കൊച്ചി: ഹൈക്കോടതിയിലെ തിരക്കുള്ള അഭിഭാഷകയാണെങ്കിലും വ്യവഹാര ജീവിതത്തിലൊരിക്കലും ഇത്തരം ഞെട്ടല്‍ ശാന്തി മായാ ദേവിയ്ക്കുണ്ടായിട്ടില്ല. വേഷത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാൽ, ജോര്‍ജുകുട്ടിയുടെ ഒപ്പം കട്ടയ്ക്ക് നില്‍ക്കുന്ന അഭിഭാഷകയായി. തൊടുപുഴ കോടതിയില്‍ വാദം മുറുകുമ്പോൾ, പെട്ടെന്നാണ് ഫോറന്‍സിക് റിപ്പോർട്ട് അടങ്ങുന്ന കുറിപ്പ് ജഡ്ജിക്ക് കൈമാറുന്നത്.
വക്കീലിന്റെ മുഖത്തു നിന്നും എല്ലാമടങ്ങിയ ഒരു നോട്ടം. തിയേറ്ററുകളിലാണെങ്കില്‍ കാണികള്‍ എഴുന്നേറ്റു നിന്ന് കയ്യടിക്കേണ്ട രംഗം. 'എന്നാലും ക്ലയന്റേ നിങ്ങളൊരു മനുഷ്യന്‍ തന്നെയാണോ?'. സിനിമയിലെയും ജീവിതത്തിലെയും വക്കീല്‍ മനസില്‍ ചിന്തിച്ചതിങ്ങനെയാണെന്ന് ശാന്തി മായാ ദേവി പറയുന്നു.
അഭിഭാഷക ജീവിതം ആരംഭിക്കുന്നതിനു മുൻപ് ചാനല്‍ അവതാരകയായി ജോലി ചെയ്ത കാലമുണ്ട് ശാന്തിയ്ക്ക്. അങ്ങനെ രമേഷ് പിഷാരടിയുമായി അടുത്ത പരിചയമായി. സുഹൃത്തുക്കളാണെങ്കിലും പരസ്പരം മിണ്ടിയിട്ടും ചാറ്റ് ചെയ്തിട്ടുമൊക്ക കുറെയായി.
അങ്ങനെയിരിക്കെയാണ് ശാന്തി കോടതിയില്‍ വാദിച്ച കേസുകളിലൊന്നുമായി ബന്ധപ്പെട്ട ചര്‍ച്ച പിഷാരടി ടെലിവിഷനില്‍ കണ്ടത്. താന്‍ സംവിധാനം ചെയ്യുന്ന ഗാനഗന്ധര്‍വ്വനില്‍ മമ്മൂട്ടിയെ ജയിലില്‍ നിന്നും പുറത്തിറക്കാനുള്ള വക്കീല്‍ ഇതു തന്നെയെന്ന് പിഷാരടി തീരുമാനിച്ചു. നാളുകള്‍ കടന്നു പോയി. റാമില്‍ ചെറിയ ഒരു വേഷം ശാന്തിയ്ക്കുണ്ടായിരുന്നു. സിനിമയിലെ കോടതി സീന്‍ ചിത്രീകരണത്തില്‍ രംഗക്രമീകരണത്തില്‍ ചില നിര്‍ദ്ദേശങ്ങള്‍ നൽകിയത് കണ്ട് ശാന്തി വക്കീലാണോയെന്ന് ചോദിച്ച ജീത്തു ജോസഫ് ജോര്‍ജ് കുട്ടിയുടെ വക്കീലിനെ മനസില്‍ കുറിച്ചു.
നന്നായി കേസ് വാദിച്ച് ജയിച്ച വക്കീലിന്റെ സംതൃപ്തിയാണ് ദൃശ്യം 2 പുറത്തിറങ്ങിയപ്പോഴെന്ന് ശാന്തി പറയുന്നു. ചെറിയ വേഷമായിരുന്നുവെങ്കിലും എവിടെ പോയാലും ആളുകള്‍ തിരിച്ചറിയുന്നു. സെല്‍ഫികള്‍, ആരാധകര്‍, ഒറ്റ ദിവസം കൊണ്ട് കുതിച്ചുയര്‍ന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ്; സംഭവിക്കുന്നതെല്ലാം യാഥാര്‍ത്ഥ്യമാണോയെന്നു പോലും തിരിച്ചറായനാവാത്ത അവസ്ഥ.
ആദ്യ രണ്ടു ചിത്രങ്ങള്‍, അതും ഇന്ത്യൻ സിനിമയിലെ മഹാരഥന്‍മാരായ നടന്‍മാര്‍ക്കൊപ്പം. അഭിഭാഷകന്‍ കൂടിയായ മമ്മൂട്ടി 'ഗാനഗന്ധര്‍വന്‍' ചിത്രീകരണ സമയത്ത് വക്കീലെന്ന പരിഗണ നല്‍കി. മോഹന്‍ലാലും വക്കീലെന്നാണ് വിളിച്ചിരുന്നത്. അഭിയം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ഇരുവരും നല്‍കി.
സിനിമാ മേഖലയില്‍ നിന്നടക്കം നിരവധി കോളുകളാണ് ശാന്തിയെ തേടിയെത്തുന്നത്. എന്നാല്‍ വേഷങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിച്ചുമാത്രമാവും തീരുമാനം. അഭിഭാഷകവൃത്തി ഊര്‍ജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. ചിത്രമിറങ്ങിയ ശേഷവും എല്ലാ ദിനവും കോടതിയില്‍ പോകും. ഇടവേളകളിലും രാവിലെയും വൈകിട്ടുമെല്ലാം പ്രമോഷനുകളും മറ്റുമായി തിരക്കിലാണ്.
എല്ലാം ദിവസവും കാണുന്ന കോടതി മുറി തന്നെയായിരുന്നു ദൃശ്യത്തിലും. ക്യാമറകള്‍, ആള്‍ക്കൂട്ടം, റീടേക്ക് എന്നിവയൊക്കെ അപരിചിതമായി തോന്നി. കോടതിയില്‍ സ്വന്തം കക്ഷിയെ ജയിപ്പിക്കാനായി എത്ര മണിക്കൂറും വാദിക്കാം. പക്ഷെ ഇവിടെയങ്ങനെയല്ല. മാനസിക സംഘര്‍ഷങ്ങളൊന്നും പുറത്തു കാണിക്കാതെ രംഗത്തിനനുസരിച്ചുള്ള പ്രതികരണമാണ് വേണ്ടത്. ശാന്തി പറയുന്നു.
ഒരു സിനിമയില്‍ ഇത്രയധികം ട്വിസ്റ്റുകള്‍ ആരും പ്രതീക്ഷിക്കില്ലെന്ന് സിനിമാ പ്രേമിയായ ശാന്തി പറയുന്നു. ചിത്രത്തിന്റെ വിമര്‍ശകര്‍ സോഷ്യല്‍ മീഡീയയിലും മറ്റും ഉന്നയിക്കുന്ന ലോജിക്കില്‍ കാര്യമില്ല. ജീവിതത്തില്‍ ലോജിക്ക് പ്രയോഗിച്ചാല്‍ വലിയ അബദ്ധങ്ങളില്‍ ചാടില്ല, സിനിമയില്‍ അതു വേണ്ട. സിനിമയെ സിനിമയായി കാണുക. സിനിമയെക്കുറിച്ച് വിമര്‍ശനം ആവാം, എന്നാല്‍ അതിരു കടന്ന വിമര്‍ശനത്തില്‍ കാര്യമില്ല. സി.ആര്‍.പി.സി. ഫോളോ ചെയ്ത് സിനിമയുണ്ടാക്കാന്‍ കഴിയില്ലെന്നും ശാന്തി പറയുന്നു.
Summary: Shanthi Maya Devi, Georgekutty's advocate in Drishyam 2, on shuttling between real and reel life