എന്താണ് ഡെൽറ്റ ഫോഴ്‌സ് ? വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക യൂണിറ്റ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
അപകടകരമായ മേഖലകൾ സന്ദർശിക്കുന്ന യുഎസ് പ്രസിഡന്റുമാർക്ക് സുരക്ഷയൊരുക്കുന്നതിനും ഡെൽറ്റ ഫോഴ്സിനെ നിയോഗിക്കാറുണ്ട്
വെനസ്വേലയ്‌ക്കെതിരെ അമേരിക്കൻ സൈന്യം വലിയ ആക്രമണം നടത്തിയതായും പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യയെയും പിടികൂടിയതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സ്ഥിരീകരിച്ചിരുന്നു. തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെയാണ് മഡുറോയെ പിടികൂടിയെന്നും രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപൊയെന്നും ട്രംപ് ലോകത്തിന് മുന്നിൽ വെളിപ്പെടുത്തിയത്.
advertisement
ഔദ്യോഗിക വൃത്തങ്ങൾ അറസ്റ്റിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും യുഎസ് സൈന്യത്തിലെ എലൈറ്റ് വിഭാഗമായ ഡെൽറ്റ ഫോഴ്സാണ് നിക്കോളാസ് മഡുറോയെ പിടികൂടിയതെന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. മഡുറോയെ കസ്റ്റഡിയിലെടുക്കുന്നതിൽ യുഎസ് നിയമ നിർവ്വഹണ ഏജൻസികളും പങ്കാളികളായെന്ന് ട്രംപ് സൂചിപ്പിച്ചെങ്കിലും ഏതൊക്കെ ഏജൻസികളാണ് ഓപ്പറേഷനു പിന്നിൽ പ്രവർത്തിച്ചതെന്ന് കൃത്യമായി വിശദീകരിച്ചില്ല.
advertisement
എന്താണ് ഡെൽറ്റാ ഫോഴ്സ്
കൗണ്ടർ ടെററിസം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന യുഎസ് ആർമിയുടെ വിഭാഗമാണ് ഡെൽറ്റ ഫോഴ്സ്. ഏറ്റവും രഹസ്യാത്മകവും കരുത്തുറ്റതുമായ സൈനിക വിഭാഗമായ ഇവരെ 1st സ്പെഷ്യൽ ഫോഴ്സ് ഓപ്പറേഷണൽ ഡിറ്റാച്ച്മെന്റ്-ഡെൽറ്റ (1st SFOD-D) എന്നാണ്ഔദ്യോഗികമായി അറിയപ്പെടുന്നത്. ശത്രുപക്ഷത്തെ പ്രധാന വ്യക്തികളെ പിടികൂടുക, വധിക്കുക, ഭീകരവാദ ശൃംഖലകൾ തകർക്കുക, ബന്ദികളെ മോചിപ്പിക്കുക, രഹസ്യ ദൗത്യങ്ങൾ നടത്തുക എന്നിവയാണ് ഇവരുടെ പ്രധാന ചുമതലകൾ. പലപ്പോഴും സിഐഎയുമായി ചേർന്ന് അതീവ രഹസ്യ സ്വഭാവമുള്ള ദൗത്യങ്ങളിൽ ഇവർ പങ്കാളികളാകാറുണ്ട്. അപകടകരമായ മേഖലകൾ സന്ദർശിക്കുന്ന യുഎസ് പ്രസിഡന്റുമാർക്ക് സുരക്ഷയൊരുക്കുന്നതിനും ഇവരെ ഉപയോഗിക്കാറുണ്ട്. ജോയിന്റ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന് (JSOC) കീഴിലാണ് ഡെൽറ്റ ഫോഴ്സ് പ്രവർത്തിക്കുന്നത്.
advertisement
ഡെൽറ്റ ഫോഴ്സിന്റെ തുടക്കം
ബ്രിട്ടീഷ് സ്പെഷ്യൽ എയർ സർവീസിൽ (SAS) സേവനമനുഷ്ഠിച്ച കേണൽ ചാർലസ് ബെക്ക്വിത്ത് 1977-ലാണ് ഡെൽറ്റ ഫോഴ്സ് സ്ഥാപിച്ചത്. ആഗോള ഭീകരവാദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അമേരിക്കയ്ക്ക് ഒരു പ്രത്യേക കൗണ്ടർ ടെററിസം യൂണിറ്റ് വേണമെന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ് ഡെൽറ്റ ഫോഴ്സിന്റെ പിറവിയ്ക്ക് പിന്നിൽ. യുഎസ് ആർമിയിലെ റേഞ്ചർ റെജിമെന്റിൽ നിന്നും സ്പെഷ്യൽ ഫോഴ്സിൽ നിന്നുമാണ് പ്രധാനമായും ഡെൽറ്റ ഫോഴ്സിലേക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. നിലവിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരും കുറഞ്ഞത് രണ്ടര വർഷത്തെ സേവന കാലാവധി ബാക്കിയുള്ളവരെയും മാത്രമേ പരിഗണിക്കൂ. ഇവർ കർശനമായ ഉയർന്ന റാങ്ക് നിബന്ധനകളും ബാധകമാണ്. അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും രഹസ്യ സ്വഭാവമുള്ള വിഭാഗമായതിനാൽ ഇവരുടെ ദൗത്യങ്ങൾ പൊതുവേ ഔദ്യോഗികമായി സ്ഥിരീകരിക്കാറില്ല.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
Jan 03, 2026 10:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
എന്താണ് ഡെൽറ്റ ഫോഴ്‌സ് ? വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയ യുഎസ് സൈനിക യൂണിറ്റ്










