പാകിസ്ഥാനിലെ ട്രെയിന്‍ തട്ടിക്കൊണ്ടുപോകൽ; ബലൂചിസ്ഥാനിലെ സായുധ കലാപത്തിന്റെ പിന്നാമ്പുറം

Last Updated:

പാക് സൈന്യം തടവിലാക്കിയ ബലൂച് രാഷ്ട്രീയ തടവുകാരെയും സാധാരണക്കാരെയും മോചിപ്പിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കിയത്

News18
News18
തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാന്‍ പാകിസ്ഥാന്റെ ഏറ്റവും വലിയ സുരക്ഷാ തലവേദനകളില്‍ ഒന്നാണ്. ഇറാനും അഫ്ഗാനിസ്ഥാനും അതിര്‍ത്തി പങ്കിടുന്ന മേഖലയില്‍ സജീവമായ ഏറ്റവും ശക്തമായ വിമത ഗ്രൂപ്പായ ബലൂചിസ്താന്‍ ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ചൊവ്വാഴ്ച നടത്തിയ ട്രെയിന്‍ തട്ടിയെടുക്കലാണ് രക്തച്ചൊരിച്ചിലിന്റെ ഏറ്റവും പുതിയ സംഭവം.
പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ തങ്ങള്‍ ഒരു റെയില്‍വെ ട്രാക്ക് തകര്‍ത്തതായും ഒരു പാസഞ്ചര്‍ ട്രെയിനിനുനേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി(ബിഎല്‍എ) ചൊവ്വാഴ്ച അറിയിച്ചു. തെക്കുപടിഞ്ഞാറന്‍ ബലൂചിസ്ഥാനിലെ പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയില്‍ നിന്ന് വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയുടെ തലസ്ഥാനമായ പെഷവാറിലേക്ക് പോകുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസാണ് ആക്രമിക്കപ്പെട്ടത്.
തെക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ദുര്‍ഘടമായ പര്‍വതപ്രദേശമായ ബോലാന്‍ പാസിലൂടെ കടന്നുപോകുമ്പോഴാണ് ട്രെയിന്‍ ആക്രമിക്കപ്പെട്ടത്.
പാക് സൈന്യം തടവിലാക്കിയ ബലൂച് രാഷ്ട്രീയ തടവുകാരെയും സാധാരണക്കാരെയും മോചിപ്പിക്കുക എന്നതായിരുന്നു അവര്‍ മുന്നോട്ട് വെച്ച ആവശ്യം. 48 മണിക്കൂറിനുള്ളില്‍ അവരുടെ ആവശ്യം നിറവേറ്റിയില്ലെങ്കില്‍ ട്രെയിന്‍ മുഴുവന്‍ തകർക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തി. എന്നാല്‍, ബന്ദികളുടെ ഉപരോധം 30 മണിക്കൂറില്‍ അധികം നീണ്ടുനിന്നില്ല. പാക് സൈന്യം 33 വിമതരെ കൊലപ്പെടുത്തുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. അക്രമണങ്ങളില്‍ കുറഞ്ഞത് 21 യാത്രക്കാരും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.
advertisement
ആരാണ് ബലൂച്?
ഇറാന്‍-പാകിസ്ഥാന്‍ അതിര്‍ത്തിയുടെ ഇരുവശത്തും തെക്കന്‍ അഫ്ഗാനിസ്ഥാന്റെ ചില ഭാഗങ്ങളിലും താമസിക്കുന്ന സുന്നി മുസ്ലീം വിഭാഗമാണ് ബലൂച്. ഏകദേശം ഫ്രാന്‍സിന്റെ വലുപ്പമാണ് ബലൂചിസ്ഥാനുള്ളത്. ഗോത്രങ്ങളായി താമസിക്കുന്ന ഏകദേശം 90 ലക്ഷം ആളുകള്‍ ഇവിടെയുണ്ട്.
കലാപത്തിന്റെ മൂലകാരണം പാകിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ വഞ്ചനയാണ്. അവരുമായി ലയിക്കാന്‍ ആഗ്രഹിക്കാത്ത നാട്ടുരാജ്യങ്ങളിലൊന്നിന്റെ സ്വയഭരണാവകാശം ജിന്ന ആദ്യം അംഗീകരിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് റഷ്യ പോലെയുള്ള ശക്തികളില്‍ നിന്ന് തങ്ങളുടെ കൊളോണിയല്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി അവര്‍ ഈ പ്രദേശത്തെ താവളമായി ഉപയോഗിച്ചു. എന്നാല്‍, ബലൂചികള്‍ ഇതിനെ ശക്തമായി പ്രതിരോധിച്ചു. തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ അനുഭാവപൂര്‍ണമായ നയമാണ് സ്വീകരിച്ചത്. എന്നാല്‍ ഇന്ത്യാ വിഭജനത്തിന് ശേഷം ബലൂച് നേതാക്കളെ പാകിസ്ഥാന്‍ തങ്ങളുമായി ലയിപ്പിക്കാന്‍ പ്രേരിപ്പിച്ചതോടെ സ്ഥിതി മാറി. ഇത് തദ്ദേശിയര്‍ക്ക് ഇഷ്ടമായില്ല. തുടര്‍ന്ന് സ്വതന്ത്ര ബലൂചിസ്ഥാന്‍ എന്ന അവരുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ അവര്‍ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് തുടക്കമിട്ടു.
advertisement
വിഭജനത്തിന് ശേഷം പുതിയ രാജ്യമായ പാകിസ്ഥാനുമായുള്ള സൗഹൃദ ഉടമ്പടിയുടെ ഭാഗമായി 1948 മാര്‍ച്ച് വരെ ഇത് സ്വതന്ത്രമായി തുടര്‍ന്നു. ഇന്ത്യയ്ക്കും പാകിസ്ഥാനുമൊപ്പം ബലൂചിസ്ഥാനെ ഒരു സ്വതന്ത്യരാജ്യമായാണ് പ്രഖ്യാപിച്ചത്. ഖരന്‍, മകരന്‍, ലാസ് ബേല, കലാത് എന്നീ നാല് നാട്ടുരാജ്യങ്ങള്‍ ഈ മേഖലയില്‍ ഉള്‍പ്പെടുന്നു. വിഭജനത്തിന് മുമ്പ് ഓപ്ഷനുകളാണ് ഇവർക്ക് നല്‍കിയത്. ഒന്നുകില്‍ ഇന്ത്യയുടെ ഭാഗമാകുക, അല്ലെങ്കില്‍ പാക്കിസ്ഥാന്റെ ഭാഗമാകുക അതുമല്ലെങ്കില്‍ സ്വതന്ത്രമായി തുടരുക. കലാത്തിലെ ഖാനായിരുന്ന മിര്‍ അഹമ്മദ് യാര്‍ ഖാന്‍ അവസാനത്തെ ഓപ്ഷന്‍ തിരഞ്ഞെടുത്തപ്പോള്‍ ശേഷിക്കുന്ന മൂന്നെണ്ണം പാകിസ്ഥാനൊപ്പം ചേര്‍ന്നു.
advertisement
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പ്രാന്തപ്രദേശത്തായിരുന്നതിനാല്‍ കശ്മീരിനോ ഹൈദരാബാദിനോ ഉണ്ടായിരുന്ന പ്രാധാന്യം കലാത്തിന് ലഭിച്ചിരുന്നില്ല. ജിന്നയും തുടക്കത്തില്‍ കലാത്തിന്റെ സ്വതന്ത്രമായി നില്‍ക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചു. ഖാന്‍ ജിന്നയെ വിശ്വസിക്കുകയും ചെയ്തു. 1947 ഓഗസ്റ്റ് 15ന് കലാത്ത് സ്വതന്ത്ര്യം പ്രഖ്യാപിച്ചു.
പക്ഷേ വിപുലീകരണ ഭരണകൂടങ്ങളുടെ ഭീഷണി കാരണം കലാത്തിനെ സ്വതന്ത്രമായി തുടരാന്‍ അനുവദിക്കുന്നത് വളരെ അപകടകരമാണെന്ന് ബ്രിട്ടീഷുകാര്‍ ഭയപ്പെട്ടു. കലാത്തിനെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ അവര്‍ പാകിസ്ഥാനില്‍ സമ്മര്‍ദ്ദം ചെലുത്തി, അപ്പോള്‍ ജിന്ന കലാത്തിന് സ്വതന്ത്രമായി നില്‍ക്കാന്‍ നല്‍കിയ അനുമതിയില്‍ നിന്ന് പിന്നോക്കം പോയി.
advertisement
1947 ഒക്ടോബറില്‍ പാകിസ്ഥാനുമായുള്ള ലയനം വേഗത്തിലാക്കാന്‍ ജിന്ന ഖാനോട് നിര്‍ദേശിച്ചു. എന്നാല്‍, ഖാന്‍ അത് നിരസിച്ചു. 1948 മാര്‍ച്ച് 18ന് ഖരന്‍, മകരന്‍, ലാസ് ബേല എന്നിവയെ പാകിസ്ഥാനുമായി കൂട്ടിച്ചേർത്തതായി ജിന്ന പ്രഖ്യാപിച്ചു. അതിനിടെ ഖാന്‍ ഇന്ത്യക്കൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നതായുള്ള വ്യാജ വാര്‍ത്ത പരന്നു. അത് പാകിസ്ഥാനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ബലൂച് നേതാവിന് പാകിസ്താനില്‍ ചേരുകയല്ലാതെ മാര്‍ഗമില്ലാതാക്കി.
1954ല്‍ പാകിസ്ഥാന്‍ തങ്ങളുടെ പ്രവിശ്യകള്‍ പുനഃസംഘടിപ്പിക്കാന്‍ വണ്‍ യൂണിറ്റ് പദ്ധതി ആരംഭിച്ചപ്പോള്‍ രണ്ടാമത്തെ കലാപം പൊട്ടിപ്പുറപ്പെട്ടു. 1955ല്‍ ബലൂചിസ്ഥാന്‍ സ്റ്റേറ്റ് യൂണിയന്‍ പടിഞ്ഞാറന്‍ പാകിസ്ഥാന്‍ പ്രവിശ്യകളുമായി ലയിച്ചതോടെ അവഗണന കൂടുതല്‍ രൂക്ഷമായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 1958ല്‍ കലാത്തിന്റെ ഖാനായ നവാബ് നൗറോസ് ഖാന്‍ സ്വതന്ത്ര്യം പ്രഖ്യാപിച്ചു. എങ്കിലും 1959ല്‍ ഖാന്‍ സര്‍ക്കാരിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു.
advertisement
1970-കളില്‍, പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയതോടെ ബലൂചിസ്ഥാനും സ്വയംഭരണത്തിനായുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മുന്നോട്ട് വന്നു. എന്നാല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ ഇതിനോട് വിസമ്മതിച്ചു, ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമാവുകയും 1973-ല്‍ ബലൂചിസ്ഥാനിലെ അക്ബര്‍ ഖാന്‍ ബുഗ്തി പ്രവിശ്യാ സര്‍ക്കാരിനെ പിരിച്ചുവിടാന്‍ അന്നത്തെ പ്രധാനമന്ത്രിയെ നിര്‍ബന്ധിതനാക്കുകയും ചെയ്തു.
2000-കളുടെ മധ്യത്തില്‍ ബലൂചിസ്ഥാനിലെ ഒരു വനിതാ ഡോക്ടറെ സൈനിക ഉദ്യോഗസ്ഥര്‍ ബലാത്സംഗം ചെയ്തതിനെത്തുടര്‍ന്ന് വീണ്ടും സംഘര്‍ഷം ആരംഭിച്ചു.
പതിറ്റാണ്ടുകളായി ബലൂചിസ്ഥാന്‍ ജനത സ്വയംഭരണത്തിനോ സ്വാതന്ത്ര്യത്തിനോ വേണ്ടി പോരാടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അതിനാല്‍ തന്നെ അതിര്‍ത്തിയുടെ ഇരുവശത്തും അവര്‍ ആക്രമാസക്തമായ അടിച്ചമര്‍ത്തലുകള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. പാകിസ്ഥാനില്‍ ഇത്തരം ശ്രമങ്ങള്‍ രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമായി കണക്കാക്കുന്നു. മറുവശത്ത് ഇറാനില്‍ ഷിയ ഭൂരിപക്ഷമുള്ള ഒരു രാജ്യത്ത് ബലോച് സുന്നി മുസ്ലിം ന്യൂനപക്ഷമായതിനാല്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാണ്.
advertisement
ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് പാകിസ്ഥാനില്‍ 2011 മുതല്‍ 10,000ല്‍പരം ബലോചുകള്‍ അപ്രത്യക്ഷരായിട്ടുണ്ട്.
ഏറ്റവും വലുതും കുറഞ്ഞ ജനസംഖ്യയുള്ളതും ഏറ്റവും ദരിദ്രവുമായ പാക് പ്രവിശ്യയമാണ് ബലൂചിസ്താന്‍. ജനസംഖ്യയുടെ 70 ശതമാനവും ദരിദ്രരായി കണക്കാക്കുന്നു.
സ്വര്‍ണം, വജ്രം, വെള്ളി, ചെമ്പ് തുടങ്ങിയ പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് ഈ പ്രവിശ്യ. തദ്ദേശീയ ജനതയുടെ ഉടമസ്ഥതയിലുള്ള ഈ വിഭവങ്ങള്‍ സര്‍ക്കാര്‍ ചൂഷണം ചെയ്യുകയാണെന്ന് ബലൂച് ജനത അവകാശപ്പെടുന്നു.
ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി എന്നാല്‍ എന്ത്?
2000ന്റെ തുടക്കത്തിലാണ് ബിഎല്‍എ രൂപീകൃതമായത്. ഏറ്റവും വലിയ ബലൂചിസ്ഥാന്‍ തീവ്രവാദ സംഘടനയാണത്. കൂടാതെ ബലൂചിസ്ഥാന് സ്വാതന്ത്ര്യം നല്‍കാനും ചൈനയെ പാകിസ്ഥാനില്‍ നിന്ന് പുറത്താക്കാനും വേണ്ടി പതിറ്റാണ്ടുകളായി പാകിസ്ഥാന്‍ സര്‍ക്കാരിനെതിരേ കലാപം നടത്തി വരികയാണ് ഇവര്‍.
പാക് സുരക്ഷാ സേനയെയും ചൈനീസ് പദ്ധതിയായ ചൈന-പാക് സാമ്പത്തിക ഇടനാഴിയെയും ലക്ഷ്യമിട്ട് ബിഎല്‍എ തീവ്രവാദ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.
ബലൂചിസ്ഥാന്‍ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത് എങ്ങനെ?
1999ല്‍ പര്‍വേസ് മുഷറഫിനെ പാകിസ്ഥാനില്‍ അധികാരത്തിലെത്തിച്ച സൈനിക അട്ടിമറി ബലൂചിസ്ഥാന്‍ ജനതയ്ക്കിടയില്‍ അകല്‍ച്ച വര്‍ധിപ്പിച്ചു. കാരണം, രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം 45 ശതമാനം വരുന്ന പാകിസ്ഥാനിലെ പ്രധാനപ്പെട്ട പഞ്ചാബികളുടെ താത്പര്യങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നതിനാല്‍ സൈന്യത്തില്‍ ബലൂച് വിഭാഗത്തിന് പ്രാതിനിധ്യം കുറവാണെന്ന് അവര്‍ കരുതുന്നു.
2002ല്‍ ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഗ്വാദര്‍ എന്ന മെഗാ തുറമുഖത്തിന്റെ നിര്‍മാണമാണ് ബലൂച് ജനതയുടെ പ്രധാന പരാതി. ഏറെ പ്രധാന്യമുള്ള പദ്ധതിയായിരുന്നിട്ടും പാകിസ്ഥാന്‍ സര്‍ക്കാര്‍ ഗ്വാദര്‍ വികസന പ്രക്രിയയില്‍ നിന്ന് ബലൂചികളെ ഒഴിവാക്കിയതായി അവർ ആരോപിച്ചു. പദ്ധതി പൂര്‍ണമായും ഫെഡറല്‍ സര്‍ക്കാരിന്റെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. തദ്ദേശീയരെ ആശ്രയിക്കുന്നതിന് പകരം ചൈനീസ് എഞ്ചിനീയര്‍മാരെയും തൊഴിലാളികളെയുമാണ് അവര്‍ കൂടുതലായി ആശ്രയിക്കുന്നത്.
ബലൂചിനും പാകിസ്ഥാന്‍ സര്‍ക്കാരിനും ഇടയില്‍ സംഘര്‍ഷത്തിന് ഇടയാക്കിയ മറ്റൊരു കാര്യം 2006ല്‍ പാക് സൈന്യം അവരുടെ നേതാവ് നവാബ് അക്ബര്‍ ബുഗ്തയെ കൊലപ്പെടുത്തിയതാണെന്ന് ദ ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് റിവ്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.
2008ല്‍ മുഷറഫിന്റെ സൈനിക സര്‍ക്കാരില്‍ നിന്ന് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ജനാധിപത്യ സര്‍ക്കാരിലേക്കുള്ള മാറ്റം ബലൂച് ജനതയെ സംതൃപ്തരാക്കിയില്ല.
2009ല്‍ 792 ആക്രമണങ്ങള്‍ ഉണ്ടായി. ഇതിന്റെ ഫലമായി 386 പേര്‍ മരിച്ചു. ഏകദേശം 92 ശതമാനം ആക്രമണങ്ങളും ബലൂച് തീവ്രവാദികളുമായി ബന്ധപ്പെട്ടതായിരുന്നു. 2010ല്‍ അക്രമങ്ങള്‍ വര്‍ധിച്ചു. 730 ആക്രമങ്ങളാണ് നടന്നത്. അതില്‍ 600 പേര്‍ മരിച്ചു.
അഫ്ഗാനിസ്ഥാനിലെ യുഎസിന്റെ നേതൃത്വത്തിലുള്ള യുദ്ധമാണ് അടുത്തകാലത്തെ സംഘര്‍ഷങ്ങളുടെ പ്രധാന കാരണം. അത് ബലൂചികളെ രണ്ടുതരത്തില്‍ ബാധിച്ചു. ഒന്ന് യുദ്ധം മൂലം അഫ്ഗാനിസ്താനില്‍ നിന്ന് പഷ്തൂണ്‍ അഭയാര്‍ഥികളുടെ ബലൂചിസ്ഥാനിലേക്കുള്ള ഒഴുക്കിന് കാരണമായി. ഇത് സ്വന്തം പ്രവിശ്യയില്‍ ബലൂച് ജനസംഖ്യ കുറയാന്‍ ഇടയാക്കി. രണ്ടാമതായി തീവ്രഭീകരവാദികളുടെ കടന്നുകയറ്റം പ്രവിശ്യയിലേക്ക് കൂടുതല്‍ സൈനികരെയും അര്‍ധസൈനികരെയും കൊണ്ടുവരാന്‍ കാരണമായി. അത് ബലൂച് ദേശീയവാദികളെ അസ്വസ്ഥരാക്കി. അഫ്ഗാനിസ്താനില്‍ നിന്ന് പാലായനം ചെയ്ത് എത്തിയ നിരവധി താലിബാന്‍ സൈനികര്‍ ബലൂചിസ്ഥാനില്‍ സ്ഥിരതാമസമാക്കിയിട്ടുണ്ട്. പ്രവിശ്യ തലസ്ഥാനമായ ക്വറ്റ അല്‍ഖ്വയ്ദയുടെയും പാകിസ്താനിലെ താലിബാന്റെയും ആസ്ഥാനമായി മാറിയിട്ടുണ്ട്.
ജനുവരിയില്‍ പാകിസ്ഥാനെതിരേ ആക്രമണങ്ങള്‍ നടത്താന്‍ ഇറാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ ഉപയോഗിക്കുന്നതിനെച്ചൊല്ലി പാകിസ്ഥാന്‍ നടത്തിയ ആരോപണങ്ങളുടെ കേന്ദ്രമായിരുന്നു ബിഎല്‍എ. ഇത് ഇറാനെയും പാകിസ്ഥാനെയും യുദ്ധത്തിന്റെ വക്കിലെത്തിയ പ്രത്യാക്രമണങ്ങള്‍ക്ക് കാരണമായി.
ബിഎല്‍എ ശക്തിപ്രാപിക്കുന്നു
അവരെ നേരിടുന്നതില്‍ പാകിസ്ഥാന്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നതും കാലഹരണപ്പെട്ട തന്ത്രങ്ങളെ ആശ്രയിക്കുന്നതും ബിഎല്‍എ ശക്തിപ്പെടുന്നതിന് കാരണമാണെന്ന് വിദഗ്ധര്‍ പറയുന്നു.
വ്യക്തികളെ ലക്ഷ്യം വയ്ക്കുകയോ പൈപ്പ്‌ലൈനുകള്‍ അട്ടിമറിക്കുകയോ പോലെയുള്ള ചെറിയ തോതിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതില്‍നിന്ന് വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ബിഎല്‍എ വളര്‍ന്നതായി വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ബലൂചിസ്ഥാന്‍ സ്‌പെഷ്യലിസ്റ്റ് മാലിക് സിറാജ് അക്ബര്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
തീവ്രവാദികള്‍ക്ക് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ നേരിട്ടുള്ള നിയന്ത്രണം നല്‍കിക്കൊണ്ട് ബിഎല്‍എ അതിന്റെ കമാന്‍ഡ് ഘടനയും ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് ബലൂചിസ്ഥാന്‍ കാര്യങ്ങളില്‍ വൈദഗ്ദ്ധ്യമുള്ള രാഷ്ട്രീയ വിശകലന വിദഗ്ധന്‍ റാഫിയുള്ള കക്കര്‍ അല്‍ ജസീറയോട് പറഞ്ഞു.
അടുത്തിടെ ബലൂച് അക്രമത്തില്‍ വലിയ തോതിലുള്ള വര്‍ദ്ധനവിന് സാക്ഷ്യം വഹിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം, കലാത്ത് നഗരത്തില്‍ നടന്ന ബിഎല്‍എ ആക്രമണത്തില്‍ കുറഞ്ഞത് 18 സൈനികരെങ്കിലും കൊല്ലപ്പെട്ടു. ഈ മാസം ആദ്യം കലാത്തില്‍ തന്നെ ഒരു വനിതാ ചാവേര്‍ ബോംബര്‍ സ്വയം പൊട്ടിത്തെറിച്ചു, ഒരു നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടിരുന്നു.
ജാഫര്‍ എക്‌സ്പ്രസ് അവര്‍ നിരവധി തവണ ലക്ഷ്യമിട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം, ബിഎല്‍എ പോരാളികള്‍ ട്രാക്കിന്റെ ഒരു ഭാഗം നശിപ്പിച്ചിരുന്നു. ഇത് രണ്ട് മാസത്തേക്ക് ട്രെയിന്‍ ഗതാഗതം തടസ്സപ്പെടാന്‍ കാരണമായി.
നവംബറില്‍, ക്വെറ്റയിലെ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് നടന്ന ഒരു ചാവേര്‍ ആക്രമണത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കുറഞ്ഞത് 30 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ഇത്തരം ആക്രമണങ്ങളുടെയും പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികാര നടപടികളുടെയും ആഘാതം സമാധാനപരമായ പ്രവര്‍ത്തകരാണ് അനുഭവിക്കേണ്ടിവരുന്നതെന്ന് വിശകലന വിദഗ്ധര്‍ ഭയപ്പെടുന്നു.
Click here to add News18 as your preferred news source on Google.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Explained/
പാകിസ്ഥാനിലെ ട്രെയിന്‍ തട്ടിക്കൊണ്ടുപോകൽ; ബലൂചിസ്ഥാനിലെ സായുധ കലാപത്തിന്റെ പിന്നാമ്പുറം
Next Article
advertisement
ജർമ്മനിയിൽ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശത്തിനെതിരായി ബിജെപി
ജർമ്മനിയിൽ രാഹുല്‍ ഗാന്ധി നടത്തിയ പരാമർശത്തിനെതിരായി ബിജെപി
  • ജർമ്മനിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി ശക്തമായി വിമർശനം ഉന്നയിച്ചു

  • ഭരണഘടന ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതായും രാഹുൽ ആരോപിച്ചു

  • രാഹുൽ ഗാന്ധി ഇന്ത്യയുടെ ജനാധിപത്യത്തെ ആഗോള സ്വത്തായി വിശേഷിപ്പിച്ച് തിരഞ്ഞെടുപ്പ് നീതിയുക്തത ചോദ്യം ചെയ്തു.

View All
advertisement