ജൈനമത വിശ്വാസികളുടെ ആരാധനാ കേന്ദ്രമായ ഗിരിദിഹ് ജില്ലയിലെ ശ്രീ സമ്മദ് ശിഖര്‍ജിയെ വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ജൈനമത വിശ്വാസികൾ. ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ ജൈന സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങി.
ഞായറാഴ്ച പ്രതിഷേധക്കാര്‍ ഇന്ത്യാ ഗേറ്റ് ഉപരോധിച്ചു. ഇത് വലിയ ഗതാഗതക്കുരുക്കിനും കാരണമായി. വിഷയത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ നേരിൽ കണ്ട് തങ്ങളുടെ പരാതി നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ പലരെയും കസ്റ്റഡിലെടുക്കുകയും വൈകുന്നേരത്തോടെ വിട്ടയക്കുകയും ചെയ്തു.
ഇതിന് പുറമെ ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ പവിത്രമായ ഷേത്രുഞ്ജയ ഹിൽസിനെ അശുദ്ധമാക്കുന്ന സാമൂഹ്യ വിരുദ്ധ നടപടിയ്ക്കെതിരെ നൂറുകണക്കിന് ജൈന വിശ്വാസികള്‍ അഹമ്മദാബാദിലും മുംബൈയിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി.
ഈ സാഹചര്യത്തില്‍ വിഷയത്തെ വിശദമായി പരിശോധിക്കാം;
സമദ് ശിഖര്‍ജിയെ വിനോദസഞ്ചാര കേന്ദ്രമാക്കാനുള്ള നീക്കം
ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ പരസ്‌നാഥ് ഹിൽസിൽ സ്ഥിതി ചെയ്യുന്ന ശ്രീ സമ്മദ് ശിഖര്‍ജി ജൈന മതവിശ്വാസികളുടെ ഒരു പുണ്യ തീര്‍ത്ഥാടന കേന്ദ്രമായാണ് കണക്കാക്കപ്പെടുന്നത്. ഇവിടം വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാൽ ഇത് സ്ഥലത്തിന്റെ പവിത്രതയെ ബാധിക്കുമെന്നാണ് ജൈന സമൂഹം ആരോപിക്കുന്നത്. ഇതേതുടര്‍ന്ന് ഡിസംബര്‍ 26 മുതല്‍ ഡല്‍ഹിയിലെ രിസാഭ് വിഹാറില്‍ വിശ്വാസികള്‍ പ്രതിഷേധം നടത്തുകയാണ്.
24 ജൈന തീര്‍ത്ഥങ്കരന്മാരില്‍ 20 പേര്‍ സമ്മദ് ശിഖര്‍ജിയിൽ മോക്ഷം നേടി എന്നാണ് വിശ്വാസം. അതിനാല്‍ ദിഗംബര, ശ്വേതാംബര വിഭാഗങ്ങള്‍ക്ക് ഇത് വളരെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രമാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Also read- ജ്യോതിഷ പ്രവചനങ്ങള്‍ വിശ്വസനീയമായി തോന്നുന്നുണ്ടോ? ബര്‍ണം – ഫോറര്‍ ഇഫക്ട് അറിയണം
എന്നാല്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആരംഭിച്ച വിനോദസഞ്ചാര നയത്തിന്റെ ഭാഗമായി ഈ സ്ഥലം ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാന്‍ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന്, ശ്രീ സമ്മദ് ശിഖര്‍ജി ക്ഷേത്രത്തെ വിശുദ്ധ സ്ഥലമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ജൈ മതവിശ്വാസികള്‍ ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
അതേസമയം, വിശ്വഹിന്ദു പരിഷത്ത് ജൈന സമുദായത്തിന് പിന്തുണ നല്‍കി രംഗത്തെത്തി. മാത്രമല്ല രാജ്യത്തെ എല്ലാ തീര്‍ത്ഥാടന കേന്ദ്രങ്ങളുടെയും പവിത്രത സംരക്ഷിക്കണമെന്ന് വിഎച്ച്പി ആവശ്യപ്പെട്ടതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ഈ പ്രദേശം പുണ്യപ്രദേശമായി പ്രഖ്യാപിക്കണമെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ലഭ്യമാകുന്ന മാംസവും മയക്കുമരുന്നും ഇവിടെ ലഭ്യമാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും വിഎച്ച്പി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
ഇതിന് പുറമെ, ജാര്‍ഖണ്ഡ് സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പാലിറ്റാന ക്ഷേത്രത്തില്‍ അക്രമികളുടെ അഴിഞ്ഞാട്ടം
അഹമ്മദാബാദിലെ പാലിറ്റാനയിലെ ശത്രുഞ്ജയ ഹില്‍സിലുള്ള ഒരു ജൈന ക്ഷേത്രത്തിന്റെ പടികളും തൂണും അക്രമികള്‍ നശിപ്പിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതിനെ തുടര്‍ന്ന് അഹമ്മദാബാദിലും പ്രതിഷേധം നടന്നിരുന്നു. അനധികൃത ഖനന പ്രവര്‍ത്തനങ്ങളുടെയും മദ്യശാലകളുടെയും അനധികൃത കൈയേറ്റങ്ങളുടെയും ഇടമായി ശത്രുഞ്ജയ ഹില്‍ മാറിയെന്ന് ജൈന സമൂഹം ആരോപിച്ചു.
ഷെട്രുഞ്ജി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന, പാലിറ്റാന നഗരത്തിന് സമീപമുള്ള ഈ സ്ഥലത്ത് 865 ജൈന ക്ഷേത്രങ്ങളുണ്ട്. ഇത് ശ്വേതാംബര ജൈനരുടെ വിശുദ്ധ സ്ഥലമായിട്ടാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 26 ന് മലനിരകളിലെ ഒരു ക്ഷേത്രത്തിൽ ജൈന സന്യാസിയുടെ ‘ചരണ്‍ പാദുക’ നശിപ്പിച്ചതിനെ തുടര്‍ന്ന് ജൈന സമൂഹം ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ 85-ലധികം പ്രതിഷേധ റാലികള്‍ നടത്തിയിട്ടുണ്ടെന്ന് സമഗ്ര ജൈന ശ്വേതാംബര മൂര്‍ത്തിപൂജക് തപഗച്ചിന്റെ സെക്രട്ടറി പ്രണവ് ഷാ പറഞ്ഞു.
പ്രധാനമന്ത്രിക്ക് കത്ത്
ഈ രണ്ട് സംഭവങ്ങളിലും അതൃപ്തി രേഖപ്പെടുത്തിയും ശ്രീ സമ്മദ് ശിഖര്‍ജി ക്ഷേത്രം വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചും ജൈന സമൂഹം പ്രസിഡന്റ് മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്ത് നല്‍കിയതായി മാധ്യമ റിപ്പോര്‍ട്ടുകളിൽ പറയുന്നു.
ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പറയുന്നത്
ജൈന സമൂഹത്തിന്റെ വികാരം മാനിക്കുന്നു, ഈ വിഷയത്തിൽ എന്തെങ്കിലും തീരുമാനത്തില്‍ എത്തുന്നതിന് മുമ്പ് വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്ന് റിപ്പബ്ലിക് മീഡിയ നെറ്റ്വര്‍ക്കിനോട് സംസാരിക്കവെ ജാര്‍ഖണ്ഡ് ധനമന്ത്രി ഡോ. രാമേശ്വര്‍ ഒറോണ്‍ പറഞ്ഞു, മേഖലയുടെ നേട്ടത്തിനായാണ് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും എന്നാല്‍ ന്യൂനപക്ഷ വിഭാഗത്തിന്റെ വികാരം വ്രണപ്പെടുത്തിതിനാല്‍ വിഷയം വീണ്ടും ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഹിയറിങ് നടത്താന്‍ എന്‍സിഎം
ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ (എന്‍സിഎം) പരസ്നാഥ് പര്‍വ്വരാജ്, ഗിരിദിഹ് (ജാര്‍ഖണ്ഡ്) ഒരു വിനോദസഞ്ചാര കേന്ദ്രമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ജാര്‍ഖണ്ഡ് ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. വിഷയത്തില്‍ ജനുവരി 17 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് കമ്മീഷന്‍ വാദം കേള്‍ക്കുമെന്ന് ഔട്ട്ലുക്ക് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.