കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകരാർ കണ്ടെത്തിയതിനെ തുടർന്നു വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.15നാണ് തിരുവനന്തപുരത്ത് സുരക്ഷിതമായി ലാൻഡ് ചെയ്തത്. പിന്നീട് വൈകിട്ടോടെ യാത്രക്കാരുമായി അതേ വിമാനം ദമാമിലേക്ക് പറക്കുകയും ചെയ്തു. ഈ സംഭവവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് വ്യോമമേഖലയിലെ വിദഗ്ധൻ മറുപടി നൽകുന്നു
ഏതായിരുന്നു വിമാനം?
ബോയിങ് 737 800 NG എയര്‍ ക്രാഫ്റ്റ്. സീറ്റിങ് കപ്പാസിറ്റി 189
എത്രപ്രരുണ്ടായിരുന്നു?
ഇന്നലെ രാവിലെ 9.45ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദമാമിലേക്ക് പറന്ന എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ 176 യാത്രക്കാരും 6 ജീവനക്കാരുമാണുണ്ടായിരുന്നത്.
തകരാറ് ആദ്യം റിപ്പോർട്ട് ചെയ്തത് ആര്?
റൺവേയിൽ നിന്ന് പറന്നുയർന്ന് 10 മിനിറ്റിനുള്ളിൽ തന്നെ വിമാനത്തിനുണ്ടായ ചെറിയ സ്ക്രാച്ച് ആദ്യം എയര്‍ ട്രാഫിക് കൺട്രോളറെ അറിയിച്ചത് പൈലറ്റ് തന്നെയാണ്. അപ്പോൾ തന്നെ നടത്തിയ പരിശോധനയിൽ റൺവേയിൽ ഉരഞ്ഞതിന്റെ ചെറിയ സ്ക്രാച്ച് കണ്ടെത്തി. ഈ സമയം വിമാനം പറന്നുയർന്നു കഴിഞ്ഞിരുന്നു
എന്തുകൊണ്ട് കരിപ്പൂരിൽ തിരിച്ചിറക്കിയില്ല?
കരിപ്പൂർ വിമാനത്താവളത്തിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ രാവിലെ 10 മുതൽ 6 വരെ വിമാന താവളം അടച്ചിടും.NOTAM എന്നാണ് ഇതിന് പറയുന്നത്. വിമാനം അവിടെ തിരിച്ചിറങ്ങിയിരുന്നുവെങ്കിൽ തുടർ യാത്ര വൈകുമായിരുന്നു.
പറക്കാൻ തക്ക പ്രശ്നം വിമാനത്തിനുണ്ടായിരുന്നോ?
എങ്കിലും റൺവേയിൽ ഉരഞ്ഞതിനെ തുടർന്നുള്ള ആഘാതം എത്രത്തോളം ഉണ്ടെന്ന് മനസ്സിലാക്കേണ്ടത് ആവശ്യമാണ്
പിന്നെ എന്തുകൊണ്ട് ദമാമിലേക്ക് പറന്നില്ല?
ദമാമിലേക്ക് പറക്കാനും വിമാനത്തിന് പ്രശ്നമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ അവിടെ ലാൻഡ് ചെയ്തശേഷം എന്തെങ്കിലും രീതിയിലുള്ള അറകുറ്റപ്പണികൾ വേണ്ടിവന്നാൽ എയർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതു വളരെ വലിയ നഷ്ടമുണ്ടാക്കും. അതുകൊണ്ടാണ് അതിനുസൗകര്യമുള്ള ഇടം കണക്കാക്കി ലാൻഡിങ് നടത്തിയത്.
കൊച്ചിയിൽ ഇറക്കാതെ എന്തുകൊണ്ട് തിരുവനന്തപുരം?
അറ്റകുറ്റപ്പണികൾ നടത്തേണ്ടിവന്നാൽ എയർ ഇന്ത്യ എഞ്ചിനിയറിങ് സർവീസസ് ലിമിറ്റഡ് സമീപത്തുള്ളത് പരിഗണിച്ചാണ് തിരുവനന്തപുരത്ത് വിമാനം ലാൻഡിങ് നടത്താൻ തീരുമാനിച്ചത്. കൊച്ചിയിലാകട്ടെ അവരുടെ ഹാങ്ങർ യൂണിറ്റ് നിലവിലില്ല.
എമർജൻസി ലാൻഡിങ് ആയിരുന്നോ?
വിമാനം തിരുവനന്തപുരത്ത് എമർജൻസി ലാൻഡിങ് നടത്തുകയായിരുന്നില്ല. സാധാരണ ലാൻഡിങ് ആണ് നടന്നത്. അടിയന്തര ലാൻഡിങ്ങ് ആണ് നടത്തുന്നതെങ്കിൽ ഇതിന് മുൻപ് പൈലറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കും.
ഇന്ധനം ഒഴുക്കി കളഞ്ഞോ?
ഇന്ധനം ഒഴുക്കി കളയുകയല്ല. സുരക്ഷിതമായി ഇറങ്ങാൻ പാകത്തിൽ ഇന്ധനഭാരം കുറയ്ക്കുന്നതിനായി അവശേഷിക്കുന്ന ഇന്ധനം ചെലവാക്കി കളയുകയാണ് ചെയ്യുക. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള ആകാശദൂരം 45 മിനിറ്റ് മാത്രമാണ്. എന്നാൽ വിമാനം രണ്ടര മണിക്കൂർ ആകാശത്ത് ചെലവിട്ടത് ഇന്ധന ഭാരം കുറച്ച് ലാൻഡിങ്ങിന് അനുയോജ്യമായ രീതിയിൽ എത്തിക്കുന്നതിന് വേണ്ടിയാണ്.
വിമാനത്തിന് സാരമായ കേടുപാടുണ്ടോ?
വിമാനം പറന്നുയർന്നപ്പോൾ വാൽഭാഗം തറയിൽ മുട്ടിയെന്നായിരുന്നു സംശയം. എന്നാൽ തുടർന്ന് നടത്തിയ പരിശോധനയിൽ എയർക്രാഫ്റ്റിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് കണ്ടെത്തി. കാറുകൾക്ക് ചെറിയ തട്ടുകളിൽ നിന്നും സംരക്ഷണം നൽകുന്ന ബംപർ പോലെ വിമാനത്തിന്റെ ഭാഗമായ ക്രഷബിൾ കാറ്റ്റിഡ്ജിന് മാത്രമാണ് തകരാറ് സംഭവിച്ചത്. ഇടിയേൽക്കാതെ വിമാനത്തെ സംരക്ഷിക്കുന്നതിനായി തന്നെ ഡിസൈൻ ചെയ്തതാണ് ഈ കാറ്റ്റിഡ്ജും.
പൈലറ്റിനെ ഒഴിവാക്കിയോ?
പൈലറ്റുമാർക്കും ക്രൂവിനും യാത്രാ സമയമുണ്ട്. അതുകഴിഞ്ഞാൽ ഒരു മിനിറ്റ് പോലും പിന്നെ അവര്‍ക്ക് ഡ്യൂട്ടിയിൽ തുടരാനാകില്ല.
നടപടിയെടുത്തോ?
സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. അന്വേഷണ കാലയളവിൽ ഇരു പൈലറ്റുമാരേയും ഡ്യൂട്ടിയിൽ നിന്ന് മാറ്റി നിർത്തുന്ന നടപടിക്രമം ഇക്കാര്യത്തിലും നടപ്പാക്കിയിട്ടുണ്ട്.
യാത്രക്കാരെ പരിഭ്രാന്തരാക്കിയോ?
യാത്രക്കാർ പരിഭ്രാന്തരാകേണ്ട സാഹചര്യം ഒന്നുംതന്നെ ഉണ്ടായില്ല. വിവരങ്ങൾ യഥാസമയം യാത്രക്കാരെ കൃത്യമായി അറിയിച്ചിരുന്നു
എല്ലാ പ്രോട്ടോകോളും പാലിച്ചോ?
വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ല. സുരക്ഷാ നടപടിക്രമങ്ങളും പ്രോട്ടോകോളും കൃത്യമായി പാലിച്ചിരുന്നു
യാത്രക്കാര്‍ എപ്പോ മടങ്ങി?
തിരുവനന്തപുരത്ത് യാത്രക്കാർക്ക് എല്ലാവിധ സൗകര്യവും ഒരുക്കിയിരുന്നു. രണ്ട് മണി മുതല്‍ നാലുവരെ റൺവേ അടച്ചിട്ടിരുന്നു. അതിനുശേഷം 5.18ന് വിമാനം ദമാമിലേക്ക് യാത്രക്കാരുമായി പറന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.