News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 19, 2021, 1:46 PM IST
News18 Malayalam
രാജ്യത്ത് പെട്രോൾ, ഡീസൽ വില കുതിച്ചുയരുകയാണ്. ബുധനാഴ്ച്ച രാജസ്ഥാനിലെ ശ്രീ ഗംഗനഗറിൽ പെട്രോൾ വില ലിറ്ററിന് 26 പൈസ വർധിച്ച് 100.13 രൂപയായി ഉയർന്നതോടെ രാജ്യത്ത് ആദ്യമായി പെട്രോളിന്റെ ചില്ലറ വില മൂന്ന് അക്കത്തിലെത്തി. ഡീസലിന്റെ 27 പൈസ വർധിച്ച് 92.13 രൂപയായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരം അനുസരിച്ച് തുടർച്ചയായ ഒൻപതാം ദിവസമാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നത്.
ഇന്ധനവില ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതിയിലുള്ള വ്യത്യാസമനുസരിച്ചാണ് വില വ്യത്യാസപ്പെടുന്നത്. എന്തുകൊണ്ടാണ് ഇന്ത്യയിൽ പെട്രോളിന്റെയും ഡീസലിന്റെയും വില ഉയരുന്നതെന്ന് പരിശോധിക്കാം.
എന്തുകൊണ്ടാണ് പെട്രോൾ, ഡീസൽ വില ഉയരുന്നത്?
കഴിഞ്ഞ വർഷം ഒക്ടോബറിന് ശേഷം ക്രൂഡ് ഓയിൽ വില 50 ശതമാനത്തിലധികം ഉയർന്നിട്ടുണ്ട്. 2020 ജനുവരിയിൽ ബാരലിന് 63.7 ഡോളറായിരുന്ന ക്രൂഡ് ഓയിൽ വില ഒക്ടോബറിൽ 40.2 ഡോളറിലെത്തി. മറ്റ് രാജ്യങ്ങളിൽ ഇന്ധന വില കൊറോണ വൈറസിന് മുമ്പുള്ള വിലയിൽ എത്തിയെങ്കിലും ഇന്ത്യയിൽ ഇന്ധന വില കുത്തനെ ഉയർന്നു കൊണ്ടിരിക്കുകയാണ്. 2021 ജനുവരിയിൽ ഇന്ധന വില റെക്കോർഡ് ഉയരത്തിലെത്തി.
Also Read-
പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി; വില വർധിക്കുന്നത് തുടർച്ചയായ 12ാം ദിവസം
2020 ഏപ്രിലിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. കൊവിഡ് മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണിനെ തുടർന്നാണ് വില കുത്തനെ ഇടിഞ്ഞത്. എന്നാൽ വാക്സിൻ വിതരണം ആരംഭിച്ചതോടെ വില ബാരലിന് 40 ഡോളറിൽ നിന്ന് 63.49 ഡോളറിലേയ്ക്ക് ഉയർന്നു. ഇതേ സമയം പ്രധാന എണ്ണ ഉത്പാദന രാജ്യമായ സൗദി അറേബ്യ എണ്ണയുടെ ഉത്പാദനം 1 മില്യൺ ബാരൽ കുറച്ച് 8.125 ബാരലായി ചുരുക്കി.
ഇതിനിടെ വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇന്ധനത്തിൻ മേലുള്ള നികുതി വർദ്ധിപ്പിച്ചു. ഇതും ഇന്ധന വില ഉയരാൻ കാരണമായി. ഡൽഹിയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ പെട്രോളിന്റെ നികുതി 180 ശതമാനം വർദ്ധിപ്പിച്ചു. ഡീസലിന്റെ നികുതി 141 ശതമാനം വർദ്ധിച്ചു. ഗ്രാമപ്രദേശങ്ങളിൽ മൺസൂൺ കാലത്ത് നിരവധി കർഷകരെയും ഇന്ധന വില വർദ്ധനവ് ബാധിക്കും. ജലസേചനത്തിനും മറ്റും ഡീസൽ മോട്ടോറുകൾ ഉപയോഗിക്കുന്നത് കർഷകരുടെ ചെലവ് വർദ്ധിപ്പിക്കും.
ഇന്ധനവില ഉയരുന്നതിനെച്ചൊല്ലിയുള്ള ആശങ്കകൾക്കിടയിൽ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ സംസ്ഥാനത്തെ ഇന്ധന വില ലിറ്ററിന് 7 രൂപ കുറച്ചു. ഇന്ധനവിലയിലെ നിരന്തരമായ വർധനവിനെ തുടർന്ന് ഇന്ധനത്തിൻ മേലുള്ള നികുതി ഉടൻ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷം വിമർശനമുയർത്തുന്നുണ്ട്. കേരളത്തിലും ഇന്ധന വില സർവകാല റെക്കോർഡിലാണ്. ഒരു ലിറ്റർ പെട്രോളിന്റെ വില 92 രൂപ കടന്നു. ഡീസലിന് 86.61 രൂപയാണ് ഇന്നത്തെ നിരക്ക്. എൽപിജി സിലിണ്ടറിന്റെ വിലയും ഈ ആഴ്ച ഡൽഹിയിൽ 50 രൂപ വർദ്ധിച്ചു.
Keywords: petrol, diesel, fuel price, price, പെട്രോൾ, ഡീസൽ, ഇന്ധന വില, വില
Published by:
Rajesh V
First published:
February 19, 2021, 1:42 PM IST