Bramayugam review | ഭീതിവിതയ്ക്കുന്ന അധികാര ദുർവിനിയോഗത്തിന്റെ ഇരുട്ടറകൾ; 'ഭ്രമയുഗം' റിവ്യൂ

Last Updated:

മുൻചിത്രമായ 'ഭൂതകാലം' പോലെ മലയാള സിനിമയുടെ ഭൂതകാലങ്ങളിൽ എവിടെ നിന്നും ചികഞ്ഞെടുക്കാൻ കഴിയാത്തൊരേടാണ് സംവിധായകൻ രാഹുൽ സദാശിവന്റെ 'ഭ്രമയുഗം'

ഭ്രമയുഗം
ഭ്രമയുഗം
#Meera Manu
Bramayugam review | വിശന്നുവലഞ്ഞവൻ കൂടുതൽ അവശനാകും മുൻപേ അവന്റെ മുന്നിലേക്ക് ഭക്ഷണം നീട്ടുക. ആശ്രയം നഷ്‌ടമായവന് തലചായ്ക്കാനും അല്ലലില്ലാതെ ജീവിച്ചു പോരാനും ഒരു അഭയകേന്ദ്രവും. ഇത്രയുമായാൽ അതിനപ്പുറം ചിന്തിച്ചു വിഷണ്ണനാവാൻ സാധ്യതയല്ലാത്തവന്റെ പ്രീതിപിടിച്ചു പറ്റാൻ കൂടുതൽ ചെയ്യേണ്ട ആവശ്യമുദിക്കുന്നില്ല. കാലാകാലങ്ങളായി അധികാര ദുർവിനോയോഗം ഇത്തരത്തിൽ പല രൂപത്തിലും ഭാവത്തിലും കൊടിവർണങ്ങളിലും കണ്ടുകഴിഞ്ഞവരാണ് നമ്മൾ. വെള്ളയും കാക്കിയും ഖദറും ഏകവർണവും ദ്വിവർണവും ത്രിവർണവും കൊണ്ട് ഇക്കാര്യങ്ങൾ മലയാള സിനിമ പറഞ്ഞു മടുത്തു. അവിടേക്കാണ് കറപുരണ്ട പല്ലുകാട്ടി ചിരിച്ച്, മുറുക്കിത്തുപ്പി, മുഷിഞ്ഞ മുണ്ടും ചുറ്റി ഇടതു തോളിൽ മേൽമുണ്ടിട്ട്, കഴുത്തിൽ നീളൻ മണിമാല അണിഞ്ഞ്, വടിയൂന്നി നടന്നു വന്ന് അടിതളി പൂജയോ ചെത്തിപ്പറിക്കലോ എന്നോ അവസാനിച്ച മട്ടിലെ ക്ഷയിച്ച മനയിലേക്ക് പുഴകടക്കാൻ കഴിയാതെ, വഴിതെറ്റിവന്ന സ്തുതിപാടകൻ മാത്രമായ പാണനെ കുടമൻ പോറ്റി എന്നന്നേയ്ക്കുമായി തളയ്ക്കുന്നത്.
advertisement
പരമ്പരാഗത ആഖ്യാന ശൈലി പൂർണമായും ഒഴിവാക്കിയുള്ള പുറപ്പാടാണ് 'ഭ്രമയുഗം' (Bramayugam). പേരുപോലെ ഭ്രമാത്മകം എന്ന് വരുത്തിത്തീർത്ത് പതിനേഴാം നൂറ്റാണ്ടിലെ തെക്കൻ മലബാർ പശ്ചാത്തലമാക്കി അധികാരവഴികളിലെ ദുരാചാരങ്ങൾക്ക് നേരെ വിരൽചൂണ്ടാൻ ബിംബങ്ങളിലൂടെ ശ്രമിക്കുന്ന തിരക്കഥ. ഇതുവരെ ആരും സ്വീകരിക്കാത്ത ഹൊറർ ത്രില്ലർ ശൈലിയെ അതിനായി സംവിധായകനും സംഘവും കൂട്ടുപിടിച്ച് വേറിട്ട സഞ്ചാരപഥം തീർക്കുന്നു.
ഒറ്റവരിയിൽ പറഞ്ഞാൽ, ആകെയുള്ള മൂന്നു പ്രധാന കഥാപാത്രങ്ങളുടെ പ്രകടനവും പശ്ചാത്തല സംഗീതവും മറ്റെല്ലാത്തിനേയും പിന്നിലാക്കുന്ന ചിത്രമാണ് 'ഭ്രമയുഗം'. കഥയിൽ കൂടുതൽ കഥാപാത്രങ്ങൾക്ക് സാധ്യതയുണ്ടായിട്ടു പോലും പാണനെയും, പോറ്റിയേയും, വെപ്പുകാരനെയും മാത്രമാക്കി ചുരുക്കിയതിന്റെ പിന്നിലും ചില പ്രത്യേക ലക്ഷ്യങ്ങൾ ഉള്ളതായി മനസിലാക്കാം. ഫ്രയിമിൽ ആരെല്ലാമുണ്ടോ, അവർ പരസ്പരം മത്സരിച്ചഭിനയിച്ചേ പറ്റൂ എന്ന നിലയിലേ ഒരു ഷോട്ടും അവസാനിക്കൂ.
advertisement
അഭിനയത്തോട് അടങ്ങാത്ത അഭിനിവേശമുള്ള മമ്മൂട്ടി സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുക തന്റെ രണ്ടു സഹപ്രവർത്തകരുടെ രണ്ടാം തലമുറക്കൊപ്പവും. റിലീസിനും മുൻപ് അണിയറയിൽ നിന്നും വന്ന സൂചനകൾ ചേർത്ത് വച്ച് വായിച്ചവർ അഥർവ്വത്തിലെ തേവള്ളി അനന്തപത്മനാഭനേയോ, വിധേയനിലെ ഭാസ്കര പട്ടേലരെയോ പ്രതീക്ഷിച്ചെങ്കിലും, അവരുമായി യാതൊരുവിധ ബന്ധവുമില്ലാത്ത കുടമൻ പോറ്റിയെ ഇവിടെ പരിചയപ്പെടേണ്ടി വരും. സാഹിത്യ, സിനിമാ സൃഷ്‌ടികളുടെ ഇഷ്‌ടവിഷയമായ ദ്വന്ദവ്യക്തിത്വത്തെ കൂട്ടുപിടിച്ച് പോറ്റിയിലൂടെ സംവിധായകൻ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.
'ഐ ആം ദി സ്റ്റേറ്റ്' എന്ന ഉറക്കപ്രഖ്യാപനമാണ് പോറ്റിയുടെ ഓരോ ചെയ്തിയും. ഞാനാണ് സർവ്വസ്വം, എന്നെ വെല്ലുവിളിക്കാനോ എനിക്കുമേൽ ശബ്ദമുയരാനോ പാടില്ല, എന്റെ മേടയിൽ വന്നുപെടുന്നവർ എനിക്കെന്നും അടിമ മാത്രം എന്ന് നില്പിലും നടത്തത്തിലും ഉൾപ്പെടെ സകല മാനറിസങ്ങളും പോറ്റി പറയുന്നു. പാണനും മുൻപേ മനയുടെ പടികടന്നു വന്ന വെപ്പുകാരന് (സിദ്ധാർഥ് ഭരതൻ) പോറ്റിയോടുള്ളത് വിധേയത്വമാണോ മറ്റേതെങ്കിലും തരത്തിലെ ബന്ധമാണോ എന്ന വിഷയം സങ്കീർണമായി തുടരുന്നു. കുശിനിപ്പണി ചെയ്യുമ്പോഴും വിറകുകീറുമ്പോഴും, പാണൻ ഓരോകാര്യങ്ങൾ പറയുമ്പോഴും, നിന്നനിൽപ്പിലെ അയാളുടെ അവജ്ഞയോടെയുള്ള നീട്ടിത്തുപ്പൽ മനസിന്റെ ഉള്ളിൽ അലയടിക്കുന്ന ഒരു പ്രക്ഷോഭത്തിന്റെ ബഹിർഗമനമായി വായിക്കാം. തന്റെ മനയുടെ പടികടക്കരുത് എന്ന് പോറ്റി ചട്ടംകെട്ടിയെങ്കിലും, നാടും വീടും ഉടയോരും മാടിവിളിക്കുന്ന, സ്വാതന്ത്ര്യത്തിനായി ദാഹിക്കുന്ന വ്യക്തിയാണ് പാണൻ (അർജുൻ അശോകൻ); അധികാരികളെ അവരാക്കി മാറ്റുന്ന പൊതുജനത്തിന്റെ പരിച്ഛേദം. ഒടുവിൽ ശ്വാസംമുട്ടി, അതുവരെ എറിഞ്ഞുകിട്ടിയ തുട്ടുകളല്ല ജീവിതം എന്നുമനസിലാക്കി, അവനെ ചുറ്റിയ അന്ധകാരത്തിൽ നിന്നും പുറത്തുകടക്കാൻ കൊതിക്കുന്ന സാധാരണക്കാരൻ.
advertisement
ഇവരിൽ മികച്ച പ്രകടനം ആരുടേതെന്ന് ചോദിച്ചാൽ മമ്മൂട്ടി എന്നോ, സിദ്ധാർഥ് ഭരതനെന്നോ അർജുൻ അശോകനെന്നോ പറയാൻ കഴിയാത്ത വിധം സിനിമ പ്രേക്ഷകരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കും.
അധികാരിയുടെ ദുർമോഹവും അടിയാളന്റെ ഭയവും ഈർഷ്യയും അടഞ്ഞുമൂടി കിടക്കുന്ന മനയുടെ മുഷിപ്പും അതിന്റെ അറകളിൽ കുടുങ്ങിക്കിടക്കുന്ന നിഗൂഢതയും പ്രേക്ഷകരിൽ എത്തിക്കാൻ ക്രിസ്റ്റോ സേവ്യർ പശ്ചാത്തലസംഗീതത്തിലൂടെ നടത്തിയ പരീക്ഷണങ്ങൾ സിനിമയുടെ ഫീലിനെ ഏറെ സ്വാധീനിക്കുന്നു. ഭാർഗ്ഗവീനിലയമോ ആകാശഗംഗയോ ഓർമപ്പെടുത്താതെയുള്ള പശ്ചാത്തലം ഈ ചിത്രത്തിനായി അദ്ദേഹം തീർത്തെടുത്തു.
മുൻചിത്രമായ 'ഭൂതകാലം' പോലെ മലയാള സിനിമയുടെ ഭൂതകാലങ്ങളിൽ എവിടെ നിന്നും ചികഞ്ഞെടുക്കാൻ കഴിയാത്തൊരേടാണ് സംവിധായകൻ രാഹുൽ സദാശിവന്റെ 'ഭ്രമയുഗം'. ഇവർക്കെല്ലാം പുറമേ സിനിമ കടപ്പെട്ടിരിക്കുക കഥ നടക്കുന്ന കുടമൻ പോറ്റിയുടെ പൊട്ടിപ്പൊളിഞ്ഞ മന തീർത്ത ആർട്ട് ഡയറക്‌ടർക്കും കൂട്ടർക്കുമാണ്. ഒപ്പം ഇരുളിൽ കറുപ്പും വെളുപ്പും ചാലിച്ച് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാലിനും.
advertisement
ത്രില്ലോ ഹൊററോ മാത്രമോ അതുരണ്ടും കൂടിയോ പ്രതീക്ഷിച്ചു പോകുന്ന പ്രേക്ഷകരെക്കാൾ വരികൾക്കിടയിലൂടെ വായിക്കുന്നവർക്കാകും 'ഭ്രമയുഗം' കൂടുതൽ ആസ്വാദ്യകരമാവുക.
മലയാളം വാർത്തകൾ/ വാർത്ത/Film/
Bramayugam review | ഭീതിവിതയ്ക്കുന്ന അധികാര ദുർവിനിയോഗത്തിന്റെ ഇരുട്ടറകൾ; 'ഭ്രമയുഗം' റിവ്യൂ
Next Article
advertisement
ടയറിന് അടിയിൽ ചെറുനാരങ്ങാ വച്ച് വണ്ടി ഇറക്കിയ യുവതി രണ്ടാം നിലയിൽ നിന്ന് താഴേക്ക്
ടയറിന് അടിയിൽ ചെറുനാരങ്ങാ വച്ച് വണ്ടി ഇറക്കിയ യുവതി രണ്ടാം നിലയിൽ നിന്ന് താഴേക്ക്
  • മഹീന്ദ്ര ഥാർ ഷോറൂമിൽ നിന്ന് ഇറക്കുന്നതിനിടെ വാഹനം ഒന്നാം നിലയിൽ നിന്ന് താഴേക്ക് പതിച്ചു.

  • 29കാരിയായ മാനി പവാറും ഷോറൂം ജീവനക്കാരനായ വികാസും വാഹനത്തിൽ ഉണ്ടായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

  • അപകടത്തിൽ ഇരുവരും ചെറിയ പരിക്കുകളോടെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിട്ടയച്ചു.

View All
advertisement