#അർച്ചന ആർ | News 18അപകടത്തിൽപ്പെട്ട ചെന്നൈയിലെ മൈലാപൂർ സ്വദേശിയായ പത്ത് വയസ്സുകാരനെ ഡോക്ടർമാർ ചികിത്സക്ക് വിധേയമാക്കിയത് അവന്റെ ഇഷ്ട സിനിമയായ 'ബിഗിൽ' കാണിച്ചുകൊണ്ട്. ശുശ്രൂഷ സമയത്ത് വേദന മറക്കാൻ വേണ്ടിയാണ് വിജയ് അഭിനയിച്ച സിനിമ കാണിച്ചുകൊടുത്തതെന്ന് ഡോക്ടർമാർ പറയുന്നു.
ശശിവരൻ എന്ന പത്തുവയസ്സുകാരനും അമ്മാവൻ അരവിന്ദും ജൂലൈ 6ന് രാത്രി ഷോപ്പിംഗ് കഴിഞ്ഞ് തിരിച്ചുവരുമ്പോൾ അവർ സഞ്ചരിച്ച ഇരുചക്ര വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. അണ്ണാശാലയിലേക്കുള്ള വഴിയെ പിന്നിലിരുന്ന ബാലൻ ഉറങ്ങിപ്പോവുകയും റോഡിലേക്ക് വീഴുകയുമായിരുന്നു.
മുഖത്തും നെറ്റിയിലും പരിക്ക് പറ്റിയ ശശിവരനെ ഉടൻതന്നെ റോയൽപ്പേട്ട സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇതേതുടർന്ന് മുറിവ് തുന്നുന്നതിന് മുന്പ് കുത്തിവെപ്പെടുക്കണമെന്ന് ഡോകടർമാർ ആവശ്യപ്പെട്ടു. എന്നാൽ പേടി കാരണം ഇഞ്ചക്ഷൻ സ്വീകരിക്കാൻ ശശിവരൻ തയ്യാറായില്ല. ഡോക്ടർമാർ എത്ര ശ്രമിച്ചിട്ടും ശശിവരൻ കൂട്ടാക്കിയില്ല.
എന്നാൽ ആശുപത്രിയിൽ രാത്രി സമയത്ത് ഡ്യൂട്ടി ചെയ്യുന്ന വളണ്ടിയറായ ജിന്ന എന്ന വ്യക്തിയാണ് ഒടുവിൽ ശശിവരനെ പറഞ്ഞ് മയക്കിയത്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം എന്താണെന്ന ജിന്നയുടെ ചോദ്യത്തിന് ശശിവരന്റെ മറുപടിയിങ്ങനെയായിരുന്നു, “എനിക്ക് സിനിമാ താരം വിജയെ ഇഷ്ടമാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്." വിജയ്യെ കുറിച്ച് സംസാരിക്കുമ്പോൾ ശശിവരൻ വേദന മറന്ന് നിർത്താതെ സംസാരിക്കുന്നത് ഡോക്ടർമാർ തിരിച്ചറിഞ്ഞു. ഇതേതുടർന്ന് ജിന്ന തന്റെ ഫോണിൽ വിജയുടെ 'ബിഗിൽ' കാണിച്ചു കൊടുക്കുകയായിരുന്നു. അത്ഭുകരമെന്നോളം ശുശ്രൂശ നടപടികൾ തുടർന്നു കൊണ്ടിരിക്കെ ശശിവരൻ സിനിമ കണ്ടുകൊണ്ടേയിരുന്നു.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാ താരങ്ങളിലൊരാളാണ് വിജയ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു എന്നതാണ് വിജയ്‌യുടെ പ്രത്യേക. തമിഴ് സിനിമാ ലോകത്ത് രണ്ട് പതിറ്റാണ്ടിലേറെയായി നിറഞ്ഞു നിൽക്കുന്ന താരം ഈയുടത്താണ് വിജയ് തന്റെ 47ാമത്തെ ജന്മദിനം ആഘോഷിച്ചത്. വലിയ ആരാധക വൃന്ദവും ബ്ലോക്ക്ബസ്റ്റർ സൂപ്പർ ഹിറ്റ് ചിത്രങ്ങളുമായി തമിഴ് സിനിമയിലെ തന്റെ കരിയറിന്റെ പരകോടിയിൽ നിൽക്കുകയാണ് ആരാധകരുടെ പ്രിയങ്കരനായ ഇളയ ദളപതി.
എന്നാൽ, സിനിമയിൽ മാത്രമല്ല, സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും വിജയ് തന്റെ നിലപാട് സ്വീകരിച്ചത് തമിഴകത്തിൽ ചർച്ചയായി. ഏറ്റവും ഒടുവിലായി തമിഴ്നാട് അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൈക്കിളിൽ പോയത് പെട്രോൾ വിലവർധനക്കെതിരെ പ്രതിഷേധ സൂചകമാണെന്നും വ്യാഖ്യാനമുണ്ടായി.
കഴിഞ്ഞ പത്ത് വർഷത്തിനിടെ 15 വിജയ് ചിത്രങ്ങളാണ് റിലീസായത്. ഇതിൽ ഒൻപത് ചിത്രങ്ങൾ ബോക്സ് ഓഫീസിൽ 100 കോടിയിലധികം കളക്ഷൻ നേടിയെന്നത് മാത്രം മതി വിജയ് എന്ന നടന്റെ മാർക്കറ്റ് മനസ്സിലാക്കാൻ. അവസാനമായി റിലീസായ നാല് വിജയ് ചിത്രങ്ങളായ ബിഗിൽ, സർക്കാർ, മെർസൽ, മാസ്റ്റർ എന്നിവ ആഗോള തലത്തിൽ ടിക്കറ്റ് കളക്ഷനിൽ നിന്ന് മാത്രമായി 350 കോടി രൂപയാണ് നേടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.