ഇന്ത്യയുടെ സ്വന്തം സോഹോ: ഗൂഗിളും മൈക്രോസോഫ്റ്റും ഒഴിവാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇതെന്തു കൊണ്ട് തെരഞ്ഞെടുക്കുന്നു
- Published by:Sarika N
- news18-malayalam
Last Updated:
ഡോക്യുമെന്റുകളും സ്‌പ്രെഡ്ഷീറ്റുകളും പ്രസന്റേഷനുകളും കൈകാര്യം ചെയ്യുന്നതിനായി സോഹോയിലേക്ക് മാറുകയാണെന്നാണ് മന്ത്രി അറിയിച്ചത്
ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് തന്റെ പ്രവൃത്തിയിലൂടെ സാങ്കേതികതലത്തിലും വലിയൊരു മാറ്റത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ്. വളരെക്കാലമായി ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റിനെയും ഗൂഗിളിനെയും ഒഴിവാക്കി സ്വദേശി പ്ലാറ്റ്‌ഫോമായ സോഹോയിലേക്ക് മാറുകയാണെന്ന് അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു.
ഡോക്യുമെന്റുകളും സ്‌പ്രെഡ്ഷീറ്റുകളും പ്രസന്റേഷനുകളും കൈകാര്യം ചെയ്യുന്നതിനായി സോഹോയിലേക്ക് മാറുകയാണെന്നാണ് മന്ത്രി അറിയിച്ചത്. ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. സ്വദേശി ഉത്പന്നങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിച്ച് വിദേശ ഉത്പന്നങ്ങളോടുള്ള ആശ്രിതത്വം കുറയ്ക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഏറ്റെടുത്തിരിക്കുകയാണ് അദ്ദേഹം.
വര്‍ഷങ്ങളായി ഇത്തരം ജോലികള്‍ക്ക് ഇന്ത്യക്കാര്‍ ആശ്രയിക്കുന്നത് പണമടച്ചുള്ള മൈക്രോസോഫ്റ്റിന്റെ ഓഫീസ് സ്യൂട്ടിനെയാണ്. ഈ രംഗത്ത് ഗൂഗിളിന്റെ ഓണ്‍ലൈന്‍ ബദലുകളും വളരെ ജനപ്രിയമാണ്. എന്നാല്‍ ഇന്ത്യയുടെ സ്വന്തം സോഫ്റ്റ്‌വെയര്‍ സ്യൂട്ടിലേക്ക് മാറാന്‍ അശ്വിനി വൈഷ്ണവ് ആവശ്യപ്പെടുന്നു.
advertisement
"ഡോക്യുമെന്റുകള്‍, സ്‌പ്രെഡ്ഷീറ്റുകള്‍, പ്രസന്റേഷന്‍സ് എന്നിവയ്ക്കായി ഞങ്ങളുടെ സ്വന്തം സ്വദേശി പ്ലാറ്റ്‌ഫോമായ സോഹോയിലേക്ക് ഞാന്‍ മാറുകയാണ്. തദ്ദേശീയ ഉത്പന്നങ്ങളും സേവനങ്ങളും സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വദേശി ആഹ്വാനത്തില്‍ പങ്കുചേരാന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു", അശ്വിനി വൈഷ്ണവ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
തദ്ദേശീയ സോഫ്റ്റ്‍വെയര്‍, ആപ്പുകള്‍, ഹാര്‍ഡ്‍വെയര്‍ എന്നിവ നിര്‍മ്മിക്കുന്നതിലും സ്വീകരിക്കുന്നതിലും കൂടുതല്‍ ഊന്നല്‍ നല്‍കികൊണ്ട് സാങ്കേതിക സ്വാശ്രയത്വത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടയിലാണ് അശ്വിനി വൈഷ്ണവിന്റെ ഈ പ്ലാറ്റ്‌ഫോം മാറ്റത്തിനുള്ള പ്രഖ്യാപനവും വന്നിരിക്കുന്നത്.
advertisement
സോഹോ സിഇഒ ശ്രീധര്‍ വെമ്പു കേന്ദ്രമന്ത്രിയുടെ തീരുമാനത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു. "നന്ദി സര്‍, ഇത് ഞങ്ങളുടെ എഞ്ചിനീയര്‍മാര്‍ക്ക് വലിയ പ്രോത്സാഹനമാകും. ഞങ്ങള്‍ നിങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും അഭിമാനഭരിതരാക്കും", ശ്രീധര്‍ വെമ്പു അശ്വിനി വൈഷ്ണവിന്റെ പോസ്റ്റിന് മറുപടിയായി കുറിച്ചു.
എന്താണ് സോഹോ ?
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്റ്റ്‍വെയര്‍ ആസ്-എ സര്‍വീസ് (സാസ്) കമ്പനിയാണ് സോഹോ. 1996-ല്‍ ശ്രീധര്‍ വെമ്പുവും ടോണി തോമസും ചേര്‍ന്നാണ് സോഹോ കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്.
വര്‍ഷങ്ങളായി ഇമെയില്‍, എച്ച്ആര്‍, അക്കൗണ്ടിംഗ്, സിആര്‍എം, പ്രോജക്ട് മാനേജ്‌മെന്റ് തുടങ്ങി ബിസിനസുകള്‍ക്കായി 80ലധികം ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു പവര്‍ഹൗസായി സോഹോ വളര്‍ന്നു.
advertisement
ഔദ്യോഗികമായി അമേരിക്കയില്‍ സ്ഥാപിതമായതാണെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത പ്ലാറ്റ്‌ഫോം ആണ് സോഹോ. അതിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഭൂരിഭാഗവും നടക്കുന്നത് തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ ആണ്.
ഇന്ന് കമ്പനിയുടെ വാര്‍ഷിക വരുമാനം ഒരു ബില്യണ്‍ ഡോളറിലധികമാണ്. യുഎസ് ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ സോഹോ പ്രവര്‍ത്തിക്കുന്നുണ്ട്. 150-ല്‍ അധികം രാജ്യങ്ങളിലായി ചെറുകിട സ്റ്റാര്‍ട്ടപ്പുകള്‍ മുതല്‍ ഫോര്‍ച്യൂണ്‍ ഭീമന്മാര്‍ വരെയുള്ള 100 ലക്ഷത്തിലധികം ഉപയോക്താക്കള്‍ സോഹോ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു.
സോഹോ വര്‍ക്ക്‍പ്ലേസ്, സോഹോ ഓഫീസ് സ്യൂട്ട് എന്നിങ്ങനെ നിരവധി ഉപകരണങ്ങള്‍ കമ്പനി നല്‍കുന്നുണ്ട്. ഒറ്റപ്പെട്ട ആപ്ലിക്കേഷനുകളും ലഭ്യമാക്കുന്നുണ്ട്. മൈക്രോസോഫ്റ്റ് ഓഫീസ് 365, ഗൂഗിള്‍ വര്‍ക്ക്‍സ്‌പേയ്‌സ് എന്നിവ പോലുള്ള പ്ലാറ്റ്‌ഫോമുകളുമായി ഇവ നേരിട്ട് മത്സരിക്കുന്നു. ഇന്ത്യന്‍ കമ്പനികള്‍ നല്‍കുന്ന സുരക്ഷാ സര്‍ട്ടിഫിക്കറ്റുകളെ വിശ്വസിക്കാന്‍ മുഖ്യധാരാ ബ്രൗസറുകള്‍ കാണിക്കുന്ന വിമുഖത, ദീര്‍ഘകാലമായുള്ള ഈ ഒരു വിടവ് പരിഹരിക്കുന്നതിനാണ് സോഹോ ഉത്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഔദ്യോഗിക ഉപയോഗത്തിനായി ബ്രൗസര്‍ ഇതുവരെ നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും ഈ വിജയം ആഭ്യന്തര ഉത്പന്നം എന്ന നിലയില്‍ സോഹോയുടെ വിശ്വാസ്യതയെ കൂടുതല്‍ ഊട്ടിഉറപ്പിച്ചു.
advertisement
സ്വകാര്യതയിലുള്ള ശ്രദ്ധയാണ് സോഹോയെ മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്. മറ്റ് പല ടെക് ഭീമന്മാരില്‍ നിന്നും വ്യത്യസ്ഥമായി ഇത് പരസ്യങ്ങളെ ആശ്രയിക്കുന്നില്ല. ഉപയോക്തൃ ഡേറ്റ സ്വകാര്യത ഉറപ്പാക്കുന്നു.
താങ്ങാവുന്ന വിലയാണ് മറ്റൊരു വലിയ ആകര്‍ഷണം. മൈക്രോസോഫ്റ്റിനെയും ഗൂഗിളിനെയും അപേക്ഷിച്ച് സോഹോയുടെ വില കുറവാണ്. അതുകൊണ്ടുതന്നെ ഇത് ഇന്ത്യയിലെ ചെറുകിട, ഇടത്തരം ബിസിനസുകള്‍ക്കിടയില്‍ പ്രത്യേകിച്ചും ജനപ്രിയമാകുന്നു.
ഒരു പുതിയ വെബ് ബ്രൗസര്‍ വികസിപ്പിക്കുന്നതിനായി ഐടി മന്ത്രാലയം സ്‌പോണ്‍സര്‍ ചെയ്ത ചലഞ്ചില്‍ വിജയിച്ചതിലൂടെയും സോഹോ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
advertisement
2021-ല്‍ കമ്പനി സിഇഒ ശ്രീധര്‍ വെമ്പുവിനെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. 2024-ലെ കണക്കനുസരിച്ച് ഫോബ്‌സിന്റെ റാങ്കിംഗില്‍ ഇന്ത്യയിലെ സമ്പന്നരില്‍ 39-ാം സ്ഥാനത്താണ് അദ്ദേഹം. ഏകദേശം 50,000 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി.
ലോകമെമ്പാടു നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളുടെ ആഴത്തിലുള്ള വിശകലനത്തിന് News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
September 23, 2025 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Explained/
ഇന്ത്യയുടെ സ്വന്തം സോഹോ: ഗൂഗിളും മൈക്രോസോഫ്റ്റും ഒഴിവാക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഇതെന്തു കൊണ്ട് തെരഞ്ഞെടുക്കുന്നു