• HOME
  • »
  • NEWS
  • »
  • film
  • »
  • ANI IV SASI IS TAKING HIS FIRST AND AWARD WINNING SHORT FILM MAYA TO THE AUDIENCE

Ani I.V. Sasi | മായയിൽ തുടക്കം, ലക്‌ഷ്യം മഹാഭാരതം പോലൊരു സിനിമ: അനി ഐ.വി. ശശി

Ani I.V. Sasi spills the beans on his cinema journey | നാല് വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന അനി ഐ.വി. ശശി തന്റെ സിനിമാചിന്തകളെക്കുറിച്ച് മനസ്സുതുറക്കുന്നു. അഭിമുഖം

അനി ഐ.വി. ശശി

അനി ഐ.വി. ശശി

  • Share this:
അനി ഐ.വി. ശശി നാല് വർഷങ്ങൾക്ക് മുൻപ് സംവിധാനം ചെയ്ത ഹ്രസ്വചിത്രം, 'മായ' പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നു. 'അടുക്കളയിൽ മൊട്ടിട്ട പ്രണയം' എന്ന് സൂചന നൽകിയ ടീസർ പ്രകാശനം ചെയ്തതിനു ശേഷമാണ് റിലീസ്. പ്രിയ ആനന്ദ്, അശോക് സെൽവൻ എന്നിവർ മുഖ്യവേഷം ചെയ്ത ചിത്രമാണിത്. പേരിൽ നിന്നു തന്നെ അനി ആരെന്ന് മനസിലാക്കാൻ രണ്ടാമതൊരു ആമുഖത്തിന്റെ ആവശ്യം വേണ്ടിവരുന്നില്ല. താരപുത്രൻ എന്ന വിളിക്കും അപ്പുറത്ത് സിനിമാ ലോകത്തിൽ തന്റേതായ യാത്രയുടെ ആരംഭത്തിലാണ് ഈ യുവസംവിധായകൻ.

കടന്നു പോയ വർഷങ്ങൾക്കിടയിൽ 'നിന്നിലാ നിന്നിലാ' എന്ന തെലുങ്ക് ചിത്രത്തിന്റെ സംവിധായകനായും, പുരസ്‌കാരങ്ങളുടെ നിറവിൽ മലയാളത്തിന് അഭിമാനനേട്ടം സമ്മാനിച്ച 'മരയ്ക്കാർ- അറബിക്കടലിന്റെ സിംഹം' സഹ-രചയിതാവായും അനി അറിയപ്പെട്ടു കഴിഞ്ഞു.

'മായയുടെ' വിശേഷങ്ങളറിയാനുള്ള കൗതുകവുമായി സമീപിച്ചതും സംസാരത്തിനൊടുവിൽ അനി തീർത്തും സൗമ്യനായി ഒരു കാര്യം പറഞ്ഞു. കഴിയുമെങ്കിൽ തന്റെ ആദ്യ ചലച്ചിത്രമായ 'നിന്നിലാ നിന്നിലാ', കാണണം, അതും തെലുങ്കിൽ തന്നെ. "തമിഴിൽ ഡബ്ബിംഗ് ചെയ്ത് ആകെ വഷളായിട്ടുണ്ട്" എന്ന് ഒരു മുന്നറിയിപ്പ് കൂടി അനി നൽകുന്നു.

ഒരു തെലുങ്ക് പടം എന്ന മട്ടിൽ കാണാൻ തുടങ്ങിയ ചിത്രം പൂർത്തിയായതും, മനസ്സിൽ നിറഞ്ഞത് കണ്ട് കണ്ട് മനസ്സിൽ കുടിയേറിയ ഗൗതം മേനോൻ ചിത്രങ്ങളുടെ മാസ്മരികതയാണ്. കന്നിചിത്രമെന്ന നിലയിൽ ഈ സംവിധായകൻ നൽകുന്ന പ്രതീക്ഷ അത്രമാത്രമുണ്ട്.

ചെന്നൈയിൽ ചിലവിടുന്ന ലോക്ക്ഡൗൺ നാളുകളിൽ അനി തല്ക്കാലം സിനിമാപ്രവർത്തനം എന്നത് സിനിമ കാണലിൽ ഒതുക്കി. എഴുത്തും പടം കാണലുമായി സമയത്തെ ശൂന്യതയിലേക്ക് തള്ളിവിടാതെ പിടിച്ചു നിർത്തുന്നു.

'നിന്നിലാ നിന്നിലാ' ഉൾപ്പെടെ നാല് സിനിമകൾ ഉരുക്കിച്ചേർത്ത ചിത്രമാണ് 'മായ'. മൂന്നെണ്ണം വരാനിരിക്കുന്നു.

"അടുത്തത് തെലുങ്ക് സിനിമയുടെ സംവിധാനമാണ്. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാറായിട്ടില്ല. മലയാളത്തിലേക്ക് രണ്ട് സ്ക്രിപ്റ്റുകൾ മാറ്റി വച്ചിട്ടുണ്ട്," അനി പറഞ്ഞു. ലോക്ക്ഡൗൺ മാറിക്കിട്ടിയാൽ ലിസ്റ്റിൽ ആദ്യം പുതിയ സിനിമയുടെ തിരക്കഥയിൽ ചെയ്യാൻ ബാക്കിവച്ച ചില മിനുക്കുപണികളാവും, പിന്നെ പ്രീ-പ്രൊഡക്ഷൻ ജോലികൾ, ലൊക്കേഷൻ തിരയൽ അങ്ങനെയങ്ങനെ.പത്ത് വർഷക്കാലം പ്രിയദർശന്റെ സഹായിയായി പ്രവർത്തിച്ച അനി മരയ്ക്കാറിൽ അദ്ദേഹത്തിനൊപ്പം രചയിതാവായി മാറി. "നല്ല രീതിയിൽ സ്വീകാര്യത നൽകുന്ന വ്യക്തിയാണദ്ദേഹം. മികച്ച ആശയങ്ങൾ കണ്ടാൽ സ്വീകരിക്കും. ആശയങ്ങൾ തമ്മിൽ ചേരായ്കയും മറ്റുമുണ്ടായി പലതവണയായി മാറ്റിയെഴുതിയ സ്ക്രിപ്റ്റ് ആണ്. സ്ക്രിപ്റ്റിൽ ഞാൻ ചെയ്തതെന്ത് എന്ന് ചോദിച്ചാൽ നിങ്ങൾ സിനിമ കണ്ടാൽ മാത്രമേ മനസ്സിലാകൂ," അനി പറഞ്ഞു.

"ഞാൻ സിനിമ പഠിച്ചത് പ്രിയൻ സാറിന്റെയടുത്തായിരുന്നു. 10 വർഷം ഒപ്പം ജോലി ചെയ്തു. അതുകൊണ്ട് ആശയങ്ങളിൽ പ്രിയൻ സാറിന്റെ ഛായ ഉണ്ടാവും. രണ്ടുപേർ ചേർന്ന് എഴുതിയപ്പോൾ വ്യത്യസ്ത ഐഡിയകൾ അല്ലായിരുന്നു."

ചരിത്രം പറയുന്ന 100 കോടി ചിത്രം എഴുതുന്നത് ഒരിക്കലും അനി നിസ്സാരമായി കണ്ടിട്ടില്ല. "വലിയ സിനിമയാണ് മരയ്ക്കാർ. ചെറിയ കാര്യങ്ങളിൽ പോലും ശ്രദ്ധ നൽകേണ്ടിയിരുന്നു. മരയ്ക്കാർ ചെയ്ത ശേഷം ആത്മവിശ്വാസം കൂടി. മഹാഭാരതം പോലൊരു സിനിമയെടുക്കണമെന്നാണ് എന്നും ആഗ്രഹിച്ചത്. മഹാഭാരതത്തിൽ ദുർഘടമായ രംഗം യുദ്ധമാണ്. മരയ്ക്കാർ കഴിഞ്ഞപ്പോൾ എനിക്കും യുദ്ധം ചിത്രീകരിക്കാൻ കഴിയും എന്നൊരു ചിന്തയുണ്ടായി."

മരയ്ക്കാർ തുടങ്ങി അൽപ്പം കഴിഞ്ഞപ്പോൾ തന്നെ അനി - പ്രണവ് മോഹൻലാൽ സിനിമ എന്നൊരു വാർത്ത പടർന്നിരുന്നു. "അത് വെറുമൊരു റൂമർ മാത്രമാണ്. അപ്പുവും ഞാനും മരയ്ക്കാറിൽ ഒന്നിച്ച് വർക്ക് ചെയ്യുന്ന സമയത്ത് ആരെങ്കിലും പറഞ്ഞതാവും."

താരകുടുംബത്തിലെ യുവതലമുറ സിനിമയിലെത്തിയാൽ പ്രതീക്ഷകൾ വാനോളമാവും. മലയാള സിനിമയിലേക്ക് ചുവടുവച്ച് കഴിഞ്ഞ സാഹചര്യത്തിൽ ഐ.വി. ശശി- സീമ ദമ്പതികളുടെ മകനെന്ന പേരിൽ ഉണ്ടാവാൻ സാധ്യതയുള്ള പ്രതീക്ഷകളെ നേരിടാൻ അനി ഒരുക്കമാണ്.

"ആ ഉത്തരവാദിത്തം തലയിലേറ്റി ടെൻഷൻ അടിക്കാൻ എന്തായാലുമില്ല. അച്ഛനോ അമ്മയോ ചെയ്ത സിനിമകൾ എനിക്ക് റീ-ക്രിയേറ്റ് ചെയ്യാൻ പറ്റില്ല. എനിക്കറിയാവുന്ന ജോലിയും എനിക്കിഷ്‌ടപ്പെട്ട കഥകളുമേ എന്റെ കയ്യിലുള്ളൂ. ആൾക്കാർ എന്ത് ചിന്തിക്കും എന്ന രീതിയിൽ ആലോചിച്ച് ജീവിതം തള്ളിനീക്കാൻ ഞാനില്ല," അനി വ്യക്തമാക്കി.

എങ്കിലും അച്ഛൻ ഐ.വി. ശശി സംവിധാനം ചെയ്ത സിനിമകളിൽ അനിയുടെ മനസ്സിനെ സ്വാധീനിച്ച സിനിമകളുണ്ട്. തനിക്കും അതുപോലൊരു സിനിമ ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് തോന്നിപ്പിച്ച സിനിമയെക്കുറിച്ച് അനി. "അച്ഛന്റെ 'ആൾക്കൂട്ടത്തിൽ തനിയെ' വളരെ ഇഷ്‌ടമാണ്‌. അതിലെ ഇമോഷൻസ് ഉൾപ്പെടുത്തിയ ഒരു സിനിമ ചെയ്തെങ്കിലെന്ന് ആഗ്രഹമുണ്ട്. 'മഞ്ചാടിക്കുരു' ഇഷ്‌ടപ്പെട്ട ചിത്രമാണ്."

മകൻ സംവിധായകനാവണമെന്ന് അച്ഛൻ ആഗ്രഹിച്ചപ്പോൾ, പഠനത്തിൽ ശ്രദ്ധ നൽകാനായിരുന്നു അമ്മയുടെ ഉപദേശം. അമ്മയുടെ ആഗ്രഹം പോലെ അനി വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ഉന്നതവിദ്യാഭ്യാസം കരസ്ഥമാക്കുകയും ചെയ്തു, അച്ഛൻ സ്വപ്നംകണ്ട പോലെ സംവിധായകനായി ആദ്യ ഹ്രസ്വചിത്രത്തിനു തന്നെ അന്താരാഷ്ട്ര പുരസ്കാരം നേടുകയും ചെയ്തു.

2017ൽ ഷിക്കാഗോ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഷോർട്ട് ഫിക്ഷനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ ചിത്രമാണ് 'മായ'. സംവിധായകനായ മകന്റെ നേട്ടം കണ്ട് അച്ഛൻ സന്തോഷിച്ച നിമിഷം കൂടിയായിരുന്നു അത്.

"ഷിക്കാഗോ ചലച്ചിത്രമേളയിൽ 'മായ'യുടെ സ്ക്രീനിംഗ് കഴിഞ്ഞതും ഞങ്ങൾ നേരെ അവധിയാഘോഷിക്കാൻ വേറെ സ്ഥലത്തേക്ക് പോയി. അവിടെ പുരസ്കാരം ലഭിച്ച കാര്യം അറിഞ്ഞില്ല. ശേഷം അവർ അവാർഡ് വീട്ടിലേക്ക് കൊറിയർ ചെയ്യുകയായിരുന്നു.

"വീട്ടിൽ മടങ്ങിയെത്തിയപ്പോൾ അച്ഛൻ ആ കൊറിയർ തുറക്കാതെ വച്ചിരുന്നു. രാവിലെ തുറക്കാൻ പറഞ്ഞു. പുരസ്കാരം അച്ഛൻ സന്തോഷത്തോടെ കണ്ടു. ഞങ്ങൾ ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ചു."

ആ സന്തോഷത്തിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ ദേഹവിയോഗം സംഭവിച്ചത്. അച്ഛൻ അവസാനമായി കണ്ടതും സംസാരിച്ചതും സന്തോഷിച്ചതുമായ ചിത്രം അനി പിന്നീട് മറ്റു മേളകളിലേക്ക് അയച്ചില്ല.

സിനിമാ കുടുംബങ്ങളിൽ നിന്നും അനി ഉൾപ്പെടുന്ന ആൺമക്കൾ സാന്നിധ്യം ഉറപ്പിക്കുമ്പോൾ പെണ്മക്കൾ സജീവമാകാറില്ല എന്ന പരാതി എന്നും മലയാള സിനിമയിലുണ്ട്. പക്ഷെ അനിയുടെ ചേച്ചി അനു ഒരു സിനിമയിൽ അഭിനയിക്കുകയും, പിന്നീട് കുടുംബിനിയായി മാറുകയുമായിരുന്നു.

"ചേച്ചിക്ക് അഭിനയിക്കാൻ പണ്ടുമുതലേ ആഗ്രഹമുണ്ടായിരുന്നില്ല. ഒരു സിനിമ സംഭവിച്ചുപോയതാണ്. സിംഫണിയിൽ പറഞ്ഞുറപ്പിച്ച നായിക അവസാന നിമിഷം എത്തിയില്ല. അപ്പോഴുണ്ടായ പ്രതിസന്ധി കൈകാര്യം ചെയ്യാൻ ചേച്ചി അച്ഛന്റെ സിനിമയിൽ അഭിനയിക്കാനെത്തുകയായിരുന്നു. പിന്നെ പഠനവുമായി മുന്നോട്ടു പോയി," അനി പറഞ്ഞു.
Published by:Meera Manu
First published:
)}