'അടൂർ സ്‌ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ? വെള്ളയിട്ടാൽ യേശുദാസ് പറഞ്ഞത് അസഭ്യമാകാതിരിക്കുമോ?' വീണ്ടും വിനായകന്റെ കുറിപ്പ്
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും
കൊച്ചി: ഗാനഗന്ധർവൻ കെ ജെ യേശുദാസിനെയും പ്രമുഖ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണനെയും വിമർശിച്ച് വീണ്ടും ഫേസ്‌ബുക്ക് പോസ്റ്റിട്ട് നടൻ വിനായകൻ. ശരീരത്തിൽ ഒന്നും അസഭ്യമായില്ല എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ എന്നാണ് നടൻ കുറിച്ചിരിക്കുന്നത്. ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറയുന്നതും അസഭ്യമല്ലേയെന്നും കുറിപ്പിൽ ചോദിക്കുന്നുണ്ട്.
വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ? ജുബ്ബയിട്ട് പറഞ്ഞാൽ അടൂരിന്റേത് അസഭ്യമാകാതെ ഇരിക്കുമോ എന്നും നടൻ ചോദിക്കുന്നുണ്ട്. ഇന്നലെ അസഭ്യവാക്കുകളുമായി വളരെ അധിക്ഷേപകരമായ രീതിയിൽ ഇരുവരെയും കുറിച്ച് വിനായകൻ പോസ്റ്റിട്ടിരുന്നു. അത് നീക്കിയ ശേഷമാണ് പുതിയ പോസ്റ്റിട്ടിരിക്കുന്നത്. ഇന്നലെ യേശുദാസിന്റെ മാത്രം ചിത്രമായിരുന്നെങ്കിൽ പുതിയ പോസ്റ്റിൽ അടൂരിന്റെയും യേശുദാസിന്റെയും ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഇതും വായിക്കുക: നടൻ വിനായകന്റെ മാനസിക നില പരിശോധിക്കണെമെന്ന് ആവശ്യം; പരാതി യേശുദാസിനും അടൂരിനുമെതിരെ അസഭ്യവർഷത്തിൽ
advertisement
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ശരീരത്തിൽ ഒന്നും തന്നെ അസഭ്യമായി ഇല്ല. എന്നിരിക്കെ സ്ത്രീകൾ ജീൻസോ, ലെഗിൻസോ ഇടുന്നതിനെ അസഭ്യമായി ചിത്രീകരിച്ച യേശുദാസ് പറഞ്ഞത് അസഭ്യമല്ലേ? സിനിമകളിലൂടെ സ്ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ അടൂർ? വെള്ളയിട്ട് പറഞ്ഞാൽ യേശുദാസ് പറഞ്ഞത് അസഭ്യം ആകാതിരിക്കുമോ?
ജുബ്ബയിട്ട് ചെയ്താൽ അടൂർ അസഭ്യമാകാതെ ഇരിക്കുമോ? ചാലയിലെ തൊഴിലാളികൾ തിയറ്ററിലെ വാതിൽ പൊളിച്ച് സെക്സ് കാണാൻ ചലച്ചിത്ര മേളയിൽ കയറിയെന്നും അതിനെ പ്രതിരോധിക്കാനാണ് ടിക്കറ്റ് ഏർപ്പെടുത്തിയതെന്നും അടൂർ പറഞ്ഞത് അസഭ്യമല്ലേ? ദളിതർക്കും സ്ത്രീകൾക്കും സിനിമ എടുക്കാൻ ഒന്നര കോടി രൂപ കൊടുത്താൽ അതിൽ നിന്നു കട്ടെടുക്കും എന്ന് അടൂർ പറഞ്ഞാൽ അസഭ്യമല്ലേ? സംസ്കൃതത്തിൽ അസഭ്യം പറയുന്നവരോട് പച്ച മലയാളത്തിൽ തിരിച്ചു പറയുന്നത് അസഭ്യമാണെങ്കിൽ അത് തുടരുക തന്നെ ചെയ്യും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
August 07, 2025 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
'അടൂർ സ്‌ത്രീ ശരീരത്തെ അസഭ്യനോട്ടം നോക്കിയ ആളല്ലേ? വെള്ളയിട്ടാൽ യേശുദാസ് പറഞ്ഞത് അസഭ്യമാകാതിരിക്കുമോ?' വീണ്ടും വിനായകന്റെ കുറിപ്പ്