സ്റ്റീഫന്‍ മിറാന്‍: ട്രംപിന്റെ തീരുവകള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം
- Published by:Sneha Reghu
- news18-malayalam
Last Updated:
സാമ്പത്തിക നയങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റിന് ഉപദേശം നല്‍കുന്ന സിഇഎയില്‍ ചെയര്‍മാനുള്‍പ്പെടെ മൂന്ന് അംഗങ്ങളുണ്ട്
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകരാജ്യങ്ങളുടെ മേല്‍ താരിഫുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പല സാമ്പദ്യ വ്യവസ്ഥകളുടെയും അടിത്തറ ഇളക്കിമറിക്കപ്പെട്ടു. എന്നാല്‍, ട്രംപിന്റെ ഈ നടപടി കേവലം സാമ്പത്തിക ദേശീയതയുടെയോ(economic nationalism) ചൂതാട്ടത്തിന്റെയോ ഭാഗമായിരുന്നില്ല. മറിച്ച് ട്രംപിന്റെ കാഴ്ചപ്പാടുകളും സാമ്പത്തിക അജണ്ടയും രൂപപ്പെടുത്തിയത് ഒരു കൂട്ടം ഉപദേശകരായിരുന്നു. കൗണ്‍സില്‍ ഓഫ് ഇക്കണോമിക് അഡ്‌വൈസേഴ്സിന്റെ(സിഇഎ) ചെയര്‍മാനായ സ്റ്റീഫന്‍ ഇറ മിറാന്‍ ആണ് ഇതിന് പിന്നിലെ ബുദ്ധികേന്ദ്രം.
നിലവില്‍ ഹഡ്‌സണ്‍ ബേ കാപ്പിറ്റല്‍ മാനേജ്‌മെന്റ് എല്‍പിയില്‍ സീനിയര്‍ സ്ട്രാറ്റജിസ്റ്റാണ് അദ്ദേഹം. ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയ അദ്ദേഹം ന്യൂയോര്‍ക്ക് സിറ്റിയിലെ മാന്‍ഹട്ടന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫെലോയുമാണ്. റീഗന്‍ ഭരണകാലത്ത് സിഇഎയുടെ അധ്യക്ഷനായിരുന്ന പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ ഫെല്‍ഡ്‌സ്റ്റൈന്‍ ആണ് അദ്ദേഹത്തിന്റെ പിഎച്ച്ഡിയുടെ ഗൈഡ്.
സാമ്പത്തിക നയങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റിന് ഉപദേശം നല്‍കുന്ന സിഇഎയില്‍ ചെയര്‍മാനുള്‍പ്പെടെ മൂന്ന് അംഗങ്ങളുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് അവലോകനം ചെയ്ത് വാര്‍ഷിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനും ഫെഡറല്‍ നയങ്ങളും പരിപാടികളും അവലോകനം ചെയ്യാനും സാമ്പത്തിക നയ നിര്‍ദേശങ്ങള്‍ നല്‍കാനും ഈ കൗണ്‍സില്‍ സഹായിക്കുന്നു.
advertisement
താരിഫുകളെക്കുറിച്ച് മിറാന്റെ വീക്ഷണങ്ങള്‍ എന്തൊക്കെയാണ്?
ട്രംപ് ഇപ്പോള്‍ ഏര്‍പ്പെടുത്തിയതും താത്കാലികമായി മരവിപ്പിച്ചതുമായ വ്യാപാര താരിഫുകളെക്കുറിച്ച് നിലനില്‍ക്കുന്ന ഭയം അനാവശ്യമാണെന്ന് മിറാന്‍ തിങ്കാളാഴ്ച പറഞ്ഞിരുന്നു. ''താരിഫുകള്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നുണ്ട്. മിക്ക സാമ്പത്തിക വിദഗ്ധരും ചില നിക്ഷേപകരും താരിഫുകളെ ദോഷകരമായാണ് വിലയിരുത്തുന്നത്. എന്നാല്‍, ഈ ധാരണ തെറ്റാണ്,'' മിറാന്‍ പറഞ്ഞു. ''താരിഫുകളെക്കുറിച്ചുള്ള സാമ്പത്തിക സമവായം ഇത്രയധികം തെറ്റാണെന്നതിന്റെ ഒരു കാരണം, അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ച് പഠിക്കാന്‍ സാമ്പത്തിക വിദഗ്ധര്‍ ഉപയോഗിക്കുന്ന എല്ലാ മാതൃകകളും വ്യാപാര കമ്മി ഇല്ലെന്ന് കരുതുകയോ അല്ലെങ്കില്‍ കമ്മികള്‍ ഹ്രസ്വകാലത്തേക്ക് മാത്രമുള്ളതാണെന്നും കറന്‍സി ക്രമീകരണങ്ങളിലൂടെ വേഗത്തില്‍ സ്വയം ശരിയാക്കപ്പെടുമെന്ന് അനുമാനിക്കുകയോ ചെയ്യുന്നതാണ്,'' ഹഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്കില്‍ പ്രസ്താവനയില്‍ മിറാന്‍ പറഞ്ഞു.
advertisement
അംഗീകൃത മാതൃകകള്‍ അനുസരിച്ച് വ്യാപാര കമ്മി യുഎസ് ഡോളര്‍ ദുര്‍ബലമാകാന്‍ കാരണമാകും. ഇത് ഇറക്കുമതി കുറയ്ക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ഒടുവില്‍ വ്യാപാര കമ്മി ഇല്ലാതാക്കുകയും ചെയ്യുമെന്നും മിറാന്‍ പറഞ്ഞു.
അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ചുള്ള മിറാന്റെ കാഴ്ചപ്പാട്
അടുത്തിടെ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തില്‍(A User’s Guide to Restructuring the Global Trading System) അന്താരാഷ്ട്ര വ്യാപാര നിയമങ്ങള്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നതിനുള്ള സമഗ്രമായ ഒരു ചട്ടക്കൂട് മിറാന്‍ അവതരിപ്പിച്ചിട്ടുണ്ട്. താരിഫുകള്‍ കേവലം വരുമാനമുണ്ടാക്കാനുള്ള വഴിയായി മാത്രമല്ല അദ്ദേഹം കാണുന്നത്. മറിച്ച് ചൈന പോലെയുള്ള വളര്‍ന്നുകൊണ്ടിരിക്കുന്ന സാമ്പത്തികശക്തികളുടെ പശ്ചാത്തലത്തില്‍ ക്രമാനുഗതമായി ക്ഷയിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയുടെ വ്യാവസായിക ശേഷി പുനരുജ്ജീവിപ്പിക്കാനുള്ള ഒരു തന്ത്രപരമായ ശ്രമമായാണ് മിറാന്‍ ഇത് അവതരിപ്പിച്ചത്. ഉപദേഷ്ടാവായി നാമനിര്‍ദേശം ചെയ്യപ്പെടുന്നതിന് മുമ്പ് മിറാന്‍ തന്റെ ആശയങ്ങള്‍ അവതരിപ്പിച്ചിരുന്നു. 2018-19 കാലയളവില്‍ ട്രംപ് ഭരണകൂടം ചൈനയ്ക്ക് മേല്‍ താരിഫ് ചുമത്തിയത് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കടുത്ത മാക്രോ സാമ്പത്തിക പ്രത്യാഘാതങ്ങളില്ലാതെ കടന്നുപോയി എന്ന് അദ്ദേഹം വാദിക്കുന്നു. ആ സമയത്ത് താരിഫുകളുടെ മാക്രോ സാമ്പത്തിക ആഘാതം നികത്താനായി യുഎസ് ഡോളറിന്റെ മൂല്യം വര്‍ധിച്ചുവെന്നും അതിന്റെ ഫലമായി യുഎസ് ട്രഷറിക്ക് ഗണ്യമായ വരുമാനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
advertisement
2018ലെ വ്യാപാര യുദ്ധത്തിന്റെ തുടക്കം മുതല്‍ ചൈനീസ് ഇറക്കുമതിയുടെ ഇഫക്ടീവ് താരിഫ് നിരക്ക് 17.9 ശതമാനം പോയിന്റ് വര്‍ധിച്ച് 2019ലെ പരമാവധി താരിഫ് നിരക്കിലേക്ക് എത്തിയതായി മിറാന്റെ ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു.
റിസര്‍വ് കറന്‍സി എന്ന പദവി മൂലം യുഎസ് ഡോളറിന് എപ്പോഴും അമിത മൂല്യം ലഭിക്കുന്നുണ്ടെന്ന് മിറാന്‍ വാദിക്കുന്നു. എന്നാല്‍ വിദേശത്തുനിന്ന് വാങ്ങുന്നത് മൂല്യം കുറയ്ക്കുന്നതിലൂടെ അത് അമേരിക്കന്‍ ഉത്പാദനത്തിനുമേല്‍ ഭാരം ചുമത്താന്‍ കാരണമായി.
''ഡോളറിന്റെ മൂല്യം നിലനിര്‍ത്താന്‍ ലക്ഷ്യമിടുന്ന നയങ്ങളിലൂടെയും എന്നാല്‍ നമ്മുടെ വ്യാപാര പങ്കാളികളുമായി ഭാരം പങ്കിടല്‍ മെച്ചപ്പെടുത്തുന്നതിലൂടെയും നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,'' മിറാൻ പറഞ്ഞതായി ഫിനാന്‍ഷ്യല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
advertisement
സാമ്പത്തിക ബന്ധങ്ങള്‍ പുനര്‍നിര്‍വചിക്കല്‍
താരിഫുകള്‍ അല്ലെങ്കില്‍ ഹ്രസ്വകാല വ്യാപാര ഇടപാടുകള്‍ക്ക് അപ്പുറവുമാണ് മിറാന്റെ സ്വപ്‌നങ്ങളിലുള്ളത്. അമേരിക്കയുടെ സാമ്പത്തിക ബന്ധങ്ങളുടെ പൂര്‍ണമായ പുനര്‍നിര്‍മാണമാണ് അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത്. വ്യാപാര പങ്കാളികള്‍ അവരുടെ കറന്‍സികള്‍ പുനര്‍മൂല്യനിര്‍ണയം നടത്തുകയും യുഎസില്‍ വ്യാവസായിക നിക്ഷേപം വര്‍ധിപ്പിക്കുകയും ചില സാഹചര്യങ്ങളില്‍ ആധുനിക നയതന്ത്രം പ്രകാരം സീറോ-.യീല്‍ഡ് ട്രഷറി ബോണ്ടുകള്‍ വാങ്ങുന്നതിലൂടെയും അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ പിന്തുണയ്ക്കുകയും വേണമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.
സാമ്പത്തിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനും ദീര്‍ഘകാല ദേശീയ അഭിവൃദ്ധി ഉറപ്പാക്കുന്നതിനും ഈ സംവിധാനങ്ങള്‍ അത്യാവശ്യമാണെന്ന് മിറാന്‍ കരുതുന്നു.
advertisement
വിമര്‍ശകര്‍ പറയുന്നത് എന്ത്?
ട്രംപിന്റെ തീരുമാനങ്ങള്‍ വലിയ തന്ത്രത്തേക്കാള്‍ ഉപരിയായി ഹ്രസ്വകാല രാഷ്ട്രീയ കണക്കുകൂട്ടലുകളാലാണ് നയിക്കപ്പെടുന്നതെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വോട്ടര്‍മാരെയും ദേശീയ വികാരങ്ങളെയും ആകര്‍ഷിക്കുക എന്നതാണ് ഇത് ലക്ഷ്യമിടുന്നതെന്നും അവര്‍ പറയുന്നു.
ഉദാഹരണത്തിന്, താരിഫുകളെക്കുറിച്ച് പ്രഖ്യാപിക്കുന്നതിന് മുമ്പ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ 'വാങ്ങുക' എന്ന് പോസ്റ്റ് ചെയ്തിരുന്നു. തന്റെ വാള്‍ സ്ട്രീറ്റ് ദാതാക്കള്‍ക്ക് പ്രയോജനം ലഭിക്കുന്നതിനായി ട്രംപ് ഓഹരി വിപണിയെ കൃത്രിമമായി ഉപയോഗിച്ചോ എന്നതിനെക്കുറിച്ച് ഔപചാരിക തലത്തില്‍ അന്വേഷണം നടത്തണമെന്ന് സെനറ്റര്‍ എലിസബത്ത് വാറന്‍ ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ സോഷ്യല്‍ മീഡിയ സന്ദേശം സുരക്ഷാ നിയമങ്ങള്‍ ലംഘിക്കുന്നതാണോയെന്ന് മുന്‍ വൈറ്റ് ഹൗസ് എത്തിക്‌സ് ലോയര്‍ റിച്ചാര്‍ഡ് പെയിന്റര്‍ ഉള്‍പ്പെടെയുള്ളവര്‍ ചോദ്യം ചെയ്തിരുന്നതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് വാങ്ങിയ ആളുകള്‍ ധാരാളം പണം സമ്പാദിച്ചതായി പെയിന്റര്‍ അഭിപ്രായപ്പെട്ടു. ഇന്‍സൈഡര്‍ ട്രേഡിംഗ് ലംഘനം നടന്നതായുള്ള സൂചനയാണ് ഇത് മുന്നോട്ട് വയ്ക്കുന്നത്.
advertisement
സ്റ്റീഫന്‍ മിറാനെക്കുറിച്ച്
2005ല്‍ ബോസ്റ്റണ്‍ സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രം, തത്ത്വശാസ്ത്രം, ഗണിതം എന്നിവയില്‍ ബിരുദം നേടി. 2010ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി. റീഗന്‍ ഭരണകാലത്ത് സിഇഎയുടെ അധ്യക്ഷനായിരുന്ന പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ മാര്‍ട്ടിന്‍ ഫെല്‍ഡ്‌സ്റ്റൈന്‍ ആണ് അദ്ദേഹത്തിന്റെ പിഎച്ച്ഡിയുടെ ഗൈഡ്.
യുഎസ് സിഇഎയുടെ 32ാമത് ചെയര്‍മാനാണ് അദ്ദേഹം. ഇതിന് മുമ്പ് ആഗോള നിക്ഷേപക മാനേജ്‌മെന്റ് സ്ഥാപനമായ ഹഡ്‌സണ്‍ ബേ കാപിറ്റല്‍ മാനേജ്‌മെന്റില്‍ സീനിയര്‍ സ്ട്രാറ്റജിസ്റ്റായിരുന്നു അദ്ദേഹം. അസ്റ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ആംബര്‍വേവ് പാര്‍ട്‌ണേഴ്‌സിന്റെ സഹസ്ഥാപകനും മാന്‍ഹാട്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഡ്ജങ്ക്റ്റ് ഫെലോയുമായി മിറാന്‍.
സ്റ്റീവന്‍ മ്യുചില്‍ ട്രഷറി സെക്രട്ടറിയായിരുന്ന സമയം 2020 മുതല്‍ 2021 വരെയുള്ള കാലയളവില്‍ ട്രഷറി വകുപ്പിന്റെ സാമ്പത്തിക നയ ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
April 10, 2025 2:33 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
സ്റ്റീഫന്‍ മിറാന്‍: ട്രംപിന്റെ തീരുവകള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം