• HOME
  • »
  • NEWS
  • »
  • explained
  • »
  • ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴികളെന്ത്? ഡൽഹി കൊലപാതകം നൽകുന്ന പാഠം

ഡേറ്റിങ് ആപ്പുകളിലെ ചതിക്കുഴികളെന്ത്? ഡൽഹി കൊലപാതകം നൽകുന്ന പാഠം

ശ്രദ്ധ വാൾക്കറുടെ കൊലപാതകം തങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് ഡേറ്റിങ് ആപ്ലിക്കേഷനായ ബംബ്‍‍ൾ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻറിലിലൂടെ പ്രതികരിച്ചത്.

  • Share this:
പുതിയ കാലത്തെ പ്രണയവും സ്നേഹബന്ധങ്ങളുമൊക്കെ പലപ്പോഴും ആരംഭിക്കുന്നത് ഡേറ്റിങ് ആപ്പുകളിലാണ്. എന്നാൽ ഡേറ്റിങ് ആപ്പിൽ നിന്ന് തുടങ്ങിയ ഒരു പ്രണയം വലിയ ദുരന്തമായി മാറിയ ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് ഈയടുത്ത് ഡൽഹിയിലാണ്. 28കാരനായ അഫ്താബ് പൂനവാല തൻെറ ലിവ്-ഇൻ പാർട്ണറായ ശ്രദ്ധ വാൾക്കറെ കൊലപ്പെടുത്തിയ ശേഷം ശരീരം വെട്ടിനുറുക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്ന വാർത്ത മനുഷ്യ മന:സ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്.

ശ്രദ്ധ വാൾക്കറുടെ കൊലപാതകം തങ്ങളെയാകെ ഞെട്ടിച്ചിരിക്കുകയാണെന്നാണ് ഡേറ്റിങ് ആപ്ലിക്കേഷനായ ബംബ്‍‍ൾ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻറിലിലൂടെ പ്രതികരിച്ചത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബംബ്‍‍ൾ എന്ന ഈ ഡേറ്റിംഗ് പ്ലാറ്റ്‌ഫോം വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. 2018 മുതൽ ഇവ‍ർ പ്രണയത്തിലായിരുന്നു.

ഈ കുറ്റകൃത്യം തങ്ങളെ അക്ഷരാർഥത്തിൽ തകർത്തുവെന്നാണ് ബംബ്‍‍ൾ ട്വീറ്റ് ചെയ്തത്. കേസിൻെറ അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസുമായി സഹകരിച്ച് എല്ലാ പിന്തുണയും നൽകുമെന്നും അവർ അറിയിച്ചിട്ടുണ്ട്. വാക്കറും പൂനാവാലയും തമ്മിൽ പരിചയപ്പെട്ട ഡേറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുമെന്ന് കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസ് സംഘം വ്യക്തമാക്കിയിട്ടുണ്ട്.

"ദാരുണവും നി‍ർഭാഗ്യകരവുമായ ഈ കുറ്റകൃത്യം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്, ഞങ്ങളുടെ ഹൃദയം ശ്രദ്ധ വാക്കറിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പമാണ്," ബംബിൾ വക്താവ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് പോലീസിന് എല്ലാവിധത്തിലുള്ള സഹായവും നൽകും. ആപ്പ് ഉപയോഗിക്കുന്ന വ്യക്തികളുടെ സുരക്ഷയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നത്. അതിനായി അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സംഘം പ്രവർത്തിക്കുന്നുണ്ടെന്നും ഡേറ്റിങ് ആപ്പ് അധികൃതർ അറിയിച്ചു.

ഡേറ്റിംഗ് ആപ്പിലെ പൂനാവാലയുടെ പ്രൊഫൈലിനെക്കുറിച്ച് കൂടുതലറിയാൻ പോലീസ് ബംബിളുമായി ബന്ധപ്പെടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വാക്കറിനെ കൊലപ്പെടുത്തി 20 ദിവസത്തിന് ശേഷം പ്രതിയായ അഫ്താബ് ആപ്പിലൂടെ തന്നെ മറ്റൊരു സ്ത്രീയുമായി ഡേറ്റിംഗ് ആരംഭിച്ചതായി അധികൃതർ അറിയിച്ചു. കൊലപ്പെടുത്തിയ സ്ത്രീയുടെ ശരീരഭാഗങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുമ്പോഴും അയാൾ മറ്റ് സ്ത്രീകളെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുകയാണ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി അന്വേഷിക്കും.

ഡേറ്റിങ് ആപ്പുകളുടെ സുരക്ഷിതത്വത്തെക്കുറിച്ചും അതിലൂടെയുള്ള ചതിക്കുഴികളെക്കുറിച്ചുമെല്ലാം ഈ കേസ് പുറത്ത് വന്നതിന് ശേഷം വലിയ ചർച്ചകൾ നടക്കുകയാണ്. ന്യൂസ് 18 നടത്തിയ അന്വേഷണത്തിൽ നിന്ന് ലഭിച്ച വിവരങ്ങൾ താഴെ പങ്ക് വെക്കുന്നു.

ടിൻഡർ സ്വിൻഡ്‌ലർ’ മുതൽ കൊലപാതകം വരെ, ഭയാനകമായ നിരവധി കേസുകൾ

ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെട്ടവർ നടത്തിയ മോഷണം, കൊലപാതകം, ലൈംഗികാതിക്രമം തുടങ്ങിയ വിവിധ കേസുകൾ പലപ്പോഴും വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ആളുകളെ കബളിപ്പിച്ച് തട്ടിപ്പ് നടത്തി ഒടുവിൽ പിടിയിലായ ഇസ്രായേൽ വംശജനായ സൈമൺ ഹയൂട്ടിനെപ്പറ്റിയുള്ള ഡോക്യുമെൻററി നെറ്റ്ഫ്ലിക്സ് റിലീസ് ചെയ്തിരുന്നു. ഡോക്യുമെൻററി പുറത്ത് വന്ന് മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലും സമാനമായ സംഭവം പോലീസ് കണ്ടെത്തി.

സ്ത്രീകളെ കബളിപ്പിച്ച് വിവാഹം ചെയ്ത് പണം തട്ടിയ തട്ടിപ്പ് വീരൻ രമേഷ് കുമാർ സ്വെയ്നിനെ ഒഡീഷ പോലീസാണ് അറസ്റ്റ് ചെയ്തത്. 67കാരനായ ഇയാൾ യുവാവായി ചമഞ്ഞ് 27 സ്ത്രീകളെയാണ് കബളിപ്പിച്ചത്. പത്ത് വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഇയാളുടെ വലയിൽ വീണത്. ഇന്ത്യയുടെ "ടിൻഡർ സ്വിൻഡ്‌ലർ" എന്നാണ് രമേഷ് കുമാർ സ്വെയ്നിനെ വിളിക്കുന്നത്.

40 വയസ്സിനു മുകളിലുള്ള വിവാഹമോചിതരായ സ്ത്രീകളെയാണ് സ്വയിൻ ലക്ഷ്യമിട്ടിരുന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് പറയുന്നു. Shaadi.com, Jeevansathi.com തുടങ്ങിയ വിവിധ മാട്രിമോണിയൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയത്. അഭിഭാഷകർ മുതൽ ചാർട്ടേഡ് അക്കൗണ്ടന്റുമാർ, സർക്കാർ ഉദ്യോഗസ്ഥർ, സ്കൂൾ അധ്യാപകർ തുടങ്ങിയവരെയെല്ലാം ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ട്.

പ്രായം കുറഞ്ഞ ഒരാളാണെന്ന വ്യാജേനയാണ് ഇയാൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. സർക്കാർ ജോലിയുണ്ടെന്നും ഇയാൾ പറഞ്ഞു. ഓരോ സ്ത്രീകളെയും കബളിപ്പിക്കാൻ ഓരോ തന്ത്രങ്ങളാണ് പയറ്റിയതെന്ന് പോലീസ് പറഞ്ഞു. “യഥാർത്ഥ ജീവിതത്തിൽ അയാൾക്ക് 60-ലധികം വയസ്സുണ്ടായിരുന്നു. എന്നാൽ സർക്കാർ ജോലിയുണ്ടെന്നും മറ്റും പറഞ്ഞ് സ്ത്രീകളെ പറ്റിച്ചു. അയാൾ പറഞ്ഞ നുണകൾ ഇരകൾ വിശ്വസിച്ചതോടെ തട്ടിപ്പ് നടത്താൻ എളുപ്പമായി. സ്ത്രീകളുടെ നിസ്സഹായാവസ്ഥ പൂർണ്ണമായും മുതലെടുത്താണ് അയാൾ വലിയ തട്ടിപ്പ് നടത്തിയത്," ഭുവനേശ്വർ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഉമാശങ്കർ ദാഷ് പറഞ്ഞു. പണമായിരുന്നു ഇയാളുടെ ലക്ഷ്യം. സ്ത്രീകളെ കബളിപ്പിച്ച് ഓരോരുത്തരിൽ നിന്നും 2 മുതൽ 10 ലക്ഷം രൂപ വരെ ഇയാൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

ഡേറ്റിങ് ആപ്പായ ടിൻഡർ വഴി പരിചയപ്പെട്ട ഒരു യുവതി ദുഷ്യന്ത് ശർമ്മയെന്ന വ്യക്തിയെ കൊലപ്പെടുത്തിയത് ജെയ്പൂരിലാണ്. ഇയാളുടെ മൃതദേഹം വിട്ടുനൽകാൻ യുവതി മൂന്ന് ലക്ഷം രൂപ പിന്നീട് ആവശ്യപ്പെട്ടു. ഡൽഹി-ജയ്പൂർ ഹൈവേയിൽ ശർമ്മയുടെ മൃതദേഹം സ്യൂട്ട്കേസിനുള്ളിലാക്കി തള്ളുകയാണ് ചെയ്തത്.

ഡേറ്റിങ് ആപ്പുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

ഡേറ്റിങ് ആപ്പിൽ പ്രൊഫൈൽ ഉണ്ടാക്കുമ്പോൾ നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ കൂടുതലായി വെളിപ്പെടുത്തരുതെന്നാണ് വിദഗ്ദർ പറയുന്നത്. ചിത്രങ്ങളും മറ്റും അപ്ലോഡ് ചെയ്യുമ്പോഴും ഇത് ശ്രദ്ധിക്കണം. വിലാസം, ജോലി ചെയ്യുന്ന സ്ഥാപനം തുടങ്ങിയ വിവരങ്ങൾ നൽകാതിരിക്കുന്നതാണ് സുരക്ഷിതം. നിങ്ങളുടെ ഫോട്ടോകൾ വഴി നിങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈൽ കണ്ടെത്താൻ സാധിക്കുമെന്നും ഓർമ്മയിലുണ്ടാവണം.

നിങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടോ അല്ലെങ്കിൽ സോഷ്യൽ മീഡിയ അക്കൗണ്ടോ ഡേറ്റിംഗ് പ്രൊഫൈലുമായി ബന്ധിപ്പിക്കുന്നത് ഒട്ടും നല്ലതല്ലെന്നാണ് സാങ്കേതിക വിദഗ്ദരുടെ ഉപദേശം. ഇത് വഴി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ എളുപ്പത്തിൽ ലഭ്യമാവും. സ്വകാര്യതയ്ക്കും സുരക്ഷയ്ക്കുമായി നിങ്ങൾ ഇതിനകം ഇൻസ്റ്റാഗ്രാമിൽ മുൻകരുതൽ എടുത്താലും ഡേറ്റിങ് ആപ്പുമായി ബന്ധിപ്പിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. നിങ്ങളുടെ ഫോൺ നമ്പർ ഒരു കാരണവശാലും പബ്ലിക്കായി നൽകരുത്.

വിശ്വസിക്കാവുന്ന ആളുകളാണെന്ന് ഉറപ്പിച്ചാൽ മാത്രമേ വ്യക്തിപരമായ വിവരങ്ങൾ പങ്ക് വെക്കാൻ പാടുള്ളൂ. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ എല്ലാവിധ മുൻകരുതലും എടുക്കേണ്ടതുണ്ട്. പരിചയമില്ലാത്ത ഒരാളുമായി ബന്ധം സ്ഥാപിക്കുമ്പോൾ നന്നായി ജാഗ്രത പുലർത്തണം. നിങ്ങളുടെ വിശ്വാസം നേടിയെടുക്കാനായിരിക്കും കബളിപ്പിക്കാൻ ശ്രമിക്കുന്ന ഒരാൾ ആദ്യം ശ്രമിക്കുക. ഇക്കാര്യത്തിൽ നല്ല ജാഗ്രത വേണം. നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ മനസ്സിലാക്കിയെടുക്കാനായിരിക്കും ഇവർ ആദ്യം ശ്രമിക്കുക. നിങ്ങളുടെ മൊബൈലിൽ മറ്റേതെങ്കിലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ പറഞ്ഞാൽ വളരെയധികം സൂക്ഷിക്കണം. അത് പോലെത്തന്നെ വെബ്സൈറ്റ് ലിങ്കുകളോ മറ്റോ ലഭിച്ചാലും വളരെ ശ്രദ്ധിച്ച് മാത്രമേ തുറന്ന് നോക്കാവൂ.
Published by:Arun krishna
First published: