ലോകത്തുടനീളം വീണ്ടും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നസാഹചര്യത്തില്‍ ഇന്ത്യ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. രാജ്യത്ത് ചൈന, ജപ്പാന്, ഹോങ്കോങ്, കൊറിയ, സിംഗപൂര്‍, തായ്ലന്ഡ് എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. 2023 ജനുവരി 1 മുതല്‍ ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ തങ്ങളുടെ ആര്‍ടിപിസിആര്‍ പരിശോധനയുടെ ഫലം എയര്‍ സുവിധ പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കണം.
പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍
സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി ഡിസംബര്‍ 30 ന്, പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ പരിശോധന ഫലത്തിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരിക്കണം. ഓരോ രാജ്യാന്തര യാത്രക്കാരില്‍ രണ്ട് ശതമാനം പേരെ പരിശോധിക്കുന്ന നിലവിലെ രീതി തുടരും.
Also read- 60 പിന്നിട്ടവരും അനുബന്ധരോഗങ്ങളുള്ളവരും കരുതല്‍ ഡോസ് വാക്സിന് എടുക്കണമെന്ന് സര്‍ക്കാര്‍
ഇതുസംബന്ധിച്ച് എല്ലാ കൊമേഷ്യൽ എയര്‍ലൈനുകള്‍ക്കും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാര്‍, സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍/അഡ്മിനിസ്ട്രേറ്റര്‍മാര്‍ എന്നിവര്‍ക്ക് മന്ത്രാലയം പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ചൈനയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് ശേഷം കൊവിഡ് കേസുകളില്‍ ഉണ്ടായ വര്‍ധനവ് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ(ഡബ്ല്യുഎച്ച്ഒ) ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ചൈനയിലെ നിലവിലെ സ്ഥിതി?
ചൈനയുടെ ‘സീറോ കൊവിഡ്’ നയത്തില്‍ ഇളവ് വരുത്തിയതിനെ തുടര്‍ന്ന് രാജ്യത്തെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതേതുടര്‍ന്നാണ് പല ലോകരാജ്യങ്ങളും വീണ്ടും യാത്ര നിയന്ത്രണങ്ങള്‍ കൊണ്ടുവന്നത്. യുഎസ്, ജപ്പാന്, ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങള്‍ ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ ചൈന വിമര്‍ശിച്ചിരുന്നു.
എന്നാല്‍ ചൈനയുടെ കൊവിഡ് കണക്കുകള്‍ വിശ്വസനീയമല്ലെന്നാണ് മറ്റ് രാജ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെ ജനുവരി 8 മുതല്‍ യാത്രക്കാര്‍ക്കുള്ള ക്വാറന്റൈന് റദ്ദാക്കുന്നത് ഉള്‍പ്പെടെ എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കാനുള്ള ചൈനയുടെ തീരുമാനം ലോകമെമ്പാടും വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഈ കാലയളവില്‍ ദശലക്ഷക്കണക്കിന് ചൈനക്കാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കാനുള്ള സാധ്യതയുണ്ട്. ഇത് കൊവിഡ് കേസുകള്‍ കൂടാന്‍ കാരണമാകും.
നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യൂറോപ്യന്‍ രാജ്യങ്ങള്‍
ഫ്രാന്‍സ്, സ്പെയിന്, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളും ചൈനയില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്കായി കര്‍ശന കൊവിഡ്-19 പരിശോധനകള്‍ ആരംഭിച്ചതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതനുസരിച്ച് ചൈനയില്‍ നിന്ന് എത്തുന്ന യാത്രക്കാര്‍ക്ക് കോവിഡ് ടെസ്റ്റ് പരിശോധനാ ഫലം നെഗറ്റീവായിരിക്കണെന്ന് ഫ്രാന്‍സ് അറിയിച്ചു.ചൈനയില്‍ നിന്ന് എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങളില്‍ വെച്ച് പിസിആര്‍ ടെസ്റ്റുകള്‍ നടത്തും.
കൂടാതെ ചൈനയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പൗരന്മാരോട് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു. ചൈനയില്‍ നിന്ന് ഫ്രാന്സിലേക്കെത്തുന്ന വിമാനങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കാനും ഫ്രാന്‍സ് ആലോചിക്കുന്നുണ്ട്. പുതിയ നിയമങ്ങള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. സീസണല്‍ ഫ്ലൂ, ബ്രോങ്കൈറ്റിസ് കേസുകളുടെ തരംഗം, കൊവിഡ്-19 എന്നിവ മൂലം ഫ്രാന്‍സില്‍ ആശുപത്രിയില്‍ പ്രവേശിക്കുന്ന രോഗികളുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്.
ഇതേതുടര്‍ന്നാണ് നടപടി. ജനുവരി 5 മുതല്‍ ചൈനയില്‍ നിന്ന് നേരിട്ടുള്ള വിമാനങ്ങളില്‍ ഇംഗ്ലണ്ടിലേക്ക് എത്തുന്നവര്‍ പുറപ്പെടുന്നതിന് മുമ്പുള്ള കൊവിഡ് പരിശോധന നടത്തണമെന്ന് യുകെ അറിയിച്ചു. ചൈനയില്‍ നിന്ന് വരുന്ന എല്ലാ യാത്രക്കാര്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ വേണമെന്ന് സ്പെയിനും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമെ, അമേരിക്കയും ജപ്പാനും ചൈനയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കൊവിഡ് പരിശോധനകള്‍ നിര്‍ബന്ധമാക്കി.
എന്താണ് ചൈനയില്‍ സംഭവിച്ചത്?
കൊവിഡ് മഹാമാരിയെ നേരിടാന്‍ ചൈന ‘സീറോ കൊവിഡ് നയം’ നടപ്പിലാക്കിയിരുന്നു. രോഗത്തോടൊപ്പം ജീവിക്കുകയെന്ന മറ്റു രാജ്യങ്ങളുടെ നയത്തിന് വിപരീതമായി ‘ സീറോ കൊവിഡ്’ എന്ന ആശയമാണ് ചൈന പിന്തുടര്ന്നത്. രാജ്യത്ത് നിന്ന് കൊവിഡിനെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഇതിലൂടെ രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളെ കൊവിഡില്‍ നിന്ന് സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ അവകാശപ്പെട്ടു. എന്നാല്‍ ‘ സീറോ കൊവിഡ് നയത്തിന്റെ പേരില്‍ നടപ്പിലാക്കിയ ലോക്ഡൗണും നിയന്ത്രണങ്ങളും
വലിയ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായി.രാജ്യവ്യാപകമായി സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ചൈനീസ് സര്‍ക്കാര്‍ ‘ സീറോ കൊവിഡ്’ നയത്തില്‍ ഇളവ് വരുത്തി.
ഇതാണ് ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ ഉയരാനുള്ള കാരണം. ചൈനയിലെ വാക്സിനേഷന് നിരക്ക് 90% ന് മുകളിലാണ്. എന്നാല്‍ ബൂസ്റ്റര്‍ ഡോസ് എടുത്ത മുതിര്‍ന്നവരുടെ നിരക്ക് 57.9 ശതമാനവും 80 വയസിനും അതില്‍ കൂടുതലുമുള്ള ആളുകളുടെ നിരക്ക് 42.3 ശതമാനമാണെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ദുര്‍ബല വിഭാഗങ്ങള്‍ക്കും 60 വയസ്സിനു മുകളിലുള്ളവര്‍ക്കും രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് അല്ലെങ്കില്‍ നാലാമത്തെ ഷോട്ട് നല്‍കുമെന്ന് ചൈന കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. എന്നാല്‍ മറ്റ് രാജ്യങ്ങളില്‍ വികസിപ്പിച്ച എല്ലാ വാക്സിനുകളും ചൈനയില്‍ ലഭ്യമല്ല. സിനോഫാം ഇന്‍ആക്ടീവ്, സിനോവാക്കിന്റെ കൊറോണവാക്ക് തുടങ്ങി ആഭ്യന്തരമായി വികസിപ്പിച്ച മറ്റ് വാക്സിനുകളുമാണ് ചൈനയില്‍ നല്കി വരുന്നത്.
ചൈനയിലെ വാക്സിനുകളുടെ സുരക്ഷയെക്കുറിച്ച് രാജ്യത്തെ ആരോഗ്യ രംഗത്തിന് സംശയമില്ലെങ്കിലും, വിദേശ നിര്‍മ്മിത എംആര്‍എന്‍എയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചൈനയുടെ വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെന്ന് തെക്കന്‍ ചൈനീസ് നഗരമായ ഷെന്‍ഷെനിലെ ഡോക്ടര്‍ കെല്ലി ലീ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.