'ടോക്സിക്ക് ' ടീസറിന് എതിരെ സെൻസർ ബോർഡിന് കർണാടക വനിത കമ്മിഷൻ പരാതി
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:meera_57
Last Updated:
ജനുവരി എട്ടിന് യാഷിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്
യാഷ് നായകനായെത്തുന്ന 'ടോക്‌സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ അപ്‌സി'ന്റെ ടീസറിനെതിരേ കർണാടക വനിതാ കമ്മിഷൻ സെൻസർ ബോർഡിന് പരാതി നൽകി. യാഷ് ഒരു കാറിനുള്ളിൽവെച്ച് ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും ഇതിന് ശേഷം നിരവധി പേരെ വെടിവെച്ചു കൊല്ലുകയും ചെയ്യുന്നതാണ് ടീസറിലെ രംഗങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ രംഗങ്ങൾ സംബന്ധിച്ച് ഓൺലൈനിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ ആം ആദ്മി പാർട്ടി തിങ്കളാഴ്ച കർണാടകയിലെ വനിതാ കമ്മിഷന് പരാതി നൽകി. ടീസറിലെ അശ്ലീല ദൃശ്യങ്ങൾക്കെതിരെയാണ് പരാതി നൽകിയത്.
എഎപിയുടെ സംസ്ഥാന യൂണിറ്റിലെ വനിതാ വിഭാഗത്തിലെ നേതാക്കൾ സംസ്ഥാന വനിതാ കമ്മിഷൻ ഉദ്യോഗസ്ഥരെ കണ്ട് ഉചിതമായ നടപടി ആവശ്യപ്പെട്ട് പരാതി നൽകുകയായിരുന്നു. ടീസർ നീക്കം ചെയ്യണമെന്ന് അവർ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കർണാടക വനിതാ കമ്മിഷൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന് (സിബിഎഫ്‌സി) കത്തെഴുതി.
''ഈ സിനിമയുടെ ടീസറിലെ അശ്ലീലം നിറഞ്ഞ ഉള്ളടക്കം സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക ക്ഷേമത്തിന് ഗുരുതരമായ ദോഷം വരുത്തുന്നു. പ്രായവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളൊന്നുമില്ലാതെ പൊതുവായി പുറത്തിറക്കിയ ഈ രംഗങ്ങൾ സ്ത്രീകളുടെ അന്തസ്സിന് കോട്ടം വരുത്തുകയും കന്നഡ സംസ്‌കാരത്തെ അപമാനിക്കുകയും ചെയ്യുന്നു,'' കത്തിൽ എഎപി സംസ്ഥാന സെക്രട്ടറി ഉഷാ മോഹൻ അവകാശപ്പെട്ടു. സമൂഹത്തിൽ പ്രത്യേകിച്ച് പ്രായപൂർത്തിയാകാത്തവരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി വിഷയത്തിൽ ഇടപെടാനും ടീസർ നിരോധിക്കാനും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് അത് നീക്കം ചെയ്യാനും സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാൻ കമ്മിഷനോട് പാർട്ടി ആവശ്യപ്പെട്ടു.
advertisement
"വനിതാ കമ്മിഷൻ ഈ വിഷയം ഗൗരവത്തോടെ കാണണമെന്നും സംസ്ഥാനത്തിന്റെ സാംസ്‌കാരികവും ധാർമികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്നും ആം ആദ്മി പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ പേരിലുള്ള കത്തിൽ ആവശ്യപ്പെടുന്നു. കത്തിൽ പരാമർശിച്ചിരിക്കുന്ന വിഷയം പരിശോധിച്ച ശേഷം നിയമങ്ങൾ അനുസരിച്ച് തുടർ നടപടി സ്വീകരിക്കാനും ഇക്കാര്യത്തിൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കാനും ഇതിനാൽ അഭ്യർത്ഥിക്കുന്നു, സിബിഎഫ്‌സിക്ക് അയച്ച കത്തിൽ വനിതാ കമ്മിഷൻ സെക്രട്ടറി ആവശ്യപ്പെട്ടു.
ജനുവരി എട്ടിന് യാഷിന്റെ പിറന്നാൾ ദിനത്തിലാണ് സിനിമയുടെ അണിയറപ്രവർത്തകർ ടീസർ പുറത്തുവിട്ടത്. ആക്ഷൻ നിറഞ്ഞ ടീസറിൽ യാഷിന്റെ കഥാപാത്രം ഒരു സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും അതിന് പിന്നാലെ നിരവധിയാളുകളെ വെടിവെച്ചു കൊല്ലുന്നതുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
advertisement
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്‌സിക്കിൽ രുക്മിണി വസന്ത്, നയൻതാര, കിയാര അദ്വാനി, താര സുതാരിയ, ഹുമ ഖുറേഷി, അക്ഷയ് ഒബ്‌റോയ്, സുദേവ് നായർ എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. യാഷും ഗീതുവും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മാർച്ച് 19ന് ചിത്രം തിയേറ്ററുകളിൽ എത്തും.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 13, 2026 10:14 AM IST







