• HOME
  • »
  • NEWS
  • »
  • explained
  • »
  • മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നിലെ യഥാർത്ഥ കാരണം

മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റിന് പിന്നിലെ യഥാർത്ഥ കാരണം

"അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ" ഉന്നയിക്കുന്നതിനെതിരെ സൈന്യം അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാനെ അറസ്റ്റ് ചെയ്തത്.

  • Share this:

    മുൻ പാകിസ്ഥാൻ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്രിക് ഇ ഇൻസാഫ് പാർട്ടിയുടെ നേതാവും മുൻ പാക് ക്രിക്കറ്ററുമായ ഇമ്രാൻ ഖാൻ കഴിഞ്ഞ ദിവസം അഴിമതി കേസിൽ അറസ്റ്റിലായി. ബുധനാഴ്ച ഇദ്ദേഹത്തെ തലസ്ഥാനത്തെ പോലീസ് ആസ്ഥാനത്തുള്ള പ്രത്യേക കോടതിയിൽ ഹാജരാക്കുമെന്നാണ് റിപ്പോർട്ട്. ഇമ്രാൻ ഖാന്റെ അറസ്റ്റിനെത്തുടർന്ന് പാകിസ്‌ഥാനിൽ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും അക്രമങ്ങളുമാണ് നടക്കുന്നത്. മാസങ്ങൾ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിലാണ് ഖാന്റെ അറസ്റ്റ്.

    പ്രതിഷേധക്കാർ ലാഹോറിലെ കോർപ്സ് കമാൻഡറുടെ ബംഗ്ലാവ് കത്തിക്കുകയും റാവൽപിണ്ടി നഗരത്തിലെ സൈനിക ആസ്ഥാനം ഉപരോധിക്കുകയും ചെയ്തു. ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ പ്രതിഷേധക്കാരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെട്ടതായി സംശയിക്കുന്നു. അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കറാച്ചി, പെഷവാർ, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിൽ സമാനമായ അക്രമങ്ങൾക്കിടയിൽ 15 ഓളം പേർക്ക് പരിക്കേറ്റു. പ്രകടനങ്ങൾ പിരിച്ചുവിടാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.

    പാകിസ്താനെ മുൾമുനയിലാക്കിയ സംഭവവികാസങ്ങൾക്കിടയിൽ ഖാൻ എന്തിനാണ് അറസ്റ്റിലായതെന്നും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം:

    Also read-ഇമ്രാന്‍ ഖാന്‍റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ കലാപം; സൈനിക ആസ്ഥാനത്തിന് നേരെ കല്ലേറ്

    ഇമ്രാൻ ഖാൻ അറസ്റ്റിലായത് എന്തുകൊണ്ട്?

    ഏപ്രിലിൽ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്താക്കപ്പെട്ടതിന് ശേഷം ഖാൻ ഡസൻ കണക്കിന് ആരോപണങ്ങളാണ് നേരിട്ടത്. ഈ ആരോപണങ്ങളിൽ ശിക്ഷിക്കപ്പെട്ടാൽ പൊതുസ്ഥാനം വഹിക്കുന്നതിൽ നിന്ന് അദ്ദേഹത്തെ വിലക്കിയേക്കാം, ഇതോടെ ഈ വർഷാവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നിന്ന് അദ്ദേഹത്തിന് മാറി നിൽക്കേണ്ട സാഹചര്യം ഉണ്ടാക്കും. തന്നെ കൊല്ലാൻ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഗൂഢാലോചന നടത്തിയതായി ഇമ്രാൻ ഖാൻ വീണ്ടും ആരോപിച്ചതിനെത്തുടർന്ന് “അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ” ഉന്നയിക്കുന്നതിനെതിരെ സൈന്യം അദ്ദേഹത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഖാനെ അറസ്റ്റ് ചെയ്തത്. 2018ൽ അധികാരത്തിലെത്താൻ അദ്ദേഹത്തെ സഹായിച്ച സൈന്യവുമായുള്ള ബന്ധം ഇപ്പോൾ എത്രത്തോളം വഷളായിരിക്കുന്നുവെന്ന് തിങ്കളാഴ്ച ചില ഉത്തരവുകൾ അടിവരയിടുന്നു.

    അഴിമതിക്കേസിലാണ് ഖാനെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും രാജ്യത്തെ ഒരു ഭൂമിവ്യവസായിക്ക് ചില ആനുകൂല്യങ്ങൾ നൽകുന്നതിന് പകരമായി അനധികൃതമായി സ്വത്ത് കൈക്കലാക്കിയതായാണ് ആരോപണമെന്നും നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ വൃത്തങ്ങൾ പറയുന്നു. സൈനിക ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഖാന്റെ അനുയായികൾ നടത്തിയ ആക്രമണങ്ങളെ അവർ അപലപിച്ചു, അത് “ഇമ്രാൻ ഖാന്റെ നിർദ്ദേശപ്രകാരമാണ്” നടന്നതെന്ന് അവർ പറഞ്ഞു. നിരവധി അഴിമതിക്കേസുകളിൽ കുറ്റാരോപിതനായ ഖാൻ ലാഹോറിൽ നിന്ന് ഇസ്ലാമാബാദ് ഹൈക്കോടതിയിൽ എത്തിയിരുന്നു. തന്നെ പുറത്താക്കിയത് നിയമവിരുദ്ധവും പാശ്ചാത്യ രാജ്യങ്ങളുടെ ഗൂഢാലോചനയുമാണെന്ന് കോടതിയിൽ പറഞ്ഞ ഖാൻ തന്റെ പിൻഗാമി പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ രാഷ്ട്രീയ പ്രേരിത ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള തീവ്രവാദ കുറ്റങ്ങൾ ഉൾപ്പെടെയുള്ള കേസുകൾ എന്നും ആരോപിച്ചു. കൂടാതെ തിരഞ്ഞെടുപ്പ് നേരത്തെയാക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.

    എന്നാൽ ഖാന് ജാമ്യം ലഭിക്കാത്ത വിധത്തിലുള്ള പ്രത്യേക അഴിമതിക്കേസിലാണ് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ പുതിയ വാറണ്ടും അറസ്റ്റും. അദ്ദേഹത്തിന്റെ അഭിഭാഷകർ ഈ അറസ്റ്റിന്റെ നിയമസാധുതയെ വെല്ലുവിളിച്ചെങ്കിലും ഖാനെ കോടതി മുറിയിൽ നിന്ന് ബലമായി കൊണ്ടുപോകുകയായിരുന്നു. അത് പാടില്ലായിരുന്നുവെന്ന് പറഞ്ഞെങ്കിലും കോടതി അത് വിലക്കാൻ തയ്യാറായില്ല.

    Also read-പാകിസ്ഥാന്‍ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറസ്റ്റിൽ; നടപടി ഇസ്ലാമാബാദ് ഹൈക്കോടതിക്ക് പുറത്തുവെച്ച്

    എന്താണ് NAB?

    പ്രധാനമന്ത്രിമാർ, രാഷ്ട്രീയക്കാർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെയുള്ള മുൻ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് അന്വേഷണം നടത്താൻ വേണ്ടി രുപീകരിച്ച പാക്കിസ്ഥാന്റെ ശക്തമായ അഴിമതി വിരുദ്ധ സംഘടനയാണ് നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോ. എന്നാൽ അധികാരത്തിലുള്ളവർ പ്രത്യേകിച്ച് സൈന്യം രാഷ്ട്രീയ എതിരാളികളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന ഒരു ഉപകരണമായാണ് ചിലരെങ്കിലും NABയെ കാണുന്നത്. ഖാൻ അധികാരത്തിലിരുന്നപ്പോൾ അദ്ദേഹത്തിന്റെ സർക്കാർ അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന ഷരീഫിനെ എൻഎബി വഴി അറസ്റ്റ് ചെയ്തിരുന്നു.

    ഖാനെതിരെയുള്ള അഴിമതി കേസ്

    പൊതു അധികാരികൾക്ക് ലഭിക്കുന്ന സമ്മാനങ്ങളും മറ്റ് വിലകൂടിയ വസ്തുക്കളും സംരക്ഷിക്കുന്ന കാബിനറ്റ് ഡിവിഷന്റെ ഭരണപരമായ അധികാരപരിധിയിലുള്ള ഒരു വകുപ്പാണ് തോഷഖാന. 1974-ൽ സ്ഥാപിതമായ ഇത് ക്യാബിനറ്റ് ഡിവിഷനിലേക്ക് ലഭിച്ച സമ്മാനങ്ങളും മറ്റ് വിലപിടിപ്പുള്ള സാമഗ്രികളും അതിന്റെ നിയമങ്ങൾ അനുസരിച്ച് പ്രഖ്യാപിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണ്. എന്നാൽ 2018 ൽ അധികാരത്തിലെത്തിയ ഇമ്രാൻഖാൻ തന്റെ ഭരണകാലത്തുടനീളം തനിക്ക് ലഭിച്ച നിരവധി സമ്മാനങ്ങളുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വിസമ്മതിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തെ അപകടത്തിലാക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.

    Also read-പാകിസ്ഥാനിൽ 40കാരനെ ആൾക്കൂട്ടം മര്‍ദിച്ച് കൊന്നു; മതനിന്ദാ പ്രസംഗം നടത്തിയെന്ന് ആരോപണം

    തോഷഖാന എന്ന സ്റ്റേറ്റ് ഡിപ്പോസിറ്ററിയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് തനിക്ക് ലഭിച്ച വിലകൂടിയ ഗ്രാഫ് റിസ്റ്റ് വാച്ച് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ സ്വന്തം ലാഭത്തിനായി വിറ്റു എന്നാണ് ഇമ്രാൻഖാനെതിരെയുള്ള പ്രധാന ആരോപണം. ഇന്ത്യൻ എക്‌സ്‌പ്രസിന്റെ റിപ്പോർട്ട് പ്രകാരം 2022 ഓഗസ്റ്റിൽ പാക്കിസ്ഥാൻ മുസ്‌ലിം ലീഗ്-നവാസിന്റെ (പിഎംഎൽ-എൻ) നേതൃത്വത്തിലുള്ള സഖ്യ സർക്കാർ സമ്മാനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് ഇമ്രാനെതിരെ കേസ് ഫയൽ ചെയ്തതോടെയാണ് തോഷഖാന വിവാദം വീണ്ടും ഉയർന്നത്.

    പ്രതിഷേധക്കാരുടെ രോഷം

    അറസ്റ്റിനെക്കുറിച്ചുള്ള വാർത്ത പരന്നതോടെ ഖാന്റെ 4,000ത്തോളം വരുന്ന അനുയായികൾ ലാഹോറിലെ ഉന്നത പ്രാദേശിക കമാൻഡറുടെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറുകയും ജനലുകളും വാതിലുകളും തകർക്കുകയും ഫർണിച്ചറുകൾ നശിപ്പിക്കുകയും കുത്തിയിരിപ്പ് സമരം നടത്തുകയും ചെയ്തു. പ്രതിഷേധക്കാർ പോലീസ് വാഹനങ്ങൾ കത്തിക്കുകയും പ്രധാന റോഡുകൾ ഉപരോധിക്കുകയും ചെയ്തു. റാവൽപിണ്ടിയിലെ ഗാരിസൺ സിറ്റിയിലെ സൈനിക ആസ്ഥാനത്തിന്റെ പ്രധാന ഗേറ്റും പ്രതിഷേധക്കാർ തകർത്തു. വിശാലമായ കെട്ടിടത്തിനുള്ളിൽ നൂറുകണക്കിന് പ്രകടനക്കാർ ഖാൻ അനുകൂല മുദ്രാവാക്യങ്ങൾ വിളിക്കുന്നുണ്ടായിരുന്നു. തുറമുഖ നഗരമായ കറാച്ചിയിൽ ഒരു പ്രധാന റോഡിൽ തടിച്ചുകൂടിയ നൂറുകണക്കിന് ഖാൻ അനുകൂലികളെ പിരിച്ചുവിടാൻ പോലീസ് ബാറ്റൺ വീശുകയും കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു.

    ഇസ്ലാമാബാദിലേക്ക് പോകുന്നതിന് മുമ്പ് ഒരു വീഡിയോ സന്ദേശം ഖാൻ നൽകിയിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ് നടന്നത്. ആ സന്ദേശത്തിൽ അറസ്റ്റിന് മാനസികമായി തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

    നവംബറിൽ നടന്ന ഒരു റാലിയിൽ ഒരു തോക്കുധാരിയുടെ ആക്രമണത്തിൽ ഖാൻ പരിക്കേറ്റിരുന്നു. അന്ന് അദ്ദേഹത്തിന്റെ അനുയായികളിലൊരാൾ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. തന്നെ വധിക്കാൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തെളിവുകളൊന്നും നൽകാതെ അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പാക് ചാര ഏജൻസിയാണ് ഇതിന് പിന്നിലെന്നും ആരോപിച്ചു. എന്നാൽ വെടിയുതിർത്തയാളെ ഉടൻ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയിലെടുത്തതിന്റെ വീഡിയോ പോലീസ് പിന്നീട് പുറത്തുവിടുകയും ചെയ്തു. അതോടെ ആരോപണം കെട്ടിച്ചമച്ചതും ദുരുദ്ദേശപരവുമാണെന്ന ശക്തമായ പ്രസ്താവനയുമായി സൈന്യം രംഗത്തെത്തി.

    ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള 75 വർഷങ്ങളിൽ പകുതിയിലേറെയും സൈന്യം നേരിട്ട് പാകിസ്ഥാനെ ഭരിക്കുകയും സിവിലിയൻ സർക്കാരുകൾക്ക് മേൽ അധികാരം വഹിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയ അനിശ്ചിതത്വം പാകിസ്ഥാനിൽ ഒരു പുതിയ കാര്യമല്ല.

    Published by:Sarika KP
    First published: