ഇ കെ നായനാർ വധശ്രമക്കേസ് പ്രതി; ആരാണ് തടിയന്റവിടെ നസീർ?
- Published by:Rajesh V
- news18-malayalam
Last Updated:
പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് 1999ൽ പ്രതികൾ നായനാരെ വധിക്കാൻ കണ്ണൂരിലെ പള്ളിക്കുന്നിൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു കേസ്
തിരുവനന്തപുരം: നിരവധി തീവ്രവാദ കേസുകളിൽ പ്രതിയാവുകയും, വിചാരണ പൂർത്തിയായ കേസുകളിൽ കുറ്റവാളിയെന്ന് കണ്ടെത്തി ഇപ്പോൾ തടവിൽ കഴിയുകയും ചെയ്യുന്ന കണ്ണൂർ സ്വദേശിയാണ് തടിയന്റവിടെ നസീർ അഥവാ ഉമ്മർ ഹാജി എന്നറിയപ്പെടുന്ന നീർച്ചാൽ ബെയ്തുൽ ഹിലാലിൽ തടിയന്റവിടെ നസീർ.
കശ്മീർ റിക്രൂട്ട്മെന്റ് കേസ്, 2008ലെ ബെംഗളുരു സ്ഫോടന പരമ്പര കേസ്, ഇ കെ നായനാർ വധശ്രമക്കേസ്, തീവ്രവാദ പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിക്കാനായി നടത്തിയ കാച്ചപ്പള്ളി ജ്വല്ലറി കവർച്ച, കോഴിക്കോട് ഇരട്ട സ്ഫോടനക്കേസ്, അബ്ദുൾ നാസർ മഅദനിയുടെ മോചനമാവശ്യപ്പെട്ട് തമിഴ്നാട് സർക്കാരിന്റെ ബസ് കളമശ്ശേരിയിൽ കത്തിച്ച കേസ് തുടങ്ങിയവയാണ് തടിയന്റവിടെ നസീർ ഉൾപ്പെട്ട പ്രധാന കേസുകൾ.
advertisement
പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടന ലഷ്കർ-ഇ-ത്വയ്യിബയുടെ ദക്ഷിണേന്ത്യൻ കമാൻഡറാണ് ഇയാൾ എന്നാണ് പറയപ്പെടുന്നത്. മുൻ പിഡിപി പ്രവർത്തകനും കണ്ണൂർ ഏരിയയിൽ ഭാരവാഹിയും ആയിരുന്നു. കേരളത്തിൽ നിന്നും മുസ്ലിം യുവാക്കളെ തീവ്രവാദപ്രവർത്തനങ്ങൾക്കായി നിയോഗിക്കുകയും അവർ കാശ്മീരിൽ പാകിസ്ഥാൻ അതിർത്തിയിൽ ഇന്ത്യൻ സുരക്ഷാ സൈനികരുടെ വെടിയേറ്റ് മരിക്കുകയും ചെയ്ത സംഭവത്തിൽ കോടതി ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും ജീവപര്യന്തം ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
ഇ കെ നായനാർ വധശ്രമക്കേസ്
advertisement
മുഖ്യമന്ത്രിയായിരിക്കെ ഇ കെ നായനാരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ തടിയന്റവിടെ നസീർ ഉൾപ്പെടെ ആറു പ്രതികളാണുണ്ടായിരുന്നത്. പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ അറസ്റ്റിൽ പ്രതിഷേധിച്ച് 1999ൽ പ്രതികൾ നായനാരെ വധിക്കാൻ കണ്ണൂരിലെ പള്ളിക്കുന്നിൽ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. കോയമ്പത്തൂർ ബോംബ് സ്‌ഫോടനക്കേസിൽ വിചാരണ നേരിട്ടിരുന്ന മഅദനിയെ മോചിപ്പിക്കാൻ സംസ്ഥാനത്തുടനീളം ഭീതി പടർത്തുന്ന തരത്തിൽ ക്രിമിനൽ പ്രവർത്തനങ്ങൾ നടത്താൻ സംഘം പദ്ധതിയിട്ടെന്നും കുറ്റപത്രത്തിൽ പറയുന്നു. എന്നാൽ, സംശയാതീതമായി കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി സി ബി ഐ കോടതി 2023 നവംബറില് നസീര് ഉൾപ്പെടെ ആറു പ്രതികളെ വിട്ടയച്ചിരുന്നു.
advertisement
ഇതും വായിക്കുക: ജയിലിൽ കിടന്നും മതതീവ്രവാദം വളർത്തൽ; തടിയന്റവിട നസീർ എങ്ങനെ തടവിലായി
കളമശ്ശേരി ബസ് കത്തിക്കൽ കേസ്
അബ്ദുൾ നാസർ മദനി 1989ൽ ആരംഭിച്ച ഇസ്ലാമിക് സേവാ സംഘിലൂടെ (ISS) ആണ് നസീർ തന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. ഐഎസ്എസ് നിരോധിക്കപ്പെട്ടതോടെ പിഡിപിയുടെ പ്രവർത്തകനായി. കോയമ്പത്തൂർ സ്ഫോടന പരമ്പരയെത്തുടർന്ന് മദനി അറസ്റ്റിലായതോടെ നസീർ സ്വന്തം നിലയ്ക്ക് പ്രവർത്തനമാരംഭിച്ചു. തീവ്രവാദപ്രവർത്തനങ്ങൾക്ക് പണമുണ്ടാക്കാൻ 2002 ജൂൺ 20ന് എറണാകുളം കിഴക്കമ്പലത്തെ കാച്ചപ്പള്ളി ജ്വല്ലറി ഉടമയെ വെട്ടിപ്പരിക്കേൽപ്പിച്ച് രണ്ടരക്കിലോ സ്വർണം മോഷ്ടിച്ചിരുന്നു. ഈ കേസിൽ നസീർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.
advertisement
തടവിലായിരുന്ന മദനിയെ മോചിപ്പിക്കുന്നതിനായി തമിഴ്‌നാട് സർക്കാരിന്റെ എറണാകുളത്ത് നിന്ന് പുറപ്പെട്ട ബസ് 2005 സെപ്റ്റംബർ 9ന് തട്ടിയെടുത്ത് യാത്രക്കാരെ പുറത്തിറക്കി കളമശ്ശേരിയിൽ വെച്ച് തീവെച്ച് നശിപ്പിച്ച കേസിൽ പ്രധാന സൂത്രധാരനും ഒന്നാം പ്രതിയുമാണ്. 2006 മാർച്ച് 3ന് കോഴിക്കോട് കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിലും മൊഫ്യൂസൽ ബസ്‌സ്റ്റാൻഡിലുമായി നടന്ന ബോംബ് സ്ഫോടനങ്ങളിൽ കോടതി ഇയാളെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷിച്ചെങ്കിലും പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.
advertisement
ഇതും വായിക്കുക: കർണാടക ജയിലിൽ തടിയന്റവിടെ നസീർ ഉൾപ്പെടെ തടവുകാർക്ക് മൊബൈൽ ഫോൺ എത്തിച്ച ജയിൽ ഡോക്ടർ ഉൾപ്പെടെ 3 പേർ NIA പിടിയിൽ
കശ്മീർ റിക്രൂട്ട്മെന്റ് കേസ്
2008 ഒക്ടോബറിൽ കാശ്മീരിൽ നാല് മലയാളി യുവാക്കൾ ഇന്ത്യൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ച കേസിൽ, ഒളിവിൽ കഴിയവെ പിടിയിലായി. കുറ്റക്കാരനാണെന്ന് കണ്ടെത്തപ്പെടുകയും ജീവപര്യന്തം ശിക്ഷ ലഭിക്കുകയും ചെയ്തു. 2008ൽ തന്നെ ബെംഗളുരുവിൽ നടന്ന സ്ഫോടന പരമ്പര കേസിലും പ്രതിയാണ്. റഹിം പൂക്കടശ്ശേരി വധശ്രമം, തയ്യിൽ വിനോദ് വധം, കള്ളനോട്ട്, പൊലീസുകാരെ ആക്രമിച്ച കേസുകൾ, വിവിധ വ്യാപാരസ്ഥാപനങ്ങളിൽ മോഷണം, തെളിവുനശിപ്പിക്കൽ, കാർ മോഷണക്കേസുകൾ തുടങ്ങി മറ്റു നിരവധി കേസുകളിലും പ്രതിയാണ്.
advertisement
ഇന്ത്യൻ മുജാഹിദ്ദീൻ സ്ഥാപകനേതാവായ യാസീൻ ഭട്കൽ, തടിയന്റവിട നസീറുമായി ചേർന്ന് കേരളത്തിൽ തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിട്ടുണ്ട്. കേരളത്തിനു പുറമേ, കർണ്ണാടക, തമിഴ്‌നാട്, ജമ്മു-കാശ്മീർ തുടങ്ങിയ സ്ഥലങ്ങളിലും കേസുകൾ ഉണ്ട്. അമേരിക്കയിൽ പിടിയിലായ ലെഷ്കർ പ്രവർത്തകൻ ഡേവിഡ് ഹെഡ്‌ലി നൽകിയ സൂചനകളെ തുടർന്ന് 2009 നവംബറിൽ ബംഗ്ലാദേശിൽ നിന്ന് അറസ്റ്റിലായി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
July 09, 2025 3:11 PM IST