നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • explained
  • »
  • Explained| പത്തനംതിട്ടയിൽ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകൾ പെരുകാൻ കാരണം എന്ത്?

  Explained| പത്തനംതിട്ടയിൽ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകൾ പെരുകാൻ കാരണം എന്ത്?

  പത്തനംതിട്ട ജില്ലയിൽ ധനകാര്യസ്ഥാപനങ്ങളുടെ തട്ടിപ്പുകളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ് ഓമല്ലൂർ ആസ്ഥാനമായ തറയിൽ ഫിനാൻസ് തട്ടിപ്പ്. എന്താണ് ജില്ലയിൽ ഇത്തരം തട്ടിപ്പുകൾ വർധിക്കാൻ കാരണം?

  financial institution fraud in Pathanamthitta

  financial institution fraud in Pathanamthitta

  • Share this:
   രണ്ടായിരം കോടിയുടെ പോപ്പുലർ ഫിനൻസ് തട്ടിപ്പ്, 100 കോടിയുടെ തറയിൽ ഫിനാൻസ് തട്ടിപ്പ്, കനറാ ബാങ്ക് ജീവനക്കാരന്റെ എട്ടു കോടിയുടെ തട്ടിപ്പ് ... ഇങ്ങനെ നീളുന്നു അടുത്തിടെ പത്തനംതിട്ട ജില്ലയിൽ ധനകാര്യസ്ഥാപനങ്ങളിൽ ഉണ്ടായ തട്ടിപ്പുകളുടെ പട്ടിക. ഏറ്റവും ഒടുവിലത്തേതാണ് ഓമല്ലൂർ ആസ്ഥാനമായ തറയിൽ ഫിനാൻസ് തട്ടിപ്പ്. കാലപരിധി കഴിഞ്ഞ നിക്ഷേപത്തുക തിരിച്ചു നൽകാതെയാണ് ഉടമയും കുടുംബവും മുങ്ങിയത്.

   നല്ല മാതൃകയുടെ ജില്ല

   കേരളത്തിലെ ജനസംഖ്യാ വർധനയുടെ നിരക്ക് ഇപ്പോൾ 4.9 ശതമാനമാണെങ്കിലും പത്തനംതിട്ടയിലെ ജനസംഖ്യ വർധിക്കാനുള്ള സാധ്യത കുറവാണെന്ന് ആസൂത്രണ വിദഗ്ധർ പറയുന്നു.രാജ്യത്ത് 10 വർഷം മുൻപ് നടന്ന സെൻസസിലൂടെയാണ് ഇവിടുത്തെ ജനസംഖ്യ കുറയുകയാണെന്ന സത്യം ആദ്യമായി ലോകമറിഞ്ഞത്. സംസ്ഥാനത്ത് ഒരു ചതുരശ്ര കിലോമീറ്ററിൽ 859 പേർ താമസിക്കുമ്പോൾ പത്തനംതിട്ടയിലെ ജനസാന്ദ്രത 453 മാത്രമാണ്. ഏതാണ്ട് നേർ പകുതി. 2001 ൽ ജില്ലയിലെ ജനസംഖ്യ 12.34 ലക്ഷമായിരുന്നു. 2011 ൽ ഇത് 11.95 ലക്ഷമായി. 3.12 ശതമാനത്തിന്റെ കുറവ്. കുട്ടികൾ ഏറ്റവും കുറവുള്ള ജില്ലയിൽ ജനസംഖ്യയുടെ 25 ശതമാനം വരും മുതിർന്ന പൗരന്മാരാരെന്ന് ഏകദേശ കണക്ക്. 1000 പുരുഷന്മാർക്ക് 1129 സ്ത്രീകൾ. ജനസംഖ്യാ കണക്കിൽ രാജ്യത്ത് 399ാമത്തെ സ്ഥാനം

   പുതിയ സെൻസസ് 2021‍ൽ നടക്കേണ്ടതാണെങ്കിലും കോവിഡ് കാരണം വൈകുമെന്നതിനാൽ നെഗറ്റീവ് വളർച്ചയുടെ പത്താം വാർഷികത്തിൽ പുതിയ സെൻസസ് റിപ്പോർട്ടിനായി കാത്തിരിക്കയാണ് ജില്ല.

   പറന്നു വരുന്ന പണം

   ജില്ലയിലെ കുടുംബങ്ങളിൽ പ്രായമായവരാണ് കൂടുതലുള്ളത്. മക്കൾ കുടുംബത്തോടൊപ്പം വിദേശത്തായിരിക്കും. സംസ്ഥാനത്ത് ബാങ്കുകളില്‍ ഏറ്റവും കൂടുതല്‍ വിദേശ നിക്ഷേപമുള്ളതും പത്തനംതിട്ട ജില്ലയിലാണെന്നാണ് കണക്ക്. വിദേശത്ത് നിന്നുള്ള നിക്ഷേപങ്ങളിൽ ഏറിയ പങ്കും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലേക്ക് പോകുന്നുവെന്നാണ് കണക്ക്. അതുതന്നെയാണ് ജില്ലയിൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ തഴച്ചുവളരാൻ കാരണം.

   പരാതിക്കാർ സാധാരണക്കാർ

   പോപ്പുലർ ഫിനാൻസ്, തറയിൽ ഫിനാൻസ് തട്ടിപ്പുകൾ പുറത്തു വന്നപ്പോൾ പരാതികൾ നൽകിയത് സാധാരണക്കാരായ നിക്ഷേപകരായിരുന്നു. പരമാവധി പത്ത് ലക്ഷം വരെ നഷ്ടപ്പെട്ടവർ. വിവാഹാവശ്യത്തിനും ചികിത്സയ്ക്കും പണം കണ്ടെത്തുന്നതിന്, ഉയർന്ന പലിശ മോഹിച്ച് കെണിയിൽപെട്ടവരാണ് പരാതി നൽകിയ സാധാരണക്കാരിൽ ഏറെയും. എന്നാൽ, കോടികൾ നിക്ഷേപിച്ചവർ ഇപ്പോഴും കാണാമറയത്ത് ഇരിക്കുന്നു. രണ്ടായിരം കോടിയുടെ പോപ്പുലർ തട്ടിപ്പ് കേസിലും നൂറ് കോടിയുടെ തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിലും പണം നഷ്ടപ്പെട്ട കോടീശ്വരൻമാർ അനവധിയുണ്ട്. അവർ പരാതികളുമായി രംഗത്ത് വന്നാൽ സാമ്പത്തിക സ്രോതസ് വെളിപ്പെടുത്തേണ്ടി വരും. പൊലീസിനും ഇഡിക്കും മുന്നില്‍ കണക്കുകൾ നിരത്തേണ്ടിവരും.

   തട്ടിപ്പുകളുടെ പരമ്പര

   ഏറെ കോളിളക്കമുണ്ടാക്കിയ പോപ്പുലർ ഫിനാൻസ് തട്ടിപ്പിന് പിന്നാലെയാണ് സമാനമായ മറ്റൊരു തട്ടിപ്പ് കൂടി പത്തനംതിട്ടയിൽ പുറത്തുവന്നത്. കഴിഞ്ഞ വർഷം നടന്ന പോപ്പുലർ തട്ടിപ്പിനോളം വളർന്നില്ലെങ്കിലും തറയിൽ ഫിനാൻസിന്റെ തട്ടിപ്പിന് ഇരയായവരുടെ എണ്ണം ചെറുതല്ല. ഓമല്ലൂർ, പത്തനംതിട്ട, അടൂർ, പത്തനാപുരം ശാഖകളായി വളർന്നു പന്തലിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് സ്ഥാപനം തകർച്ചയിലേക്ക് കൂപ്പുകുത്തിയത്. നൂറ് കോടിയോളം രൂപയാണ് തറയിൽ ഫിനാൻസിലെ ആകെ നിക്ഷേപമെന്നാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. പൊലീസിന്റെ വിപുലമായ അന്വേഷണത്തിലൂടെയും പരാതികളുടെ എണ്ണത്തിലൂടെയും മാത്രമേ ആകെ നിക്ഷേപത്തുക സംബന്ധിച്ച വ്യക്തത ലഭിക്കുകയുള്ളൂ. രണ്ടായിരം കോടിയോളം രൂപയുടെ നിക്ഷേപത്തട്ടിപ്പ് പോപ്പുലറിൽ നട‌ന്നെന്നാണ് കണക്കാക്കിയിട്ടുള്ളത്.

   തറയിൽ ഫിനാൻസ് ഉടമ സജി സാമും കുടുംബവും ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും പൊലീസിന്റെ കണ്ണ് വെട്ടിച്ച് മുങ്ങിയിരിക്കുന്നു. രക്ഷപ്പെടാനുള്ള വഴി പൊലീസ് ഒരുക്കിയോ എന്ന സംശയം നിക്ഷേപകർക്കുണ്ട്. പോപ്പുലർ ഫിനാൻസിലെ തട്ടിപ്പ് പുറത്തുവന്നപ്പോഴും പ്രതികൾ അജ്ഞാത കേന്ദ്രത്തിലായിരുന്നു. ദിവസങ്ങൾക്ക് ശേഷം പൊലീസിൽ കീഴടങ്ങി. അതേപോലെ തറയിൽ ഫിനാൻസ് ഉടമയും തങ്ങളുടെ മുന്നിലെത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സജി സാം രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്.

   മാസങ്ങൾക്ക് മുൻപാണ് പത്തനംതിട്ടയിലെ കനറാ ബാങ്ക് ശാഖയില്‍ നിന്ന് 8 കോടി 13 ലക്ഷം രൂപ ബാങ്ക് ജീവനക്കാരനായ വിജീഷ് വര്‍ഗീസ് തട്ടിയെടുത്തത്. ബാങ്കിലെ ക്ലാര്‍ക്ക് കം കാഷ്യറായാണ് ആവണീശ്വരം കോടിയാട്ട് ജ്യോതിസില്‍ വിജീഷ് വര്‍ഗീസ് ജോലി ചെയ്തിരുന്നത്. ദീര്‍ഘകാലത്തേക്കുള്ള സ്ഥിരനിക്ഷേപങ്ങളിലെയും, കാലാവധി പിന്നിട്ടിട്ടും പിന്‍വലിക്കാത്ത അക്കൗണ്ടുകളിലെയും പണമാണ് തട്ടിയെടുത്തത്. ക്രമക്കേട് കണ്ടെത്തിയതോടെ, ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഒളിവില്‍പ്പോയ ഇയാളെ ബെംഗളൂരുവിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

   സമ്പാദ്യം ഇരട്ടിയാക്കാൻ പെടാപ്പാട്

   സമ്പാദ്യം ഇരട്ടിപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പലരും സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ മോഹന വാഗ്ദാനങ്ങളിൽ വീഴുന്നത്. പെൻഷൻ കിട്ടിയ തുകയും വസ്തു വിറ്റ് ലഭിച്ച തുകയും ചിട്ടിയടിച്ചതുമൊക്കെ ദേശസാൽകൃത ബാങ്കുകളിൽ നിക്ഷേപിക്കാതെ ഉയർന്ന പലിശ മോഹിച്ച് സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ നിക്ഷേപിക്കുകയാണ്. നിക്ഷേപങ്ങൾക്ക് 13 മുതൽ 15 ശതമാനം വരെ പലിശയാണ് സ്വകാര്യ ഫിനാൻസുകൾ വാഗ്ദാനം ചെയ്യുന്നത്. ദേശസാൽകൃത ബാങ്കുകളിൽ 8 ശതമാനത്തിൽ താഴെയാണ് പലിശ. സ്ഥിരനിക്ഷേപങ്ങൾ എന്ന പേരിലാണ് സ്വകാര്യ ഫിനാൻസുകൾ സർട്ടിഫിക്കറ്റ് നൽകുന്നത്.

   പോപ്പുലർ ഫിനാൻസ് സ്ഥിരനിക്ഷേപം എന്ന് തെറ്റിദ്ധരിപ്പിച്ച് നിക്ഷേപകർക്ക് നൽകിയത് ഷെയർ ഹോൾഡർമാർക്ക് നൽകുന്ന ലിമിറ്റഡ് ലയബലിറ്റി സർട്ടിഫിക്കറ്റായിരുന്നു. തറയിൽ ഫിനാൻസും ഇതേ സർട്ടിഫിക്കറ്റ് നൽകിയാണ് നിക്ഷേപകരെ കബളിപ്പിച്ചത്. ഷെയർ ഹോൾഡർ സർട്ടിഫിക്കറ്റ് നൽകിയാൽ സ്ഥാപന ഉടമകൾക്കാണ് നേട്ടം. സ്ഥാപനം നഷ്ടത്തിലാണെന്ന് കണക്ക് നിരത്തിയാൽ ആ നഷ്ടം നിക്ഷേപകർ സഹിക്കണം. സ്ഥാപന ഉടമകൾ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായാൽ വേഗം കേസുകളിൽ നിന്ന് ഊരിപ്പോരും. ഈ തന്ത്രമാണ് ഇപ്പോൾ പോപ്പുലർ ഫിനാൻസ് ഉടമകൾ പയറ്റുന്നത്. പോപ്പുലർ ഫിനാൻസ് വലിയ നഷ്ടത്തിലാണെന്നും പാപ്പരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയിൽ ഹർജി നൽകി. കേസ് സിബിഐ അന്വേഷിക്കുന്നതു കൊണ്ട് ഹർജി വിചാരണ കോടതി മുൻപാകെ സമർപ്പിക്കാൻ കോടതി നിർദേശിച്ചിരിക്കുകയാണ്.
   Published by:Rajesh V
   First published:
   )}