ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അമ്മാവന് ഇന്ദിരാ ഗാന്ധി പദവി നിഷേധിച്ചതിന് കാരണമെന്ത് ?
- Published by:Sarika N
- news18-malayalam
Last Updated:
47 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഞ്ജീവ് ഖന്നയുടെ അമ്മാവന്‍ ജസ്റ്റിസ് ഹന്‍സ് രാജ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ചിരുന്നു, ഇന്ന് അതേ പദവിയിലാണ് അനന്തരവനായ സഞ്ജീവ് ഖന്ന എത്തിയിരിക്കുന്നത്
സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധികാരമേറ്റിരിക്കുകയാണ്. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിരമിച്ചതിന് പിന്നാലെയാണ് സഞ്ജീവ് ഖന്നയെ തല്‍സ്ഥാനത്തേക്ക് നിയമിച്ചത്. ആറ് മാസമാണ് പുതിയ പദവിയില്‍ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തന കാലാവധി.
ഏകദേശം 47 വര്‍ഷങ്ങള്‍ക്ക് മുമ്പ് സഞ്ജീവ് ഖന്നയുടെ അമ്മാവന്‍ ജസ്റ്റിസ് ഹന്‍സ് രാജ് ഖന്നയ്ക്ക് (എച്ച്ആര്‍ ഖന്ന) അന്ന് രാജ്യം ഭരിച്ചിരുന്ന ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് പദവി നിഷേധിച്ചിരുന്നു. ഇന്ന് ആ കസേരയിലാണ് അനന്തരവനായ സഞ്ജീവ് ഖന്ന ഇരിക്കുന്നത്. 1977ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലേക്ക് മുഴങ്ങിക്കേട്ട പേരായിരുന്നു ഹന്‍സ് രാജ് ഖന്നയുടേത്.
ആരാണ് ഹന്‍സ് രാജ് ഖന്ന?
1912-ലാണ് ജസ്റ്റിസ് ഹന്‍സ് രാജ് ഖന്ന ജനിച്ചത്. അമൃത്സറിലാണ് അദ്ദേഹം തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ശേഷം അഭിഭാഷകനായി പ്രവര്‍ത്തിക്കാനും തുടങ്ങി. 1952-ല്‍ ജില്ലാ-സെഷന്‍ കോടതി ജഡ്ജിയായി അദ്ദേഹം നിയമിക്കപ്പെട്ടു. പിന്നീട് പഞ്ചാബ്, ഡല്‍ഹി ഹൈക്കോടതികളിലും ജഡ്ജിയായി അദ്ദേഹം സേവനമനുഷ്ടിച്ചു. 1971ലാണ് അദ്ദേഹം സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. തുടര്‍ന്ന് 1977ല്‍ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് അദ്ദേഹത്തിന്റെ പേരും പരിഗണിക്കപ്പെട്ടു.
advertisement
അടിയന്തരാവസ്ഥക്കാലത്ത് സ്വീകരിച്ച ഒരു വിധിയാണ് ഹന്‍സ് രാജ് ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെടാന്‍ കാരണമായത്. അക്കാലത്തെ എഡിഎം ജബല്‍പൂര്‍ VS ശിവകാന്ത് ശുക്ല കേസിലെ വിധിയാണ് ഹന്‍സ് രാജ് ഖന്നയ്ക്ക് തിരിച്ചടിയായത്. ഇന്ദിരാ ഗാന്ധി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ കാലത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ നിര്‍ദേശപ്രകാരം രാഷ്ട്രപതി ഫക്രുദിന്‍ അലി അഹമ്മദ് അടിയന്തരവസ്ഥ പ്രഖ്യാപിച്ചു. ഭരണഘടനാ അനുഛേദം 359 പ്രകാരം പൗരന്‍മാരുടെ മൗലിക അവകാശങ്ങളും പിന്‍വലിച്ചു.
advertisement
ഇതിനുപിന്നാലെ രാജ്യത്തെ പ്രതിപക്ഷ നേതാക്കളും സര്‍ക്കാര്‍ വിമര്‍ശകരും വിചാരണ പോലുമില്ലാതെ കൂട്ടത്തോടെ ജയിലിലാക്കപ്പെട്ടു. പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പലരും നീതിന്യായ വ്യവസ്ഥയില്‍ അഭയം തേടി. അടിയന്തരാവസ്ഥ കാലത്തും പൗരന്‍മാര്‍ക്ക് നീതിന്യായ സംവിധാനങ്ങളെ സമീപിക്കാമെന്ന് ഹൈക്കോടതികള്‍ നിര്‍ദേശിച്ചു. എന്നാല്‍ ഈ നിലപാടിനെ എതിര്‍ത്ത് ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ഇതാണ് വിവാദമായ എഡിഎം ജബല്‍പൂര്‍ കേസിലേക്ക് നയിച്ചത്.
ചീഫ് ജസ്റ്റിസ് എഎന്‍ റേ, ജസ്റ്റിസ് എംഎച്ച് ബെഗ്, വൈവി ചന്ദ്രചൂഡ്, പിഎന്‍ ഭഗവതി, ഹന്‍സ് രാജ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. എന്നാല്‍ ബെഞ്ചിലെ ഭൂരിപക്ഷ വിധിയോട് ഹന്‍സ് രാജ് ഖന്ന എതിര്‍പ്പ് രേഖപ്പെടുത്തി. അടിയന്തരാവസ്ഥകാലത്ത് നീതിന്യായ സംവിധാനങ്ങള്‍ വഴി പരിഹാരം തേടാന്‍ പൗരന്‍മാര്‍ക്ക് അവകാശമില്ലെന്ന വിധിയിലാണ് എച്ച്ആര്‍ ഖന്ന തന്റെ വിയോജിപ്പ് പ്രകടിപ്പിച്ചത്.
advertisement
വ്യക്തി സ്വതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് എച്ച്ആര്‍ ഖന്ന വാദിച്ചു. അടിയന്തരാവസ്ഥക്കാലത്തും പൗരന്‍മാരുടെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ദിരാഗാന്ധി ജസ്റ്റിസ് എച്ച്ആര്‍ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കാന്‍ കാരണം ?
എഡിഎം ജബല്‍പൂര്‍ VS ശിവകാന്ത് ശുക്ല കേസില്‍ എച്ച്ആര്‍ ഖന്ന രേഖപ്പെടുത്തിയ വിയോജിപ്പാണ് അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കാന്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1977ല്‍ അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായ എഎന്‍ റേയുടെ കാലാവധി പൂര്‍ത്തിയായതിനെത്തുടര്‍ന്ന് അടുത്ത ചീഫ് ജസ്റ്റിസിനെ നിയോഗിക്കാന്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായ എച്ച്ആര്‍ ഖന്നയെ മറികടന്ന് എഡിഎംജബല്‍പൂര്‍ കേസില്‍ സര്‍ക്കാരിന് അനുകൂല നിലപാടെടുത്ത എംഎച്ച് ബെഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഇതിനുപിന്നാലെ എച്ച്ആര്‍ ഖന്ന രാജിവെയ്ക്കുകയും ചെയ്തു.
advertisement
21 മാസം നീണ്ട അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ താഴെവീണു. വൈകാതെ തന്നെ എച്ച്ആര്‍ ഖന്നയെ നിയമകമ്മീഷന്‍ അധ്യക്ഷനായി നിയമിച്ചു. 1979വരെ അദ്ദേഹം ഈ പദവിയില്‍ തുടര്‍ന്നു. പിന്നീട് ചരണ്‍ സിംഗ് സര്‍ക്കാര്‍ എച്ച്ആര്‍ ഖന്നയെ കേന്ദ്രമന്ത്രിയായി നിയമിച്ചു. എന്നാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം ഈ പദവിയില്‍ നിന്ന് രാജിവെച്ചു. 1982ല്‍ പ്രതിപക്ഷ പിന്തുണയോടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ മത്സരിച്ച അദ്ദേഹം ഗ്യാനി സെയില്‍ സിംഗിനോട് പരാജയപ്പെട്ടു.
advertisement
പുതിയ ചീഫ് ജസ്റ്റിസായി സഞ്ജീവ് ഖന്ന
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ശുപാര്‍ശയില്‍ ഒക്ടോബര്‍ 24നാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിയമിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. നവംബര്‍ 8 ആയിരുന്നു ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ ചീഫ് ജസ്റ്റിസായുള്ള അവസാന പ്രവര്‍ത്തി ദിനം. ഇവിഎമ്മുകളുടെ പവിത്രത ഉയര്‍ത്തിപ്പിടിക്കല്‍, ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിക്കല്‍ തുടങ്ങി നിരവധി സുപ്രധാന സുപ്രീം കോടതി വിധികളുടെ ഭാഗമായിട്ടുള്ള ആളാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന. മുന്‍ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസായിരുന്ന ദേവ് രാജ് ഖന്നയുടെ മകനാണ്. 2019 ജനുവരി 18നാണ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ജഡ്ജിയായി സ്ഥാനമേല്‍ക്കുന്നത്.
advertisement
1960 മെയ് 14ന് ജനിച്ച ജസ്റ്റിസ് ഖന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള ക്യാമ്പസ് ലോ സെന്ററില്‍ നിന്നാണ് നിയമ പഠനം പൂര്‍ത്തിയാക്കിയത്. 1983ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലില്‍ നിന്നും എന്‍ട്രോള്‍ ചെയ്ത ഖന്ന തുടക്കത്തില്‍ ജില്ലാ കോടതികളിലും പിന്നീട് ഡല്‍ഹി ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. നാഷണല്‍ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. ഇന്‍കം ടാക്‌സ് വകുപ്പില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ല്‍ ഡല്‍ഹിയുടെ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായി (സിവില്‍) നിയമിതനായിരുന്നു.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
November 14, 2024 10:53 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ അമ്മാവന് ഇന്ദിരാ ഗാന്ധി പദവി നിഷേധിച്ചതിന് കാരണമെന്ത് ?