ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഗോതമ്പിന്റെ വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഗോതമ്പ് വില സാധാരണക്കാരുടെ ജീവിതത്തെ തന്നെ തകിടം മറിച്ചിരിക്കുന്നവെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സര്‍ക്കാര്‍ സബ്സിഡിയില്‍ ലഭിക്കുന്ന ഗോതമ്പ് വാങ്ങാന്‍ ഓരോ ഷോപ്പിലും ജനങ്ങളുടെ നീണ്ട ക്യൂവാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പ്രതിസന്ധിയില്‍ ഓരോ പ്രവിശ്യയിലെയും സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണ്. എന്നാല്‍ ഗോതമ്പ് ക്ഷാമത്തിന് കാരണം ഇപ്പോഴും തുടരുന്ന റഷ്യ-യുക്രെയ്ന് സംഘര്‍ഷം ആണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതോടൊപ്പം പാകിസ്ഥാനില്‍ നിന്ന് ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്ക് കടത്തുന്നതും പ്രതിസന്ധി രൂക്ഷമാക്കി.
പാകിസ്ഥാനില്‍ ഗോതമ്പ് വില എത്ര കൂടി?
പാകിസ്ഥാനില്‍ ഒരു കിലോഗ്രാം ഗോതമ്പിന് 145 മുതല്‍ 160 രൂപവരെയാണ് ഇന്നത്തെ വില. പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്നത്. ഇവിടെയാണ് ഇത്രയധികം വില. ഖൈബര്‍ പഷ്തൂണ്‍ മേഖലയിലും ബലൂചിസ്ഥാനിലും ഗോതമ്പിന് പൊള്ളുന്ന വിലയാണ്. ഗോതമ്പു കൊണ്ടുണ്ടാക്കുന്ന ഭക്ഷണങ്ങളെയും ഈ വില ബാധിച്ചിട്ടുണ്ട്. ഗോതമ്പിലുണ്ടാക്കിയ ഒരു നാനിന് 30 രൂപയാണ് ഇന്നത്തെവില. ഒരു റോട്ടിയ്ക്ക് ഇസ്ലാമാബാദിലെ വില 25 രൂപയാണ്.
എന്താണ് ഗോതമ്പ് പ്രതിസന്ധിയ്ക്ക് കാരണം?
പാകിസ്ഥാനിലേക്ക് ഗോതമ്പ് എത്തിക്കുന്ന പ്രധാന രാജ്യങ്ങളാണ് റഷ്യയും യുക്രെയ്നും. ഇരുരാജ്യങ്ങളും തമ്മിലുള്ള യുദ്ധം ഗോതമ്പ് ഇറക്കുമതിയെ ബാധിച്ചിട്ടുണ്ട്. അതോടൊപ്പം പാകിസ്ഥാനിലുണ്ടായ പ്രളയവും ഗോതമ്പ് ഉല്‍പ്പാദനത്തെ ബാധിച്ചിട്ടുണ്ട്. ഒപ്പം അഫ്ഗാനിസ്ഥാനിലേക്ക് ഗോതമ്പ് അനധികൃതമായി കടത്തുന്നതും പാകിസ്ഥാനില്‍ ഗോതമ്പിന് ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. എന്നിരുന്നാലും അത്യാവശ്യത്തിനുള്ള ഗോതമ്പ് പാക് സര്‍ക്കാരിന് കീഴിലുള്ള വെയര്‍ ഹൗസുകളില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴുണ്ടായ പ്രതിസന്ധി ഗോതമ്പ് വിതരണത്തിലെ അപാകതകള്‍ കൊണ്ടാണെന്നാണ് സാമ്പത്തിക വിദഗ്ധനായ അമ്മര്‍ ഖാന് പറയുന്നു.
വിതരണത്തിലെ പ്രതിസന്ധികള്‍
പാകിസ്ഥാനില്‍ വിവിധ പ്രവിശ്യകളിലെ സര്‍ക്കാരുകള്‍ ഗോതമ്പ് മില്ലുടമകള്‍ക്കാണ് നല്‍കുന്നത്. മില്ലുടമകള്‍ ഈ ഗോതമ്പ് ചില്ലറ വിപണികളിലേക്ക് എത്തിക്കുന്നു. ഗോതമ്പിന്റെ ക്ഷാമം നേരിടുന്ന പ്രവിശ്യകള്‍ക്ക് കൂടുതല്‍ സ്റ്റോക്കുകള്‍ക്കായി സെന്‍ട്രല്‍ പാകിസ്ഥാന് അഗ്രികള്‍ച്ചറല്‍ സ്റ്റോറേജ് ആന്‍ഡ് സര്‍വീസസ് കോര്‍പ്പറേഷന്റെ വെയര്‍ഹൗസുകളോട് അഭ്യര്‍ത്ഥിക്കാവുന്നതാണ്.
പാകിസ്ഥാനിലെ സിന്ധ്, പഞ്ചാബ് പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ ഗോതമ്പ് ഉല്‍പ്പാദിപ്പിക്കുന്നത്. മൊത്തം ഗോതമ്പ് ഉല്‍പ്പാദനത്തിന്റെ 77 ശതമാനവും സംഭാവന ചെയ്യുന്നത് പഞ്ചാബാണ്. 15ശതമാനം ഗോതമ്പും എത്തുന്നത് സിന്ധില്‍ നിന്നാണ്. ബാക്കി അഞ്ച് ശതമാനം ഗോതമ്പ് സംഭാവന ചെയ്യുന്നത് കൈബര്‍ പഷ്തൂണ്‍ മേഖലയില്‍ നിന്നുമാണ്. അഫ്ഗാനിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന പ്രവിശ്യയാണ് ഖൈബര്‍ പഷ്തൂണ്‍. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന ഗോതമ്പിന്റെ നല്ലൊരു ശതമാനം അഫ്ഗാനിസ്ഥാനിലേക്ക് കടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാനിലെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായ പ്രവിശ്യയാണ് സിന്ധ്. ഇത് ഗോതമ്പ് ഉല്‍പ്പാദനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്.
എന്നാല്‍ പഞ്ചാബിലേയും സിന്ധിലേയും സര്‍ക്കാരുകള്‍ കൃത്യസമയത്ത് മില്ലുകള്‍ക്ക് ഗോതമ്പ് എത്തിക്കാത്തത് നിലവിലെ വിതരണത്തില്‍ പ്രതിസന്ധികളുണ്ടാക്കിയതെന്നാണ് വിദഗ്ധര്‍ പറയുന്നത്. മില്ലുടമകള്‍ കൃത്യസമയത്ത് ഗോതമ്പ് വിപണിയിൽ എത്തിക്കുന്നില്ലെന്നും ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെന്നും വിമര്‍ശനമുണ്ട്.
തീര്‍പ്പാക്കാത്ത മറ്റ് പ്രശ്നങ്ങള്‍
ഈ വര്‍ഷം പാകിസ്ഥാന് സര്‍ക്കാര്‍ 2.6 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ആദ്യത്തെ 1.3 ദശലക്ഷം മെട്രിക് ടണ്‍ പാകിസ്ഥാനിലെത്തിയിട്ടുണ്ട്. ഇതെല്ലാം ഗോതമ്പിന്റെ വില കുറയുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. വളരെ കുറഞ്ഞ വിദേശനാണ്യ ശേഖരമുള്ള പാകിസ്ഥാനെ പോലെയുള്ള രാജ്യത്തിന് ഈ ഇറക്കുമതി ലാഭകരമാകില്ലെന്നാണ് കണക്കാക്കുന്നത്. നിലവില്‍ പാകിസ്ഥാന് കേന്ദ്ര ബാങ്കിലെ വിദേശ നാണ്യശേഖരം 5 ബില്യണ്‍ ഡോളറിലും താഴെയെത്തിയിരിക്കുകയാണ്. ഏകദേശം മൂന്ന് മാസത്തെ ഇറക്കുമതിയ്ക്കുള്ള ധനശേഖരം മാത്രമെ നിലവില്‍ പാകിസ്ഥാന്റെ കൈവശമുള്ളുവെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.