മഹാകുംഭമേളയിലൂടെ വൈറലായ ഐഐടി ബാബ വിവാഹിതനായി ; വധു എഞ്ചിനീയർ
- Published by:Sneha Reghu
- news18-malayalam
Last Updated:
സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു
ഷിംല: മഹാകുംഭമേളയിൽ ഇംഗ്ലീഷിലുള്ള ആത്മീയ പ്രഭാഷണങ്ങളിലൂടെ ലോകശ്രദ്ധ നേടിയ 'ഐഐടി ബാബ' എന്നറിയപ്പെടുന്ന അഭയ് സിംഗ് വിവാഹിതനായി. ബെംഗളൂരു ആസ്ഥാനമായി ജോലി ചെയ്യുന്ന എഞ്ചിനീയർ പ്രതീകയാണ് വധു. ഫെബ്രുവരി 15-ന് മഹാശിവരാത്രി ദിനത്തിൽ ഹിമാചൽ പ്രദേശിൽ വെച്ചായിരുന്നു ഇവരുടെ വിവാഹം.
കഴിഞ്ഞ ഒരു വർഷമായി ഇരുവരും തമ്മിൽ പരിചയമുണ്ടായിരുന്നു. സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് വിവാഹത്തിലേക്ക് വഴിമാറുകയായിരുന്നു. ലളിതവും സത്യസന്ധവുമായ പെരുമാറ്റമാണ് അഭയ് സിംഗിനെ തന്നോട് അടുപ്പിച്ചതെന്ന് പ്രതീക മാധ്യമങ്ങളോട് പറഞ്ഞു. വിവാഹശേഷം ഹരിയാനയിലെ ജജ്ജാറിലുള്ള തന്റെ ജന്മനാട്ടിലേക്ക് ദമ്പതികൾ എത്തിയതോടെയാണ് വാർത്ത പുറംലോകമറിഞ്ഞത്.
ആരാണ് ഈ 'ഐഐടി ബാബ'?
ഹരിയാനയിലെ ഝജ്ജറിൽ നിന്നുള്ള അഭയ് മുംബൈ ഐഐടിയിൽനിന്ന് എയറോസ്പേസ് എൻജിനീയറിങ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തുടര്‍ന്ന് വിദേശത്തും ഇന്ത്യയിലുമായുള്ള മൾട്ടിനാഷനൽ കമ്പനികളിലെ ജോലി ചെയ്യുകയായിരുന്നു. 2019 മുതൽ കാനഡയിൽ മൂന്നുവർഷം ജോലി ചെയ്ത അഭയ് സിങിന് മാസം മൂന്നു ലക്ഷം രൂപ വരുമാനം ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 2021 ലെ ലോക്ക്ഡൗൺ സമയത്ത് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങി. അതിനുശേഷമാണ് എല്ലാമുപേക്ഷിച്ച് ആത്മീയതയിലേക്കു തിരിഞ്ഞത്.
advertisement
പ്രയാഗ്‌രാജിലെ കുംഭമേളയിൽ വെച്ച് സങ്കീർണ്ണമായ ആത്മീയ തത്വങ്ങൾ ഒഴുക്കുള്ള ഇംഗ്ലീഷിൽ വിശദീകരിക്കുന്ന അഭയ് സിംഗിന്റെ വീഡിയോകൾ വലിയ രീതിയിൽ വൈറലായിരുന്നു. ഇതോടെയാണ് അദ്ദേഹത്തിന് 'ഐഐടി ബാബ' എന്ന പേര് ലഭിച്ചത്.
കടുത്ത ശിവഭക്തനായ അദ്ദേഹം ശാസ്ത്രത്തെയും ആത്മീയതയെയും വേർതിരിച്ചു കാണുന്നില്ല. ശാസ്ത്രം ഭൗതിക ലോകത്തെ വിശദീകരിക്കുമ്പോൾ, ആ അറിവുകൾ തന്നെ ഒരാളെ ആഴത്തിലുള്ള ആത്മീയ ചിന്തകളിലേക്ക് നയിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.
അതേസമയം, അഭയ് സിങ് വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. അച്ചടക്ക ലംഘനം ചൂണ്ടിക്കാണിച്ച് ഇയാളെ മഹാ കുംഭമേളയിലെ ജുന അഖാരയുടെ ആശ്രമത്തിൽനിന്നു പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം കഞ്ചാവ് കൈവശംവച്ച കേസിലും അഭയ് സിങ് അറസ്റ്റിലായിരുന്നു. കഞ്ചാവ് പ്രസാദമായി ലഭിച്ചതാണെന്നാണ് അഭയ് സിങ് പൊലീസിനോടും പിന്നീട് മാധ്യമങ്ങളോടും പറഞ്ഞത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Delhi
First Published :
Apr 07, 2026 6:19 PM IST









