എന്തൊരു നികുതി? ഇന്ത്യന്‍ വംശജനായ വ്യവസായി ലക്ഷ്മി മിത്തൽ യുകെയിൽ നിന്നും മാറുന്നത് എന്തുകൊണ്ട്

Last Updated:

യുകെയില്‍ നിന്നും വിടുന്ന മിത്തല്‍ നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കോ ദുബായിയിലേക്കോ താമസം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍

ലക്ഷ്മി മിത്തൽ
ലക്ഷ്മി മിത്തൽ
ഇന്ത്യന്‍ വംശജനായ പ്രമുഖ സ്റ്റീല്‍ വ്യവസായി ലക്ഷ്മി മിത്തല്‍ യുകെയില്‍ നിന്ന് താമസം മാറാനൊരുങ്ങുന്നു. അതിസമ്പന്നരെ ലക്ഷ്യമിട്ടുള്ള പ്രധാന നികുതി പരിഷ്‌കരണങ്ങളുമായി ലേബര്‍ സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതിനിടയിലാണ് മിത്തല്‍ ബ്രിട്ടനില്‍ നിന്നും താമസം മാറുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ വ്യവസായികളിൽ ഒരാളും ബ്രിട്ടനിലെ അതിസമ്പന്ന മുഖവുമാണ് മിത്തല്‍.
ലോകത്തിലെ രണ്ടാമത്തെ വലിയ സ്റ്റീല്‍ നിര്‍മാണ കമ്പനിയായ ആര്‍സലര്‍ മിത്തലിന്റെ ചെയര്‍മാനാണ് ലക്ഷ്മി മിത്തല്‍. ഏകദേശം മൂന്ന് പതിറ്റാണ്ടുകാലത്തോളമായി ബ്രിട്ടനിലെ ബിസിനസ് ഉന്നതരുടെയും രാഷ്ട്രീയ സംഭാവനകളിലും ശതകോടീശ്വരന്മാരുടെ പട്ടികയിലും രാജ്യത്തിന്റെ ആഗോള കോര്‍പ്പറേറ്റ് മേഖലയിലും ലക്ഷ്മി മിത്തലിന്റെ പേരുണ്ട്.
1995-ലാണ് അദ്ദേഹം ലണ്ടനിലേക്ക് താമസം മാറ്റിയത്. അവിടെ ഏറ്റവും വിലയേറിയ വീടുകളില്‍ ചിലത് മിത്തല്‍ സ്വന്തമാക്കി. ലോകത്തിലെ സാമ്പത്തിക തലസ്ഥാനത്ത് നിന്നും ആഗോള സാമ്രാജ്യം കെട്ടിപ്പടുത്ത മിത്തല്‍ ബ്രിട്ടനിലെ പ്രമുഖരില്‍ ഒരാളായി മാറി. ഈ അധ്യായമാണ് മിത്തല്‍ രാജ്യം വിടുന്നതോടെ അവസാനിക്കാന്‍ പോകുന്നത്.
advertisement
അതിസമ്പന്നര്‍ക്ക് കനത്ത നികുതി (സൂപ്പര്‍ റിച്ച് ടാക്‌സ്) ഏര്‍പ്പെടുത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സമ്പന്നരായ നിരവധി സംരംഭകരും നിക്ഷേപകരും യുകെയില്‍ നിന്നും നികുതി സൗഹൃദയിടങ്ങളിലേക്ക് താമസം മാറുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിനിടയിലാണ് ലക്ഷ്മി മിത്തലും രാജ്യം വിടുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ബ്രിട്ടന്റെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഇത് ഉയര്‍ത്തുന്നു.
യുകെയില്‍ നിന്നും വിടുന്ന മിത്തല്‍ നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിലേക്കോ ദുബായിയിലേക്കോ താമസം മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ നികുതിദായകനാണ് മിത്തല്‍. എങ്കില്‍ അദ്ദേഹം ദുബായിയില്‍ ചെലവഴിക്കാനാണ് സാധ്യതയെന്ന് ദി സണ്‍ഡേ ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു സ്ഥലങ്ങളും നികുതിയുടെ കാര്യത്തിൽ വലിയ ആകർഷകമായ കേന്ദ്രങ്ങളാണ്. പ്രത്യേകിച്ചും ദുബായ്. നികുതി ആനുകൂല്യങ്ങൾ മാത്രമല്ല സാമ്പത്തിക സ്വകാര്യതയും രാഷ്ട്രീയ സ്ഥിരതയും വാഗ്ദാനം ചെയ്യുന്ന ദുബായ് സമീപവർഷങ്ങളിൽ ശതകോടീശ്വരന്മാരുടെ ഇഷ്ട കേന്ദ്രമായി മാറിയിട്ടുണ്ട്. ദുബായ് നഗരത്തിലേക്കുള്ള കോടീശ്വരന്മാരുടെ പലായനവും കൂടിയിട്ടുണ്ട്. മിത്തലും യുകെ വിട്ട് ദുബായിലേക്ക് പോകുമെന്നാണ് സൂചന.
advertisement
യുകെയില്‍ നിന്നുള്ള സമ്പന്നരുടെ തുടര്‍ച്ചയായ പലായനത്തിലെ കടുത്ത ആഘാതമുണ്ടാക്കുന്ന ഒന്നായാണ് മിത്തലിന്റെ വിടവാങ്ങലിനെ വിലയിരുത്തുന്നത്. ലണ്ടനിലെ ശതകോടീശ്വരന്മാരുടെ സര്‍ക്യൂട്ടില്‍ നിന്ന് വോര്‍തിരിക്കാനാവാത്തതായി പലപ്പോഴും കാണപ്പെട്ടിരുന്ന ഒരാള്‍ രാജ്യം വിടുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാന്‍ യുകെയിലെ അദ്ദേഹത്തിന്റെ യാത്രയും നികുതി മാറ്റങ്ങളും പരിശോധിക്കേണ്ടതുണ്ട്.
ആരാണ് ലക്ഷ്മി മിത്തല്‍ ?
ആധുനിക ഇന്ത്യയിലെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വ്യാവസായിക വിജയഗാഥകളില്‍ ഒന്നാണ് ലക്ഷ്മി മിത്തലിന്റേത്. രാജസ്ഥാനിലെ ഉരുക്ക് നിര്‍മാണ കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. വളര്‍ന്നതും പഠിച്ചതുമെല്ലാം കൊല്‍ക്കത്തയില്‍. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ നിന്ന് കൊമേഴ്‌സില്‍ ബിരുദം നേടിയ മിത്തല്‍ പിന്നീട് പിതാവിന്റെ ബിസിനസില്‍ ചേര്‍ന്നു. 1976ല്‍ ഇന്തോനേഷ്യയില്‍ തന്റെ ആദ്യത്തെ സ്റ്റീല്‍ പ്ലാന്റ് അദ്ദേഹം ആരംഭിച്ചു. ഒരു ആഗോള സ്റ്റീല്‍ സാമ്രാജ്യത്തിലേക്ക് അടിത്തറയിട്ടു.
advertisement
2006-ല്‍ യൂറോപ്പിലെ ആര്‍സലര്‍ എന്ന കമ്പനിയുമായുള്ള ലയനത്തോടെയാണ് ലോഹ വ്യവസായ രംഗത്തെ ശക്തരായ വ്യക്തികളിലൊരാളായി ലക്ഷ്മി മിത്തല്‍ മാറിയത്. ഇതോടെ ആര്‍സലര്‍ മിത്തല്‍ എന്നായി കമ്പനി പരിണമിച്ചു.
ഇന്ന് 60 ബില്യണ്‍ ഡോളറിലധികമാണ് കമ്പനിയുടൈ വാര്‍ഷിക വരുമാനം. അതായത് ഏകദേശം 5.37 ലക്ഷം കോടി രൂപ. ലോകമെമ്പാടുമായി 1,25,000ത്തിലധികം പേര്‍ക്ക് കമ്പനി തൊഴില്‍ നല്‍കുന്നുണ്ട്. മിത്തലിന്റെ ആസ്തി 21.4 ബില്യണ്‍ ഡോളറാണ് (1.90 ലക്ഷം കോടി രൂപ). ഇന്ത്യയിലെ 12-ാമത്തെ ധനികനും ആഗോളതലത്തില്‍ സമ്പന്നരില്‍ 104-ാം സ്ഥാനത്തുമാണ് മിത്തല്‍.
advertisement
ആല്‍സലര്‍ മിത്തലിന്റെ 40 ശതമാനത്തോളം നിയന്ത്രിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബമാണ്. 2021-ല്‍ മകന്‍ ആദിത്യ മിത്തലിന് സിഇഒ സ്ഥാനം നല്‍കിയ ശേഷം ലക്ഷ്മി മിത്തല്‍ കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായി തുടരുന്നു.
ബ്രിട്ടനിലെ ദി സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റില്‍ മിത്തല്‍ എട്ട് തവണ ഒന്നാം സ്ഥാനത്തായിരുന്നു. ഒരു ഘട്ടത്തില്‍ അദ്ദേഹത്തിന്റെ സ്വകാര്യ സമ്പത്ത് 27.7 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. യുകെയില്‍ ബിസിനസില്‍ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മിത്തലിന്റെ സാന്നിധ്യം. ടോണി ബ്ലെയറിന്റെയും ഗോള്‍ഡന്‍ ബ്രൗണിന്റെയും കാലത്ത് അദ്ദേഹം ലേബര്‍ പാര്‍ട്ടിക്ക് 5 മില്യണ്‍ പൗണ്ടിലധികം സംഭാവന നല്‍കി. ഫൂട്‌ബോള്‍ ക്ലബ്ബായ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സില്‍ നിക്ഷേപിച്ചു. വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും വലിയ തുക മിത്തല്‍ സംഭാവന നല്‍കി.
advertisement
അദ്ദേഹത്തിന്റെ ജീവിത ശൈലിയും ലണ്ടന്‍ പൈതൃകത്തിന്റെ ഭാഗമായി മാറി. കെന്‍സിംഗ്ടണ്‍ പാലസ് ഗാര്‍ഡന്‍സില്‍ മിത്തലിന് നിരവധി മാളികകളുണ്ട്. ഇവയുടെ മൊത്തത്തിലുള്ള മൂല്യം 300 മില്യണ്‍ പൗണ്ടിലധികം വരും. താജ് മിത്തല്‍ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ പ്രാഥമിക വസതി 2004-ല്‍ 57 മില്യണ്‍ പൗണ്ടിനാണ് വാങ്ങിയത്. 55,000 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള ഇവിടെ അമ്പരപ്പിക്കുന്ന സൗകര്യങ്ങളും രത്‌നങ്ങള്‍ പതിച്ച നീന്തല്‍ക്കുളവും 20 കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യവും ഉള്‍പ്പെടുന്നു. താജ് മഹലിനു വേണ്ടി മാര്‍ബിള്‍ ശേഖരിച്ച അതേ ക്വാറിയില്‍ നിന്നാണ് ഇവിടേക്കും മാര്‍ബിളുകള്‍ എത്തിച്ചത്.
advertisement
യുകെയില്‍ നിന്ന് പോയാലും ഈ സ്വത്ത് വില്‍ക്കാന്‍ അദ്ദേഹം ഉദ്ദേശിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മിത്തല്‍ യുകെ വിടാന്‍ കാരണം 
അതിസമ്പന്നരെ ബാധിക്കുന്ന ലേബര്‍ സര്‍ക്കാരിന്റെ പുതിയ നികുതി നയമാണ് മിത്തലിനെ യുകെ വിട്ടുപോകാന്‍ പ്രേരിപ്പിക്കുന്നത്. ദീര്‍ഘകാലമായുള്ള നോണ്‍ ഡോം നികുതി പദവി നിര്‍ത്തലാക്കുന്നതാണ് പ്രധാന ആശങ്ക. സമ്പന്നരായ യുകെയിലെ താമസക്കാര്‍ക്ക് പ്രത്യേകിച്ച് വിദേശ പൗരന്മാര്‍ക്ക് യുകെയില്‍ നിന്നുള്ള വരുമാനത്തിന് മാത്രം നികുതി ചുമത്തിയിരുന്ന സംവിധാനമാണിത്. ഇത് അവരുടെ ആഗോള വരുമാനത്തെയും ആസ്തികളെയും രാജ്യത്തെ നികുതി വ്യവസ്ഥകളില്‍ നിന്നും സംരക്ഷിച്ചിരുന്നു. ഇത് നിര്‍ത്തലാക്കാനുള്ള ലേബര്‍ സര്‍ക്കാരിന്റെ തീരുമാനം സമീപ വര്‍ഷങ്ങളിലെ ഏറ്റവും നാടകീയമായ നികുതി പരിഷ്‌കരണങ്ങളില്‍ ഒന്നാണ്.
മിത്തലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട പ്രശ്‌നം പാരമ്പര്യ നികുതിയാണ്. ലോകമെമ്പാടുമുള്ള മിത്തല്‍ കുടുംബത്തിന്റെ എല്ലാ ആസ്തികളും യുകെ പാരമ്പര്യ നികുതിയുടെ കീഴില്‍ വരണമെന്ന ആശയമാണ് ഏറ്റവും വലിയ ആശങ്കയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വരുമാനത്തിനോ മൂലധന നേട്ടത്തിനോ മേലുള്ള നികുതിയല്ല പ്രശ്‌നമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ഇത്തരമൊരു നികുതി ചുമത്തുന്നത് എന്തിനാണെന്ന് പല സമ്പന്നര്‍ക്കും മനസ്സിലാകുന്നില്ല. ആളുകള്‍ക്ക് അതുകൊണ്ട് രാജ്യം വിടുകയല്ലാതെ മറ്റൊരു മാര്‍ഗമില്ല.
യുകെയില്‍ 3,25,000 പൗണ്ടിന് മുകളില്‍ ആസ്തിയുള്ള എസ്റ്റേറ്റുകള്‍ക്ക് 40 ശതമാനം നിരക്കില്‍ പാരമ്പര്യ നികുതി ബാധകമാണ്. നിലവിലെ നിയമം അനുസരിച്ച് ആഗോള ആസ്തികളും ഈ പരിധിയില്‍ വരും. അടുത്ത ബജറ്റില്‍ സൂപ്പര്‍ റിച്ച് ടാക്‌സ് നടപ്പാക്കുന്നതോടെ യുകെയിലെ ഉന്നതര്‍ക്ക് അവരുടെ മൊത്തം സമ്പത്തിനും വരുമാനത്തിനും വിദേശത്തുള്ള ആസ്തികള്‍ക്കും ഉയര്‍ന്ന നികുതി നേരിടേണ്ടി വന്നേക്കാം.
നികുതി ഒഴിവാക്കാന്‍ യുകെ വിടുന്ന വ്യക്തികള്‍ക്ക് 20 ശതമാനം വരെ നികുതി ചുമത്തുന്ന 'എക്‌സിറ്റ് ടാക്‌സ്' സംബന്ധിച്ചും നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. സര്‍ക്കാര്‍ പിന്നീട് ഈ നിര്‍ദ്ദേശം ഉപേക്ഷിച്ചെങ്കിലും പ്രവചനാതീതമായ നയമാറ്റങ്ങള്‍ ഭയന്നിരുന്ന സമ്പന്നരായ താമസക്കാരെ ഈ ചര്‍ച്ച അസ്വസ്ഥരാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Explained/
എന്തൊരു നികുതി? ഇന്ത്യന്‍ വംശജനായ വ്യവസായി ലക്ഷ്മി മിത്തൽ യുകെയിൽ നിന്നും മാറുന്നത് എന്തുകൊണ്ട്
Next Article
advertisement
എന്തൊരു നികുതി? ഇന്ത്യന്‍ വംശജനായ  വ്യവസായി ലക്ഷ്മി മിത്തൽ യുകെയിൽ നിന്നും മാറുന്നത് എന്തുകൊണ്ട്
എന്തൊരു നികുതി? ഇന്ത്യന്‍ വംശജനായ വ്യവസായി ലക്ഷ്മി മിത്തൽ യുകെയിൽ നിന്നും മാറുന്നത് എന്തുകൊണ്ട്
  • ലക്ഷ്മി മിത്തൽ യുകെയിൽ നിന്നും സ്വിറ്റ്‌സർലൻഡ് അല്ലെങ്കിൽ ദുബായിലേക്ക് താമസം മാറുന്നു.

  • ലേബർ സർക്കാരിന്റെ പുതിയ നികുതി നയങ്ങൾ കാരണം മിത്തൽ യുകെ വിടുന്നു.

  • മിത്തലിന്റെ പാരമ്പര്യ നികുതി ആശങ്കയാണ് രാജ്യം വിടാൻ പ്രധാന കാരണം.

View All
advertisement