മാനനഷ്ടക്കേസുകളിൽ കെട്ടിവെക്കാനുള്ള തുക കുറയ്ക്കാനുളള ബജറ്റ് തീരുമാനത്തിന് പിന്നിലെന്ത്?
- Published by:Rajesh V
- news18-malayalam
Last Updated:
അടുത്തിടെ ചില ഉന്നത സ്ഥാനീയരായ വ്യക്തികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും അവർ കേസുമായി കോടതിയിലേക്ക് പോയിരുന്നില്ല
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കോടതി വ്യവഹാരത്തിനുള്ള ഫീസ് നിരക്ക് വർധിപ്പിക്കുന്ന പ്രഖ്യാപനത്തിനൊപ്പം ശ്രദ്ധിക്കേണ്ട ഒന്നാണ് മാനനഷ്ടക്കേസുകൾക്കുള്ള ഫീസ് കുറച്ചത്. മാനനഷ്ടക്കേസിനുള്ള കോടതി ഫീസ് കുറയ്ക്കുന്നതോടെ ഇത്തരം കേസുകളുടെ വൻവർധനയുണ്ടാകുമെന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്. ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ എന്നാല്‍ ഈ തീരുമാനത്തിന് പിന്നിലെന്തെന്ന ചർച്ചകളും സജീവം.
മാനഷ്ടക്കേസുകളിൽ കെട്ടിവെക്കേണ്ട തുക
ഇത്തരം കേസുകളിൽ നിലവിൽ ക്ലെയിം തുകയുടെ 10 ശതമാനമാണ് കോടതി ഫീസ്. ഇത് ഒരു ശതമാനമായി ചുരുക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. ഇപ്പോൾ 10 ശതമാനത്തിന്റെ മൂന്നിലൊന്ന് തുക ആദ്യം കോടതിയിൽ കെട്ടിവെക്കണം. തുടർന്നുള്ള ഘട്ടങ്ങളിൽ ബാക്കിത്തുകയും കെട്ടിവെക്കണം. ഇതുകാരണം വൻതുകയ്ക്കുള്ള അർഹതപ്പെട്ട മാനനഷ്ടക്കേസുകൾ പോലും കോടതികളിൽ ഫയൽ ചെയ്യപ്പെടാതെ പോകുന്നു.
നിയമ ഭേദഗതി വേണം
ബജറ്റിലെ പുതിയ പ്രഖ്യാപനം നടപ്പാക്കുന്നതിന് 1959ലെ കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട്സ് വാല്യുവേഷൻ ആക്ടിൽ ഭേദഗതി വരുത്തേണ്ടിവരും. ഇതോടെ മാനനഷ്ടക്കേസുകളുമായി കോടതിയെ സമീപിക്കാനുള്ള ചെലവ് കുറയും.
advertisement
പലരും കേസിന് പോകാത്തത് എന്തുകൊണ്ട്?
ക്ലെയിം തുകയുടെ മൂന്നു ശതമാനം കെട്ടിവയ്ക്കേണ്ടിവരുന്നത് പലരെയും മാനനഷ്ടക്കേസുകളുമായി കോടതികളെ സമീപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന അവസ്ഥ നിലവിലുണ്ട്. കാരണം അങ്ങനെ കണക്കാക്കിയ കോടതി ഫീസ് ഭീമമായ തുകയായിരിക്കും. അത് കെട്ടിവെക്കാനുള്ള പണം ഇല്ലാത്ത പലരും പിന്തിരിയുകയാണ് പതിവ്. ഈ രീതിക്ക് ഇനി മാറ്റം വരും.
നിലവിലെ ഫീസ് ഘടന
കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട്സ് വാല്യുവേഷൻ ആക്ടിലെ 22ാം വകുപ്പ് പ്രകാരം നിലവിലെ ഫീസ് ഇങ്ങനെ
advertisement
15,000 രൂപവരെ തുക വരുന്ന കേസിൽ – 4 ശതമാനം
15,000 മുതൽ 50,000 രൂപവരെ – 8 ശതമാനം
50,000 മുതൽ 10 ലക്ഷം രൂപവരെ- 10 ശതമാനം
10 ലക്ഷം മുതൽ ഒരു കോടി രൂപവരെ- 8 ശതമാനം
ഒരു കോടി രൂപയ്ക്ക് മുകളിൽ – ക്ലെയിം തുകയുടെ 1 ശതമാനം
പുതിയ മാറ്റം എങ്ങനെ?
നിലവിൽ 10 ലക്ഷം രൂപ ആവശ്യപ്പെട്ടുള്ള മാനനഷ്ടക്കേസിൽ, വാദി കോടതി ഫീസായി 98,400 രൂപ അടയ്ക്കണം. പുതിയ മാറ്റത്തോടെ വാദിക്ക് 98,400 രൂപയ്ക്ക് പകരം 10,000 രൂപ അടച്ചാൽ മതിയാകും.
advertisement
അതുപോലെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസിൽ നിലവിൽ വാദിക്ക് 8,18,404 രൂപ കോടതി ഫീസായി അടയ്ക്കണം. ബജറ്റ് പ്രഖ്യാപനം നിയമഭേദഗതിയായി വരുന്നതോടെ 8,18,404 രൂപയ്ക്ക് പകരം ഒരു ലക്ഷം ഫീസ് അടച്ചാൽ മതി.
അപകീർത്തി എങ്ങനെ
ഒരു വ്യക്തിയുടെ പേരിൽ മറ്റുള്ളവർക്കു വെറുപ്പോ വിദ്വേഷമോ അവജ്ഞയോ ഉണ്ടാകത്തക്കവിധം മറ്റൊരാൾ കരുതിക്കൂട്ടി വാക്കുകൊണ്ടോ എഴുത്തുകൊണ്ടോ ചിത്രങ്ങൾ മുഖേനയോ ചെയ്യുന്ന കുറ്റമാണ് അപകീർത്തി. ആയത് പ്രസ്തുതവ്യക്തിയുടെ യശസ്സ് നശിക്കുന്നതിനും അത് അയാളുടെ തൊഴിലിനെയും വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുന്നതിനും ഇടവരുത്തും.
advertisement
എഴുത്ത്, അച്ചടി, ചിത്രങ്ങൾ എന്നിവ വഴി നടത്തുന്ന അപകീർത്തി സ്ഥായി ആയിട്ടുള്ളതാണ്. വാക്കുകൾ ഉപയോഗിച്ചുള്ളവ അപ്രകാരമുള്ളതല്ല. ഒരാൾക്ക് അവ നിഷേധിക്കാൻ സാധിക്കും. ഒരാളിന്റെ ഉപജീവനമാർഗ്ഗത്തിനു തടസ്സമുണ്ടാകുന്നതോ മറ്റുള്ളവരിൽനിന്ന് അയാളെ അകറ്റിനിർത്തത്തക്കതോ അയാളിൽ മറ്റുള്ളവർക്കു പുച്ഛം തോന്നിക്കത്തക്കതോ ആയ എല്ലാ അപവാദാരോപണങ്ങളും അപകീർത്തിയുടെ പരിധിയിൽ വരും. ഭരണഘടനയുടെ ആർട്ടിക്കിൾ 19(2) പ്രകാരം സ്വതന്ത്രമായ സംസാരിക്കാനുള്ള മൗലികാവകാശത്തിന്മേൽ ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട ന്യായമായ നിയന്ത്രണമാണ് മാനനഷ്ടം.
advertisement
പുതിയ നീക്കത്തിന് പിന്നിലെന്ത്?
സമൂഹ മാധ്യമങ്ങളിലും ഓൺലൈൻ, ഡിജിറ്റൽ മാധ്യമങ്ങളിലും വ്യക്തിഹത്യകൾ വർധിച്ചുവരുന്ന കാലമാണ്. ഇതിനു പുറമെയാണ് ഉന്നത സ്ഥാനത്തിരിക്കുന്ന വ്യക്തികളിലേക്കും കുടുംബാംഗങ്ങളിലേക്കും നീളുന്ന ആരോപണങ്ങൾ. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരെ അടക്കം സമപകാലത്ത് ഇത്തരം ആരോപണങ്ങൾ കേരളം കണ്ടതാണ്. പല ആരോപണങ്ങളിലും മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന് പറയുകയല്ലാതെ തുടർ നടപടികൾ ഉണ്ടാകാറില്ല. പുതിയ തീരുമാനത്തോടെ ഈ രീതിക്ക് മാറ്റം വരുമെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.
അടുത്തിടെ ചില ഉന്നത സ്ഥാനീയരായ വ്യക്തികൾക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെയും ഓൺലൈൻ മാധ്യമങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും വളരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടും അവർ കേസുമായി കോടതിയിലേക്ക് പോയിരുന്നില്ല. ചെറിയ തുകയ്ക്ക് മാനനഷ്ടത്തിന് പോകാനാവാത്ത അവരെ
advertisement
അതിൽ നിന്നും പിന്തിരിപ്പിച്ചത് കെട്ടിവെക്കേണ്ടിവരുന്ന ഭീമമായ തന്നെ. പുതിയ മാറ്റം ഇത്തരക്കാർക്കടക്കം സഹായകമാകും.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
February 04, 2023 10:31 AM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
മാനനഷ്ടക്കേസുകളിൽ കെട്ടിവെക്കാനുള്ള തുക കുറയ്ക്കാനുളള ബജറ്റ് തീരുമാനത്തിന് പിന്നിലെന്ത്?