36 വർഷമായെടാ റെയിൽവേയില്; ഇത്ര കാലം കഴിഞ്ഞും ഇങ്ങനെ നിക്കുന്നോണ്ടേല് നിങ്ങള് ഇനിയും അറിയാനുണ്ട് ശബരി റെയിലിനെ
- Published by:Rajesh V
- news18-malayalam
Last Updated:
1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് അങ്കമാലി-എരുമേലി പാതയ്ക്ക് അന്തിമ അംഗീകാരം ലഭിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ശബരിമല തീർത്ഥാടനത്തിന് ഉപരിയായി സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാബന്ധവും ചരക്ക് ഗതാഗതവും മെച്ചപ്പെടും
'ജോർജ് സാർ' ബെൻസിനോട് പറഞ്ഞ പോലെ 36 കൊല്ലം കഴിഞ്ഞു ശബരിപാത എന്ന നിർദേശത്തിന്. 1989 ഡിസംബറിലാണ് ശബരിമലയ്ക്ക് ഒരു റെയില്‍വേ പാത എന്ന നിര്‍ദേശം അന്നത്തെ മൂവാറ്റുപുഴ എംപി പി.സി. തോമസ് പാര്‍ലമെന്റില്‍ വച്ചത്. ഏതാണ്ട് 90 ശതമാനം മൂവാറ്റുപുഴ ലോക് സഭാ മണ്ഡലത്തിലൂടെ ആയിരുന്നു പദ്ധതി. എരുമേലിയില്‍നിന്ന് പുനലൂര്‍ വഴി കന്യാകുമാരി വരെ പാത നീട്ടുന്ന തരത്തിലാണ് നിര്‍ദേശം വച്ചിരുന്നത്. എല്ലായിടത്തു നിന്നും ഭക്തര്‍ക്ക് ശബരിമലയിലേക്ക് ട്രെയിനില്‍ എത്താന്‍ കഴിയുന്ന പാതയായിരുന്നു ലക്ഷ്യം. പത്തു വര്‍ഷം കൊണ്ടു പടിപടിയായി അംഗീകാരങ്ങള്‍ നേടിയെടുത്തു. 1997-98ലെ ബജറ്റിലാണ് അങ്കമാലി-എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം ആദ്യമായി അനുമതി നൽകിയത്. 1998ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് പാതയ്ക്ക് അവസാന അംഗീകാരം ലഭിക്കുന്നത്. ഇതിനിടെ മൂവാറ്റുപുഴ മണ്ഡലവും ഇല്ലാതെയായി.
തീർത്ഥാടനം മാത്രമല്ല ശബരി പാത
പേര് ശബരി പാത എന്നാണ് എങ്കിലും ശബരിമല തീർത്ഥാടനം മാത്രമല്ല പാതയുടെ ലക്ഷ്യം. മലയാറ്റൂർ, ഭരണങ്ങാനം, അരുവിത്തുറ, കാഞ്ഞിരപ്പള്ളി തുടങ്ങി പ്രമുഖ ക്രിസ്ത്യൻ ദേവാലയങ്ങളും നാലമ്പല ദർശനത്തിലൂടെ പ്രശസ്തമായ രാമപുരം ക്ഷേത്രങ്ങളും പാതയുടെ അടുത്താണ്.
വിനോദസഞ്ചാര മേഖലയിൽ വാഗമൺ, മൂന്നാർ, തേക്കടി, ദേവികുളം, പീരുമേട്, കുട്ടിക്കാനം, പരുന്തൻപാറ തുടങ്ങിയ കേരളത്തിലെ സുപ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാബന്ധവും മെച്ചപ്പെടും.
വ്യവസായം
റെയിൽവേയ്ക്ക് ഗുഡ്സ് സർവീസ് വഴി നേട്ടമുണ്ടാക്കാൻ സാധിക്കുന്ന മേഖലകളിൽ ഒന്ന്. പെരുമ്പാവൂര്‍- കാലടി മേഖലയിലെ പ്ലൈവുഡ് നിര്‍മാണ, അരി സംസ്‌കരണ വ്യവസായങ്ങള്‍ക്കും പൈനാപ്പിള്‍ വ്യാപാരികള്‍ക്കും റെയില്‍വേ സൗകര്യം നല്‍കുന്നതാണ് പദ്ധതി. കേരളത്തില്‍ ഉപയോഗിക്കുന്ന അരിയുടെ 80% സംസ്‌കരിക്കുന്ന കാലടിയിലെ അരിമില്ലുകള്‍, തൊടുപുഴയിലെ കിന്‍ഫ്ര സ്പൈസസ് പാര്‍ക്ക് എന്നിവയ്ക്കു റെയില്‍വേ സൗകര്യം ലഭ്യമാകും. പൈനാപ്പിള്‍, ഏലം, കുരുമുളക്, റബര്‍ തുടങ്ങിയ കാര്‍ഷിക ഉല്‍പന്നങ്ങളുടെ കയറ്റുമതിക്ക് റെയില്‍വേ ഉപയോഗപ്പെടുത്താം.
advertisement
പെരുമ്പാവൂരിലെ 540 പ്ലൈവുഡ് വ്യവസായ യൂണിറ്റുകളിൽ നിന്ന് ശരാശരി 500 ട്രക്ക് പ്ലൈവുഡും ഇന്ത്യയുടെ പൈനാപ്പിള്‍ സിറ്റിയായ വാഴക്കുളത്തു നിന്ന് 250 ട്രക്ക് പൈനാപ്പിളും പ്രതിദിനം ദേശിയ-രാജ്യാന്തര മാര്‍ക്കറ്റുകളിലേക്കു കയറ്റി അയയ്ക്കുന്നു എന്നാണ് കണക്ക്.
കോതമംഗലം- നെല്ലിക്കുഴി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ നിര്‍മാണ ക്ലസ്റ്റര്‍ ആണ്, മൂവാറ്റുപുഴ-നെല്ലാടിലെ കിന്‍ഫ്ര ഫുഡ് പാര്‍ക്ക് എന്നിവയ്ക്ക് പ്രയോജനം. പ്രതാപം മങ്ങിയെങ്കിലും കാഞ്ഞിരപ്പള്ളി തന്നെ റബർ കേന്ദ്രം.
advertisement
വിദ്യാഭ്യാസം
പാലാ, കാഞ്ഞിരപ്പള്ളി, പീരുമേട് മേഖലയിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഇപ്പോൾ വരുന്നത്. അവർക്കും ഗുണപ്രദമാകും ഈ പാത.
കാലം പോയി കാശും കൂടി
111 കിലോമീറ്റർ ഉള്ള പാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നത് 20 വർഷം കഴിഞ്ഞ് 2815 കോടി രൂപയായി. സ്ഥലമേറ്റെടുക്കുന്നതിലും പദ്ധതിയുടെ ചെലവു പങ്കിടുന്ന കാര്യത്തിലും തീരുമാനം വൈകിയതോടെ 2019ല്‍ റെയില്‍വേ പദ്ധതി മരവിപ്പിച്ചു. കഴിഞ്ഞവർഷം പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 3810 കോടി രൂപയാണ് പദ്ധതി ചെലവ്.
advertisement
2021ല്‍ കിഫ്ബി വഴി പദ്ധതി നടപ്പാക്കാന്‍ കേരളം കത്തു നല്‍കിയെങ്കിലും എസ്റ്റിമേറ്റ് പുതുക്കാനാണ് റെയില്‍വേ ആവശ്യപ്പെട്ടത്. 3810 കോടി രൂപയുടെ എസ്റ്റിമേറ്റാണ് ഇപ്പോള്‍ റെയില്‍വേയുടെ പരിഗണനയിലുള്ളത്. ഇതിനിടെ പദ്ധതി ഇരട്ടപ്പാതയാക്കണമെന്നും പമ്പ വരെ നീട്ടണമെന്നും റെയില്‍വേ ആവശ്യപ്പെട്ടു. ഇരട്ടപ്പാതയാകുമ്പോള്‍ ചെലവ് 9,600 കോടിയായി ഉയരും. ഇതിന്റെ പകുതി വിഹിതമായി 4500 കോടിയിലധികം കണ്ടെത്തുക കേരളത്തിന് ഒരുതരത്തിലും എളുപ്പമല്ല എന്നതും പദ്ധതിക്കു തിരിച്ചടിയായിരുന്നു.
മല കേറി റെയിൽ വരുമ്പോൾ
കേരളത്തിലെ റെയില്‍വേ ഭൂപടത്തില്‍ ഇനിയും ഇടംപിടിക്കാത്ത രണ്ടു ജില്ലകളാണ് വയനാടും ഇടുക്കിയും. ഇനി അങ്കമാലിയിൽ നിന്ന് എരുമേലിയിലേക്ക് വണ്ടി തിരിയുമ്പോൾ ഇടുക്കിക്ക് ആ പേര് ദോഷം പോയിക്കിട്ടും. തൊടുപുഴ കരിങ്കുന്നം വഴിയാണ് പാത കടന്നുപോവുക.
advertisement
ശബരി റെയില്‍പാതയിലെ 14 സ്റ്റേഷനുകൾ
1. അങ്കമാലി: അങ്കമാലി സ്റ്റേഷൻ ജംഗ്ഷൻ സ്റ്റേഷനായി മാറും. സ്റ്റേഷനിൽനിന്ന് എറണാകുളം ഭാഗത്തേക്കുള്ള പാതയിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് ശബരി പാത ആരംഭിക്കും.
2. കാലടി (6.95 കി.മീ.): കാലടി- എയർപോർട്ട് റോഡിൽ. സ്റ്റേഷന്റെ നിർമാണം പൂർത്തിയായിട്ട് വർഷങ്ങളായി. കൊച്ചി വിമാനത്താവളത്തിൽ നിന്ന് 5 കിലോമീറ്റർ അകലെ. മലയാറ്റൂർ (9കി.മീ ) ഇവിടെ വരെ പാത നിർമാണം പൂർത്തിയായി.
3. പെരുമ്പാവൂർ (16 കി.മീ) : ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് തൊഴിലാളികൾ എത്തുന്ന ഇടം∙ .
advertisement
4. ഓടക്കാലി (26 കി.മീ.) : കേരള കാർഷിക സർവ്വകലാശാലയുടെ സെൻട്രൽ സോണിന് കീഴിലുള്ള ഗവേഷണ കേന്ദ്രമായ അരോമാറ്റിക് ആൻഡ് മെഡിസിനൽ പ്ലാന്റ് റിസർച്ച് സ്റ്റേഷൻ (ആരോമാറ്റിക് ഔഷധ സസ്യ ഗവേഷണ കേന്ദ്രം),ഇവിടെയാണ്.
5. കോതമംഗലം (31 കി.മീ) : മൂന്നാറിലേക്ക് തുറക്കുന്ന സ്റ്റേഷൻ. മൂന്നാർ (80 കി.മീ), അടിമാലി (50 കി.മീ), ചീയപ്പാറ വെള്ളച്ചാട്ടം (30 കി.മീ).
6. മൂവാറ്റുപുഴ (40 കി.മീ.) : നിർദിഷ്ട കൊച്ചി– തേനി ഗ്രീൻഫീൽഡ് ദേശീയപാതയ്ക്കടുത്ത്.
advertisement
7. വാഴക്കുളം (48 കി.മീ.) : തൊടുപുഴ റോഡിനടുത്ത്.
8. തൊടുപുഴ (55 കി.മീ.) : ഇടുക്കി ജില്ലയിലെ ആദ്യ റെയിൽവേ സ്റ്റേഷൻ. കോലാനി ബൈപാസും രാമമംഗലം– തൊടുപുഴ റോഡും ചേരുന്നതിനടുത്ത്.
9. കരിങ്കുന്നം (62 കി.മീ.): മൂലമറ്റം പവർ ഹൗസ്, മൂലമറ്റം എഫ് സി ഐ ഗോഡൗൺ എന്നിവയ്ക്ക് അടുത്ത്. തുടങ്ങനാട് കിൻഫ്ര സ്പൈസസ് പാർക്കിന് റെയിൽ കണക്ടിവിറ്റി.
10. രാമപുരം (69 കി.മീ.) : പിഴകിലാണ് സ്റ്റേഷൻ. നാലമ്പലങ്ങളിൽ ആദ്യത്തേ രാമപുരം ക്ഷേത്രത്തിലേക്ക് 6 കിലോമീറ്റർ
11. ഭരണങ്ങാനം ഫോർ പാലാ (80 കി.മീ.) : പാലാ ടൗണിൽ നിന്ന് 6 കിലോമീറ്റർ അകലെ ഭരണങ്ങാനം ദീപ്തി ജംഗ്ഷനിൽ. വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടനത്തിന് ഭരണങ്ങാനം പള്ളി (2 കി.മീ ) മുത്തോലി (12 കി.മീ ) വാഗമൺ (30 കി.മീ)
12. ചെമ്മലമറ്റം (90 കി.മീ.) : ഈരാറ്റുപേട്ടയിൽ നിന്ന് 5 കിലോമീറ്റർ അകലെ. അരുവിത്തുറ (4 കിമീ) വാഗമൺ (31 കി.മീ).
13. കാഞ്ഞിരപ്പള്ളി റോഡ് (100 കി.മീ.) : പാറത്തോടിനടുത്ത്.
കാഞ്ഞിരപ്പള്ളി ടൗൺ (4 കി.മീ), ആനക്കൽ (4 കി.മീ) പൊൻകുന്നം (9 കി.മീ), കുമളി വഴി തേക്കടി (71 കിമീ), പീരുമേട് (35കിമീ), കുട്ടിക്കാനം (32 കി.മീ) ഏലപ്പാറ (40 കി.മീ ) എന്നിവിടങ്ങളിലേക്ക് യാത്ര എളുപ്പമാകും.
14. എരുമേലി (111 കി.മീ) : ടൗണിൽ നിന്നു 5 കി.മീ. അകലെ എംഇഎസ് കോളജിനടുത്ത്. പമ്പയിലേക്ക് 40 കിലോമീറ്റർ മാത്രം. നിലയ്ക്കൽ (24 കി.മീ). നിർദിഷ്ട എരുമേലി വിമാനത്താവളം 8 കിലോമീറ്റർ അകലെ.
എവിടെയാണ് നിങ്ങളുടെ ഹീറോ ഇപ്പോൾ ?
അങ്കമാലി മുതല്‍ കാലടി വരെ 7 കിലോമീറ്റര്‍ പാത നിര്‍മിച്ചത് മാത്രമാണ് പദ്ധതിയിൽ ബാക്കി. കാലടി മുതൽ രാമപുരംവരെയുള്ള 70 കിലോമീറ്റർ ഭൂമിയേറ്റെടുക്കാന്‍ വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. സ്ഥലമേറ്റെടുപ്പിനുള്ള സർവേനടപടികൾ പൂർത്തിയാക്കി. ഇവിടെ സ്ഥലമെടുപ്പിന് തടസ്സങ്ങളില്ലെന്ന് കേരളം വ്യക്തമാക്കി. കാലടിമുതല്‍ തൊടുപുഴ വരെയുള്ള 58 കി.മീ. പാതയുടെ നിർമാണം ഉടൻ ആരംഭിക്കുന്നതിനും റെയില്‍വേക്കുമുന്നില്‍ പ്രായോഗികതടസ്സങ്ങളില്ല.
എരുമേലിയില്‍നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂര്‍, അഞ്ചല്‍, കടക്കൽ, നെടുമങ്ങാട്, കാട്ടാക്കട വഴി ബാലരാമപുരത്തേക്കു വികസിപ്പിക്കുകയാണെങ്കില്‍ 25 ഓളം സ്റ്റേഷനുകളുമായി സംസ്ഥാന തലസ്ഥാനത്തേക്ക് സമാന്തര റെയില്‍പാതയാകും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 04, 2025 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
36 വർഷമായെടാ റെയിൽവേയില്; ഇത്ര കാലം കഴിഞ്ഞും ഇങ്ങനെ നിക്കുന്നോണ്ടേല് നിങ്ങള് ഇനിയും അറിയാനുണ്ട് ശബരി റെയിലിനെ