Kerala Rains| എവിടെയാണ് ഉരുൾപൊട്ടൽ ദുരന്തം വിതച്ച കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, കൊക്കയാര്‍ എന്നീ സ്ഥലങ്ങൾ?
- Published by:Rajesh V
- news18-malayalam
Last Updated:
കൂട്ടിക്കലിൽ രണ്ടിടങ്ങളിലായി പത്തുപേർക്കും കൊക്കയാറിൽ കുട്ടികൾ ഉൾപ്പെടെ ആറു പേർക്കുമാണ് (ഇതുവരെയുള്ള കണക്ക് പ്രകാരം) ജീവൻ നഷ്ടമായത്. എവിടെയാണ് ഈ ദുരന്തമേഖല എന്ന സംശയമാകും സ്വാഭാവികമായി ഉണ്ടാവുക.
കോട്ടയം: കേരളത്തിൽ സമീപകാലത്തെ ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ് കോട്ടയം (Kottayam) ജില്ലയിലെ കൂട്ടിക്കലിലും (Koottickal) ഇടുക്കി (Idukki) ജില്ലയിലെ കൊക്കയാറിലും (Kokkayar) സംഭവിച്ചത്. കൂട്ടിക്കലിൽ രണ്ടിടങ്ങളിലായി പത്തുപേർക്കും കൊക്കയാറിൽ കുട്ടികൾ ഉൾപ്പെടെ ആറു പേർക്കുമാണ് (ഇതുവരെയുള്ള കണക്ക് പ്രകാരം) ജീവൻ നഷ്ടമായത്. എവിടെയാണ് ഈ ദുരന്തമേഖല എന്ന സംശയമാകും സ്വാഭാവികമായി ഉണ്ടാവുക.
എവിടെയാണ് ദുരന്തമുണ്ടായത്?
കോട്ടയം ജില്ലയിൽ ദുരന്തമുണ്ടായത് കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി പ്രദേശങ്ങളിലാണ്. കോട്ടയം ടൗണിൽ നിന്ന് മുണ്ടക്കയം ടൗണിലേക്ക് 52 കിലോ മീറ്ററാണ് ദൂരം. മുണ്ടക്കയം ടൗണിൽ നിന്ന് ഇടത്തോട്ട് മുക്കുളം എന്ന സ്ഥലത്തേക്ക് 14 കിലോ മീറ്ററാണുള്ളത്. ഈ വഴി ഏതാണ്ട് 7 കിലോമീറ്റർ എത്തുമ്പോൾ കൂട്ടിക്കലെത്തും.ഈരാറ്റുപേട്ടയിൽ നിന്ന് പറത്താനം വഴിയും കൂട്ടിക്കലെത്താം. അതുപോലെ തന്നെ എറണാകുളത്ത് നിന്ന് വരുന്നവർക്ക് തൊടുപുഴയിൽ നിന്ന് മേലുകാവിൽ എത്തി അവിടെ നിന്ന് പറത്താനം വഴി കൂട്ടിക്കലുമെത്താം. ഇവിടെ നിന്ന് മറ്റൊരു വഴി തിരിഞ്ഞുപോകുമ്പോഴാണ് കാവാലി. കാവാലിക്ക് അടുത്ത സ്ഥലമാണ് പ്ലാപ്പള്ളി. രണ്ട് കിലോ മീറ്റർ ദൂരമുണ്ട് കാവാലിയും പ്ലാപ്പള്ളിയും തമ്മിൽ. ഇവിടെ നിന്ന് വളരെ അടുത്താണ് ഇടുക്കി ജില്ലയിലെ കൊക്കയാർ.
advertisement
അതായത് കൂട്ടിക്കലിൽ നിന്ന് കൊക്കയാറിലേക്ക് ഏതാണ്ട് മൂന്നു കിലോമീറ്ററാണ് ദൂരം. കോട്ടയം ജില്ലയുടെയും കാഞ്ഞിരപ്പള്ളി താലൂക്കിന്റെയും അതിർത്തിയാണ് കൂട്ടിക്കൽ. ഇവിടെ നിന്ന് ഇടുക്കി ജില്ലയിലേക്ക് കടക്കുകയാണ്. ഒരു ചപ്പാത്ത് കഴിഞ്ഞാൽ കൊക്കയാറിലേക്ക് കടക്കാനാകും. ഇങ്ങനെയാണ് ഈ ദുരന്തഭൂമികളുടെ ഭൂമിശാസ്ത്രപരമായ കിടപ്പ്. ഇടുക്കി ജില്ലയിൽ നിന്നും മുണ്ടക്കയത്തെ ബോയ്സ് എസ്റ്റേറ്റ് വഴി മറ്റൊരു വശത്തുകൂടെയും കൊക്കയാറിലേക്ക് വരാൻ സാധിക്കും.
കേരളത്തിൽ തന്നെ വിജയകരമായി റബർ പ്ലാന്റേഷൻ ആരംഭിച്ച സ്ഥലം കൂടിയാണ് ഇവിടെ.
advertisement
കേരളത്തിൽ ഏറ്റവും കൂടുതൽ റബർ ഉത്പാദിക്കുന്ന പ്രദേശമായിരുന്നു കാഞ്ഞിരപ്പള്ളി. ഈ താലൂക്കിൽ തന്നെ ആദ്യമായി റബർ ഉത്പാദനം ആരംഭിച്ചത് കൂട്ടിക്കലിനടുത്ത ഏന്തയാർ എന്ന സ്ഥലത്താണ്. അയർലന്റ് കാരനായ ജോൺ മർഫി എന്നയാളാണ് അവിടെ റബർ പ്ലാന്റേഷൻ ആരംഭിച്ചത്. തുടര്‍ന്ന് കൂട്ടിക്കലും ഇളങ്കാടും ഒക്കെ ആളുകൾ കുടിയേറി തുടങ്ങി. റബർ എസ്റ്റേറ്റാണ് ഇവിടെ പ്രധാനം.
ഒരുഡസനോളം പാറമടകൾ
ഈ പ്രദേശത്ത് ഒരു ഡസനോളം പാറമടകൾ പ്രവർത്തിക്കുന്നുവെന്നാണ് മറ്റൊരു വസ്തുത. കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, വല്യേന്ത ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് പാറമടകൾ പ്രവർത്തിക്കുന്നത്. പരിസ്ഥിതി ലോലപ്രദേശമാണിവിടെ. പശ്ചിമഘട്ടത്തിലെ ഏറ്റവും പരിസ്ഥിതിലോലവും ജൈവവൈവിധ്യമുള്ളതും സംരക്ഷിക്കപ്പെടേണ്ടതുമായ പ്രദേശമെന്നാണ് ജൈവ വൈവിധ്യബോർഡ് സംസ്ഥാന സർക്കാരിന് നൽകിയ റിപ്പോർട്ടിൽ ഈ ഭാഗത്തെപ്പറ്റി പറയുന്നത്.
advertisement
വാഗമൺ മൊട്ടക്കുന്നുകളുടെ ഒരു ഭാഗമാണ് പാറമടകൾ പ്രവർത്തിക്കുന്ന സ്ഥലം. കോട്ടയം ജില്ലയിലെ പ്രധാന നദികളുടെ തുടക്കം ഇവിടത്തെ ഷോലവനമേഖലകളാണ്. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലും കസ്തൂരിരംഗൻ റിപ്പോർട്ടിലും ഖനന നിരോധന മേഖലയായി കാണിച്ചിട്ടുള്ളതാണ് ഈ പ്രദേശങ്ങൾ. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മാപ്പിൽ കൊടുങ്ങ, വല്യേന്ത ഭാഗങ്ങളിലെ ക്വാറികൾ ഉൾപ്പെടുന്ന പ്രദേശം അതീവ മണ്ണിടിച്ചിൽ ഭാഗമായി ചുവപ്പ്, ഓറഞ്ച് നിറങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
Also Read- Kerala Rains Live Update| സംസ്ഥാനത്ത് മരണം 24 ആയി; തിരുവനന്തപുരം കല്ലാറിൽ യുവാവ് മുങ്ങിമരിച്ചു
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 17, 2021 7:38 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
Kerala Rains| എവിടെയാണ് ഉരുൾപൊട്ടൽ ദുരന്തം വിതച്ച കൂട്ടിക്കൽ, കാവാലി, പ്ലാപ്പള്ളി, കൊക്കയാര്‍ എന്നീ സ്ഥലങ്ങൾ?