വഖഫ് ബോര്‍ഡ് 1200 ഏക്കര്‍ കൃഷിയിടത്തിന് അവകാശവാദം ഉന്നയിച്ചു; കര്‍ണാടക വിജയപുരയിൽ വിവാദം
- Published by:meera_57
- news18-malayalam
Last Updated:
വിജയപുര ജില്ലയിലെ 124 സര്‍വെ നമ്പറുകളുമായി ബന്ധിപ്പിച്ച് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 433 കര്‍ഷകര്‍ക്കെങ്കിലും നോട്ടീസ് നല്‍കിയിട്ടുമുണ്ട്
കര്‍ണാടകയിലെ വിജയപുര ജില്ലയില്‍ കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള 1200 ഏക്കര്‍ ഭൂമിക്ക് വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ചതിന് പിന്നാലെ വിവാദം ആളിക്കത്തുന്നു. റവന്യൂ രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേര് ഒരൊറ്റ രാത്രികൊണ്ടാണ് ഉള്‍പ്പെടുത്തിയതെന്ന് പുതിയ തെളിവുകള്‍ വ്യക്തമാക്കുന്നു.
1974ലെ ഗസറ്റ് വിജ്ഞാപനത്തിലെ പിഴവാണ് ഹൊണവാഡയിലെ 1200 ഏക്കര്‍ വഖഫ് സ്വത്തായി നിശ്ചയിച്ചതിലെ ആശയക്കുഴപ്പത്തിന് കാരണമെന്ന് കര്‍ണാടക മന്ത്രി എംബി പാട്ടീല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അവര്‍ക്ക് നല്‍കിയ നോട്ടീസ് പിന്‍വലിക്കുമെന്നും തെറ്റ് പറ്റിയത് ഡെപ്യൂട്ടി കമ്മിഷണര്‍ അന്വേഷിക്കുകയാണെന്നും കര്‍ണാടകയിലെ നിയമ, പാര്‍ലമെന്ററി കാര്യമന്ത്രിയായ എച്ച്‌കെ പാട്ടീല്‍ തിങ്കളാഴ്ച പറഞ്ഞു.
പുതിയ തെളിവ് വ്യക്തമാക്കുന്നത് എന്ത്?
കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ വിജയപുരയിലെ 44 സ്വത്തുവകകളുടെ ഭൂമി രേഖകളില്‍ വഖഫ് ബോര്‍ഡിന്റെ പേര് ഉള്‍പ്പെടുത്തിയതായി ന്യൂസ് 18ന് തെളിവ് ലഭിച്ചു. പല കേസുകളിലും കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കാതെയാണ് ഭൂരേഖകള്‍ മാറ്റിയത്. കര്‍ണാടക വഖഫ് മന്ത്രി ബിഇസഡ് സമീര്‍ അഹമ്മദ് ഖാന്‍ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് രണ്ട് ദിവസത്തിന് ശേഷം ആര്‍ടിസിയുടെ (പാട്ടം, വിളകള്‍, അവകാശ രേഖയില്‍) കോളം നമ്പര്‍ 11ല്‍ ഇടംപിടിച്ചതായി രേഖകളില്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരുവിധ അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കര്‍ഷകര്‍ ന്യൂസ് 18നോട് പറഞ്ഞു.
advertisement
ഇന്‍ഡി താലൂക്കിലെ 41 വസ്തുക്കളുടെയും ചടച്ചന്‍ താലൂക്കിലെ മൂന്ന് വസ്തുക്കളുടെയും ആര്‍ടിസിയില്‍ ഉടമസ്ഥത സംബന്ധിച്ച് വഖഫ് ബോര്‍ഡിന്റെ പേരാണ് പരാമര്‍ശിച്ചിരിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
ഇതിന് പുറമെ വിജയപുര ജില്ലയിലെ 124 സര്‍വെ നമ്പറുകളുമായി ബന്ധിപ്പിച്ച് കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ 433 കര്‍ഷകര്‍ക്കെങ്കിലും നോട്ടീസ് നല്‍കിയിട്ടുമുണ്ട്.
എന്താണ് ഭൂമി പ്രശ്‌നം?
ഭൂമി ഒഴിയണമെന്ന് കാട്ടി കര്‍ഷകര്‍ക്ക് ഒക്ടോബര്‍ നാലിന് കര്‍ണാടക വഖഫ് ബോര്‍ഡ് നോട്ടീസ് അയച്ചു. ഭൂമിയുടെ രേഖകളും രജിസ്റ്റര്‍ ചെയ്ത രേഖകളും കൈവശം വെച്ചുകൊണ്ട് കര്‍ഷകര്‍ വടക്കന്‍ കര്‍ണാടകയിലെ വിജയ്പുരയിലെ ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസില്‍ പ്രതിഷേധിച്ചിരുന്നു. അഹമ്മദ് ഖാന്‍ വിജയ്പുര സന്ദര്‍ശിച്ചതിന് ശേഷമാണ് നോട്ടീസ് നല്‍കിയതെന്ന് അവര്‍ അവകാശപ്പെട്ടു.
advertisement
ഇന്‍ഡി താലൂക്കിലെ തേനഹള്ളി വില്ലേജിലെയും ടിക്കോട്ട താലൂക്കിലെ ഹോണ്‍വാഡ വില്ലേജിലെയും ഭൂരേഖകള്‍ തങ്ങളറിയാതെ വഖഫ് സ്വത്താക്കി മാറ്റി രേഖപ്പെടുത്തിയതായി അവര്‍ ആരോപിച്ചു.
കൊമ്പ് കോര്‍ത്ത് ബിജെപിയും കോണ്‍ഗ്രസും
തെളിവുകളോ വിശദീകരണങ്ങളോ നല്‍കാതെയാണ് ഭൂമി തങ്ങളുടെ സ്വത്തായി വഖഫ് ബോര്‍ഡ് പ്രഖ്യാപിച്ചതെന്നും കര്‍ഷകര്‍ക്ക് നോട്ടീസ് നല്‍കിയതെന്നും ബംഗളൂരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യ പറഞ്ഞു.
"2024ലെ വഖഫ് (ഭേദഗതി) ബില്ലിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇടപെടല്‍ നടത്തിയത്. ഭൂമി വഖഫ് ബോര്‍ഡിന് കൈമാറുന്നതിന് അനുകൂലമായി 15 ദിവസത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രി ഖാന്‍ അടുത്തിടെ ഡെപ്യൂട്ടി കമ്മിഷണറെയും റവന്യൂ ഉദ്യോഗസ്ഥരെയും സന്ദര്‍ശിച്ചു," സൂര്യ ആരോപിച്ചു.
advertisement
പ്രതിപക്ഷം വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് മന്ത്രി ഖാന്‍ പ്രതികരിച്ചു. "ഞങ്ങള്‍ക്ക് ആരുടെയും ഭൂമി തട്ടിയെടുക്കാന്‍ കഴിയില്ല. അങ്ങനെ കഴിയുമെന്ന് തോന്നുന്നുണ്ടോ? അനാവശ്യപ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണ്. കഴിഞ്ഞയാഴ്ച ഈ വിഷയത്തെക്കുറിച്ച് ബിജെപി നേതാവ് യത്‌നാലുമായി സംസാരിച്ചിരുന്നു. കര്‍ഷകരുമായി കൂടിക്കാഴ്ചയ്ക്ക് ജില്ലാ ഓഫീസിലേക്ക് വരാന്‍ ഞാന്‍ അദ്ദേഹത്തെ ക്ഷണിച്ചു. പക്ഷേ, അദ്ദേഹം വന്നില്ല," മന്ത്രി പറഞ്ഞു. കര്‍ണാടകയില്‍ വഖഫ് ബോര്‍ഡിന്റെ കൈവശമുള്ള ഭൂരിഭാഗം ഭൂമിയും പ്രധാനമായും മുസ്ലിങ്ങളാണ് കൈയ്യേറിയിരിക്കുന്നതെന്ന് ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഖാന്‍ പറഞ്ഞു. അതേസമയം തങ്ങള്‍ കര്‍ഷകരെ സംരക്ഷിക്കുന്നുണ്ടെന്നും ആര്‍ക്കും ആരുടെയും ഭൂമി തട്ടിയെടുക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
എന്താണ് വഖഫ്?
ഇസ്ലാം നിയമപ്രകാരം മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങള്‍ക്ക് മാത്രമായി സമര്‍പ്പിക്കപ്പെട്ട സ്വത്തുക്കളെയാണ് വഖഫ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തുടനീളം 9.4 ലക്ഷം ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന 8.7 ലക്ഷം സ്വത്തുക്കളാണ് നിലവില്‍ വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ളത്. അവയുടെ മൂല്യം ഏകദേശം 1.2 ലക്ഷം കോടി രൂപയോളം വരും. സായുധസേനയ്ക്കും ഇന്ത്യന്‍ റെയില്‍വെയ്ക്കും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഭൂവുടമയാണ് വഖഫ് ബോര്‍ഡ്. ഒരു ഖാലിഫ് (സ്വത്ത് സമര്‍പ്പിക്കുന്ന വ്യക്തി) മുഖേന നൽകപ്പെടുന്ന ഔഖാഫ് (ദാനം ചെയ്തതും വഖഫ് എന്ന് അറിയിച്ചതുമായ ആസ്തികള്‍) നിയന്ത്രിക്കുന്നതിനായി 1995ലെ വഖഫ് നിയമം പാസാക്കി. 2013ലാണ് നിയമം അവസാനമായി ഭേദഗതി ചെയ്തത്.
advertisement
ഈ വര്‍ഷമാദ്യമാണ് കേന്ദ്രസര്‍ക്കാര്‍ വഖഫ് ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. രേഖകളുടെ ഡിജിറ്റലൈസേഷന്‍, കര്‍ശനമായ ഓഡിറ്റുകള്‍, സുതാര്യത വര്‍ധിപ്പിക്കല്‍, അനധികൃതമായി കൈവശപ്പെടുത്തിയ വഖഫ് സ്വത്തുക്കള്‍ തിരിച്ചുപിടിക്കുന്നതിനുള്ള നിയമപരമായ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള മാറ്റങ്ങളാണ് ഭേദഗതി നിയമത്തിലൂടെ ലക്ഷ്യമിടുന്നത്. നിലവില്‍ പാര്‍ലമെന്റിന്റെ സംയുക്ത സമിതിയുടെ പരിഗണനയിലാണ് ഇതുള്ളത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 29, 2024 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
വഖഫ് ബോര്‍ഡ് 1200 ഏക്കര്‍ കൃഷിയിടത്തിന് അവകാശവാദം ഉന്നയിച്ചു; കര്‍ണാടക വിജയപുരയിൽ വിവാദം