കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇന്ത്യയില്‍ എത്തിയ 6,000 യാത്രക്കാരില്‍ 39 അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. എന്നാല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ നിരോധിക്കുന്ന കാര്യം കേന്ദ്രം പരിഗണിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജപ്പാന്, ചൈന, ദക്ഷിണ കൊറിയ, തായ്ലന്ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കായി എയര്‍ സുവിധ പോര്‍ട്ടല്‍ അടുത്തയാഴ്ച മുതല്‍ വീണ്ടും തുറക്കാന്‍ സാധ്യതയുണ്ട്.
ജനുവരി മാസത്തില്‍ ഇന്ത്യയില്‍ കോവിഡ് 19 കേസുകളിൽ വര്‍ധനവ് ഉണ്ടാകുമെന്നതിനാല്‍ അടുത്ത 40 ദിവസങ്ങള്‍ നിര്‍ണായകമാണെന്ന് വിദഗ്ധര്‍ പറയുന്നത്. മുമ്പ്, കിഴക്കന്‍ ഏഷ്യ കോവിഡിന്റെ പിടിയിലായി ഏകദേശം 30-35 ദിവസങ്ങള്‍ക്ക് ശേഷം കോവിഡ് -19 ന്റെ ഒരു പുതിയ തരംഗം ഇന്ത്യയില്‍ എത്തിയിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, അണുബാധയുടെ തീവ്രത കുറവാണെന്നും അധികൃതർ പറയുന്നു. ഇനി ഒരു കോവിഡ് തരംഗമുണ്ടായാലും മരണവും ആശുപത്രിവാസവും വളരെ കുറവായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച മുതല്‍ ഓരോ അന്താരാഷ്ട്ര വിമാനത്തിലും എത്തുന്ന രണ്ട് ശതമാനം യാത്രക്കാര്‍ക്ക് കൊറോണ വൈറസ് പരിശോധന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ഹോങ്കോങ്, ബാങ്കോക്ക്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്ന് വരുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് അടുത്തയാഴ്ച മുതല്‍ എയര്‍ സുവിധ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുന്നതും 72 മണിക്കൂര്‍ മുമ്പ് ആര്‍ടി-പിസിആര്‍ പരിശോധനയും നിര്‍ബന്ധമാക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഇന്ത്യയില്‍ 188 പുതിയ കോവിഡ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതുവരെ 3,468 കേസുകളാണ് സ്ഥിരീകരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 5,30,696 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.14 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.18 ശതമാനവുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,34,995 കോവിഡ് പരിശോധനകള്‍ നടത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.