Israel Hamas War: ഇസ്രായേല്‍ ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചോ? ഈ വിഷവസ്തു മാരകമോ?
- Published by:Rajesh V
- trending desk
Last Updated:
ഒക്ടോബര്‍ പത്തിന് ലെബനനിലും ഒക്ടോബര്‍ 11ന് ഗാസയിലും നടത്തിയ വ്യോമാക്രമണങ്ങളിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതെന്നാണ് സംഘടനകളുടെ ആരോപണം
ഗാസയില്‍ ഇസ്രായേല്‍ ആക്രമണം തുടരുകയാണ്. ആക്രമണത്തിനിടെ ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് എന്ന രാസവസ്തു ഇസ്രായേല്‍ പ്രയോഗിച്ചെന്ന് ആരോപിച്ച് അവകാശ സംഘടനകള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇതേ ആരോപണവുമായി മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും മുന്നോട്ട് വന്നിരുന്നു.
ഒക്ടോബര്‍ പത്തിന് ലെബനനിലും ഒക്ടോബര്‍ 11ന് ഗാസയിലും നടത്തിയ വ്യോമാക്രമണങ്ങളിൽ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചതെന്നാണ് സംഘടനകളുടെ ആരോപണം.
എന്താണ് വൈറ്റ് ഫോസ്ഫറസ് എന്ന വിഷവസ്തു? മനുഷ്യരാശിയെ ഈ വിഷവസ്തു എങ്ങനെയാണ് ബാധിക്കുന്നത് ? കൂടുതൽ അറിയാം.
എന്താണ് വൈറ്റ് ഫോസ്ഫറസ്?
അപകടകരമായ രാസവസ്തുവാണ് വൈറ്റ് ഫോസ്ഫറസ്. 800 ഡിഗ്രി സെല്‍ഷ്യസ് വരെ കത്തി ജ്വലിക്കാന്‍ ഇവയ്ക്ക് കഴിവുണ്ട്. ലോഹം വരെ ഉരുകുന്ന താപനിലയാണിത്. പൊതുവെ മഞ്ഞനിറത്തിലോ, നിറമില്ലാതെയോ ആണ് ഇവ കാണപ്പെടുന്നത്. മെഴുകിന്റെ രൂപത്തിലുള്ള ഈ രാസവസ്തുവിന് വെളുത്തുള്ളിയുടെ ഗന്ധമാണെന്നാണ് ചിലര്‍ പറയുന്നത്. പൊതുവെ യുദ്ധങ്ങളില്‍ വൈറ്റ് ഫോസ്ഫറസ് ഒരു ആയുധമായി ഉപയോഗിക്കാറുണ്ട്. ബോംബ്, ഗ്രനേഡ്, റോക്കറ്റ് എന്നിവയുടെ രൂപത്തിലാണ് ഇവ ഉപയോഗിക്കാറ്. വൈറ്റ് ഫോസ്ഫറസ്, റബ്ബര്‍ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് യുദ്ധങ്ങള്‍ക്ക് ആവശ്യമായ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നത്. ഈ രാസവസ്തുക്കള്‍ ഓക്‌സിജനുമായി സമ്പര്‍ക്കത്തില്‍ വരുന്നതിന്റെ ഭാഗമായി തീവ്രവായി കത്തിജ്വലിക്കുന്നു. അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ തങ്ങളുടെ യുദ്ധങ്ങളില്‍ വൈറ്റ് ഫോസ്ഫറസ് ധാരാളമായി ഉപയോഗിച്ച് വരുന്നു.
advertisement
പകല്‍ സമയത്ത് അന്തരീക്ഷം മുഴുവന്‍ പുക പടര്‍ത്താനും വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നു. ഇവ കത്തിക്കുന്നതിലൂടെ വലിയ അളവില്‍ പുക രൂപപ്പെടാറുണ്ട്. ഏകദേശം 7 മിനിറ്റ് വരെ ഈ പുക നിലനില്‍ക്കും.
വൈറ്റ് ഫോസ്ഫറസ് ആയുധങ്ങള്‍ അപകടകാരിയാണോ?
വൈറ്റ് ഫോസ്ഫറസ് മനുഷ്യന്റെ ചര്‍മ്മത്തില്‍ പൊള്ളലുകള്‍ ഏല്‍പ്പിക്കുകയും ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യും. ഓക്‌സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോഴാണ് ഇവ കത്തിജ്വലിക്കുന്നത് എന്ന് പറഞ്ഞല്ലോ? അതുപോലെ തന്നെ ഓക്‌സിജന്‍ പൂര്‍ണ്ണമായി ഇല്ലാതാകുമ്പോള്‍ മാത്രമേ ഇവയുടെ ജ്വലനവും അവസാനിക്കുകയുള്ളു. ഈ രാസവസ്തുക്കള്‍ ഹൃദയം, കരള്‍, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും രോഗിയുടെ ജീവന്‍ അപകടത്തിലാകുകയും ചെയ്യും.
advertisement
ചര്‍മ്മത്തിലും വസ്ത്രത്തിലും പറ്റിപ്പിടിക്കുന്ന വൈറ്റ് ഫോസ്ഫറസിനെ കഴുകിക്കളയാനും കഴിയില്ലെന്ന് വിദഗ്ധര്‍ സൂചിപ്പിക്കുന്നു. വൈറ്റ് ഫോസ്ഫറസ് പുക ശ്വസിക്കുന്നത് നിരവധി ശാരീരകാസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നു. കണ്ണുകളുടെ ആരോഗ്യത്തെ ഇത് സാരമായി ബാധിക്കും. പ്രകാശം കണ്ണിലേക്ക് എത്തുമ്പോള്‍ അസ്വസ്ഥതയുണ്ടാകാനും കാരണമാകും.
വൈറ്റ് ഫോസ്ഫറസ് നിരോധിച്ചിട്ടുണ്ടോ?
അന്താരാഷ്ട്ര സമ്മേളനങ്ങള്‍ യുദ്ധങ്ങളില്‍ വൈറ്റ് ഫോസ്ഫറസ് നിരോധിച്ച് ഇതുവരെ ഉത്തരവ് പുറത്തിറക്കിയിട്ടില്ല. വസ്തുക്കള്‍ക്ക് തീയിടുന്നതിനോ മറ്റോ രൂപകല്‍പ്പന ചെയ്തിട്ടുള്ള ആയുധങ്ങള്‍ എന്ന നിലയിലാണ് വൈറ്റ് ഫോസ്ഫറസിനെ കണക്കാക്കിയിരിക്കുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നയിടങ്ങളില്‍ ഇവ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1983ല്‍ പുറത്തുവന്ന ജനീവ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പ്രോട്ടോക്കോള്‍ IIIലാണ് ഇത്തരം പരമ്പരാഗത ആയുധങ്ങളുടെ ഉപയോഗത്തെപ്പറ്റി പറയുന്നത്. ഇസ്രായേലും അമേരിക്കയും ഈ പ്രോട്ടോക്കോളില്‍ ഒപ്പ് വെച്ചിട്ടില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായി വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കാമെന്ന് അവര്‍ അവകാശപ്പെടുന്നു.
advertisement
ഗാസയില്‍ ഇസ്രയേല്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചോ?
ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കുന്നുവെന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് ഇസ്രായേല്‍ സൈന്യം പറയുന്നത്. ലെബനന്‍ അതിര്‍ത്തിയില്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചുവെന്ന ആരോപണങ്ങളിലും അവര്‍ വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. ഇതാദ്യമായല്ല ഇത്തരം ആരോപണങ്ങള്‍ ഇസ്രായേലിനെതിരെ ഉയരുന്നത്.
ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറയുന്നതനുസരിച്ച് 2008 ഡിസംബര്‍ മുതല്‍ 2009 ജനുവരി 18വരെ നടന്ന ഇസ്രായേല്‍ ഗാസ സംഘര്‍ഷത്തില്‍ ഇസ്രായേല്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചിരുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ത്തിരുന്ന പ്രദേശങ്ങളിലേക്ക് വൈറ്റ് ഫോസ്ഫറസ് അവര്‍ പ്രയോഗിച്ചെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും സംഘടന കുറ്റപ്പെടുത്തി. നിരവധി കെട്ടിടങ്ങളും സ്‌കൂളുകളാണ് ഈ ആക്രമണത്തില്‍ നശിച്ചതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് പറഞ്ഞു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 14, 2023 1:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Israel Hamas War: ഇസ്രായേല്‍ ഗാസയില്‍ വൈറ്റ് ഫോസ്ഫറസ് പ്രയോഗിച്ചോ? ഈ വിഷവസ്തു മാരകമോ?