ചാൾസ് രാജാവിന്റെ കിരീടധാരണ ചടങ്ങിൽ പൊതുജനത്തിന് താൽപര്യമില്ലേ?
- Published by:Vishnupriya S
- news18-malayalam
Last Updated:
70 വർഷങ്ങൾക്കു മുൻപ് 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണം കാണാൻ വൻ ജനസാഗരമാണ് ഒത്തു കൂടിയത്
70 വർഷങ്ങൾക്കു മുൻപ് 1953 ൽ എലിസബത്ത് രാജ്ഞിയുടെ കിരീട ധാരണം കാണാൻ വൻ ജനസാഗരമാണ് ഒത്തു കൂടിയത്. എന്നാൽ ഇത്തവണ കാര്യങ്ങൾ നേർവിപരീതം ആയിരിക്കും എന്നാണ് റിപ്പോർട്ടുകൾ. ചാൾസ് രാജാവിന്റെ സ്ഥാനരോഹണം കാണാൻ ഇംഗ്ലണ്ടിലെ വലിയൊരു വിഭാഗം ജനങ്ങൾക്കും താത്പര്യം ഇല്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ കിരീടധാരണ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രാജ്യത്തെ മൂന്നിൽ രണ്ടു ജനങ്ങൾക്കും താത്പര്യം ഇല്ലെന്ന് അടുത്തിടെ നടത്തിയ ഒരു സർവ്വേ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം എലിസബത്ത് രാജകുമാരി അധികാരത്തിലെത്തിയതിന്റെ 70- വർഷം ആഘോഷിച്ച വേളയിൽ പോലും നിരവധി പൊതു ജനങ്ങൾ ചടങ്ങിൽ പങ്കെടുക്കാനെത്തിയിരുന്നു. ചാൾസ് രാജകുമാരന് തന്റെ മുൻഗാമികളുടെ അത്രയും ജനപ്രീതി ഇല്ലാത്തതും ഇംഗ്ലണ്ടിലെ നിലവിലുള്ള സാമ്പത്തിക സാഹചര്യവുമെല്ലാം ചടങ്ങിലെ പൊതുജന പങ്കാളിത്തം കുറയാൻ കാരണമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചാൾസ് രാജാവിന് ഇപ്പോൾ 74 വയസായി. ഭാര്യ കമീലക്ക് 75 വയസും. അദ്ദേഹത്തിന്റെ 40 കാരനായ മകൻ പ്രിൻസ് വില്യമിനും ഭാര്യ കേറ്റിനും (41) ലഭിക്കുന്ന താരപരിവേഷമൊന്നും ഇരുവർക്കുമില്ല. മുൻ ഭാര്യ ഡയാന രാജകുമാരിക്കും ചാൾസിനേക്കാൾ ജനപ്രീതി ഉണ്ടായിരുന്നു. രാജ്യത്തെ പണപ്പെരുപ്പം 10 ശതമാനത്തിൽ കൂടിയ സാഹചര്യത്തിൽ ബ്രിട്ടനിലെ ജനങ്ങൾക്ക് ഈ കിരീടധാരണത്തേക്കാൾ വലുതും പ്രധാനപ്പെട്ടതുമായ കാര്യങ്ങൾ ചിന്തിക്കാനുമുണ്ട്.
advertisement
ജനങ്ങളുടെ പ്രതികരണം
വലിയ തുക ചെലവിട്ടാണ് ചടങ്ങ് നടത്തുന്നതെന്നും ഇതെല്ലാം ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നാണെന്നും രാജ്യത്തെ ജനങ്ങളിൽ ചിലർ രോഷം കൊള്ളുന്നു. “ഞാൻ ആ ചടങ്ങ് കാണാൻ പോകുന്നില്ല. രാജവാഴ്ചയെക്കുറിച്ചു പോലും ചിന്തിക്കാതെ അന്ന് ഞാനീ രാജ്യത്തെ തെരുവുകളിലൂടെ നടക്കും”, വിരമിച്ച അധ്യാപിക കരോൾ മക്നീൽ വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു.
കിരീട ധാരണ ചടങ്ങിനെയും രാജവാഴ്ചയെയും അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും രാജ്യത്തുണ്ടെങ്കിലും ഇതിലൊന്നും പെടാതെ ഇക്കാര്യത്തിൽ പ്രത്യേകിച്ച് അഭിപ്രായങ്ങളൊന്നും ഇല്ലാത്തവരുമുണ്ട്. 25 കാരിയായ ലൂയിസ കീറ്റ് അത്തരത്തിലൊരാളാണ്. “ഞാൻ ഇതുവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ഒരുപക്ഷേ അക്കാദമിക് ആവശ്യങ്ങൾക്കായി ചടങ്ങ് ഞാൻ ടിവിയിൽ കാണുമായിരിക്കാം. രാജവാഴ്ചയെ അനുകൂലിക്കുന്നയാളല്ല ഞാൻ”, ലൂയിസ എഎഫ്പിയോട് പറഞ്ഞു.
advertisement
ചാൾസ് രാജാവിന്റെ ജനപ്രീതി കുറയാൻ കാരണം
1997 ൽ മുൻഭാര്യ ഡയാന രാജകുമാരിയുടെ മരണത്തോടെ ചാൾസ് പല വിമർശനങ്ങളും നേരിട്ടു. ഇവരുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങളാണ് വിവാഹമോചനത്തിലേക്ക് നയിച്ചത്. എങ്കിലും തനിക്കു നഷ്ടപ്പെട്ട ജനപിന്തുണ ചാൾസ് സാവധാനം തിരിച്ചു പിടിച്ചു., 2005-ൽ കാമിലയെ വിവാഹം ചെയ്യുകയും ചെയ്തു.
advertisement
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്രവർത്തകരുമായി സ്വകാര്യ ചർച്ചകൾ നടത്തുകയും അവരെ സമ്മർദത്തിലാക്കുകയും ചെയ്യുന്നു എന്ന ആരോപണങ്ങളും അദ്ദേഹത്തിനെതിരെ പലപ്പോഴും ഉയർന്നിട്ടുണ്ട്. എന്നാൽ, താൻ ഒരിക്കലും കക്ഷി രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും വെയിൽസ് രാജകുമാരനും രാജാവും തമ്മിലുള്ള വ്യത്യാസം നന്നായി മനസിലാക്കിയിട്ടുണ്ടെന്നും 2018ൽ നൽകിയ ഒരു അഭിമുഖത്തിൽ ചാൾസ് രാജാവ് പറഞ്ഞിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
May 02, 2023 7:10 PM IST