Malaria | ഇന്ത്യയുടെ മലേറിയ നിർമാർജ്ജന മാർഗങ്ങൾ ലോകത്തിനു തന്നെ മാതൃകയായേക്കാമെന്ന് യുഎസ് ആരോഗ്യ വിദഗ്ദ്ധർ
- Published by:Amal Surendran
- news18-malayalam
Last Updated:
ലോകമെമ്പാടും മലേറിയ ഇല്ലാതാക്കുന്നതിന് എന്തെല്ലാം തന്ത്രങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കണം എന്നത് ലോകത്തിന് കാട്ടിക്കൊടുക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് വില്ലിസ് .
മലേറിയ (Malaria) രാജ്യത്തു നിന്നും പൂർണമായും തുടച്ചു നീക്കാൻ ഇന്ത്യ സ്വീകരിക്കുന്ന മാർഗങ്ങൾ വൈകാതെ ലോകത്തിനു തന്നെ മാതൃകയായേക്കാമെന്ന് അമേരിക്കൻ ആരോഗ്യ വിദഗ്ദ്ധർ. വാഷിംഗ്ടൺ ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ 'മലേറിയ നോ മോറി'ൻ്റെ (Malaria No More) മാനേജിംഗ് ഡയറക്ടറായ കെല്ലി വില്ലിസ് ആണ് ഇക്കാര്യം ന്യൂസ് 18-നോട് വെളിപ്പെടുത്തിയത്. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ, മലേറിയ കാരണമുള്ള മരണം ഏകദേശം 80 ശതമാനം കുറയ്ക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
“2015-ൽ ഇന്ത്യയിൽ 384 പേർ മലേറിയ ബാധിച്ച് മരിച്ചു, ഇതുമായി താരതമ്യം ചെയ്യുമ്പോൾ 2021-ൽ 90 മരണങ്ങൾ മാത്രമേ നടന്നിട്ടുള്ളൂ. ഈ കണക്കുകളുടെ അടിസ്ഥാനത്തിൽ വെറും അഞ്ച് വർഷത്തിനുള്ളിൽ മാത്രം ഏകദേശം 80 ശതമാനത്തിൻ്റെ കുറവുണ്ടായി. മലേറിയ ബാധിച്ചവരുടെ എണ്ണം 2015-ൽ 12 ലക്ഷം ഉണ്ടായിരുന്നത് 2021-ൽ വെറും 1.5 ലക്ഷമായി കുറഞ്ഞതായും ഡാറ്റ പറയുന്നു,” വില്ലിസ് പറഞ്ഞു.
ലോകമെമ്പാടും മലേറിയ ഇല്ലാതാക്കുന്നതിന് എന്തെല്ലാം തന്ത്രങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കണം എന്നത് ലോകത്തിന് കാട്ടിക്കൊടുക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് വില്ലിസ് ന്യൂസ് 18-നോട് പറഞ്ഞു.
advertisement
2015-ൽ മലേഷ്യയിൽ നടന്ന കിഴക്കൻ ഏഷ്യ സമ്മേളനത്തിലെ (East Asia Summit) ഏഷ്യാ പസഫിക് ലീഡേഴ്സ് മലേറിയാ അലയൻസിൽ (Asia Pacific Leaders Malaria Alliance) വെച്ച് മലേറിയ നിർമാർജനത്തിനുള്ള മാർഗങ്ങൾ മുന്നോട്ടു വെച്ച 18 ലോക നേതാക്കന്മാരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉണ്ടായിരുന്നു. 2030-ഓടെ മേഖല മലേറിയാ വിമുക്തമാകണമെന്ന് സഖ്യ നേതൃത്വം തീരുമാനമെടുത്തത് ഇവിടെവെച്ചാണ്.
മലേറിയ പൂർണ്ണമായും ഇല്ലാതാക്കാൻ ഇന്ത്യയ്ക്ക് മുന്നിലുള്ളത് അഞ്ച് വർഷമാണ്. 2027 മുതൽ 2030 വരെ രോഗബാധ പൂജ്യമാണെന്ന് തെളിയിക്കേണ്ടതുണ്ട്.
advertisement
മലേറിയ ദാരിദ്ര്യത്തിനും കാരണമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇന്ത്യയിലെ മലേറിയ കേസുകൾ മിക്കതും ഉണ്ടാകുന്നത് ഒഡീഷ പോലുള്ള സംസ്ഥാനങ്ങളിലാണ്. പരിശോധിക്കപ്പെടാതെ പോകുന്ന മറ്റനേകം കേസുകളുമുണ്ട്.
ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർ പ്രദേശിൽ മുൻപ് മലേറിയ കൂടുതലായിരുന്നെന്നും ഇപ്പോൾ അതിൽ കാര്യമായ കുറവുണ്ടായതായും വില്ലിസ് പറഞ്ഞു. ഛത്തീസ്ഖഡ്, പശ്ചിമ ബംഗാൾ, ഒഡീഷ, മഹാരാഷ്ട്ര, ഝാർഖണ്ഡ് എന്നിവയാണ് നിലവിൽ ഏറ്റവും കൂടുതൽ മലേറിയ റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങൾ.
advertisement
രോഗം ബാധിക്കാനിടയുള്ള മേഖലകളിലെ ജനങ്ങൾക്ക് ശരിയായ സന്ദേശം നൽകുന്നതാണ് പ്രധാനം. മലേറിയ നിർമ്മാർജ്ജനത്തിനായുള്ള ഇന്ത്യയുടെ ദേശീയ പദ്ധതി തയ്യാറായി വരികയാണെന്നും ലോകാരോഗ്യ സംഘടനയും ബിൽ ആൻ്റ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനും പോലുള്ള മറ്റു പല സംഘടനകളും ഇക്കാര്യത്തിൽ ആരോഗ്യ മന്ത്രാലയത്തെ സഹായിക്കുന്നുണ്ടെന്നും വില്ലിസ് പറഞ്ഞു. മലേറിയയിൽ നിന്ന് സ്വയം പരിരക്ഷിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് ജനങ്ങളെ തുടർച്ചയായി ബോധവത്കരിക്കുകയും അവർക്ക് സന്ദേശങ്ങൾ നൽകുകയും ചെയ്യുന്നതാണ് മുന്നോട്ട് പോകുമ്പോൾ സ്വീകരിക്കേണ്ട പ്രധാന തന്ത്രമെന്ന് അവർ കൂട്ടിച്ചേർത്തു.
advertisement
കൊതുകുകൾ ഉറങ്ങുന്ന സമയത്ത് അവയെ കൊന്നുകളയുന്ന കീടനാശിനി വീടിനുള്ളിൽ തളിക്കാൻ അനുവദിക്കുന്നതിലൂടെ ഓരോ വീട്ടുകാർക്കും മലേറിയയ്ക്ക് എതിരായ പോരാട്ടത്തിൽ പങ്കാളികളാകാൻ കഴിയും. “കൊതുകടി കൊള്ളാതിരിക്കുക എന്നതാണ് ആളുകൾക്ക് ചെയ്യാവുന്ന അടിസ്ഥാനപരമായ കാര്യം, ഈ സന്ദേശം ആളുകളിലേക്ക് എത്തിക്കുന്നത്, ഏറ്റവും ഉൾനാടൻ ഗ്രാമങ്ങളിൽ താമസിക്കുന്നവരിലേക്കും രോഗബാധയുണ്ടാകാൻ സാധ്യതയുള്ളവരിലേക്കും ഈ സന്ദേശം എത്തിക്കുന്നത് വളരെ പ്രധാനമാണ്,” വില്ലിസ് അഭിപ്രായപ്പെട്ടു.
advertisement
ആശാ പ്രവർത്തകർക്ക് പുറമേ 265 പേരുടെ അധിക സംഘത്തെ 'മലേറിയാ നോ മോർ' നിയോഗിച്ചിട്ടുണ്ട്. വിദൂര പ്രദേശങ്ങളിലുള്ള, എത്തിച്ചേരാൻ പ്രയാസമുള്ള സ്ഥലങ്ങളിലെ ജനങ്ങളെ ബോധവത്കരിക്കുന്ന പ്രവർത്തനത്തിലാണ് ഇവർ ഏർപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം മലേറിയ തിരിച്ചറിയാനുള്ള വേഗത്തിലുള്ള പരിശോധനകൾ നടത്തുകയും രോഗത്തെ പ്രതിരോധിക്കാനുള്ള മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. വളരെ വിദൂര പ്രദേശങ്ങളിൽ പോലും പോയി ഇക്കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന സംഘത്തെ ഉണ്ടാക്കിയെടുക്കേണ്ടത് പ്രധാനമാണെന്ന് വില്ലിസ് പറയുന്നു.
ആവശ്യത്തിന് ബജറ്റ് ഉണ്ടാകണം
നിശ്ചിത സമയക്രമത്തിനുള്ളിൽ മലേറിയ തുടച്ചുനീക്കുന്നതിന്, കേന്ദ്ര സർക്കാർ കൃത്യമായ പദ്ധതികൾ ആവിഷ്കരിക്കണമെന്നും വില്ലിസ് പറഞ്ഞു. പ്രധാന മന്ത്രി നരേന്ദ്ര മോദി ഈ ലക്ഷ്യത്തെ കുറിച്ച് ആവർത്തിച്ച് ഓർമ്മിപ്പിച്ചിട്ടുണ്ട്.
advertisement
“എങ്കിലും ഇത് സാധ്യമായ ലക്ഷ്യമാണെന്ന് നമ്മൾ എല്ലാവരെയും ഓർമ്മിച്ചുകൊണ്ടിരിക്കണം, ഇതിൽ ശ്രദ്ധിക്കുകയും വേണം. ഇതിനായി കൂടുതൽ ബജറ്റ് ഉണ്ടാകണം,” വില്ലിസ് പറഞ്ഞു.
മലേറിയയ്ക്ക് എതിരായ ഫണ്ടിംഗ് ആഗോള തലത്തിലും സർക്കാർ തലത്തിലും 2018-2019 കാലയളവിൽ വർദ്ധിച്ചതായും 2020-ന് ശേഷം ഇതിൽ കുറവ് വന്നതായും കണക്കുകൾ ചൂണ്ടിക്കാട്ടി വില്ലിസ് വ്യക്തമാക്കി.
പുതിയ സാങ്കേതികവിദ്യകൾ
മലേറിയ നിർമാർജ്ജന യജ്ഞത്തിൽ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിൽ ഇന്ത്യയ്ക്ക് വഴികാട്ടിയാകാനുള്ള അവസരമുണ്ടെന്നാണ് വില്ലിസിൻ്റെ അഭിപ്രായം. പുതു തലമുറ വാക്സിൻ ഫലപ്രദമാണെന്ന് കണ്ടാൽ ഇന്ത്യ എത്ര പെട്ടെന്ന് ഒരു മാസ് വാക്സിനേഷൻ പദ്ധതി ആരംഭിക്കുമെന്നും വില്ലിസ് ചോദിച്ചു.
മലേറിയ നോ മോർ ഉപയോഗിക്കുന്ന വിവിധ സാങ്കേതികവിദ്യകളുണ്ട്. ഡാറ്റ, അനലിറ്റിക്സ്, ഫോർകാസ്റ്റിംഗ് സാങ്കേതികവിദ്യയാണ് ഇതിൽ പ്രധാനം. ഇതിൽ, മലേറിയ വ്യാപനം മുൻകൂട്ടി കാണാനായി കാലാവസ്ഥാ ഡാറ്റ, നിരീക്ഷണ ഡാറ്റ, ഒരുകൂട്ടം മറ്റു ഡാറ്റ എന്നിവ ഉപയോഗിക്കുന്നു.
സ്വന്തം പദ്ധതികൾ രൂപപ്പെടുത്താൻ ഇത് സർക്കാരുകൾക്ക് വളരെ ഉപകാരപ്രദമാണ്. മലേറിയ വ്യാപനം പ്രവചിക്കാനും പ്രതിരോധിക്കാനും അതിനായി പദ്ധതി തയ്യാറാക്കാനും തങ്ങൾ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ചില സാങ്കേതി വിദ്യകൾ ഉപയോഗിക്കുന്നതായി വില്ലിസ് പറയുന്നു. വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ഡാറ്റയാണ് ഇവ സൃഷ്ടിക്കുക. വേഗത്തിൽ രോഗ നിർണ്ണയം നടത്തി മലേറിയാ പ്രതിരോധ മരുന്നുകൾ ലഭ്യമാക്കാൻ ഇത് സർക്കാരുകളെ സഹായിക്കും.
ഒഡീഷയിൽ രൂപം കൊടുത്ത, പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ച സാങ്കേതിക വിദ്യയാണിത്. മുൻപ് അന്താരാഷ്ട്ര സ്ഥാപനമായ ഐബിഎമ്മിൽ നിന്നുള്ള ഡാറ്റ ഇതിനായി ഉപയോഗിച്ചിരുന്നു. നിലവിൽ, ഐഎംഡി ഡാറ്റ കാര്യക്ഷമമാണെന്ന് കണ്ടെത്തിയതിനാൽ പുറത്തുനിന്നുള്ള ഡാറ്റ ഉപയോഗിക്കുന്നില്ല.
രോഗപ്രതിരോധത്തിന്റെയും നിയന്ത്രണത്തിന്റെയും ആവശ്യകത ഉയര്‍ത്തിക്കാട്ടുന്നതിനായി എല്ലാ വര്‍ഷവും ഏപ്രില്‍ 25ന് ലോക മലേറിയ ദിനമായി ആചരിക്കുന്നുണ്ട്. രോഗാണുവാഹകരായ പെണ്‍ അനോഫെലിസ് കൊതുക് കടിയ്ക്കുന്നതിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്. രോഗം ബാധിച്ച കൊതുകുകള്‍ പ്ലാസ്‌മോഡിയം പരാന്നഭോജിയെ വഹിക്കുന്നവയാണ്. ഈ കൊതുകിന്റെ കടിയേറ്റാല്‍ പരാന്നഭോജികള്‍ മനുഷ്യരുടെ രക്തത്തിലേക്ക് പ്രവേശിക്കുകയും രോഗ ബാധിതനാകുകയും ചെയ്യുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 11, 2022 3:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Malaria | ഇന്ത്യയുടെ മലേറിയ നിർമാർജ്ജന മാർഗങ്ങൾ ലോകത്തിനു തന്നെ മാതൃകയായേക്കാമെന്ന് യുഎസ് ആരോഗ്യ വിദഗ്ദ്ധർ