കൊച്ചി: പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 42 വയസായിരുന്നു. കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വരാപ്പുഴ പുത്തന്‍പള്ളി ഓഡിറ്റോറിയത്തില്‍ സുബിയുടെ ഭൗതികശരീരം രാവിലെ 10 മണി മുതല്‍ 2 മണിവരെ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് 3 മണിക്ക് ചേരാനല്ലൂര്‍ ശ്മശാനത്തിൽ സംസ്കരിക്കും.
സിനിമാല എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി ശ്രദ്ധിക്കപ്പെടുന്നത്. രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു ജനനം. തൃപ്പൂണിത്തുറ സര്‍ക്കാര്‍ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂള്‍-കോളജ് വിദ്യാഭ്യാസം.
സ്‌കൂള്‍ പഠനകാലത്തു നല്ലൊരു നർത്തകിയായി. ബ്രേക്ക് ഡാന്‍സായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനില്‍ കോമഡി പരിപാടികള്‍ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി.
Also Read- ‘ഫെബ്രുവരിയിൽ വിവാഹം, ഏഴു പവന്റെ മാല വരെ റെഡിയാക്കി’; എല്ലാവരെയും കണ്ണീരിലാഴ്ത്തി സുബി സുരേഷ് മടങ്ങി
ടെലിവിഷന്‍ ചാനലുകളിലും സ്‌റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളില്‍ വിവിധതരത്തിലുള്ള കോമഡി റോളുകള്‍ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളില്‍ കോമഡി സ്‌കിറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയുടെ അവതാരകയായും സുബി തിളങ്ങി.
രാജസേനന്‍ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. പഞ്ചവര്‍ണതത്ത, ഡ്രാമ, 101 വെഡ്ഡിങ്, ഗൃഹനാഥന്‍, കില്ലാഡി രാമന്‍, ലക്കി ജോക്കേഴ്‌സ്, എല്‍സമ്മ എന്ന ആണ്‍കുട്ടി, തസ്‌കര ലഹള, ഹാപ്പി ഹസ്ബന്‍ഡ്‌സ്, ഡിറ്റക്ടീവ്, ഡോള്‍സ് തുടങ്ങി ഇരുപതോളം സിനിമകളിൽ അഭിനയിച്ചു. അച്ഛന്‍: സുരേഷ്, അമ്മ: അംബിക, സഹോദരന്‍ : എബി സുരേഷ്.
മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്ര – ടെലിവിഷൻ നടിയും അവതാരകയുമായ സുബി സുരേഷിന്‍റെ അകാല വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്ത് എത്തിയ സുബി റിയാലിറ്റി ഷോ, ഹാസ്യ പരിപാടികള്‍ എന്നിവയിലൂടെ മലയാളി മനസ്സില്‍ ഇടം നേടി. സുബിയുടെ നിര്യാണത്തിലൂടെ ഏറെ ഭാവിയുള്ള ഒരു കലാകാരിയെയാണ് നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.