ഗോവ വിമോചിക്കപ്പെട്ടിട്ട് അറുപത്തിയൊന്നാം വർഷം; അറിയുമോ ഓപ്പറേഷന്‍ വിജയ്?
- Published by:Vishnupriya S
- news18-malayalam
Last Updated:
1961 ൽ ഇന്ത്യന്‍ സൈന്യം ഗോവ വിമോചനത്തിനായി 'ഓപ്പറേഷന്‍ വിജയ്' എന്ന പേരില്‍ സൈനിക നടപടികൾ ആരംഭിച്ചു
1961ലാണ് ഇന്ത്യന്‍ സൈന്യം ഗോവ വിമോചനത്തിനായി ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ സൈനിക നടപടികൾ ആരംഭിച്ചത്. പെട്ടെന്നുണ്ടായ സൈനിക നീക്കത്തിൽ ഗോവയിലെ ജനങ്ങൾ സ്തബ്ധരായി. ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നേറ്റവും പോര്‍ച്ചുഗീസിന്റെ പെട്ടെന്നുള്ളതകര്‍ച്ചയും അവര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല.
1961 ഡിസംബര്‍ 18ന് രാവിലെ 7.30 ഓടെയാണ് ഇരുഭാഗത്ത് നിന്നുമുള്ള സൈനിക നീക്കങ്ങള്‍ ആരംഭിച്ചത്. രാവിലെ തന്നെ ഗോവന്‍ റേഡിയോയുടെ പ്രക്ഷേപണം പെട്ടെന്ന് നിലച്ചു. പിന്നീട് എമിസോറ ഡി ഗോവ, ദാബോളിം എയര്‍പോര്‍ട്ട്, മര്‍മ്മഗോവ തുറമുഖം എന്നിവിടങ്ങളിൽ ഷെല്ലാക്രമണം ആരംഭിച്ചു.
അന്നത്തെ ഗവര്‍ണര്‍ ജനറലിനെ രക്ഷപ്പെടുത്താനുള്ള പദ്ധതികൾ ഇതോടെ പരാജയപ്പെട്ടു. അദ്ദേഹത്തിന് പോകാനായി രണ്ട് ജാപ്പനീസ് കപ്പല്‍ തീരത്ത് നങ്കൂരമിട്ട സമയമായിരുന്നു അത്. അതേസമയം റേഡിയോ പ്രക്ഷേപണം തകര്‍ന്നിട്ടും പോര്‍ച്ചുഗലിലേക്ക് വയര്‍ലൈസ് സംവിധാനത്തിലൂടെ ആശയവിനിമയം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ഗോവയിലെ പോര്‍ച്ചുഗീസ് സൈന്യം.
advertisement
അഫോന്‍സോ ഡി ആല്‍ബുക്കര്‍ക്കിന്റെ വയര്‍ലൈസ് ഫ്രിഗേറ്റ് വഴി ആശയവിനിമയം നടത്താനാകുമെന്നായിരുന്നു പോര്‍ച്ചുഗീസ് സൈന്യം ആദ്യം കരുതിയിരുന്നത്. എന്നാല്‍ ആക്രമണത്തില്‍ ഈ പ്രതീക്ഷയും നശിച്ചു. പരിഭ്രാന്തരായ ജനങ്ങള്‍ തങ്ങളുടെ സമ്പാദ്യങ്ങള്‍ എല്ലാമെടുത്ത് പലയിടങ്ങളിലേക്ക് പലായനം ചെയ്യാന്‍ തുടങ്ങി.
ഉള്‍ഗ്രാമങ്ങളിലേക്കും മറ്റുമായിട്ടായിരുന്നു പലരുടെയും കുടിയേറ്റം. പോകുന്ന വഴിയിലൊക്കെ ബോംബാക്രമണവും മറ്റും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ തദ്ദേശീയരുടെ ജീവന് ഭീഷണിയാകുന്ന ആക്രമണങ്ങള്‍ ആയിരുന്നില്ല അത്. ഗോവയെ അത്രയും കാലം തങ്ങളുടെ നിയന്ത്രണത്തിലാക്കിവെച്ച പോര്‍ച്ചുഗീസ് സൈന്യത്തിന് മാത്രമാണ് നഷ്ടമുണ്ടായത്.
advertisement
ഇതിന് മറുപടിയെന്നോണം ഗോവയിലെ തന്ത്രപ്രധാന ഭാഗങ്ങളായ ബനസ്തരിം പാലം, ക്യൂപെം, ബോരിം എന്നീ സ്ഥലങ്ങളില്‍ പോര്‍ച്ചുഗീസ് സേന ബോംബാക്രമണം നടത്തി. ഈ പ്രദേശങ്ങളോട് ചേര്‍ന്നുള്ള നിരവധി വീടുകളാണ് പോര്‍ച്ചുഗീസ് ആക്രമണത്തില്‍ തകര്‍ന്നത്. ബിക്കോലിമിലും ക്യുപെമിലും പോര്‍ച്ചുഗീസ് നടത്തിയ ആക്രമണത്തില്‍ ഉണ്ടായ നാശനഷ്ടങ്ങള്‍ക്ക് കണക്കില്ലായിരുന്നു.
അന്നത്തെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഡോ. സലാസറിന്റെ പ്രതികാരമനോഭാവമാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് പറയേണ്ടി വരും. ഇന്ത്യന്‍ സൈന്യം മൂന്ന് ദിശകളിലൂടെയാണ് പോര്‍ച്ചുഗല്‍ സേനയെ നേരിടാന്‍ തുടങ്ങിയത്. പോളം, ആന്‍മോന്‍ഡ്, ടെരെഖോള്‍ എന്നിവിടങ്ങളിലൂടെയായിരുന്നു സൈന്യത്തിന്റെ നീക്കം.
advertisement
പിന്നീട് ഇന്ത്യന്‍ സൈന്യം കാനക്കോണ, പദ്നേം, സാങ്‌ഗേമിന്റെ ഒരു ഭാഗം എന്നിവ പിടിച്ചെടുത്തു. രാത്രിയായപ്പോഴേക്കും മപുക്കയും പഴയ ഗോവയും പിടിച്ചെടുത്തു. ഇന്ത്യന്‍ സൈന്യം പ്രവേശിക്കാതിരിക്കാനായി പോര്‍ച്ചുഗീസ് സേന ഗോവയിലെ നിരവധി പാലങ്ങൾ തകര്‍ത്തിരുന്നു. ഇതിനിടയില്‍ ഖജനാവ് കൊള്ളയടിക്കാനുള്ള ശ്രമങ്ങളും അവര്‍ നടത്തി.
ഇതെല്ലാം മറികടന്നാണ് ഇന്ത്യന്‍ സൈന്യം മഡ്ഗാവിലേക്ക് എത്തിയത്. എന്നാല്‍, ഇന്ത്യന്‍ സൈന്യം മഡ്ഗാവില്‍ എത്തുന്നതിന് മുമ്പ് തന്നെ ആളുകള്‍ അവിടെ ഇന്ത്യന്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നു. പനാജിമില്‍ മാത്രമാണ് പോര്‍ച്ചുഗീസ് ഇന്ത്യന്‍ സൈന്യത്തെ ചെറിയ രീതിയില്‍ ചെറുത്തുനിന്നത്. അങ്ങനെയാണ് 451 വര്‍ഷത്തെ കൊളോണിയല്‍ അടിമത്തത്തിന് ശേഷം ഗോവയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 20, 2022 11:40 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഗോവ വിമോചിക്കപ്പെട്ടിട്ട് അറുപത്തിയൊന്നാം വർഷം; അറിയുമോ ഓപ്പറേഷന്‍ വിജയ്?