• HOME
 • »
 • NEWS
 • »
 • explained
 • »
 • കാനഡയിൽ 2023ൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ; വിദേശികൾക്ക് വീട് വാങ്ങാൻ നിയന്ത്രണം; മിനിമം വേതനം വർദ്ധിപ്പിക്കും

കാനഡയിൽ 2023ൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമങ്ങൾ; വിദേശികൾക്ക് വീട് വാങ്ങാൻ നിയന്ത്രണം; മിനിമം വേതനം വർദ്ധിപ്പിക്കും

രാജ്യവ്യാപകമായും ചില പ്രവിശ്യകളിൽ മാത്രമായും ബാധകമായ നിരവധി നിയമങ്ങളാണ് ഈ വർഷം കാനഡയിൽ പ്രാബല്യത്തിൽ വരുന്നത്

 • Share this:

  കാനഡയിൽ രാജ്യവ്യാപകമായും രാജ്യത്തെ ചില പ്രവിശ്യകളിൽ മാത്രമായും ബാധകമായ നിരവധി നിയമങ്ങളാണ് ഈ വർഷം രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്. മിനിമം വേതന വർദ്ധനവ് മുതൽ വിദേശികൾക്ക് രാജ്യത്ത് വീട് വാങ്ങുന്നതിന് നിയന്ത്രണം ഉൾപ്പെടെ നിരവധി മാറ്റങ്ങള്‍ രാജ്യത്ത് നടപ്പിലാകും.

  രാജ്യത്ത് പ്രാബല്യത്തിൽ വരുന്ന പുതിയ നിയമങ്ങളെക്കുറിച്ച് അറിയാം..

  രാജ്യവ്യാപകമായി നടപ്പിലാക്കുന്ന നിയമങ്ങൾ എന്തൊക്കെ ?

  സിപിപി, എംപ്ലോയിമെന്റ് ഇൻഷുറൻസ് വർദ്ധനവ്

  കാനഡ പെൻഷൻ പ്ലാൻ (സിപിപി) സംഭാവനകളും എംപ്ലോയ്‌മെന്റ് ഇൻഷുറൻസ് (ഇഐ) പ്രീമിയങ്ങളും 2023 മുതൽ വർദ്ധിക്കും. ഇതോടെ കനേഡിയൻ തൊഴിലാളികൾക്ക് കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ കുറവ് വരും. ജീവനക്കാരുടെയും തൊഴിലുടമയുടെയും സിപിപി വിഹിതം 2022ലെ 5.70 ശതമാനത്തിൽ നിന്ന് 2023ൽ 5.95 ശതമാനമായി ഉയരുമെന്ന് കാനഡ റവന്യൂ ഏജൻസി നവംബറിൽ പ്രഖ്യാപിച്ചിരുന്നു.

  Also read- ഒറ്റ ദിവസത്തിൽ റദ്ദാക്കിയത് 2500 വിമാനങ്ങൾ; അമേരിക്കയിലെ എയർലൈന്‍സിന് സംഭവിച്ചതെന്ത് ?

  കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസ്സ് റിപ്പോർട്ട് അനുസരിച്ച് പെൻഷൻ പ്ലാനും എപ്ലോയിമെന്റ് ഇൻഷുറൻസ് വിഹിതവും വർദ്ധിക്കുന്നതോടെ ഓരോ കനേഡിയൻ തൊഴിലാളിയുടെയും ടെയ്ക്ക് ഹോം സാലറി അഥവാ കൈയ്യിൽ ലഭിക്കുന്ന ശമ്പളത്തിൽ വാർഷികാടിസ്ഥാനത്തിൽ 305 ഡോളർ വരെ കുറവുണ്ടാകും.

  വിദേശികൾക്ക് വീട് വാങ്ങാൻ രണ്ട് വർഷത്തെ വിലക്ക്

  2023 ജനുവരി 1 മുതൽ രണ്ട് വർഷത്തേക്ക് കാനഡയിൽ വിദേശികൾക്കും വിദേശ വാണിജ്യ സംരംഭങ്ങൾക്കും റെസിഡൻഷ്യൽ പ്രോപ്പർട്ടികൾ വാങ്ങുന്നതിന് നിയന്ത്രണം ഏർപ്പെടുത്തും. രാജ്യത്ത് ആവശ്യത്തിന് വീടുകൾ ലഭ്യമല്ലാത്ത സാഹചര്യം ഒഴിവാക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമം. എന്നാൽ നിരവധി പേരെ ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. താൽക്കാലിക വർക്ക് പെർമിറ്റുള്ളവർ, ചില മാനദണ്ഡങ്ങൾ പാലിക്കുന്ന ഇന്റർനാഷണൽ വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരുൾപ്പെടെയുള്ളവരെയാണ് നിയമത്തിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

  കാർബൺ വില വർദ്ധനവ്

  ഫെഡറൽ ഗവൺമെന്റ് 2023 ഏപ്രിൽ 1 മുതൽ കാർബൺ വില ടണ്ണിന് 50 ഡോളറിൽ നിന്ന് ടണ്ണിന് 65 ഡോളറായി ഉയർത്തും. കനേഡിയൻ ടാക്‌സ് പേയേഴ്‌സ് ഫെഡറേഷൻ റിപ്പോർട്ട് അനുസരിച്ച് ലിറ്ററിന് നിലവിലുള്ള 11.05 സെൻറ് കാർബൺ വില ലിറ്ററിന് 14.31 സെന്റായാകും ഉയർത്തുക. 2023 ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ക്ലീൻ ഫ്യൂവൽ നിയന്ത്രണങ്ങൾ ഗ്യാസിന്റെ വില വർദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ടാക്സ് പേയേഴ്സ് ഫെഡറേഷൻ പറയുന്നു.

  ടാക്സ് ഫ്രീ സേവിംഗ്സ് അക്കൌണ്ട് പരിധി വർദ്ധനവ്

  നിങ്ങൾ ഒരു നികുതി രഹിത സേവിംഗ്‌സ് അക്കൗണ്ട് തുറക്കാൻ പദ്ധതിയിട്ടുണ്ടെങ്കിൽ അഥവാ ആദ്യമായി ഒരു ടാക്സ് ഫ്രീ സേവിംഗ്സ് അക്കൗണ്ട് തുറക്കുകയാണെങ്കിൽ 2023-ലെ വാർഷിക പരിധി 6,500 കനേഡിയൻ ഡോളർ ആയിരിക്കും. മുൻ വർഷത്തേക്കാൾ 500 ഡോളർ കൂടുതലാണിത്.

  പുതിയ ട്രക്ക്, ബസ് നിയമങ്ങൾ

  2023 ജനുവരി 1 മുതൽ വിവിധ പ്രവിശ്യകൾക്കിടയിൽ ഓടുന്ന ട്രക്കുകളിലും ബസുകളിലും പേപ്പർ ലോഗ് ബുക്കുകൾക്ക് പകരം ഡ്രൈവർമാർ റോഡിൽ ചെലവഴിക്കുന്ന മണിക്കൂറുകളുടെ എണ്ണം രേഖപ്പെടുത്തുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഉണ്ടായിരിക്കണം.

  Also read- സ്വന്തം മണ്ഡലത്തിലെത്തി വോട്ട് ചെയ്യാന്‍ കഴിയാത്തവർക്ക് പുതിയ വോട്ടിംഗ് മെഷീന്‍; റിമോട്ട് EVM മാതൃകയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

  വിവിധ പ്രവിശ്യകളിലെ പുതിയ നിയമങ്ങൾ

  ബ്രിട്ടീഷ് കൊളംബിയ

  പുതിയ വീട് വാങ്ങുന്നവർക്ക് സംരക്ഷണം ഉറപ്പാക്കുന്ന നിയമങ്ങൾ:

  2023 ജനുവരി 3 മുതൽ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടത്തുമ്പോൾ വാങ്ങുന്നവർക്ക് നിർബന്ധമായും മൂന്ന് ദിവസത്തെ ഉപഭോക്തൃ സംരക്ഷണ കാലയളവ് ഉണ്ടായിരിക്കുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചിട്ടുണ്ട്.

  കഠിനമായ ജോലി ചെയ്യുന്നതിനുള്ള പ്രായപരിധി:

  യുവാക്കൾക്ക് കഠിനമെന്ന് തോന്നുന്ന ജോലി ചെയ്യുന്നതിൽ ബ്രിട്ടീഷ് കൊളംബിയയിൽ 2023 ജനുവരി 1 മുതൽ കുറഞ്ഞ പ്രായപരിധി സർക്കാർ നടപ്പിലാക്കും. ഉദാഹരണത്തിന്, നിർമ്മാണ ജോലി ചെയ്യാനുള്ള ഏറ്റവും കുറഞ്ഞ പ്രായം 16ഉം ഒരു ജോലിസ്ഥലത്ത് ആയുധങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 18ഉം ആയിരിക്കും.

  ആൽബെർട്ട

  പണപ്പെരുപ്പം കുറയ്ക്കുന്നതിനുള്ള നടപടികൾ

  പണപ്പെരുപ്പം കുറയ്ക്കുന്നതിൻെറ ഭാഗമായി അർഹരായവർക്ക് ആനുകൂല്യങ്ങൾ നൽകാൻ ഗവൺമെന്റ് തീരുമാനിച്ചിട്ടുണ്ട്. 180,000 ഡോളറിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള മുതിർന്ന ആളുകളുള്ള കുടംബങ്ങൾ മാസം 100 ഡോള‍ർ വീതം 6 മാസമായി 600 ഡോളർ നൽകും. അതുപോലെ, 180,000 ഡോളറിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള കുടുംബങ്ങളിൽ 18 വയസ്സിന് താഴെയുള്ള ഓരോ കുട്ടിക്കും 600 ഡോളർ ലഭിക്കുന്നതിന് വേണ്ടി അപേക്ഷിക്കാവുന്നതാണ്. ആദായനികുതി നിരക്കുകൾ ക്രമീകരിക്കാനും പ്രവിശ്യാ സ‍ർക്കാർ തീരുമാനിച്ചിട്ടുണ്ട്. 2023ൻെറ തുടക്കത്തിൽ തന്നെ ആനുകൂല്യങ്ങൾ നൽകിത്തുടങ്ങുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

  ഇന്ധന നികുതിയിൽ കുറവ്

  2023 ജനുവരി 1 മുതൽ ജൂലൈ 1 വരെ, ആൽബെർട്ട പ്രവിശ്യയിൽ ഇന്ധന നികുതി ഒഴിവാക്കും. ഈ പ്രവിശ്യയിലുള്ളവരുടെ ഉയർന്ന ജീവിതച്ചെലവ് നേരിടാൻ വേണ്ടി ലിറ്ററിന് 13-സെന്റ് നികുതി ഈടാക്കുന്നത് നേരത്തെ ഒഴിവാക്കിയിരുന്നു. പിന്നീടിത് പുനസ്ഥാപിച്ചു.

  സസ്‌കാച്ചെവൻ

  വേതനത്തിൽ വർധനവ്

  ഏറ്റവും കുറഞ്ഞ വേതനം ഒരു ഡോള‍ർ കൂട്ടി മണിക്കൂറിന് 14 ഡോളറായി ഉയർത്തും.

  വിദ്യാഭ്യാസ മേഖല

  2023-24 അധ്യയന വർഷത്തേക്ക്, സസ്‌കാച്ചെവൻ സർക്കാർ ഒരു കേന്ദ്രീകൃത ഓൺലൈൻ സ്‌കൂൾ വിദ്യാഭ്യാസ സംവിധാനം അവതരിപ്പിക്കുന്നുണ്ട്. എവിടെ താമസിക്കുന്നവരായാലും സസ്‌കാച്ചെവൻ പ്രവിശ്യയിലുള്ളവർക്ക് കിന്റർഗാർട്ടൻ മുതൽ ഗ്രേഡ് 12 വരെ ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം.

  Also read- റിലയൻസ് ഫൗണ്ടേഷൻ ബിരുദ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതെങ്ങനെ? യോ​ഗ്യതകൾ എന്തെല്ലാം?

  മാനിറ്റോബ

  വേതനത്തിൽ വർധനവ്

  ഈ പ്രവിശ്യയിലെ മിനിമം വേതനം 2023 ഏപ്രിൽ 1-ന് 65 സെൻറ് വർദ്ധിച്ച് മണിക്കൂറിന് $14.15 ആയി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2023 ഒക്‌ടോബർ 1-നകം വേതനം 15 ഡോളറാക്കി ഉയർത്താൻ പദ്ധതിയിടുന്നതായും സർക്കാർ അറിയിച്ചു.

  ഭിന്നശേഷിക്കാരുടെ വരുമാനം വർധിപ്പിക്കുന്ന പദ്ധതി

  പുതിയ ഡിസെബിലിറ്റി ഇൻകം സപ്പോർട്ട് പ്രോഗ്രാം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 2023 ജനുവരി ഒന്നിന് ആരംഭിക്കുന്ന പരിപാടി രണ്ട് ഘട്ടങ്ങളിലായി ആരംഭിക്കും. ഭിന്നശേഷിക്കാരുടെ വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം.

  ഒന്റാറിയോ

  മരുന്ന് ഉറപ്പാക്കുന്ന പദ്ധതി

  13 തരത്തിലുള്ള സാധാരണ രോഗങ്ങൾക്ക് ഡോക്ട‍ർമാരെ കാണാതെ ചെന്നാലും ഫാ‍ർമസിസ്റ്റുകൾ നൽകണം. ഹേ ഫീവർ, ഓറൽ ത്രഷ്, ഡെർമറ്റൈറ്റിസ്, പിങ്ക് ഐ, ആർത്തവ വേദന, ആസിഡ് റിഫ്ലക്സ്, ജലദോഷം, മൂത്രനാളി അണുബാധ എന്നിവയെല്ലാം ഈ രോഗങ്ങളിൽ ഉൾപ്പെടുന്നു.

  ചികിത്സാ പദ്ധതിയിൽ മാറ്റം

  2023 മാർച്ച് 31 മുതൽ, ഒന്റാറിയോ ഡ്രഗ് ബെനിഫിറ്റ് (ODB) പദ്ധതിയിൽ ഉൾപ്പെടുന്ന മുതിർന്നവർക്കും രോഗികൾക്കും കൂടുതൽ സഹായം ലഭ്യമാക്കും. ഒ‌ഡി‌ബിയുടെ പരിധിയിൽ വരുന്ന ചില മരുന്നുകൾ ഹെൽത്ത് കാനഡ അംഗീകരിച്ച “ബയോസിമിലാർ” പതിപ്പുകളിലേക്ക് മാറുമെന്ന് പ്രവിശ്യാ സർക്കാർ അറിയിച്ചു. പദ്ധതിയുടെ ആനുകൂല്യം പറ്റുന്നവ‍ർക്ക് അതിൻെറ ആനുകൂല്യങ്ങളുമായി ബന്ധപ്പെട്ട് നേരിട്ട് ചോദിച്ച് മനസ്സിലാക്കാൻ അവസരം ഒരുക്കുന്നുണ്ട്.

  ക്യുബെക്ക്

  സ്വകാര്യത നിയമങ്ങളിൽ മാറ്റം

  സ്വകാര്യത നിയമങ്ങളിൽ നിരവധി മാറ്റങ്ങളാണ് 2023ഓടെ ഈ പ്രവിശ്യയിൽ നിലവിൽ വരാൻ പോകുന്നത്. ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നതിനെപ്പറ്റിയും ചില കേസുകളിൽ വ്യക്തികളുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നതിനെപ്പറ്റിയും ഉള്ള ചില നിയമ പരിഷ്‌കാരങ്ങൾ ഇതിലുൾപ്പെടുന്നു.

  അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വർക്ക് പെർമിറ്റ്

  2023 സെപ്റ്റംബർ 1 മുതൽ ഗവൺമെന്റ് സബ്‌സിഡിയില്ലാത്ത സ്വകാര്യ കോളേജുകളിൽ നിന്ന് ബിരുദം നേടുന്ന ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് വർക്ക് പെർമിറ്റ് നൽകില്ല.

  ന്യൂ ബ്രൂൺസ്‌വിക്ക്

  മുനിസിപ്പൽ ഭരണത്തിലെ മാറ്റം

  പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി ബ്രൂൺസ്‌വിക്കിൽ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം 104ൽ നിന്ന് 78 ലേക്ക് ചുരുക്കും. വ്യത്യസ്ത ജില്ലകളെ ലയിപ്പിച്ച് ഒറ്റ സേവനം നടപ്പാക്കുന്ന രീതികളും ആവിഷ്‌കരിക്കും.

  ഫ്രഞ്ച് ഭാഷ പഠനം

  പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കുട്ടികൾ ഫ്രഞ്ച് പഠിക്കുന്ന സമയം കുറയ്ക്കുന്ന പരിഷ്‌കാരമാണിത്. ഘട്ടം ഘട്ടമായി ഫ്രഞ്ച് പഠനം സ്‌കൂൾ തലത്തിൽ കുറച്ചു കൊണ്ടുവരുന്നതിനാണിത്.

  Also read- ‘തലച്ചോറ് തിന്നുന്ന അമീബ’ ഇന്ത്യയിലുണ്ടോ? അമ്പതുകാരന്റെ ജീവനെടുത്ത നെഗ്ലേരിയ ഫൗലറി

  നൊവ സ്‌കോഷിയ

  മിനിമം വേതനം വർധിപ്പിക്കും

  2023 ഏപ്രിൽ മുതൽ പ്രവിശ്യയിലെ മിനിമം വേതനം 70 സെന്റ് വർധിപ്പിക്കും. മണിക്കൂറിന് ഏകദേശം 14.30 ഡോളറായിരിക്കും പരിഷ്കരിക്കുന്ന വേതനം. ഒക്ടോബറോടെ ഇത് 14.65 ആയി വർധിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

  കാർബൺ പ്രൈസിംഗ്

  ജൂലൈ 1 മുതൽ നൊവ സ്‌കോഷ്യയിലും മറ്റ് രണ്ട് അറ്റ്‌ലാന്റിക് പ്രവിശ്യകളിലും കാർബൺ പ്രൈസിംഗ് ഏജൻസി നിലവിൽ വരും. പ്രദേശത്തെ കുടുംബങ്ങൾക്ക് ഓരോ മൂന്ന് മാസത്തിലും കാർബൺ പ്രൈസിംഗിൽ 248 ഡോളർ ഇളവ് ലഭിക്കുമെന്ന് ഫെഡറൽ പരിസ്ഥിതി മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് പറഞ്ഞു.

  ഹ്രസ്വകാല വാടക നിയമങ്ങളിൽ മാറ്റം

  സ്വകാര്യ വീടുകൾ വാടകയ്ക്ക് നൽകുന്നത് ഉൾപ്പടെയുള്ള എല്ലാ ഹ്രസ്വകാല വാടകകളും എൻഎസ് ടൂറിസ്റ്റ് അക്കമോഡേഷൻ രജിസ്ട്രിയിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.

  പ്രിൻസ് എഡ്വേർഡ് ദ്വീപ്

  മിനിമം വേതനം വർധിക്കും

  ഈ പ്രവിശ്യയിലെ മിനിമം വേതനം 80 സെന്റ് വർദ്ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് മണിക്കൂറിൽ 14.50 ഡോളർ. ഒക്ടോബറോടെ വേതനം മണിക്കൂറിൽ 15 ഡോളറായി ഉയർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

  കാർബൺ പ്രൈസിംഗ്

  2023 ജൂലൈ 1 മുതൽ കാർബൺ പ്രൈസിംഗ് നിലവിൽ വരുന്ന അറ്റ്‌ലാന്റിക് പ്രവിശ്യകളിൽ പ്രിൻസ് എഡ്വേർഡ് ദ്വീപും ഉൾപ്പെടും. ഓരോ മൂന്ന് മാസം കൂടുമ്പോൾ കുടുംബങ്ങൾക്ക് നൽകുന്ന റിബേറ്റ് പേയ്‌മെന്റുകൾ 240 ഡോളർ വീതമായിരിക്കുമെന്ന് ഫെഡറൽ പരിസ്ഥിതി മന്ത്രി പറഞ്ഞു.

  ആദായനികുതി പരിഷ്‌കാരം

  2023 ജനുവരിയോടെ പ്രവിശ്യയിലെ വ്യക്തിഗത ആദായനികുതി ഇളവ് 750 ഡോളറിൽ നിന്ന് 12000 ഡോളറായി ഉയർത്തും.

  ന്യൂ ഫോണ്ട്‌ലാന്റ്

  മിനിമം വേതനം ഉയരും

  2023 എപ്രിൽ 1 മുതൽ പ്രവിശ്യയിലെ മിനിമം വേതന നിരക്ക് മണിക്കൂറിൽ 14.50 ഡോളർ ആയി വർദ്ധിപ്പിക്കും. ഒക്ടോബറോടെ ഇത് മണിക്കൂറിൽ 15 ഡോളറാകുമെന്നും പറയുന്നു.

  കാർബൺ പ്രൈസിംഗ്

  2023 ജൂലൈ മുതൽ ഫെഡറൽ കാർബൺ പ്രൈസിംഗ് നിലവിൽ വരും. ഓരോ മൂന്ന് മാസം കൂടുമ്പോഴും 328 ഡോളർ റിബേറ്റ് പേയ്‌മെന്റ് നൽകുമെന്ന് ഫെഡറൽ പരിസ്ഥിതി മന്ത്രി പറഞ്ഞു.

  Also read- എയ്‌ക്കോൺ സിറ്റി: 2000 ഏക്കറിൽ 50000 കോടിയോളം ചെലവ്; അമേരിക്കൻ ഗായകൻ എയ്ക്കോണിന്റെ സ്വപ്ന പദ്ധതി ഇന്നും കടലാസിൽ

  യൂക്കോൺ

  മൃഗസംരക്ഷണത്തിന് പുതിയ നിയമങ്ങൾ

  ഈ പ്രവിശ്യയിലെ പരിഷ്‌കരിച്ച മൃഗസംരക്ഷണ നിയമം 2023 ൽ നിലവിൽ വരും. എല്ലാ മൃഗങ്ങളുടെയും സംരക്ഷണത്തിന് ആവശ്യമായ നിയമങ്ങൾ ഇതിൽ ഉൾപ്പെടുന്നുണ്ട്.

  വടക്കുപടിഞ്ഞാറൻ പ്രദേശങ്ങൾ

  മിനിമം വേതന നിരക്ക്

  ഉപഭോക്തൃ വില സൂചിക കണക്കിലെടുത്ത് ഒരു പുതിയ ഫോർമുല ഉപയോഗിച്ച് മിനിമം വേതനം വർഷം തോറും ക്രമീകരിക്കും. ഇവിടെ മിനിമം വേതനം മണിക്കൂറിൽ 15.20 ഡോളറാണ്.

  Published by:Vishnupriya S
  First published: