പുതിയ കാലത്തെ ഷോർട്ട്‌സും റീലുകളും പോലെയുള്ള ഹ്രസ്വ വിനോദ ലോകത്തിനപ്പുറം ആവേശത്തിന്റെയും അത്ഭുതത്തിന്റെയും മറ്റൊരു ലോകമുണ്ടായിരുന്നു. ഇന്ത്യൻ സർക്കസ്. അതിന്റെ തുടക്കക്കാരനായ ജെമിനി ശങ്കരൻ അന്തരിച്ചതോടെ സർക്കസിന്റെ സമാനതകളില്ലാത്ത ചരിത്രം വീണ്ടും ചർച്ചയാകുകയാണ്.
വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ശങ്കരൻ ഞായറാഴ്ച രാത്രിയാണ് ലോകത്തോട് വിട പറഞ്ഞത്. അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 99 വയസ്സായിരുന്നു.
ആരായിരുന്നു ജെമിനി ശങ്കരൻ?
ഇന്ത്യൻ സർക്കസ് വ്യവസായത്തിന്റെ തുടക്കക്കാരിൽ ഒരാളായ ശങ്കരൻ 1924ൽ വടക്കൻ കേരളത്തിലെ കൊളശ്ശേരി എന്ന ഗ്രാമത്തിലാണ് ജനിച്ചത്. പ്രശസ്ത സർക്കസ് കലാകാരനായ കീലേരി കുഞ്ഞിക്കണ്ണന്റെ കീഴിൽ മൂന്ന് വർഷത്തോളം ഇദ്ദേഹം ശാരീരികപരിശീലനം നേടിയിരുന്നു. പിന്നീട് അദ്ദേഹം സൈന്യത്തിൽ ചേരുകയും രണ്ടാം ലോക മഹായുദ്ധത്തിനുശേഷം വിരമിക്കുകയും ചെയ്തു. തുടർന്ന്, ശങ്കരൻ ചിറക്കരയിലെ എം കെ രാമന്റെ സർക്കസ് സ്കൂളിൽ ചേർന്നു. ട്രപ്പീസ് കളികൾ, തിരശ്ചീനമായ ബാറുകളിലൂടെ ജിംനാസ്റ്റിക് പോലെയുള്ള അഭ്യാസങ്ങൾ തുടങ്ങിയവ ചെയ്യുന്ന ആളായിരുന്നു ശങ്കരൻ.
Also Read- ഇന്ത്യന്‍ സര്‍ക്കസ് കുലപതി ജെമിനി ശങ്കരന്‍ അന്തരിച്ചു
രാജ്യത്തുടനീളമുള്ള വിവിധ സർക്കസ് ഗ്രൂപ്പുകൾക്കൊപ്പം പ്രവർത്തിച്ച ശേഷം 1951-ൽ വിജയ സർക്കസ് കമ്പനി 6,000 രൂപയ്ക്ക് വാങ്ങി അതിനെ ജെമിനി സർക്കസ് എന്ന് പുനർനാമകരണം ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് മൃഗങ്ങളെ കൊണ്ടു വന്ന് ഉൾപ്പെടുത്തിയും പരിശീലനം ലഭിച്ച കലാകാരന്മാരെ റിക്രൂട്ട് ചെയ്തും പ്രവർത്തനങ്ങൾ വിപുലീകരിച്ചാണ് കമ്പനി വളർന്നത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു, പ്രസിഡന്റുമാരായ എസ് രാധാകൃഷ്ണൻ, സക്കീർ ഹുസൈൻ തുടങ്ങി നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ സർക്കസ് കാണാനെത്തിയിട്ടുണ്ട്.
1964-ൽ അന്നത്തെ സോവിയറ്റ് യൂണിയനിൽ നടന്ന ഒരു ഇന്റർനാഷണൽ സർക്കസ് ഫെസ്റ്റിവലിലെ ആദ്യത്തെ ഇന്ത്യൻ സർക്കസ് പ്രതിനിധി സംഘത്തെ ശങ്കരനാണ് നയിച്ചത്. അന്നത്തെ പ്രധാനമന്ത്രി നെഹ്‌റുവാണ് മേളയിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ജെമിനിയെ തിരഞ്ഞെടുത്തത്. തന്റെ സർക്കസ് സംഘത്തിന് അവരുടെ പ്രകടനത്തിനായി മുൻ കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ന്യൂഡൽഹിയിലെ നെഹ്‌റുവിന്റെ ഔദ്യോഗിക വസതിയിൽ സ്വീകരണം ലഭിച്ചിരുന്നു എന്ന് ഒരിക്കൽശങ്കരൻപറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം തന്റെ രണ്ടാമത്തെ കമ്പനിയായ ജംബോ സർക്കസ് ആരംഭിച്ചു. വിവിധ പ്രധാനമന്ത്രിമാരുമായും പ്രസിഡന്റുമാരുമായും മറ്റ് പ്രമുഖ വ്യക്തികളുമായും ശങ്കരന് അടുപ്പമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തെ സർക്കസ് കലയ്ക്ക് തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തെ സർക്കസിന്റെ വളർച്ചയ്‌ക്ക് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്ത് ജെമിനി ശങ്കരന് കേന്ദ്രസർക്കാർ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് നൽകി ആദരിച്ചിരുന്നു. ശങ്കരന് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. മൃതദേഹം പൊതുദർശനത്തിനായി വസതിയിൽ സൂക്ഷിച്ച ശേഷം ചൊവ്വാഴ്ച പയ്യാമ്പലം ബീച്ചിൽ സംസ്കരിക്കും.
ജെമിനി സർക്കസിനെക്കുറിച്ച്
ശങ്കരനും മറ്റൊരു സർക്കസ് കലാകാരനായ സഹദേവനും ചേർന്ന് വിജയ സർക്കസ് 6,000 രൂപയ്ക്ക് വാങ്ങി അതിനെ “ജെമിനി” എന്ന് പുനർനാമകരണം ചെയ്തത് ജ്യോതിഷ പ്രകാരമായിരുന്നു.അത് അവരുടെ കരിയറിലെയും ഇന്ത്യൻ സർക്കസിന്റെ ചരിത്രത്തിലെയും വഴിത്തിരിവായി മാറുകയും ചെയ്തു.വിജയ സർക്കസ് ജെമിനിയായി പുനർജനിച്ചപ്പോൾ ആ കൂടാരത്തിൽ കുറച്ച് കലാകാരന്മാരും ഒരു ആനയും രണ്ട് സിംഹങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.1951 ഓഗസ്റ്റ് 15 ന് ഗുജറാത്തിലെ ബിലിമോറയിലാണ് ജെമിനിയുടെ ആദ്യം പ്രകടനം നടത്തിയത് എന്ന് ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അക്കാലത്ത് രാജകുടുംബങ്ങൾ ആന, സിംഹം തുടങ്ങിയ മൃഗങ്ങളുള്ളസ്വകാര്യ മൃഗശാലകൾ പരിപാലിച്ചിരുന്നതായി റിപ്പോർട്ടിൽ പറയുന്നു. സ്വാതന്ത്ര്യത്തിനു ശേഷമുള്ള വർഷങ്ങളിൽ അധികാരവും പ്രൗഢിയും നഷ്ടപ്പെട്ടതിനാൽ ഈ രാജകുടുംബങ്ങളുടെ വളർത്തുമൃഗങ്ങളിൽ പലതിനെയും ജെമിനി സർക്കസ് സ്വന്തമാക്കി.
1964-ൽ യു.എസ്.എസ്.ആറിൽ നടന്ന ഇന്റർനാഷണൽ സർക്കസ് ഫെസ്റ്റിവലിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ സംഘം ജെമിനി സർക്കസ് ആയിരുന്നു. യാൽറ്റ, സോച്ചി, മോസ്കോ എന്നിവിടങ്ങളിലും സർക്കസ് അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ രാജ് കപൂറിന്റെ മേരാ നാം ജോക്കർ ഉൾപ്പെടെ നിരവധി ഇന്ത്യൻ സിനിമകളുടെ പശ്ചാത്തലമായി ജെമിനി സർക്കസ് മാറിയിട്ടുണ്ട്. കൂടാരങ്ങൾ, കലാകാരന്മാരുടെ ഒരു സംഘം, പരിശീലനം ലഭിച്ച മൃഗങ്ങൾ എന്നിവയുമായി ജെമിനി ലോകം ചുറ്റി. പ്രേക്ഷകരെ ആകർഷിക്കുകയും ഇന്ത്യൻ സർക്കസിനെ ലോകത്തിന്റെ മുക്കിലും മൂലയിലും എത്തിക്കുകയും ചെയ്തു.
ഇന്ത്യൻ സർക്കസിന്റെ ചരിത്രം
ഇന്ത്യയിലെ സർക്കസ് സംസ്കാരം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ആരംഭിച്ചതെന്ന് എഴുത്തുകാരൻ ഡൊമിനിക് ജാൻഡോ എഴുതിയ സർക്കോപീഡിയ റിപ്പോർട്ട് വിശദീകരിക്കുന്നു. എന്നിരുന്നാലും 1770 ൽ ഫിലിപ്പ് ആസ്‌ലി വികസിപ്പിച്ചെടുത്ത കലാരൂപത്തിന്റെ വിവരണമനുസരിച്ച് ഇന്ത്യൻ സർക്കസ് 1880 വരെ അരങ്ങേറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു.
റൈഡിംഗ് ഇൻസ്ട്രക്ടറും വോക്കൽ കോച്ചുമായ വിഷ്ണുപന്ത് ചാത്രേയാണ് ഇന്ത്യൻ സർക്കസ് വികസിപ്പിച്ചത്. ബോംബെയിൽ നടന്ന ഗ്യൂസെപ്പെ ചിയാരിനിയുടെ റോയൽ ഇറ്റാലിയൻ സർക്കസിന്റെ പ്രകടനത്തിൽ ചാത്രേയും കുർദുവാദിയിലെ രാജാവും പങ്കെടുത്തിരുന്നു.
ഇന്ത്യയ്ക്ക് സ്വന്തമായി സർക്കസ് ഉണ്ടാകാൻ അടുത്തൊന്നും കഴിയില്ലെന്ന് ചാത്രേയോട് രാജാവും തമ്മിലുള്ള ഒരു സംഭാഷണത്തിനിടെ ചിയാരിനി പറഞ്ഞുവത്രേ. ഇത് ചാത്രേയെ പ്രകോപിപ്പിച്ചു. വിഷ്ണുപന്ത് ചാത്രേ സ്വന്തമായി സർക്കസ് ആരംഭിക്കാൻ തീരുമാനിച്ചു. 1880 മാർച്ച് 20-ന് ചാത്രേയുടെ ഗ്രേറ്റ് ഇന്ത്യൻ സർക്കസ് കുർദുവാദിയിലെ രാജാവ് ഉൾപ്പെടെ തിരഞ്ഞെടുത്ത പ്രേക്ഷകർക്ക് മുന്നിൽ അരങ്ങേറി.
ചിയാരിനിയെ അടിസ്ഥാനമാക്കിയുള്ള ചാത്രേയുടെ ഗ്രേറ്റ് ഇന്ത്യൻ സർക്കസ് ആദ്യം ഉത്തരേന്ത്യയിലെ വിശാലമായ പ്രദേശങ്ങളിലും പിന്നീട് തെക്ക് കിഴക്കൻ തീര നഗരമായ ഇപ്പോൾ ചെന്നൈ എന്നറിയപ്പെടുന്ന മദ്രാസിലേക്കും ഏറ്റവും ഒടുവിൽ സിലോൺ ദ്വീപിലേക്കും വ്യാപകമായി പര്യടനം നടത്തി.
ഇന്ത്യൻ സർക്കസിന്റെ പിതാവ്
ചാത്രേ ഇന്ത്യയിൽ തിരിച്ചെത്തി തന്റെ പര്യടനം തുടർന്നു. ഇതിനിടെ അദ്ദേഹം ആയോധന കലകളുടെ പരിശീലകനായ കീലേരി കുഞ്ഞിക്കണ്ണനെ കണ്ടുമുട്ടി. തന്റെ ഗ്രേറ്റ് ഇന്ത്യൻ സർക്കസിനായി അക്രോബാറ്റുകൾ പരിശീലിപ്പിക്കാൻ അദ്ദേഹം കുഞ്ഞിക്കണ്ണനോട് ആവശ്യപ്പെട്ടു. 1888-ൽ പുലമ്പിൽ ഗ്രാമത്തിലെ കളരിയിൽ കുഞ്ഞിക്കണ്ണൻ ഇത് ചെയ്യാൻ തുടങ്ങി. കൊല്ലത്തിനടുത്തുള്ള ചിറക്കര ഗ്രാമത്തിൽ 1901-ൽ കുഞ്ഞിക്കണ്ണനാണ് നിയമാനുസൃതമായ ഒരു സർക്കസ് സ്കൂൾ സ്ഥാപിച്ചത്. കുഞ്ഞിക്കണ്ണന്റെ ശിഷ്യരിൽ ഒരാളായ പരിയാലി കണ്ണൻ 1904-ൽ സ്വന്തം സർക്കസ്സ് കമ്പനി ആരംഭിച്ചു. ഗ്രാൻഡ് മലബാർ സർക്കസ് എന്നായിരുന്നു പേര്. പക്ഷെ അത് രണ്ട് വർഷമേ നിലനിന്നുള്ളൂ.
1922-ൽ കുഞ്ഞിക്കണ്ണന്റെ അനന്തരവൻ കെ.എൻ.കുഞ്ഞിക്കണ്ണൻ സ്ഥാപിച്ച വൈറ്റ്‌വേ സർക്കസ് പോലുള്ള കമ്പനികൾ, 1924-ൽ കുഞ്ഞിക്കണ്ണന്റെ മറ്റൊരു ശിഷ്യനായ കല്ലൻ ഗോപാലൻ സ്ഥാപിച്ച ഗ്രേറ്റ് ലയൺ സർക്കസ്, 1926-ൽ ഈസ്റ്റേൺ സർക്കസ്, കെ.എൻ. സർക്കസ്, ഓറിയന്റൽ സർക്കസ്, ജെമിനി സർക്കസ്, ഗ്രേറ്റ് ബോംബെ സർക്കസ് എന്നിവയെല്ലാം ചിറക്കരയിലെ സ്കൂളിൽ നിന്ന് പിറന്നവയാണ്.
നിലവിലെ സാഹചര്യം
ഇന്റർനാഷണൽ ജേണൽ ഓഫ് റിസർച്ചിന്റെ റിപ്പോർട്ട് പ്രകാരം ഇന്ത്യൻ സർക്കസ് നിലവിൽ അപ്രത്യക്ഷമാകുന്ന സാഹചര്യത്തിലാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് 300 സർക്കസുകളുണ്ടായിരുന്ന സ്ഥാനത്ത് നിലവിൽ വിരലിലെണ്ണാവുന്ന സർക്കസ് കമ്പനികൾ മാത്രമാണ് ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. പ്രധാന കാരണം സർക്കസ് സ്ഥാപനങ്ങൾ അനുവർത്തിക്കുന്ന രഹസ്യ നയം തന്നെയാണ് എന്നാണ് പറയപ്പെടുന്നത്. അതായത് ഓരോ സർക്കസും അവരുടേതായ ചില കളികൾ മറ്റാർക്കെങ്കിലും പരിശീലിപ്പിക്കാൻ തയാറാകുന്നില്ല. കാലക്രമേണ ആ ഐറ്റം തന്നെ അന്യം നിന്ന് പോകുന്ന അവസ്ഥയുണ്ടാകുന്നു. ഇത് യോഗ്യതയുള്ള വ്യക്തികൾക്ക് ഈ രംഗത്തേയ്ക്ക് കടന്ന് വരാൻ തടസമാകുന്നു.
പണ്ട് 10 വയസ്സ് പ്രായമുള്ളവരെ സർക്കസ് കലാകാരന്മാരായി പരിശീലിപ്പിച്ചിരുന്നു. 14 വയസ്സിൽ താഴെയുള്ളവരുടെ ബാലവേല നിരോധിക്കുന്ന സുപ്രീം കോടതിയുടെ 2011ലെ വിധി സർക്കസുകൾക്ക് കലാകാരന്മാരെ കിട്ടുന്നത് കുറച്ചു.1997-ൽ ഇന്ത്യൻ സർക്കാർ വന്യമൃഗങ്ങളെ വിനോദത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാക്കിയതോടെ സർക്കസിന്റെ ഏറ്റവും വലിയ ആകർഷണം ഇല്ലാതായി.
ഇതൊക്കെയാണെങ്കിലും ജെമിനി ശങ്കരന്റെ മരണം നമ്മെ ഒരു നിമിഷം ഇന്ത്യൻ സർക്കസിന്റെ സുവർണ്ണകാല ഓർമ്മകളിലേയ്ക്ക് തിരികെ കൊണ്ടുപോയി എന്നത് യാഥാർഥ്യമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Circus