KEAM 2025| 'കീമീ'ൽ സർക്കാരിന് പിഴച്ചോ? സംഭവിച്ചതെന്ത്?
- Published by:Rajesh V
- news18-malayalam
Last Updated:
റാങ്ക് പട്ടിക തയാറാക്കുന്നതിനുള്ള മാർക്ക് സമീകരണത്തിൽ മാറ്റംവരുത്തിയത്, കേരള സിലബസുകാര്‍ പിന്നോട്ടുപോകുന്നുവെന്ന പരാതി ഒഴിവാക്കാൻ. പക്ഷേ, പരീക്ഷാ പ്രോസ്പെക്ടസ് പരിഷ്കരണ നടപടിയിലെ വീഴ്ചയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയത്
കോടതി നിർദ്ദേശം അംഗീകരിച്ച് സർക്കാർ പുനഃക്രമീകരിച്ച പുതിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ഒന്നാം റാങ്കിലടക്കം വലിയ മാറ്റമാണ് പുതുക്കിയ റാങ്ക് ലിസ്റ്റിലുള്ളത്. പരീക്ഷാ പ്രോസ്പെക്ടസ് പരിഷ്കരണ നടപടിയിലെ വീഴ്ചയാണ് ആയിരക്കണക്കിന് വിദ്യാർത്ഥികളെ പ്രതിസന്ധിയിലാക്കിയത്.
പ്രവേശന പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച ശേഷം പ്രോസ്പെക്ടസ് ഭേദഗതി ചെയ്ത നടപടി റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളിയതോടെയാണ് റാങ്ക് പട്ടികയും അനുബന്ധമായി പ്രസിദ്ധീകരിച്ച സംവരണ വിഭാഗങ്ങളുടെ കാറ്റഗറി പട്ടികയും റദ്ദാക്കേണ്ടിവന്നത്. പിന്നാലെ പഴയ രീതിയിൽ റാങ്ക് പട്ടിക പുനഃക്രമീകരിച്ച് പ്രസിദ്ധപ്പെടുത്തുകയായിരുന്നു.
ഇത്തവണ എന്താണ് സംഭവിച്ചത്?
- റാങ്ക് പട്ടിക തയാറാക്കുന്നതിനുള്ള മാർക്ക് സമീകരണത്തിൽ മാറ്റംവരുത്തിയത്, കേരള സിലബസുകാര്‍ പിന്നോട്ടുപോകുന്നുവെന്ന പരാതി ഒഴിവാക്കാൻ.
- എഞ്ചിനീറിങ് റാങ്ക് പട്ടിക തയാറാക്കാൻ പ്ലസ് ടു പരീക്ഷയിലെ മാത്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ മാർക്ക് പരിഗണിക്കുന്നത് 1:1:1 എന്ന അനുപാതത്തിലായിരുന്നു. ഇതുപ്രകാരം മൂന്ന് വിഷയങ്ങളുടെയും മാർക്ക് നൂറിൽ പരിഗണിച്ച് മൊത്തം മാർക്ക് 300ലായിരുന്നു.
- മൂന്ന് വിഷയങ്ങളുടെയും മാർക്ക് അനുപാതം 5:3:2 എന്ന രീതിയിലേക്ക് മാറ്റുന്നതായിരുന്നു പുതിയ പരിഷ്കാരം.
- കേരള സിലബസുകാർ ആധിപത്യം ഉറപ്പിച്ചതായിരുന്നു ഈ വർഷത്തെ കീം റാങ്ക് പട്ടിക. കേരള സിലബസുകാരായ 47,175 പേർ ഇത്തവണ പട്ടികയിൽ വന്നു.
- ആദ്യ പത്തു റാങ്കിൽ കഴിഞ്ഞവർഷം കേരള സിലബസുകാർ ആരുമുണ്ടായില്ല. ഇത്തവണ അഞ്ചുപേർ ഇടം പിടിച്ചു. ആദ്യ നൂറിൽ കഴിഞ്ഞ വർഷം ചുരുക്കം പേരായിരുന്നെങ്കിൽ ഇത്തവണ ആദ്യം പ്രസിദ്ധീകരിച്ച പട്ടികയിൽ 43 പേരും ഇന്നലെ പുനഃക്രമീകരിച്ച പട്ടികയിൽ 21പേരും ഇടംനേടി.
- ആദ്യ 5000 റാങ്കുകാരിൽ, റദ്ദാക്കിയ പട്ടികയിൽ 2539 കേരള സിലബസുകാർ. പുതുക്കിയ പട്ടികയിൽ 1796 പേർ.
- പുതുക്കിയ പട്ടികയിൽ സിബിഎസ്ഇക്കാരായ 18,284 പേര്‍ ഇടംനേടി. ആദ്യ നൂറിൽ 79 പേർ സിബിഎസിഇക്കാരാണ്. റദ്ദാക്കിയ പട്ടികയിൽ ഇത് 57.
- ആദ്യ 5000 റാങ്കുകാരിൽ, സിബിഎസ്ഇ വിഭാഗത്തിൽ നിന്ന് 2960 പേർ ഇടംനേടി. റദ്ദാക്കിയ പട്ടികയിൽ ഇത് 2220 ആയിരുന്നു.
- കഴിഞ്ഞവർഷം പരാതി വ്യാപകമായപ്പോൾത്തന്നെ മാർക്ക് സമീകരണം പുനഃപരിശോധിക്കാനുള്ള പഠനം വേണമെന്ന് പ്രവേശനപരീക്ഷാ കമ്മീഷണർ സർക്കാരിനു കത്തയച്ചിരുന്നു. പക്ഷേ, സർക്കാർ തുടർനടപടി വൈകി.
- ഈ വർഷം ഫെബ്രുവരിയിൽ പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ച ശേഷമാണ് സമീകരണം പുനഃപരിശോധിക്കാൻ നടപടിയാരംഭിച്ചത്.
- മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നെങ്കിലും വിദഗ്ധസമിതി രൂപവത്കരിച്ച് ഉത്തരവിറങ്ങിയത് ഏപ്രിൽ രണ്ടാംവാരമായിരുന്നു.
- സമിതിയുടെ റിപ്പോർട്ട് വന്നപ്പോഴേക്കും കീം പ്രവേശന പരീക്ഷ പൂർത്തിയാക്കി സ്കോർ പ്രസിദ്ധീകരിച്ചിരുന്നു.
- ജൂൺ 30ന് മന്ത്രിസഭായോഗത്തിൽ തമിഴ്‌നാട് മാതൃക പിന്തുടർന്ന് പുതിയ മാർക്ക് സമീകരണരീതി അംഗീകരിക്കുകയും ജൂലായ് ഒന്നിന് കീം ഫലം പ്രഖ്യാപിക്കുകയുമായിരുന്നു.
- പ്രവേശനപരീക്ഷ പൂർത്തിയാക്കി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ ഒന്നര മാസമെടുത്തു.
- സംവരണവിഭാഗങ്ങളുടെ കാറ്റഗറി പട്ടികയും പ്രസിദ്ധീകരിച്ച് പ്രവേശന നടപടികളിലേക്ക് കടക്കാനിരിക്കുമ്പോഴാണ് റാങ്ക് പട്ടിക തന്നെ കോടതി റദ്ദാക്കിയത്.
advertisement
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 11, 2025 10:45 AM IST