നെഗ്ലേരിയ ഫൗലറി എന്ന അമീബ മൂലം ദക്ഷിണ കൊറിയൻ സ്വദേശി മരിച്ച വാർത്ത തിങ്കളാഴ്ചയാണ് പുറത്തു വന്നത്. തായ്‌ലാന്റിൽ നിന്ന് മടങ്ങി വന്ന അൻപതുകാരനാണ് മരിച്ചത്. നാല് മാസം തായ്‌ലൻഡിൽ ചെലവഴിച്ച ഇയാൾ ഡിസംബർ 10 നാണ് ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയത്. തലവേദനയും, ഛർദ്ദിയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ആശുപത്രിയിലെത്തിയത്.
കഴുത്ത് അനക്കാൻ പറ്റാത്ത അവസ്ഥയും ഉണ്ടായിരുന്നു. ഇയാൾ സംസാരിക്കുന്നതും വ്യക്തമല്ലായിരുന്നു. ഇതാദ്യമായല്ല നെഗ്ലേരിയ ഫൗലറി എന്ന അമീബ വാർത്തകളിൽ ഇടം നേടുന്നത്. നേരത്തേ അമേരിക്കയിലെ നെബ്രാസ്കയിൽ ഈ അമീബ മൂലം ഒരു കുട്ടി മരിച്ചിരുന്നു. ഈ അമീബയ്ക്ക് മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കാനും തലച്ചോറിലേക്കെത്താനും കഴിയും. ഇവ തലച്ചോറിലെ കോശങ്ങൾ നശിപ്പിക്കുകയും ചെയ്യും.
എന്താണ് നെഗ്ലേരിയ ഫൗലറി?
നെഗ്ലേരിയ എന്ന അമീബയുടെ സ്പീഷിസുകളിൽ നെഗ്ലേരിയ ഫൗലറി മാത്രമാണ് മനുഷ്യരെ ബാധിക്കുന്നത്. ശുദ്ധജല തടാകങ്ങളിലും അരുവികളിലുമാണ് ഈ അമീബയുടെ സാന്നിധ്യം പൊതുവേ കാണാറുള്ളത്. മൈക്രോസ്കോപ്പിലൂടെ മാത്രമേ ഇതിനെ കണ്ടെത്താനാകൂ.
നെഗ്ലേരിയ ഫൗലറി എങ്ങനെയാണ് മനുഷ്യരെ ബാധിക്കുന്നത്?
അമീബയുടെ സാന്നിധ്യമുള്ള വെള്ളം മൂക്കിലൂടെ ശരീരത്തിലെത്തിയാൽ അത് മനുഷ്യരെ ബാധിക്കും. നീന്തുകയോ മറ്റോ ചെയ്യുമ്പോഴോ തടാകങ്ങൾ, നദികൾ എന്നിവ പോലുള്ള സ്ഥലങ്ങളിൽ തല മുക്കി കുളിക്കുകയോ ചെയ്യുമ്പോഴാണ് സാധാരണയായി ഇത് സംഭവിക്കുന്നത്. അമീബ പിന്നീട് മൂക്കിലൂടെ തലച്ചോറിലേക്ക് നീങ്ങും. അത് മസ്തിഷ്ക കോശങ്ങളെ നശിപ്പിക്കുകയും അമീബിക് മെനിംഗോഎൻസെഫലൈറ്റിസ് എന്ന മാരകമായ അണുബാധയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അമീബയുടെ സാന്നിധ്യമുള്ള ടാപ്പ് വെള്ളം മുഖം കഴുകാനായി ഉപയോഗിക്കുമ്പോഴും ഈ അണുബാധ ഉണ്ടാകാം.
Also read- ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ വരാനാകില്ലെന്ന് സെർബിയ നിയമം കൊണ്ടു വരുന്നതെന്തുകൊണ്ട്?
നെഗ്ലേരിയ ഫൗലറി ഇന്ത്യയിൽ ഉണ്ടോ?
ഇന്ത്യ ഉൾപ്പെടെ 16-ലധികം രാജ്യങ്ങളിൽ നെഗ്ലേരിയ ഫൗലറിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എല്ലാ ഭൂഖണ്ഡങ്ങളിലും ഈ അമീബയെ കണ്ടെത്തിയിട്ടുണ്ട്.
എവിടെയാണ് നെഗ്ലേരിയ ഫൗലറി കാണപ്പെടുന്നത്?
ചെറുചൂടുള്ള ശുദ്ധജലത്തിലും മണ്ണിലുമൊക്കെ നെഗ്ലേരിയ ഫൗലറി കാണപ്പെടുമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവൻഷൻ പറയുന്നു. ചൂടു കൂടുതലുള്ള മാസങ്ങളിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ചൂട് ഇഷ്ടപ്പെടുന്ന (തെർമോഫിലിക്) ജീവിയാണ് നെഗ്ലേരിയ ഫൗലറി. 115°F (46°C) വരെ ഉയർന്ന താപനിലയിൽ ഇത് വളരുന്നു. ഇതിലും ഉയർന്ന താപനിലയെ അതിജീവിക്കാനും ഇവയ്ക്ക് കഴിയും.
ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് അണുബാധ പടരാൻ സാധ്യതയുണ്ടോ?
നെഗ്ലേരിയ ഫൗലറി അണുബാധ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
രോഗ ലക്ഷണങ്ങൾ
തലവേദന, പനി, ഓക്കാനം, ഛർദ്ദി എന്നിവയെല്ലാം നെഗ്ലേരിയ ഫൗലറി അണുബാധ ബാധിക്കുമ്പോൾ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങളാണ്. ഹാലൂസിനേഷൻസ്, കോമ എന്നിവയും പിന്നീട് ഉണ്ടാകാം. രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ട് 1 മുതൽ 18 വരെ ദിവസത്തിനുള്ളിൽ മരണം സംഭവിക്കാം.
കാലാവസ്ഥാ വ്യതിയാനം ഇത്തരത്തിലുള്ള ജീവികൾ പെരുകാൻ കാരണമാകുന്നുണ്ടോ?
ചൂടുള്ള താപനിലയിൽ നെഗ്ലേരിയ ഫൗലറി പോലുള്ള രോഗകാരികൾ വളരുക മാത്രമല്ല ചെയ്യുന്നത്. ആളുകൾ കൂടുതൽ സ്വിമ്മിങ്ങ് പൂളുകളെയും മറ്റ് ജലസ്രോതസുകളെയുമൊക്കെ ആശ്രയിക്കുന്ന സമയമാണിത്. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നതായി കാലിഫോർണിയ സർവകലാശാലയിലെ പരിസ്ഥിതി ശാസ്ത്രജ്ഞനായ യുൻ ഷെൻ ഗാർഡിയനോട് പറഞ്ഞു.
“ഭാവിയിൽ, തണുത്ത പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ പോലും ചൂടുള്ള കാലാവസ്ഥയെ അഭിമുഖീകരിക്കേണ്ടി വരാം. കാലാവസ്ഥാ വ്യതിയാനം മൂലം ഇത്തരം അണുബാധകൾ പെരുകാനുള്ള സാധ്യതയും കൂടുതലാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.