കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് 13 കോടി രൂപ വിലമതിക്കുന്ന 3.2 കിലോഗ്രാം ബ്ലാക്ക് കൊക്കെയ്‌നുമായി ബൊളീവിയൻ യുവതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) മുംബൈയിൽ പിടികൂടിയത്. ഇവരുടെ സ്യൂട്ട്കേസ് പരിശോധിച്ചപ്പോൾ അതിൽ കൂടുതൽ അറകൾ കണ്ടെത്തുകയും 12 പൊതികൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ബ്ലാക്ക് കൊക്കെയ്ൻ കണ്ടെത്തുന്നത് അപൂർവമാണെന്നും എൻസിബി അന്ന് പറഞ്ഞിരുന്നു.
എന്താണ് ബ്ലാക്ക് കൊക്കെയ്ൻ?
സാധാരണ കൊക്കെയ്‌നിൽ ചില രാസവസ്തുക്കൾ ചേർത്താണ് ബ്ലാക്ക് കൊക്കെയ്ൻ ഉണ്ടാക്കുന്നത്. പോലീസ് നായ്ക്കൾക്ക് ഇത് മണത്തു കണ്ടെത്താനാകില്ല. അതിനാൽ ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മയക്കുമരുന്ന് കടത്തുകാർ വിമാനത്താവളങ്ങൾ വഴി ഇത്തരം കൊക്കെയ്ൻ എത്തിക്കാറുണ്ട്. മണമില്ലാത്തതിനാൽ ചെക്ക്‌പോസ്റ്റുകളിലൂടെ കടന്നുപോകുന്നതും എളുപ്പമാണ്. സാധാരണ കൊക്കെയ്ൻ ബേസ്, കരി പോലുള്ള വിവിധ അഡിറ്റീവുകൾ ചേർന്ന മിശ്രിതമാണ് ബ്ലാക്ക് കൊക്കെയ്ൻ.
അസെറ്റോൺ അല്ലെങ്കിൽ മെത്തിലീൻ ക്ലോറൈഡ് പോലുള്ള ഓർഗാനിക് ലായനികൾ ഉപയോഗിച്ച് ശുദ്ധമായ കൊക്കെയ്ൻ ബേസിൽ നിന്നാണ് ബ്ലാക്ക് കൊക്കെയ്ൻ വേർതിരിച്ചെടുക്കുന്നത്.
എപ്പോൾ മുതലാണ് ബ്ലാക്ക് കൊക്കെയ്ൻ ഉപയോഗത്തിൽ വന്നത് ?
ബ്ലാക്ക് കൊക്കെയ്ൻ പുതിയൊരു മയക്കുമരുന്നല്ലെങ്കിലും ഇന്ത്യയിൽ ഇത് സാധാരണയായി ഉപയോഗത്തിലില്ല. 1980-കളുടെ മധ്യത്തിൽ ചിലിയൻ സ്വേച്ഛാധിപതി അഗസ്റ്റോ പിനോഷെ തന്റെ സൈന്യത്തോട് അമേരിക്കയിലെയും യൂറോപ്പിലെയും നിയമപാലകരുടെ കണ്ണു വെട്ടിച്ചു കടത്താൻ കഴിയുന്ന ഒരു രഹസ്യ കൊക്കെയ്ൻ നിർമിക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനു ശേഷമാണ് ബ്ലാക്ക് കൊക്കെയ്ൻ വികസിപ്പിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Also Read- ജന്മദിനത്തില്‍ സങ്കടമോ ആശങ്കയോ തോന്നാറുണ്ടോ? അതാണ് ‘ബര്‍ത്ത്‌ഡേ ബ്ലൂസ്’
2008-ൽ സ്പാനിഷ് പോലീസ് റബ്ബർ പോലുള്ള ഷീറ്റുകളാക്കി മാറ്റിയ ബ്ലാക്ക് കൊക്കെയ്ൻ കണ്ടെത്തിയിരുന്നു. 2021-ൽ സ്‌പെയിനിൽ 860 കിലോഗ്രാം ബ്ലാക്ക് കൊക്കെയ്ൻ കടത്തിയ ക്രിമിനൽ സംഘത്തെയും പോലീസ് കണ്ടെത്തിയിരുന്നു.
ഇന്ത്യയിൽ ആരാണ് ബ്ലാക്ക് കൊക്കെയിൻ ഉപയോഗിക്കുന്നത്?
വില കൂടിയ മയക്കുമരുന്ന് ആയതിനാൽ തന്നെ സമ്പന്നർ മാത്രമാണ് ഇത് ഉപയോഗിക്കുന്നതെന്നാണ് കണക്കുകൂട്ടൽ.
മുബൈ എന്ന മയക്കുമരുന്നു കവാടം
ഇന്ത്യയിലേക്കുള്ള പ്രധാന മയക്കുമരുന്നു കവാടം മുംബൈ ആണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുംബൈയിൽ നിന്നാണ് ഗോവ ഉൾപ്പെടെ രാജ്യത്തെ മറ്റ് പ്രധാന നഗരങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത്. ഇന്ത്യയിൽ കുറഞ്ഞത് 10.7 ലക്ഷം ആളുകളെങ്കിലും കൊക്കെയ്ൻ ഉപയോഗിക്കുന്നുണ്ടെന്ന് 2020 സെപ്റ്റംബറിൽ ഒരു മാധ്യമ റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cocaine, Drug mafia