• HOME
 • »
 • NEWS
 • »
 • explained
 • »
 • കിങ്ങിണിക്കുട്ടനെ കേട്ട് ജനം ചിരിച്ചു; വൈദ്യുതിബന്ധം നിലപ്പിച്ച രമേശൻ നായരുടെ നാടകം

കിങ്ങിണിക്കുട്ടനെ കേട്ട് ജനം ചിരിച്ചു; വൈദ്യുതിബന്ധം നിലപ്പിച്ച രമേശൻ നായരുടെ നാടകം

കേരളം രാഷ്ട്രീയത്തിലെ കലുഷിതമായ ഒരു കാലത്ത് എസ്. രമേശൻ നായർ എഴുതിയ ശതാഭിഷേകം എന്ന റേഡിയോ നാടകം വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ അതിരുകൾ ചർച്ച ചെയ്ത സംഭവ പരമ്പരകൾക്കൊടുവിൽ ആൻഡമാൻ നിലയത്തിലേക്ക് സ്ഥലംമാറ്റമായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്

എസ്. രമേശന്‍ നായര്‍

എസ്. രമേശന്‍ നായര്‍

 • Share this:
  ' ശതാഭിഷേകം ഇവിടെ ലഭിക്കും'
  കാൽനൂറ്റാണ്ട് മുമ്പ് കേരളത്തിലെ ചില കടകളുടെ മുന്നിൽ കുറച്ചു കാലം ഇങ്ങനെ ഒരു ബോർഡ് കിടന്നിരുന്നു. പേര് കേട്ട് തെറ്റിദ്ധരിക്കണ്ട. തൈലമോ ലേഹ്യമോ ഒന്നുമല്ല . അതൊരു പുസ്തകമായിരുന്നു.അധികം പേജുകൾ ഇല്ലാത്ത ഒന്ന്. എന്നാൽ പുസ്തകമാകാൻ എഴുതിയതായിരുന്നില്ല അത്. അതൊരു നാടകമായിരുന്നു. റേഡിയോ നാടകം.ഒരു വിവാദം ആയിരുന്നില്ലായിരുന്നു എങ്കിൽ ഒരു പക്ഷെ അച്ചടിക്കാൻ പോലും ഇടയില്ലായിരുന്ന ഒരു നാടകം.

  എന്തായിരുന്നു ശതാഭിഷേകം?
  ടെലിവിഷൻ എന്നാൽ ദൂരദർശൻ മാത്രമായിരുന്ന കാലത്തെ റേഡിയോയുടെ ജനപ്രിയത ഇന്ന് ഊഹിക്കാൻ കഴിയുന്നതിലും എത്രയോ ഉപരിയായിരുന്നു.  അക്കാലത്ത് പത്തു ദിവസം നീണ്ടു നിൽക്കുന്ന അഖില കേരള റേഡിയോ നാടകോത്സവം എല്ലാക്കൊല്ലവും പതിവായിരുന്നു. അങ്ങനെ 1994 ൽ റേഡിയോ നാടകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ആദ്യ നാടകമായിരുന്നു ശതാഭിഷേകം. തിരുവനന്തപുരം നിലയം അവതരിപ്പിച്ച നാടകത്തിലെ മുഖ്യ വേഷം ചെയ്തത് അന്നത്തെ തിരക്കേറിയ നടൻ നെടുമുടി വേണുവായിരുന്നു.

  നാടകം വന്ന വഴി
  "അടുത്ത സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. രമേശൻ നായരും സംഗീത സംവിധായകൻ എംജി രാധാകൃഷ്ണനും ഞാനും. ആകാശവാണിയിലെ ജോലിക്കിടെയും അതിനു പുറത്തും ഞങ്ങൾ ഒരുമിച്ചാണ്. സംസാരത്തിൽ എല്ലാം കടന്നു വരും, നാടകത്തിന്റെ സംവിധായകനും നിർമാതാവും ആയ കെ എസ് റാണാ പ്രതാപൻ പറയുന്നു. " അങ്ങനെ ഒരു ദിവസം എംജി രാധാകൃഷ്ണൻ പറഞ്ഞു. ഇത്തവണ പുതുമയുള്ള ഒരു നാടകം വേണം. കാവ്യാത്മകമാകണം. അങ്ങനെ രമേശൻ നായർ ഒരു നാടകം എഴുതി. മൂന്നോ നാലോ മണിക്കൂർ മാത്രമാണ് അതിന് എടുത്തത്. പക്ഷെ അതിൽ കവിതയൊന്നും ഉണ്ടായിരുന്നില്ല. എം ജി രാധാകൃഷ്‌ണൻ ദേഷ്യപ്പെട്ട് അത് എടുത്ത് വലിച്ചു കീറിക്കളഞ്ഞു. രമേശൻ നായർ വീണ്ടും എഴുതി. അങ്ങനെയാണ് ശതാഭിഷേകം ഉണ്ടായത്.

  Also Read-കവിയും ചലച്ചിത്രഗാനരചയിതാവുമായ എസ്. രമേശന്‍ നായര്‍ അന്തരിച്ചു

  കിട്ടുമ്മാനും കിങ്ങിണിക്കുട്ടനും
  ' എന്റെ ഒരു ബന്ധുവിന്റെ മാതൃകയിലാണ് കഥാപാത്രം,' ഇങ്ങനെയാണ് രമേശൻ നായർ എഴുതിത്തുടങ്ങിയത് റാണാ പ്രതാപൻ പറഞ്ഞു. ജന്മനാടായ കന്യാകുമാരിയിലെ പരിചിത മുഖങ്ങളിലൂടെ കടന്നുപോയ അദ്ദേഹം കിട്ടുമ്മാൻ എന്ന കാരണവരെയും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വരച്ചിട്ടു. കാരണവരുടെ ശതാഭിഷേകത്തിനുള്ള ഒരുക്കങ്ങളായിരുന്നു പ്രതിപാദ്യം. കിട്ടുമ്മാനെ കൂടാതെ മന്ദബുദ്ധിയായ അനന്തരവൻ കിങ്ങിണിക്കുട്ടനായിരുന്നു. മറ്റൊരു കഥാപാത്രം.നെടുമുടി വേണു കിട്ടുമ്മാനായി. ജഗന്നാഥൻ, മാവേലിക്കര പൊന്നമ്മ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. അനന്തരാവകാശികളുടെ തർക്കവും അവരുടെ കഴിവും കഴിവ് കേടും ഒക്കെ ഒരു മണിക്കൂറിൽ പ്രതിപാദിച്ച നാടകം മറ്റൊരു റേഡിയോ നാടകവും കടന്നു പോകാത്ത വഴികളിലൂടെ കടന്നു പോയി. രാധാകൃഷ്ണനായിരുന്നു സംഗീതം. പിന്നണി ഗായകൻ ശ്രീറാം രംഗങ്ങൾക്കിടയിലെ വായ്ത്താരി ചെയ്തു. നർമവും ഫലിതവും കവിതയും കലർന്ന ആ രചന ആക്ഷേപ ഹാസ്യമായി.

  എന്തായിരുന്നു ആ കാലം ?
  കേരള രാഷ്ട്രീയപുസ്തകത്തിലെ നിര്‍ണായകമായ അധ്യായമാണ് കെ കരുണാകരന് എതിരായി കോൺഗ്രസിൽ രൂപം കൊണ്ട തിരുത്തല്‍ വാദം.കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരണം. അങ്ങ് ഡൽഹിയിലും ശക്തമായ പിടിയുള്ള മുഖ്യമന്ത്രി കരുണാകരൻ വാഹനാപകടത്തെത്തുടർന്ന് ആശുപത്രിയിലായിരുന്നപ്പോഴാണ് തുടക്കം. 1992 ൽ പള്ളിപ്പുറത്തുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന 74 കാരനായ നേതാവ് പഴയ പോലെ തിരിച്ചു വരുമോയെന്ന് കേരള രാഷ്ട്രീയം ശങ്കിച്ച കാലം. കരുണാകരന്റെ തണലില്‍ വളര്‍ന്ന ചെറുപ്പക്കാരുടെ നിര കരുണാകര പക്ഷത്തെ ചില നീക്കങ്ങള്‍ക്കെതിരെ പ്രസ്താവനകളിറക്കി. ലീഡർ ആശുപത്രിയിലായിരുന്നപ്പോള്‍ അനന്തരാവകാശിയെ പ്രതിഷ്ഠിക്കാന്‍ ചിലര്‍ ശ്രമം നടത്തിയത് സംഘടനയിലെ സമാധാനം തകര്‍ത്തെന്ന് അവർ ആരോപിച്ചു. അനന്തരാവകാശിയുമായി ബന്ധമില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ രക്ഷയില്ലെന്ന സ്ഥിതി വന്നുവെന്നായിരുന്നു ഇവരുടെ പ്രധാന പരാതി. സംഘടനക്കായി ചോര നീരാക്കിയവര്‍ക്ക് പാര്‍ട്ടിയില്‍ ഒരു പങ്കുമില്ലെന്നുവന്ന സാഹചര്യം തിരുത്തപ്പെടണമന്ന ആവശ്യമുണ്ടായി.ജനാധിപത്യ വ്യവസ്ഥിതിയില്‍ അഭിപ്രായം പറയുന്നത് തെറ്റായി കാണരുതെന്നും നേതൃപദവികളിലുള്ളവര്‍ക്ക് ഇഷ്ടമില്ലാത്തത് മറ്റുള്ളവര്‍ പറയരുത് എന്നു നിര്‍ബന്ധിക്കരുതെന്നും ഇവര്‍ നിലപാടെടുത്തു. എന്നാല്‍ കുറച്ചുകാലത്തിനു ശേഷം ആരോഗ്യവാനായി തിരിച്ചെത്തിയ കരുണാകരന് അവര്‍ അനഭിമതരായി. പ്രധാന ഗ്രൂപ്പുകളായ ഐയിലും എയിലുമില്ലാത്ത സ്ഥിതി. അങ്ങനെ അവർ 'തിരുത്തല്‍വാദികള്‍' എന്ന പേരിൽ കോൺഗ്രസിലെ മൂന്നാം ഗ്രൂപ്പായി. രമേശ് ചെന്നിത്തലയും ജി.കാര്‍ത്തികേയനും എം ഐ ഷാനവാസും ആയിരുന്നു തിരുത്തല്‍വാദികളിൽ പ്രധാനികൾ.  കെ സി വേണുഗോപാലും ഇവർക്കൊപ്പമായിരുന്നു.

  നാടകത്തിന് എന്തുപറ്റി
  നടീനടൻമാർ അതിഗംഭീരമായി പെരുമാറിയതോടെ നാടകത്തിന് ഉദ്ദേശിക്കാത്ത മാനം വന്നു. ശ്രോതാക്കൾ കിട്ടുമ്മാനെയും കിങ്ങിണിക്കുട്ടനെയും മനസിൽ കണ്ടതോടെ സംഭവം കൈവിട്ടു. അപകടം മനസിലാക്കിയ രാഷ്ട്രീയ പ്രവർത്തകർ വൈദ്യുതിബന്ധം തടസപ്പെടുത്തി." അങ്ങനെ പ്രക്ഷേപണം മുക്കാൽ പകുതി സമയം പിന്നിട്ടപ്പോൾ തിരുവനന്തപുരത്ത് മുഴുവൻ വൈദ്യുതി നിലച്ചു. എന്നാലും ജനറേറ്റർ ഉപയോഗിച്ച് പ്രക്ഷേപണം തുടർന്നു. തിരുവന്തപുരത്ത് അധികം പേർ കേട്ടില്ല എങ്കിലും കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ ഒക്കെ കേട്ടു. വിവാദമായത് മൂന്നാംപക്കം. ഇത് മലയാള മനോരമ ഒന്നാം പേജിൽ അടിച്ചു. വലിയ വിവാദം കത്തിപടർന്നു. കരുണാകരന് നാടകം കേൾക്കാൻ ആവശ്യമുണ്ടായി. അടുപ്പക്കാർ പലതവണ ചോദിച്ചു. കൊടുത്തില്ല. സ്റ്റേഷൻ ഡയറക്ടർ എംകെ ശിവശങ്കരൻ കൊടുക്കണ്ടാ എന്ന നിലപാട് എടുത്തു. പക്ഷെ ദുബായിൽ നിന്നോ മറ്റോ ടേപ്പ് കിട്ടി. അദ്ദേഹം അത് കേട്ടു. കരുണാകരൻ അസംതൃപ്‌തനായി. ധിക്കാരം കാണിച്ചവരെ ശിക്ഷിക്കണം എന്ന് പാർട്ടിയിലെ ഒരു വിഭാഗം ആവശ്യപ്പെട്ടു. കേന്ദ്രത്തിലും കോൺഗ്രസിന് ഭരണമുള്ളതിനാൽ വിശദീകരണം തേടി. ഡൽഹിയിൽ ഇതിന് നിയോഗിച്ച ഡെപ്യൂട്ടി ഡയറക്ടർ ജനറൽ അതീവ രസകരം എന്ന് അഭിപ്രായപ്പെട്ടു. എന്നാൽ ആരെ എങ്കിലും ശിക്ഷിക്കണം എന്ന നിലപാട് ഉന്നതങ്ങളിൽ നിന്നു വന്നു. ഉത്തരവാദിത്തം എനിക്കാണെങ്കിലും ചില അഭിമുഖങ്ങളിലൂടെ രമേശൻ നായർ വിവാദ പുരുഷനായി. ശിക്ഷയായി അദ്ദേഹത്തിന് ആൻഡമാനിലേക്ക് സ്ഥലം മാറ്റം വന്നു. അദ്ദേഹം ഒന്നും നോക്കിയില്ല. ജോലി രാജിവെച്ചു," റാണാ പ്രതാപൻ പറഞ്ഞു.

  നാടകം കൊടുത്ത പ്രീമിയർ പദ്മിനി
  15 വർഷത്തോളം സർവീസ് ബാക്കി നിൽക്കെ രാജിവെച്ചത് അദ്ദേഹത്തിന് സാമ്പത്തികമായി വലിയ നഷ്ടമായി. പക്ഷെ നാടകം വലിയ തരംഗമായി. അത് അച്ചടിക്കാൻ ഡീസി ബുക്ക്സ് വന്നു. പുസ്തകം അതിലും വലിയ ഹിറ്റായി. ആ പണം കൊണ്ട് ഒരു കാർ വാങ്ങാം എന്നദ്ദേഹം തീരുമാനിച്ചു. അന്നത്തെ സ്റ്റാർ പ്രീമിയർ പദ്‌മിനിയായിരുന്നു.തൃശൂരിലെ എന്റെ ഒരു ബന്ധുവിന്റെ കാർ അങ്ങനയെയാണ് അദ്ദേഹം വാങ്ങിയത്," റാണാ പ്രതാപൻ പറഞ്ഞു.

  ശതാഭിഷേകത്തിൽ നിന്ന് ചാരക്കേസിലേക്ക്
  " ഈ വാർത്ത 18 ദിവസം പത്രങ്ങൾ ഒന്നാം പേജിൽ കൊണ്ട് നടന്നു. പതിനെട്ടാം ദിവസം അതിനേക്കാൾ വലിയ ഒരു വാർത്ത വന്നു. അങ്ങനെ ഇത് ഇല്ലാതെ ആയി. പതിനെട്ടാം ദിവസം ദിവസം വന്ന വാർത്തയായിരുന്നു ഐ എസ് ആർ ഓ ചാരക്കേസ്, റാണാപ്രതാപൻ ആ കാലം ഓർമിക്കുന്നതിങ്ങനെ.
  Published by:Chandrakanth viswanath
  First published: