർത്ഥികൾക്കിടയിൽ ഐക്യമുണ്ടാക്കാൻ ഇത് സഹായിക്കുമെന്നുമാണ് മണിപ്പാൽ യൂണിവേഴ്സിറ്റി ചെയർമാനായ പൈ പറഞ്ഞത്. എന്നാൽ ആരെങ്കിലും ഇത് ധരിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ അപേക്ഷ നൽകേണ്ടതാണ്.

  മുത്തലാഖ് റദ്ദാക്കുന്നതിന് നമ്മുടെ സർക്കാർ മുസ്ലീം സ്ത്രീകൾക്കൊപ്പമാണ് നിലകൊണ്ടതെന്ന് കർണാടക മന്ത്രി സുനിൽ കുമാർ കാർക്കള പറഞ്ഞു. “വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുന്നവരെല്ലാം, മുസ്ലീം സ്ത്രീകൾക്ക് പള്ളികളിലുള്ള വിലക്കിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്. സർക്കാർ കാമ്പസിനുള്ളിൽ എല്ലാവരും ഏകീകൃത സംവിധാനം പാലിക്കണം. അത് മാത്രമാണ് എന്റെ ലക്ഷ്യം" അദ്ദേഹം കൂട്ടിച്ചേർത്തു.
  Published by:user_57
  First published: