30th IFFK | 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും

Last Updated:

30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്

30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള
30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 30ാമത് ഐ.എഫ്.എഫ്.കെയ്ക്ക് 2025 ഡിസംബര്‍ 12 വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിയും. ഡിസംബര്‍ 19 വരെ എട്ടു ദിവസങ്ങളിലായി നടക്കുന്ന മേളയില്‍ എഴുപതോളം രാജ്യങ്ങളില്‍ നിന്നുള്ള 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. 30ാമത് പതിപ്പ് പ്രമാണിച്ച് മുന്‍വര്‍ഷങ്ങളിലേതിനേക്കാള്‍ മുപ്പതോളം ചിത്രങ്ങള്‍ അധികമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 16 തിയേറ്ററുകളിലായാണ് പ്രദര്‍ശനം നടക്കുക. ഇത്തവണ ഒരു തിയേറ്റര്‍ കൂടി അധികമായി സജ്ജീകരിച്ചിട്ടുണ്ട്.
സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ്
30ാമത് ഐ.എഫ്.എഫ്.കെയിലെ സ്പിരിറ്റ് ഓഫ് സിനിമ അവാര്‍ഡ് കനേഡിയന്‍ ചലച്ചിത്രകാരി കെല്ലി ഫൈഫ് മാര്‍ഷലിന് സമ്മാനിക്കും. അഞ്ച് ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികള്‍ക്കെതിരെ പൊരുതുന്ന നിര്‍ഭയരായ വനിതാ ചലച്ചിത്രപ്രവര്‍ത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കുര്‍ദിഷ് സംവിധായിക ലിസ കലാന്‍ ആയിരുന്നു പ്രഥമ ജേതാവ്. ഇറാന്‍ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയായിട്ടും അവകാശപ്പോരാട്ടം തുടരുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി, കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങള്‍ക്കെതിരെ പൊരുതുന്ന സംവിധായിക വനൂരി കഹിയു, ഇന്ത്യന്‍ സംവിധായിക പായല്‍ കപാഡിയ എന്നിവരാണ് മുന്‍വര്‍ഷങ്ങളില്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായത്.
advertisement
കറുത്ത വര്‍ഗക്കാരോടുള്ള വംശീയമുന്‍വിധികള്‍ക്കെതിരെ സിനിമയിലൂടെ പൊരുതുന്ന കെല്ലി ഫൈഫ് മാര്‍ഷലിന്റെ 'ബ്‌ളാക്ക് ബോഡീസ്'(2020) എന്ന ഹ്രസ്വചിത്രം ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ മേളയുടെ ആദ്യ ചേഞ്ച്‌മേക്കര്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. കറുത്ത വര്‍ഗക്കാരുടെ ജീവിതാനുഭവങ്ങളില്‍ ഊന്നിയുള്ള ഹേവന്‍ (2018) എന്ന ഹ്രസ്വചിത്രത്തിലൂടെയാണ് അവര്‍ തന്റെ വരവറിയിച്ചത്. കലയിലൂടെ കറുത്ത വര്‍ഗക്കാരുടെ സമുദായത്തെ ശാക്തീകരിക്കുന്നതിനും സാമൂഹികനീതിക്കും വേണ്ടി രൂപംകൊടുത്ത 'മേക്ക് റിപ്പിള്‍സ്' എന്ന സന്നദ്ധസംഘടനയുടെ സഹസ്ഥാപക കൂടിയാണ് കെല്ലി ഫൈഫ്. ടെലിവിഷന്‍ രംഗത്തും പരസ്യചിത്രനിര്‍മ്മാണരംഗത്തും തന്റെ കൈയൊപ്പ് പതിപ്പിച്ച കെല്ലിയുടെ 'ബ്‌ളാക്ക് എലിവേഷന്‍ മാപ്പ്' എന്ന പ്രചാരണചിത്രം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. 2025ലെ ടൊറന്‍േറാ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ കെല്ലിയുടെ 'ഡീമണ്‍സ്' എന്ന ഹ്രസ്വചിത്രം ഔദ്യോഗിക സെലക്ഷന്‍ നേടി. സ്വന്തം ജനതയുടെ അതിജീവനവും സ്‌നേഹവും കരീബിയന്‍ പ്രവാസിജീവിതവും പ്രതിഫലിപ്പിക്കുന്നവയാണ് കെല്ലിയുടെ ചിത്രങ്ങള്‍.
advertisement
മേളയുടെ മുഖ്യ ആകര്‍ഷണങ്ങള്‍
അന്താരാഷ്ട്ര മല്‍സരവിഭാഗത്തില്‍ 14 സിനിമകളും മലയാള സിനിമ റ്റുഡേ വിഭാഗത്തില്‍ 12 ചിത്രങ്ങളും ഇന്ത്യന്‍ സിനിമ നൗ വിഭാഗത്തില്‍ ഏഴ് സിനിമകളും പ്രദര്‍ശിപ്പിക്കും. ലോകസിനിമാ വിഭാഗത്തില്‍ അറുപതിലധികം സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ടു സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഫിമെയ്ല്‍ ഫോക്കസ്, മിഡ്‌നൈറ്റ് സിനിമ, റെസ്റ്റോര്‍ഡ് ക്‌ളാസിക്‌സ് എന്നീ വിഭാഗങ്ങളിലും സിനിമകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദി പ്രമാണിച്ച് അദ്ദേഹത്തിന്റെ നാലു ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. സംവിധായകന്‍ ഷാജി എന്‍. കരുണ്‍, സംവിധായകനും തിരക്കഥാകൃത്തുമായ എം.ടി വാസുദേവന്‍ നായര്‍ എന്നിവര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ് വിഭാഗത്തില്‍ ഇരുവരുടെയും രണ്ടു ചിത്രങ്ങള്‍ വീതം പ്രദര്‍ശിപ്പിക്കും.
advertisement
കണ്‍ട്രി ഫോക്കസ്: വിയറ്റ്‌നാം
വിയറ്റ്‌നാം യുദ്ധത്തിന്റെ അന്‍പതാംവാര്‍ഷികത്തോടനുബന്ധിച്ച് കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ വിയറ്റ്‌നാമില്‍നിന്നുള്ള അഞ്ച് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റെട്രോസ്‌പെക്റ്റിവ് വിഭാഗത്തില്‍ ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയുടെ മൂന്ന് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
13000ല്‍പ്പരം ഡെലിഗേറ്റുകള്‍ മേളയില്‍ പങ്കെടുക്കും. 200ഓളം ചലച്ചിത്രപ്രവര്‍ത്തകര്‍ അതിഥികളായി എത്തുന്നുണ്ട്. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളുടെ പിന്നണിപ്രവര്‍ത്തകര്‍, ഒഫീഷ്യല്‍സ്, ഗസ്റ്റ്, സ്‌പോണ്‍സര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുള്‍പ്പെടെ 15,000ത്തോളം പേരുടെ പങ്കാളിത്തം 30ാമത് ഐ.എഫ്.എഫ്.കെയില്‍ ഉണ്ടാവും.
എക്‌സിബിഷന്‍
മേളയുടെ ഭാഗമായി മൂന്ന് എക്‌സിബിഷനുകള്‍ സംഘടിപ്പിക്കും. മേളയുടെ മൂന്നു പതിറ്റാണ്ടു നീണ്ട ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന 'ഐ.എഫ്.എഫ്.കെ എക്‌സ്പീരിയന്‍സിയ', ഋത്വിക് ഘട്ടക്കിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ബംഗാളിലെ ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചറല്‍ അഫയേഴ്‌സ് വകുപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന എക്‌സിബിഷന്‍ എന്നിവ മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് സജ്ജീകരിക്കും.
advertisement
ചലച്ചിത്രകലാസംവിധായകന്‍ കൂടിയായിരുന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജന്മശതാബ്ദിയോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ലൊക്കേഷന്‍ സ്‌കെച്ചുകള്‍ ന്യൂ തിയേറ്റര്‍ പരിസരത്ത് പ്രദര്‍ശിപ്പിക്കും. കേരള ലളിതകലാ അക്കാദമിയുടെയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് ഈ എക്‌സിബിഷന്‍ സംഘടിപ്പിക്കുന്നത്.
അനുബന്ധ പരിപാടികള്‍
മേളയുടെ ഭാഗമായി ഓപ്പണ്‍ ഫോറം, ഇന്‍ കോണ്‍വര്‍സേഷന്‍, മീറ്റ് ദ ഡയറക്ടര്‍, അരവിന്ദന്‍ സ്മാരക പ്രഭാഷണം എന്നിവയും ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികള്‍ നഗരത്തിലെ സാംസ്‌കാരിക ഇടനാഴിയായ മാനവീയം വീഥിയില്‍ സംഘടിപ്പിക്കും.
പുരസ്‌കാരങ്ങള്‍
ഡിസംബര്‍ 19ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപനച്ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കും. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരത്തിന് അര്‍ഹമാവുന്ന സിനിമയ്ക്ക് 20 ലക്ഷം രൂപ ലഭിക്കും. രജത ചകോരത്തിന് അര്‍ഹമാവുന്ന ചിത്രത്തിന്റെ സംവിധാനത്തിന് നാലു ലക്ഷം രൂപയും രജതചകോരത്തിന് അര്‍ഹത നേടുന്ന നവാഗത സംവിധായക പ്രതിഭയ്ക്ക് മൂന്നു ലക്ഷം രൂപയും ലഭിക്കും. പ്രേക്ഷകപുരസ്‌കാരത്തിന് അര്‍ഹമാവുന്ന സിനിമയുടെ സംവിധാനത്തിന് രണ്ടു ലക്ഷം രൂപയും കെ.ആര്‍.മോഹനന്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നേടുന്ന ഇന്ത്യയിലെ മികച്ച നവാഗത സംവിധായകപ്രതിഭയ്ക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. ഫിപ്രസ്‌കി, നെറ്റ്പാക് അവാര്‍ഡുകളും സമാപനച്ചടങ്ങില്‍ സമ്മാനിക്കും.
advertisement
ഐ.എഫ്.എഫ്.കെയുടെ ഹ്രസ്വചരിത്രം
കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1994 ഡിസംബര്‍ 17 മുതല്‍ 23 വരെ കോഴിക്കോട് വെച്ചാണ് ആദ്യ ചലച്ചിത്രമേള നടന്നത്. രണ്ടാമത്തെ ഐ.എഫ്.എഫ്.കെ 1995 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ തിരുവനന്തപുരത്ത് നടന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ആദ്യമേളയായിരുന്നു അത്. 1998 ഏപ്രില്‍ 5 മുതല്‍ 12 വരെ നടന്ന മൂന്നാമത്തെ മേളയില്‍ വിഖ്യാത പോളിഷ് സംവിധായകന്‍ ക്രിസ്റ്റോഫ് സനൂസി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്തു. ഇ.കെ നായനാര്‍ സര്‍ക്കാരിന്റെ തീരുമാനപ്രകാരം നാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേള 1999 ഏപ്രില്‍ മൂന്നു മുതല്‍ 10 വരെ കൊച്ചിയില്‍ നടന്നു. നാലാംമേളയില്‍ എത്തുമ്പോഴേക്കും ചലച്ചിത്ര നിര്‍മ്മാതാക്കളുടെ അന്താരാഷ്ട്ര സംഘടനയായ ഫിയാഫിന്റെ അംഗീകാരം ഐ.എഫ്.എഫ്.കെക്ക് ലഭിച്ചിരുന്നു. മല്‍സരവിഭാഗം ആരംഭിച്ചത് ഈ മേളയിലാണ്. 2000 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഏഴുവരെ കോഴിക്കോട് നടന്ന അഞ്ചാമത് ചലച്ചിത്രമേളക്കു ശേഷം തിരുവനന്തപുരം സ്ഥിരം വേദിയായി നിശ്ചയിക്കുകയായിരുന്നു. 25ാമത് ഐ.എഫ്.എഫ്.കെ, കോവിഡിന്റെ പശചാത്തലത്തില്‍ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി, പാലക്കാട് എന്നീ നാലിടങ്ങളിലായാണ് നടത്തിയത്.
Click here to add News18 as your preferred news source on Google.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Film/
30th IFFK | 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള ഡിസംബര്‍ 12 മുതല്‍ 19 വരെ; 200ല്‍പ്പരം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും
Next Article
advertisement
സർക്കാരിന്റെ ബ്രാൻഡിക്ക് ഒരു പേരുവേണം; മികച്ച പേരിന് 10,000 രൂപ സമ്മാനം
സർക്കാരിന്റെ ബ്രാൻഡിക്ക് ഒരു പേരുവേണം; മികച്ച പേരിന് 10,000 രൂപ സമ്മാനം
  • മലബാർ ഡിസ്റ്റിലറീസ് പുതിയ ബ്രാൻഡിന് പേര്, ലോഗോ നിർദേശങ്ങൾക്കായി സർക്കാർ ക്ഷണിച്ചു.

  • മികച്ച പേര്, ലോഗോ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് ഉദ്ഘാടന ദിവസം 10,000 രൂപ പാരിതോഷികം നല്‍കും.

  • പേരും ലോഗോയും malabardistilleries@gmail.com ലേക്ക് ജനുവരി 7ന് മുമ്പായി അയയ്ക്കേണ്ടതാണ്.

View All
advertisement