ന്യൂഡല്‍ഹി: വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ എന്നീ സംസ്ഥാനങ്ങൾ അടുത്ത മാസമാണ് പോളിങ്ങ് ബൂത്തിലേക്ക് നീങ്ങുന്നത്. ബിജെപിയാണ് നിലവിൽ ത്രിപുര ഭരിക്കുന്നത്. മറ്റ് രണ്ടിടത്ത് ബിജെപി ഭരിക്കുന്ന സഖ്യത്തിന്റെ ഭാഗവുമാണ്.
ഫെബ്രുവരി 16നാണ് ത്രിപുരയില്‍ തെരഞ്ഞെടുപ്പ് നടക്കുക. നാഗാലാന്റിലും മേഘാലയയിലും ഫെബ്രുവരി 27നാണ് തെരഞ്ഞെടുപ്പ്. ഫലപ്രഖ്യാപനം മാര്‍ച്ച് രണ്ടിനാണ്. തീയതീകള്‍ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
ത്രിപുരയിലെ നിയമസഭയുടെ കാലാവധി മാര്‍ച്ച് 22നാണ് അവസാനിക്കുക. നാഗാലാന്‍ഡിലും മേഘാലയിലും മാര്‍ച്ച് പതിനഞ്ചിനാണ് നിയമസഭയുടെ കാലാവധി അവസാനിക്കുക. ഈ മൂന്ന് സംസ്ഥാനങ്ങളിലെയും നിയമസഭകള്‍ക്ക് 60 സീറ്റുകള്‍ വീതമാണ് ഉള്ളത്.
ത്രിപുരയില്‍ ബിജെപിയാണ് ഇപ്പോള്‍ ഭരിക്കുന്നത്. അതേസമയം നാഗാലാന്‍ഡില്‍ നാഷണല്‍ ഡെമോക്രാറ്റിക് പ്രൊഗ്രസീവ് പാര്‍ട്ടിയാണ് അധികാരത്തിലുള്ളത്. മേഘാലയില്‍ അധികാരത്തിലിരിക്കുന്ന നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടിയ്ക്ക് മാത്രമാണ് നിലവില്‍ ദേശീയ പാര്‍ട്ടി എന്ന അംഗീകാരം ഉള്ളത്. തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മൂന്ന് സംസ്ഥാനങ്ങളുടെയും രാഷ്ട്രീയ-സാമ്പത്തിക-സാംസ്‌കാരിക പ്രത്യേകതകള്‍ പരിശോധിക്കുകയാണ് ഇവിടെ.
ത്രിപുര
25 വർഷം നീണ്ട ഇടതുഭരണത്തിന് അവസാനം കുറിച്ചാണ് ത്രിപുരയിൽ 2018 ൽ ബിജെപി അധികാരത്തിലെത്തുകയും ബിപ്ലബ് ദേബ് മുഖ്യമന്ത്രിയാകുകയും ചെയ്തത്. ആകെയുള്ള 60 സീറ്റുകളില്‍ 35 സീറ്റിലും ബിജെപി വിജയം നേടിയിരുന്നു. എന്നാല്‍ ബിജെപിയും അവരുടെ മുഖ്യ എതിരാളികളായിരുന്ന ഇടതുപക്ഷവും തമ്മിലുള്ള വോട്ട് വ്യത്യാസം വെറും രണ്ട് ശതമാനം മാത്രമായിരുന്നു. പിന്നീട് ബിപ്ലബ് ദേബിനെ മാറ്റി മണിക് സാഹയെ ബിജെപി മുഖ്യമന്ത്രിയായി നിയമിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കഴിഞ്ഞ വര്‍ഷം മുതല്‍ ബിജെപി സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനായി മുപ്പതിലധികം കമ്മിറ്റികളെ നിയമിച്ചിരുന്നു.
ത്രിപുരയിലെ ബിജെപിയുടെ പ്രധാന സഖ്യകക്ഷിയായ ആദിവാസി സംഘടനയാണ് ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി). ഇവരുമായുള്ള ബിജെപിയുടെ ബന്ധം വഷളായിത്തുടരുകയാണ്. അതുകൊണ്ട് തന്നെ അവരുമായി തെരഞ്ഞെടുപ്പില്‍ സഖ്യം തുടരുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.
ഇതു കൂടാതെ ബിജെപിയെ നേരിടാന്‍ ഇടതുപക്ഷവും കോണ്‍ഗ്രസും മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഒരു കാലത്ത് ബദ്ധവൈരികളായിരുന്ന കോൺഗ്രസും ഇടതുപക്ഷവും ബിജെപിക്കെതിരെ ഒന്നിച്ചു നിന്ന് പോരാടാൻ തീരുമാനിച്ചതാണ് ത്രിപുര തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം. ത്രിപുര ട്രൈബല്‍ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗണ്‍സിലില്‍ (ടിടിഎഎഡിസി) വന്‍ വിജയം നേടിയ ടിപ്ര മോതയും ബിജെപിയ്ക്ക് വന്‍ ഭീഷണിയായി തുടരുന്നുണ്ട്.
പ്രത്യുത് മാണിക്യ സ്ഥാപിച്ച ടിപ്ര മോത ഇത്തവണ 45ലധികം സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ടിപ്രാലാന്റ് സ്ഥാപിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രത്യുത് മാണിക്യ പറഞ്ഞിരുന്നു. ആ ലക്ഷ്യത്തിനായി തങ്ങളോടൊപ്പം നില്‍ക്കാന്‍ ഏത് പാര്‍ട്ടി തയ്യാറായാലും അവര്‍ക്ക് പിന്തുണ നല്‍കുമെന്നും പ്രത്യുത് പറഞ്ഞു.
2021 മുതൽ തൃണമൂൽ കോൺഗ്രസും ത്രിപുരയിൽ തങ്ങളുടെ സാന്നിധ്യമറിയിക്കാൻ ശ്രമം നടത്തിവരികയാണ്. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ലെങ്കിലും ഇത്തവണ ചില സീറ്റുകൾ നേടാനാകുമെന്ന ആത്മവിശ്വാസത്തിലാണ് പാർട്ടി. ഈ മാസം അവസാനത്തോടെ ത്രിപുര സന്ദർശിക്കാനും മമത ബാനർജി ആലോചിക്കുന്നുണ്ട്.
മേഘാലയ
2018ലാണ് നാഷണല്‍ പീപ്പീള്‍സ് പാര്‍ട്ടി മേഘാലയയില്‍ അധികാരത്തിലെത്തുന്നത്. 20 സീറ്റുകള്‍ നേടിയ എന്‍പിപി രണ്ട് സീറ്റ് നേടിയ ബിജെപിയുമായി സഖ്യം ചേര്‍ന്നാണ് മേഘാലയയില്‍ അധികാരം നേടിയത്. എന്‍പിപി മേധാവിയും മുഖ്യമന്ത്രിയുമായ കോണ്‍റാഡ് സാങ്മയാണ് ആറ് കക്ഷികളുള്ള മേഘാലയ ഡെമോക്രാറ്റിക് സഖ്യത്തെ നയിക്കുന്നത്. രണ്ട് എംഎല്‍എമാരുള്ള ബിജെപി എംഡിഎയുടെ ഭാഗമായിരുന്നു.
അതേസമയം 2023ലെ തെരഞ്ഞെടുപ്പില്‍ ഒറ്റകക്ഷിയായി മത്സരിക്കാനാണ് തങ്ങള്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് സാങ്മ പറയുന്നത്. ഏകദേശം 58 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ് എന്‍പിപി.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മേഘാലയയില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇത്തവണയും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുമെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് 12 എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയതും പാര്‍ട്ടിയ്ക്ക് ഗുണകരമായി. ഇതോടെ കോണ്‍ഗ്രസിന് മേഘാലയ നിയമസഭയില്‍ ഒരു സീറ്റ് പോലും ഇല്ലാത്ത അവസ്ഥയാണ്. 12 എംഎല്‍എമാരില്‍ മൂന്ന് എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടതായാണ് സൂചന. അതില്‍ രണ്ട് പേര്‍ എന്‍പിപിയിലേക്കും ഒരാള്‍ ബിജെപിയിലേക്കുമാണ് ചേക്കേറിയത്. അതേസമയം മേഘാലയ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് വ്യക്തമായ വിജയം ലഭിക്കുമെന്നാണ് മുകുള്‍ സാംങ്മ പറയുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മേഘാലയയില്‍ സന്ദര്‍ശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
മേഘാലയയിൽ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയിലാണ് കോൺഗ്രസ്. 17 എംഎൽഎമാരാണ് പാർട്ടിക്ക് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. എൻപിപിയെ പിന്തുണച്ചതിന് അഞ്ച് എംഎൽഎമാരെ കോൺഗ്രസ് സസ്പെൻഡ് ചെയ്തിരുന്നു. അതിൽ രണ്ട് പേർ എൻപിപിയിൽ ചേർന്നു. ചില കോൺഗ്രസ് എംഎൽഎമാർ തൃണമൂലിലേക്കും ചേക്കേറിയിരുന്നു.
Also Read- തെലങ്കാനയിൽ ഉദ്ഘാടനത്തിനു മുമ്പ് പൂജയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അക്ഷിതമർപ്പിക്കുന്ന വീഡിയോ വൈറൽ
രണ്ട് എൻപിപി എംഎൽഎമാരും ഒരു കോൺഗ്രസ് എംഎൽഎയും ഒരു സ്വതന്ത്രനും അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു. ഇക്കുറി തങ്ങൾ മേഘാലയയിൽ നില മെച്ചപ്പെടുത്തുമെന്നാണ് ബി.ജെ.പി കരുതുന്നത്.
നാഗാലാന്‍ഡ്
ബിജെപി- എന്‍ഡിപിപി സഖ്യമാണ് നിലവില്‍ നാഗാലാന്റ് ഭരിക്കുന്നത്. 2023ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ 20 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ അണിനിരത്താനും 40 മണ്ഡലങ്ങളിലെ എന്‍ഡിപിപി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കാനും ബിജെപി തീരുമാനിച്ചിരിക്കുകയാണ്. നാഗാലാന്റിലെ 16 ജില്ലകള്‍ ഏകീകരിച്ച് ഒറ്റ സംസ്ഥാനമാക്കണമെന്നാവശ്യപ്പെട്ട് ഏഴ് ഗോത്രവിഭാഗങ്ങള്‍ രംഗത്തെത്തിയത് ബിജെപി-സഖ്യസര്‍ക്കാരിന് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
ഇത്തവണ നാഗാലാന്റിൽ കൂടുതൽ സീറ്റുകൾ നേടാൻ ആകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ഏഴ് ആദിവാസി വിഭാഗങ്ങൾ ചേർന്ന സംഘടനയായ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) ‘ഫ്രണ്ടിയർ നാഗാലാൻഡ്’ എന്ന പ്രത്യേക സംസ്ഥാനത്തിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയം പരിശോധിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം മൂന്നംഗ സംഘത്തെ സംസ്ഥാനത്തേക്ക് അയച്ചിരുന്നു. ഇവർ വിവിധ നാഗാ സംഘടനകളുമായി നിരവധി മീറ്റിംഗുകൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ തീരുമാനമായില്ലെങ്കിൽ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.