‘എയ്‌ക്കോണ്‍ സിറ്റി’ എന്ന തന്റെ സ്വപ്ന പദ്ധതിയുടെ നിർമ്മാണത്തെക്കുറിച്ച് 2018-ലാണ് പ്രമുഖ അമേരിക്കന്‍ ഗായകൻ എയ്‌ക്കോൺ എന്ന് അറിയപ്പെടുന്ന അലിയൂണ്‍ തിയാം പ്രഖ്യാപനം നടത്തിയത്. എന്നാൽ സിറ്റിക്ക് വേണ്ടി തിരഞ്ഞെടുത്ത 2,000 ഏക്കര്‍ ഭൂമിയില്‍ യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ഇതുവരെ നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിറ്റിയുടെ നിർമ്മാണം എത്രയും വേഗം ആരംഭിക്കുമെന്ന് എയ്‌ക്കോൺ പറഞ്ഞു.
അടുത്ത 50 വര്‍ഷത്തേക്കാണ് ഭൂമി പാട്ടത്തിനെടുത്തത്. നിലവിലെ പ്രസിഡന്റ് തന്റെ പദ്ധതിയില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ എയ്‌ക്കോൺ പറഞ്ഞു. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിലെ സാങ്കല്‍പ്പിക ആഫ്രിക്കന്‍ രാഷ്ട്രമായ വക്കണ്ടയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കുന്ന ‘എയ്‌ക്കോണ്‍ സിറ്റി’യെക്കുറിച്ച് കൂടുതലറിയാം.
എന്താണ് ‘എയ്‌ക്കോൺ സിറ്റി’ ?
എയ്‌ക്കോണിന്റെ ജന്മനാടായ സെനഗലില്‍ നിര്‍മ്മിക്കുന്ന നഗരത്തിന് ഏകദേശം 6 ബില്യണ്‍ ഡോളര്‍ (49,630 കോടി രൂപ) ചെലവ് വരുമെന്നും വാസ്തുവിദ്യയുടെ അതിശയകരമായ ഒരു ലോകമായിരിക്കും നഗരമെന്നും മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. അറ്റ്‌ലാന്റിക് സമുദ്രത്തിലെ എംബോഡിയന്‍ ഗ്രാമത്തിന് സമീപം 2,000 ഏക്കറിലാണ് എയ്‌ക്കോണ്‍ സിറ്റി നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്. 135 ഏക്കറില്‍ തുടങ്ങുന്ന പദ്ധതി രണ്ടാംഘട്ടത്തില്‍ 1,235 ഏക്കറിലേക്ക് വ്യാപ്പിക്കും.
പരിസ്ഥിതി സൗഹൃദ നഗരമാണ് ഇവിടെ നിര്‍മ്മിക്കുന്നത്. ഇവിടെ ആഡംബര വീടുകള്‍, റിസോര്‍ട്ടുകള്‍, സര്‍വ്വകലാശാല എന്നിവ ഉണ്ടായിരിക്കും. ഇത് പ്രദേശത്തെ ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും വംശീയ വിവേചനം നേരിടുന്ന ആഫ്രിക്കന്‍-അമേരിക്കന്‍ ജനതയുടെ ശ്രദ്ധാ കേന്ദ്രമായി ഇവിടം മാറുമെന്നും ഗായകന്‍ അവകാശപ്പെടുന്നതായി ‘ദ ഗാര്‍ഡിയന്‍’ റിപ്പോര്‍ട്ട് ചെയ്തു.
ബോട്ടിംഗ് ഡോക്കുകള്‍, ഫുഡ് ആന്‍ഡ് ബിവറേജ് സ്റ്റോര്‍, 10000 കിടക്കകളുള്ള ആശുപത്രി, മ്യൂസിക് സ്റ്റുഡിയോകള്‍, ടൂറിസ്റ്റ് റിസോര്‍ട്ടുകള്‍ എന്നിവയും സൂപ്പര്‍ സിറ്റിയില്‍ ഉണ്ടാകുമെന്ന് ഗായകനെ ഉദ്ധരിച്ച് ‘ഔട്ട്ലെറ്റ്’ പറഞ്ഞു.
ബിബിസി റിപ്പോർട്ട് അനുസരിച്ച്, നഗര നിര്‍മ്മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ റോഡുകള്‍, ഒരു ക്യാമ്പസ്, ഒരു മാള്‍, താമസസ്ഥലങ്ങള്‍, ഹോട്ടലുകള്‍, പോലീസ് സ്റ്റേഷന്‍, സ്‌കൂള്‍, സോളാര്‍ പവര്‍ പ്ലാന്റ് എന്നിവയാണ് ഉള്‍പ്പെടുന്നത്.
പദ്ധതി വൈകുന്നതിന് പിന്നിലെ കാരണം ?
2023 അവസാനത്തോടെ പൂര്‍ത്തിയാകേണ്ടിയിരുന്ന ഒന്നാം ഘട്ടം വിനോദസഞ്ചാരികളെ മാത്രം ലക്ഷ്യം വെച്ചുള്ളതായിരുന്നു. ‘ആഫ്രിക്കയില്‍ ആളുകള്‍ അസാധ്യമെന്ന് കരുതുന്ന എന്തെങ്കിലും നിര്‍മ്മിക്കാന്‍ ശ്രമിക്കുക എന്നതാണ് എന്റെ ലക്ഷ്യം’- ഗായകനെ ഉദ്ധരിച്ച് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇവിടെ ഇതുവരെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്നാണ് ഒരു പ്രാദേശിക പത്രപ്രവര്‍ത്തകന്‍ ബിബിസിയോട് പറഞ്ഞു.
കോവിഡാണ് പദ്ധതികള്‍ താളം തെറ്റിച്ചതെന്നാണ് എയ്‌ക്കോൺ പറയുന്നു. എയ്‌ക്കോണിൽ വിശ്വാസമുണ്ടെന്നും പദ്ധതി വിനോദസഞ്ചാരികളെയും നിക്ഷേപകരെയും ആകര്‍ഷിക്കുന്ന ഒന്നായിരിക്കുമെന്നും സെനഗലിലെ ടൂറിസം കമ്പനിയായ സാപ്കോയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ നഗരത്തിന്റെ നിര്‍മ്മാണത്തിനായി നേരത്തെ നിശ്ചയിച്ച കമ്പനികളെയും വാസ്തുശില്പികളെയും താന്‍ മാറ്റിയെന്നും പുതിയ നിര്‍മ്മാണ പങ്കാളികള്‍ ആഫ്രിക്കയെയും ഭൂപ്രദേശത്തെയും മനസ്സിലാക്കുന്നവരാണെന്ന് എയ്‌ക്കോണ്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം അവസാനത്തോടെ ഖനന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് എയ്‌ക്കോണ്‍ ബ്രിട്ടീഷ് ഔട്ട്ലെറ്റിനോട് സംസാരിക്കവെ പറഞ്ഞു.
എയ്‌ക്കോയിന്‍ ക്രിപ്റ്റോകറന്‍സി
‘എയ്‌ക്കോയിന്‍’ എന്ന ക്രിപ്റ്റോകറന്‍സിയായിരിക്കും നഗരത്തില്‍ ഉണ്ടായിരിക്കുക. 2021 സെപ്റ്റംബറില്‍ 0.28 ഡോളര്‍ (27 രൂപയില്‍ കൂടുതല്‍) മൂല്യത്തിലാണ് എയ്‌ക്കോയിന്‍ ബിറ്റ്മാര്‍ട്ടില്‍ തുടക്കും കുറിച്ചത്. എന്നാല്‍ ഇന്ന് ഇതിന്റെ മൂല്യം വെറും 0.012 ഡോളര്‍ (0.99 രൂപ) ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.